•  5 Sep 2024
  •  ദീപം 57
  •  നാളം 26
കുടുംബവിളക്ക്‌

ആഭരണം

ഭരണങ്ങളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. ആഭരണങ്ങള്‍ ആകാരഭംഗി കൂട്ടുമെന്നു കരുതുന്നുണ്ടെങ്കിലും അവ മനുഷ്യജീവിതത്തിലെ അടിസ്ഥാന ആവശ്യമല്ല. അതുകൊണ്ടല്ലേ അനുദിനമുള്ള അവയുടെ വിലക്കയറ്റത്തില്‍ ആര്‍ക്കും ഒരു പ്രതിഷേധവുമില്ലാത്തത്? ആകയാല്‍, അവയ്ക്ക് അമിതപ്രാധാന്യം കല്പിക്കേണ്ട കാര്യമില്ല. കൈയും കാലും കാതും കഴുത്തും സദാ കനകമയമായിരിക്കണമെന്നുള്ള കടുംപിടിത്തം തീര്‍ത്തും അപകടകരമാണ്. കറിക്കരിയാന്‍ ഒരു കാരറ്റില്ലെങ്കിലും പത്തൊമ്പതു കാരറ്റിന്റെ പണ്ടമൊന്നു കണ്ഠത്തിലുണ്ടാകണമെന്നത് മലയാളിയുടെമാത്രം വാശിയാണെന്നു തോന്നുന്നു. 'ചലിക്കുന്ന ആഭരണക്കടകള്‍' ആയി ജീവിച്ചിട്ട് മലയാളി എന്തു നേടാനാണ്? ആഭരണങ്ങളുടെ ഭരണം കുടുംബത്തില്‍ നിലനില്ക്കുന്ന കാലത്തോളം മറ്റു മൂല്യങ്ങള്‍ക്കൊക്കെ അവിടെ കാരാഗൃഹവാസമായിരിക്കും. പണ്ടങ്ങള്‍ പണക്കൊഴുപ്പു പ്രദര്‍ശിപ്പിക്കാനുള്ള ഉപാധികളല്ല. അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുടെ ഭാരം നോക്കി ആര്‍ക്കും വിലയിടരുത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴത്തെയും ആത്മാര്‍ഥതയെയും സ്വര്‍ണക്കോലുകൊണ്ട് അളക്കാന്‍ ശ്രമിക്കരുത്. 'ആഭരണക്കൊതി' എന്ന ചതിയില്‍പ്പെടാതെ കഴിഞ്ഞാല്‍ ജീവിതനാളുകള്‍ സന്തോഷനിര്‍ഭരമായിരിക്കും. സല്‍സ്വഭാവമാണ് ഏതൊരാളുടെയും നിറം മങ്ങാത്തതും വിലയിടിയാത്തതുമായ അമൂല്യആഭരണം. നാട്ടുകാര്‍ നമ്മെ നല്ലവരെന്നു വിളിക്കുന്നെങ്കില്‍ പിന്നെന്തിനാണ് ആഭരണങ്ങള്‍? 'ഇട്ടോണ്ടു നടക്കാനല്ലേ ഇതൊക്കെ ഉണ്ടാക്കിയിരിക്കുന്നത്?' എന്ന ചോദ്യം ശരിയാണ്. അതേസമയം, 'ആവശ്യത്തിനുള്ളത് ഇട്ടോണ്ടു നടന്നാല്‍ പോരേ?' എന്ന ചോദ്യം കൂടുതല്‍ ശരിയാണ്. ആഭരണങ്ങളുടെ തിളക്കം കാണുമ്പോഴുണ്ടാകുന്ന മനസ്സിന്റെ ഇളക്കത്തിനു വലിയ ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണു ബുദ്ധി. ആഭരണങ്ങള്‍കൊണ്ടുള്ള ആവരണത്തില്‍ അമിതാശ്രയത്വം അരുത്. ആഭരണത്തിലുള്ള ആഡംബരം ഗുണകരമല്ല. ലോഹങ്ങളോടുള്ള ലോഹ്യത്തിനു നിബന്ധനകള്‍ നിശ്ചയിക്കുന്നതാണു നല്ലത്. വാങ്ങിക്കൂട്ടി ഇട്ടു ചുമന്നു നടക്കുന്ന പണ്ടങ്ങളുടെ പിണ്ഡമല്ല; പിന്നെയോ, കുടുംബാംഗങ്ങളുടെ നേരും നെറിയുമുള്ള ജീവിതമാണ് കുടുംബമഹിമയുടെ യഥാര്‍ഥ തൂക്കം. വിശുദ്ധിയുടെ വെട്ടമുള്ളവര്‍ക്ക് ഒരുനുള്ളു പൊന്നുതന്നെ അധികം. ആഭരണക്കടകളിലെ ആള്‍ത്തിരക്ക് എന്നവസാനിക്കുന്നുവോ അന്നു മുതലേ മനുഷ്യന്‍ യഥാര്‍ഥ മനസ്സമാധാനം അനുഭവിക്കാന്‍ തുടങ്ങൂ. പുരയ്ക്കകത്ത് പൊന്നധികമില്ലെങ്കിലും പൊന്നുപോലെ നോക്കുകയും പരിചരിക്കുകയും ചെയ്യുന്നവരുണ്ടെങ്കില്‍ എത്രയോ വലിയ അനുഗ്രഹമാണത്! 

'സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്' (പ്രഭാ. 8:2)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)