ജോലിഭാരം നിമിത്തം ഉദ്യോഗസ്ഥതലത്തിലുള്ളവര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ മുമ്പില്ലാത്തവിധം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നു. ഉയര്‍ന്ന ഭരണച്ചുമതലയിലുള്ളവര്‍മുതല്‍ ക്രമസമാധാനസേനയില്‍പ്പെട്ടവര്‍വരെയുണ്ട് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇങ്ങനെ ജീവിതത്തില്‍നിന്നു പിന്‍വാങ്ങിയവരായി എന്നത് വലിയ ചോദ്യങ്ങളാണുയര്‍ത്തുന്നത്. ഏറ്റവുമൊടുവില്‍ പ്രത്യേക തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണ(സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്‌ഐആര്‍)ത്തിന്റെ ഭാഗമായുള്ള ജോലിഭാരം നിമിത്തം ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് കണ്ണൂരില്‍ ആത്മഹത്യ ചെയ്തതാണ് കേരളീയമനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ പുതിയ ദുഃഖവാര്‍ത്ത.
പയ്യന്നൂര്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ഒന്നാംവാര്‍ഡ് (ഏറ്റുകുടുക്ക) പത്താംനമ്പര്‍ ബൂത്തിന്റെ ചുമതലക്കാരനായിരുന്ന അനീഷ്, കുന്നരു എയുപി സ്‌കൂള്‍ ഓഫീസ് അറ്റന്‍ഡന്റ് ആയിരിക്കേയാണ് ഈ വിടവാങ്ങല്‍. പൂരിപ്പിച്ച ഫോം തിരികെവാങ്ങി അപ്‌ലോഡ് ചെയ്യുന്നത് യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അനീഷ് കടുത്ത ആശങ്കയിലായിരുന്നുവെന്നും ഇത് അടുത്ത സുഹൃത്തുക്കളോടു പങ്കുവച്ചിരുന്നതായുമാണു പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിനിടെ സിപിഎം ഭീഷണിയാണ് അനീഷിനെ മരണത്തിലേക്കു നയിച്ചതെന്ന ഒരാരോപണം കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തിയെങ്കിലും, തന്റെ മകന്റെ മരണത്തില്‍ ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടികള്‍ക്കോ പങ്കില്ലെന്നും ജോലി പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് കാരണമെന്നും അനീഷിന്റെ പിതാവ് റിട്ടയേര്‍ഡ് അധ്യാപകന്‍ ജോര്‍ജ് പറഞ്ഞു.
അനീഷിന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പലതാണ്. ഇത്ര ധൃതിപിടിച്ച് ഇങ്ങനെയൊരു പരിഷ്‌കരണം ഇപ്പോള്‍ വേണമായിരുന്നോ? ആദ്യഘട്ടമായി ബീഹാറില്‍ നടന്നപ്പോള്‍മുതല്‍ എസ്‌ഐആര്‍ പ്രക്രിയയ്ക്കുനേരേ ഈ ചോദ്യമുയര്‍ന്നതാണ്. മറ്റൊന്ന്, കേരളത്തില്‍ തദ്ദേശതിരഞ്ഞെടുപ്പിന് ഒപ്പംതന്നെ ഇങ്ങനെയൊരു പ്രക്രിയ നടത്തുന്നതിലെ സാങ്കേതികബുദ്ധിമുട്ടുകളും ആശങ്കകളും ആശയക്കുഴപ്പങ്ങളുമാണ്. ഇക്കാര്യം സംസ്ഥാനസര്‍ക്കാരും സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളും ചൂണ്ടിക്കാണിച്ചിട്ടും എസ്‌ഐആര്‍ നടത്തിപ്പിന്റെ മേലാളന്മാര്‍ക്ക് അത് ഇനിയും മനസ്സിലായിട്ടില്ല. എസ്‌ഐആര്‍ പൂര്‍ത്തിയാക്കാന്‍ ബിഎല്‍ഒ മാരെ മറ്റെല്ലാ ജോലികളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അവര്‍ കാര്യങ്ങള്‍ കൂട്ടായാണ് ചെയ്യുന്നതെന്നും വേണ്ട പിന്തുണ മേലുദ്യോഗസ്ഥര്‍ നല്കുന്നുണ്ടെന്നും, സമ്മര്‍ദമുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ പ്രസ്താവിച്ചിരിക്കുന്നത്.
നിയമസഭാതിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എസ്‌ഐആര്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കേരളമടക്കം പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ധൃതിപിടിച്ച പ്രവര്‍ത്തനം സംശയാസ്പദമാണ്. കാരണം, അര്‍ഹരായ എല്ലാവരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണു ലക്ഷ്യമെങ്കില്‍ സമയമെടുത്തു സാവകാശം സുതാര്യമായി നടത്തേണ്ട പ്രക്രിയയാണത്. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും അതു ബോധ്യമാവണം. എന്നാല്‍, ഒരു മാസത്തെ ജോലി ഒരാഴ്ചകൊണ്ടു തീര്‍ക്കണമെന്ന നിലയില്‍ മേലുദ്യോഗസ്ഥരില്‍നിന്നുണ്ടാകുന്ന സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് ബിഎല്‍ഒമാര്‍ ഒന്നടങ്കം പരാതിപ്പെടുന്നു. ചെല്ലുന്ന പല വീടുകളിലും ആളില്ല. ആളുള്ള വീടുകളിലാകട്ടെ, പല ബൂത്തിലെ വോട്ടര്‍മാര്‍. 2002 ലെ വോട്ടര്‍പട്ടികയെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞു കൈമലര്‍ത്തുന്നവര്‍ വേറെ. മാത്രമോ, എല്ലാവര്‍ക്കും ഒരുകെട്ടു സംശയങ്ങളും.
ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ തിരഞ്ഞെടുപ്പുകമ്മിഷന്‍ അടിച്ചേല്പിച്ച ജോലിസമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് ആരോപിച്ച് സംസ്ഥാനവ്യാപകമായി ഇക്കഴിഞ്ഞ 17 ന് ബിഎല്‍ഒമാര്‍ വിവിധ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഉന്നതങ്ങളിരിക്കുന്നവരുടെ കണ്ണു തുറപ്പിച്ചാല്‍ നന്ന്. തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു കേരളസര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചത്, സുപ്രീംകോടതിയെ സമീപിക്കുകയോ, സുപ്രീംകോടതിയിലുള്ള എസ്‌ഐആര്‍ കേസില്‍ തീര്‍പ്പുണ്ടായശേഷം ഹൈക്കോടതിയെ സമീപിക്കുകയോ ചെയ്യണമെന്നാണ്. എന്തായാലും, കേരളസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പുനടപടികള്‍ പൂര്‍ത്തിയാകുന്ന ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം പറയട്ടെ, ഈ വിഷയത്തില്‍ ഇനിയൊരു ജീവന്‍കൂടി പൊലിയുന്ന സ്ഥിതിവിശേഷം ഇവിടെ ഉണ്ടാവരുത്. തൊഴില്‍രംഗത്തും സര്‍വീസ് തലത്തിലും എന്നുവേണ്ട, ജീവിതത്തിന്റെ സമസ്തമേഖലകളിലും പണിയെടുക്കുന്നവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മാനസികസമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും, അതിന്റെ അനന്തരഫലമെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവഹത്യകളും നാം ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
