കടങ്ങളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ ആഴപ്പെടാന്‍ നമ്മുടെ കുടുംബങ്ങള്‍ക്കു കഴിയണം. കടങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. എല്ലാ വിധത്തിലും എല്ലാം തികഞ്ഞവരായിട്ടുള്ളവര്‍ വിരളമാണ്. അക്കാരണത്താല്‍ പല ബാധ്യതകളും മനുഷ്യര്‍ക്കുണ്ടാകും. നമ്മുടെ കണക്കുകൂട്ടലുകള്‍ക്കനുസരിച്ചുള്ള സാഹചര്യങ്ങള്‍ എപ്പോഴും ഉണ്ടാകണമെന്നില്ല. ചില അത്യാഹിതങ്ങള്‍, നഷ്ടങ്ങള്‍, കഷ്ടാരിഷ്ടകള്‍, ആകസ്മികമായ രോഗങ്ങള്‍, അകാലമരണങ്ങള്‍ തുടങ്ങിയവ ഒരു കുടുംബത്തിന്റെ സാമ്പത്തികമായ ഞെരുക്കത്തിനു കാരണമാകും. അങ്ങനെ വരുമ്പോഴാണ് പണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരിക. ഏതാവശ്യത്തിനായി കടം വാങ്ങുന്നുവോ; പ്രത്യുത ആവശ്യം പൂര്‍ണമായും നിവേറ്റാന്‍ കുടുംബാംഗങ്ങള്‍ പരിശ്രമിക്കണം. കുടുംബത്തിലെ ഒരംഗത്തിന്റെ ആവശ്യത്തിനുവേണ്ടി വാങ്ങുന്ന കടം എല്ലാവരുടേതുമായി കരുതുകയും അത് കഴിവതും വേഗം കൊടുത്തുതീര്‍ക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചുപരിശ്രമിക്കുകയും വേണം. ഒരു കടം മറ്റൊരു കടത്തിനു കാരണമാകരുത്.
കൊടുക്കുന്ന കടവും വാങ്ങുന്ന കടവുമുണ്ട്. കൊടുക്കുന്ന കടത്തിന്റെ പേരില്‍ കടക്കാരെ യാതൊരു രീതിയിലും ചൂഷണം ചെയ്യാന്‍ മുതിരരുത്. ചെയ്ത സഹായത്തെ പിന്നീട് മറ്റേതിന്റെയെങ്കിലും പേരില്‍ തിരിച്ചുകിട്ടേണ്ട കടമായി കണക്കെഴുതുന്നതും അധാര്‍മികമാണ്. കടം തരുന്നവരുടെ ഔദാര്യമനോഭാവത്തെ വാങ്ങുന്നവര്‍ വിലമതിക്കണം. വായ്പകള്‍ വീട്ടാനുള്ളവയാണ്. അവ തന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ കൊടുത്തുതീര്‍ക്കണം. കഷ്ടതയുടെ കാലത്ത് കടം തന്നവരെ കബളിപ്പിച്ചുനടക്കുന്നത് നന്ദിഹീനതയാണ്. കടപ്പാടുകളെ കണ്ടില്ലെന്നു നടിക്കരുത്. കിട്ടാക്കടങ്ങളുടെ കണക്കും പറഞ്ഞ് ആരും നമ്മുടെ വീട്ടുപടിക്കല്‍ വരാന്‍ ഇടയാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊടുത്തുവീട്ടാനുള്ള ബാധ്യതകളുടെ ഒരു കടച്ചീട്ടു സൂക്ഷിക്കുന്നത് ഉത്തമമാണ്. വായ്പകള്‍ വിസ്മരിക്കപ്പെടാതിരിക്കാന്‍ അത് ഉപകരിക്കും. അതേസമയം, കടബാധ്യതകളെപ്പറ്റിയുള്ള ആശങ്ക കുടുംബത്തെ നിര്‍ജീവമാക്കാന്‍ അനുവദിക്കുകയുമരുത്. അനാവശ്യകടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ കുടുംബങ്ങള്‍ സാമ്പത്തികമായ പ്രവര്‍ത്തനങ്ങളെ വിവേകപൂര്‍വം നിയന്ത്രിക്കാന്‍ പഠിക്കണം. കടംവാങ്ങി കടിഞ്ഞാണില്ലാത്ത ജീവിതം നയിക്കരുത്. കടം എന്ന അപകടം കുടുംബങ്ങളില്‍ ഭവിക്കാതിരിക്കുന്നതാണു ഭേദം. കുടുംബത്തെ വരിഞ്ഞുകെട്ടുന്ന ഒരു വടമാണ് കടം. അതിന്റെ കുടുക്കില്‍ കഴിവതും പെടാതിരിക്കുന്നതാണ് ഭദ്രം.