യഥാര്‍ഥമാന്യതയ്ക്ക് ഒരു മുഖമേയുള്ളൂ എന്നാണു വയ്പ്. എങ്കിലും കേരളം ഇപ്പോള്‍ ചോദിക്കുന്നു: എന്താണു മാന്യത? ആരാണു മാന്യന്‍? മാന്യതയോടെ പെരുമാറുന്നവനാണോ യഥാര്‍ഥ മാന്യന്‍? അങ്ങനെയെങ്കില്‍ ധാരാളം മാന്യന്മാരുള്ള നാടാണു കേരളം. ആ ധാരാളംപേരുടെ ഇടയില്‍നിന്നു വീരാളിയും പോരാളിയുമായി ഉയര്‍ന്നുവന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവനേതാവ് ഇപ്പോഴിതാ ഒരു ''പിഴയാളി''യായി കേരളസമൂഹത്തിനുമുന്നില്‍ തലകുമ്പിട്ടുനില്ക്കുന്നു.
രാഹുലിന്റെ അതിവേഗവളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ക്ക് ആശ്വാസകരമെങ്കിലും, ആ 'യുവതുര്‍ക്കി'യുടെ ചുണയിലും ചൊടിയിലും കുതിപ്പിലും തുടുപ്പിലും ഭ്രമിച്ചുവശായവര്‍ക്കും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കും വാട്ടംതട്ടുന്നതായി പുതിയ സംഭവവികാസങ്ങള്‍. ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന പാലക്കാട്ടെ ഈ യുവ എംഎല്‍എ യെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡു ചെയ്തിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നും രാഹുലിനെ ഒഴിവാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗങ്ങളില്‍ രാഹുലിന് ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരിക്കുന്നത്. നിയമസഭാകക്ഷിയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ സഭയില്‍ യുഡിഎഫിന്റെ ഭാഗമായിരിക്കാനും സാധ്യമല്ലെന്നദ്ദേഹം പറയുന്നു. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ ഫലത്തില്‍ ഇതു പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍തന്നെയാണെന്നാണു കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും, കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തെ കൃത്യമായ ധാര്‍മികനിലപാടിന്റെ ഉയര്‍ന്ന മാതൃകയായി ഞങ്ങള്‍ കാണുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
2006 ലാണ് രാഹുല്‍ കെ.എസ്.യു.വില്‍ അംഗമാകുന്നത്. ആദ്യം ഐ ഗ്രൂപ്പിലായിരുന്നെങ്കിലും പത്തനംതിട്ടയിലെ സംഘടനാതര്‍ക്കങ്ങളുടെ പേരില്‍ എ ഗ്രൂപ്പിലെത്തി. 2011 ല്‍ ഒറ്റദിവസത്തേക്കു കെഎസ് യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായെങ്കിലും ആ പുനഃസംഘടന അന്നുതന്നെ മരവിപ്പിച്ചതിനാല്‍ ചുമതലയേല്ക്കാനായില്ല. ഈ ഘട്ടത്തിലാണ് ഷാഫി പറമ്പിലിന്റെ ഉറ്റചങ്ങാതിയായി മാറുന്നത്. 2020 ല്‍ ഷാഫിയുടെ തണലില്‍ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പിന്നാലെ സംസ്ഥാനപ്രസിഡന്റും തുടര്‍ന്ന് കെപിസിസി അംഗവുമായി മാറി രാഹുല്‍. പിന്നീട് ഈ യുവതാരം അതിവേഗം ബഹുദൂരം മുന്നേറുന്ന കാഴ്ചയാണു കേരളസമൂഹം കണ്ടത്. ചാനല്‍ച്ചര്‍ച്ചകളിലെ നിത്യസാന്നിധ്യമായി മാറിയ രാഹുലിന്റെ വാക്ചാതുരിയും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും മറുപടികളും ഒട്ടേറെ ആരാധകരെ അദ്ദേഹത്തിനു നേടിക്കൊടുത്തു. യൂത്തുകോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയപ്പോള്‍ വ്യാജവോട്ടു ചേര്‍ത്തു ജയിച്ചെന്ന ആരോപണമുയര്‍ന്നെങ്കിലും അന്വേഷണത്തിനൊടുവില്‍ വീണ്ടും കരുത്തനാവുകയായിരുന്നു. ഷാഫി പറമ്പിലിന്റെ പകരക്കാരനായാണ് രാഹുല്‍ പാലക്കാട്ടെത്തുന്നത്. ഷാഫി വടകരയില്‍ പാര്‍ലമെന്റുസ്ഥാനാര്‍ഥിയായപ്പോള്‍, തന്റെ തട്ടകമായ പാലക്കാട്ടേക്ക് ഉറ്റചങ്ങാതിയെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. രാഹുലിന്റെ പതനം ഒരര്‍ഥത്തില്‍ ഷാഫിയുടെ തിളക്കത്തിനും മങ്ങലേല്പിക്കുന്നതായി.
ഈയടുത്തകാലത്തൊന്നും ഇതുപോലൊരു പതനം കോണ്‍ഗ്രസില്‍ മറ്റാര്‍ക്കുമുണ്ടായിട്ടില്ല. രാജിയിലൂടെ വീണ്ടും ഉപതിരഞ്ഞെടുപ്പ് അടിച്ചേല്പിക്കാനാവില്ലെന്ന സാങ്കേതികത്വത്തിന്റെ പിടിവള്ളിയില്‍ തൂങ്ങി എം.എല്‍.എ.യായി തുടരുന്നുണ്ടെങ്കിലും, സസ്‌പെന്‍ഷനിലൂടെ, പടനിലത്ത് ഒറ്റപ്പെട്ടുപോയ നിരായുധനും നിസ്സഹായനുമായ ഭടന്റെ അവസ്ഥയിലാണു രാഹുലിപ്പോള്‍. ഔദ്യോഗികപരാതികളില്ലെങ്കിലും രാഹുലിന്റേതെന്ന നിലയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ തിരി നീട്ടിനിന്ന ലൈംഗികചൂഷണത്തിന്റെ വ്യക്തമായ സൂചനകള്‍ അദ്ദേഹത്തിനു വിനയായി.
പേരു പറയാതെയാണെങ്കിലും ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലും, രാഹുല്‍ തനിക്കു മോശം സന്ദേശമയച്ചെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടതും കുരുക്കു മുറുക്കി. യുഡിഎഫിലെ വനിതാനേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ഉമാ തോമസ്, കെ.കെ. രമ എന്നിവര്‍ രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്നു പരസ്യമായി ആവശ്യപ്പെട്ടു മുന്നോട്ടുവന്നതോടെ, അത്രത്തോളമല്ലെങ്കിലും പാതിദൂരമെങ്കിലും ഓടിയെത്താന്‍ കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയുംപോലുള്ള നേതാക്കളെ അതു നിര്‍ബന്ധിതരാക്കി. ജനപക്ഷതീരുമാനം വേണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം കൂടിയായപ്പോള്‍ നടപടികള്‍ക്ക് ആക്കംകൂടി.
പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കുമുള്ള ഒരു ചൂണ്ടുപലകയാണ് രാഹുലിന്റെ ആഴത്തിലുള്ള പതനം. മാന്യത എല്ലാവര്‍ക്കുമാവശ്യമെങ്കിലും സാമൂഹികപദവികളിലിരിക്കുന്നവരില്‍നിന്ന് പൊതുസമൂഹം അതു കൂടുതല്‍ പ്രതീക്ഷിക്കുന്നു. വോട്ടിങ് മെഷീനില്‍ അവര്‍ വിരലമര്‍ത്തുന്നതും അത്തരം ചില പ്രതീക്ഷകളോടെതന്നെയാണ്. ഉന്നതരുടെ ചെറിയ തെറ്റുകള്‍പോലും അവര്‍ക്കു പൊറുക്കുക വയ്യ.
ഈയവസരത്തില്‍, പൊതുപ്രവര്‍ത്തകര്‍ ആരായാലും വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഉടനീളം മാന്യതയും സംശുദ്ധിയും കറകൂടാതെ കാത്തുപാലിക്കണമെന്ന് ഉറക്കെപ്പറയാന്‍ ഞങ്ങളാഗ്രഹിക്കുകയാണ്. അപ്പോഴും, ആരും പൂര്‍ണരല്ലെന്ന ലോകതത്ത്വം ഞങ്ങള്‍ മറക്കുന്നില്ല.