അതിരിനെക്കുറിച്ചുള്ള ചില അടിസ്ഥാനബോധ്യങ്ങള്‍ കുടുംബങ്ങള്‍ക്കുണ്ടാകണം. അതിര് ഒരു നിയന്ത്രണരേഖയാണ്. ജീവിതത്തില്‍ പലതിനും പരിധികള്‍ ആവശ്യമാണെന്ന് അതിരുകള്‍ അനുസ്മരിപ്പിക്കുന്നു. കൃത്യമായി അളന്നുതിട്ടപ്പെടുത്തിയ അതിരുകള്‍ കുടുംബത്തിനു വേണം. അനാവശ്യമായ തര്‍ക്കങ്ങളും അവയെച്ചൊല്ലിയുള്ള കലഹങ്ങളും ഒഴിവാക്കാന്‍ അതുപകരിക്കും. അതിരുകള്‍ അനാദിമുതലേ വഴക്കുകള്‍ക്കു വഴിതെളിച്ചുകൊണ്ടിരിക്കുന്നു. അതിരുകവിയുന്നവയൊക്കെയാണ് അപകടകാരികളാകുന്നത്. നമ്മുടെ സ്വകാര്യതകള്‍ തീരുന്ന അതിര്‍ത്തിയില്‍നിന്നാണ് അയല്‍ക്കാരുടെ സ്വകാര്യതകള്‍ തുടങ്ങുന്നത് എന്നു മറക്കരുത്. ആകയാല്‍, അതിരുകളെ ആദരിക്കുക. അതിര് അളവാണ്, അതില്‍ അതിക്രമം അരുത്.
വസ്തുവിനുമാത്രമല്ല, കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കും, കുടുംബാംഗങ്ങളുടെ വര്‍ത്തനങ്ങള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കുമൊക്കെ ഒരു വേലിക്കെട്ടുണ്ടായിരിക്കണം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുറവുകളും കുറ്റങ്ങളും കടമ്പ കടന്നുപോകാന്‍ അനുവദിക്കരുത്. അയല്‍ക്കൂട്ടങ്ങളും സമാനസമ്മേളനങ്ങളും ഒരു കുടുംബത്തിന്റെയും സ്വകാര്യതകള്‍ അവതരിപ്പിക്കാനോ ചര്‍ച്ച ചെയ്യാനോ ആഘോഷിക്കാനോ ഉള്ള വേദികളായി മാറരുത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന അഭിപ്രായഭിന്നതകളും വാക്കുതര്‍ക്കങ്ങളും വഴിപോക്കര്‍ കേള്‍ക്കേണ്ട കാര്യമില്ല. 'നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മളറിഞ്ഞാല്‍ മതി', 'ഇതൊക്കെ ഇവിടെ കേട്ടാല്‍ മതി' എന്നിങ്ങനെയുള്ള മനോഭാവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവണം. അല്ലാത്തപക്ഷം, മലര്‍ന്നുകിടന്നു തുപ്പുന്നതിന്റെ അനുഭവമായിരിക്കും. വീടിന്റെ അതിര് എന്നതിലുപരി വ്യക്തിജീവിതത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കണം. ആകാവുന്നവയുടെയും അരുതാത്തവയുടെയും മധ്യേയുള്ള വരയും വരമ്പും വ്യക്തമായിരിക്കണം. പരിധികള്‍ പാലിക്കുമ്പോഴേ ജീവിതത്തിനു അടുക്കും ചിട്ടയുമുണ്ടാകൂ. അതിര് ഒരു പ്രതിരോധമാണ്. ആയതിനാല്‍, കുടുംബത്തിനു നിരക്കാത്തതൊക്കെ പടിക്കലേക്കു വരുന്നതിന് അതിര് എതിരുനില്‍ക്കണം. അതിരുകള്‍ ഒരു പരിധിവരെ ആവശ്യമാണെങ്കിലും അവയ്ക്കുള്ളില്‍ ആയുഷ്‌കാലം മുഴുവന്‍ അടച്ചുപൂട്ടി കഴിയണമെന്നല്ല അര്‍ഥമാക്കുന്നത്. ചുറ്റും മതിലുകള്‍ ഉള്ളപ്പൊഴും മതിലില്ലാമനസ്സുകളുടെ ഉടമകളാകാന്‍ കഴിയുന്നവര്‍ക്കുള്ളതാണ് മനുഷ്യര്‍ എന്ന വിളിപ്പേര്. അതിരുകളില്ലാതെ സ്‌നേഹിച്ചവന്റെ അനുയായികള്‍ക്ക് പ്രസ്തുത പേരിന് അര്‍ഹരാകാന്‍ വലിയ വിഷമമൊന്നുമില്ല.