•  30 Jan 2025
  •  ദീപം 57
  •  നാളം 46
കുടുംബവിളക്ക്‌

അയല്ക്കാര്‍

    അയല്‍ക്കാരെക്കുറിച്ചുള്ള  അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ നമ്മുടെ കുടുംബങ്ങള്‍ക്കു കഴിയണം. അയല്‍ക്കാര്‍ ഏറ്റവും അടുത്തവരാണ്; ഒരു കൈദൂരത്തുള്ള തുണ; ഒരു വിളിപ്പാടകലെയുള്ള ആശ്രയം. കുടുംബത്തിനടുത്ത് ആളും അനക്കവുമൊക്കെയുള്ളത് ഒരു അനുഗ്രഹംതന്നെയാണ്. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കേ അതൊന്നുമില്ലാത്തതിന്റെ അസ്വസ്ഥതയും അരക്ഷിതത്വവും അറിയൂ. വഴിമാറി പോകുന്നവരല്ല, വഴിമാറി വരുന്നവരാണ് അക്ഷരാര്‍ഥത്തില്‍ അയല്ക്കാര്‍. അയല്ക്കാരെ അയല്ക്കരങ്ങളായി കരുതുക. അവര്‍ക്ക് ആപത്തുണ്ടാകാന്‍ ആഗ്രഹിക്കരുത്. അയലത്തെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കുമല്ല; മറിച്ച്, അവിടത്തെ ആവശ്യങ്ങളിലേക്കാണ് നമ്മുടെ ദൃഷ്ടി പോകേണ്ടത്. അയല്‍ക്കാര്‍ക്ക് അരോചകമായതൊന്നും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാന്‍ അങ്ങേയറ്റം സൂക്ഷിക്കണം. അവരുടേതായതൊന്നും അപഹരിക്കരുത്. കുടുംബത്തില്‍ നടക്കുന്ന ആഘോഷങ്ങളും ആചരണങ്ങളും അവയോടനുബന്ധിച്ചുള്ള ആരവങ്ങളും ഒരു കാരണവശാലും സമീപവാസികള്‍ക്ക് അസ്വസ്ഥത ഉളവാക്കരുത്. രാത്രി വൈകിയുള്ള ആഹ്ലാദപ്രകടനങ്ങളും ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനവും ഒഴിവാക്കുകതന്നെ വേണം. മരണവീട്ടില്‍ വാസ്തവത്തില്‍ മൈക്കിന്റെ ആവശ്യമേയില്ല. കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ പള്ളിയില്‍ അറിയിക്കുന്നതിനുമുമ്പേ ഉച്ചഭാഷിണിക്കാരെ വിളിക്കുന്ന പന്തികേടുള്ള പതിവ് നാം ഇനിയെങ്കിലും അവസാനിപ്പിച്ചേ മതിയാവൂ. പരേതര്‍ക്കുവേണ്ടി മൈക്കല്ല തൊണ്ടപൊട്ടി പ്രാര്‍ഥിക്കേണ്ടത്; പിന്നെയോ, അവരുടെ ഉറ്റവരും ഉടയവരുമാണ്. ആ ഉത്തരവാദിത്വം ഉച്ചഭാഷിണികളെ ഏല്പിക്കാതിരിക്കുന്നതാണ് ഉത്തമം. ഓര്‍ക്കണം, ഇങ്ങനെ ഇടവേളയില്ലാതെ കണ്ഠം വരണ്ടു പാടിത്തകര്‍ക്കുന്ന ശബ്ദപ്പെട്ടികള്‍ സമീപപ്രദേശങ്ങളില്‍ രോഗികളായി കഴിയുന്നവര്‍ക്കും വൃദ്ധര്‍ക്കും പരീക്ഷകള്‍ക്കായി പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കുമൊക്കെ വലിയ തോതില്‍ ശല്യമാകുന്നുണ്ട്. നമ്മുടെ ദുഃഖങ്ങളും വിലാപങ്ങളും എന്തിനു മറ്റുള്ളവര്‍ക്ക് ഉപദ്രവമായി മാറ്റണം? അലിവുള്ളവരാകണം അയല്ക്കാര്‍. ആരുടെയെങ്കിലുമൊക്കെ അയല്ക്കാരായി നാം മാറുന്നത് തികച്ചും ദൈവികമായ ഒരു നിയോഗമാണ്. 'നമ്മുടെ അയല്ക്കാര്‍ ആരാണ്?' എന്നതിലല്ല, 'നാം ആരുടെ അയല്ക്കാരാണ്?' എന്ന ചോദ്യത്തിനാണ് കുടുംബാംഗങ്ങള്‍ നിരന്തരം ഉത്തരം കൊടുക്കേണ്ടത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)