കോടതികളുടെ സ്ഥാനവലുപ്പം എത്ര ചെറുതായാലും വലുതായാലും അവ പുറപ്പെടുവിക്കുന്ന വിധികളെ മാനിക്കുക ജനാധിപത്യമര്യാദയുടെയും ഭരണഘടനാസ്ഥാപനങ്ങളോടുള്ള ബഹുമാനത്തിന്റെയും ഭാഗമാണെന്നിരിക്കിലും, അപൂര്‍വം കേസുകളിലെങ്കിലും വിധിയുടെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ സമൂഹമധ്യത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നത് ഒരു വസ്തുതയാണ്. കേരളസമൂഹം കാത്തിരുന്ന ഒരു കേസിലെ വിധി ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത് അത്തരമൊരു അന്തരീക്ഷമാണ്. ക്വട്ടേഷന്‍പ്രകാരം 2017 ഫെബ്രുവരി 17 ന് രാത്രി 9.30 ന് അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയപ്പോള്‍, നടന്‍ ദിലീപടക്കമുള്ള നാലു പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തിരിക്കുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്നുണ്ടായ ഈ വിധിയില്‍ അതിജീവിതയ്ക്കു പൂര്‍ണനീതി ലഭിച്ചില്ലെന്ന് അവരെ പിന്തുണയ്ക്കുന്നവരും സത്യം തെളിഞ്ഞെന്ന് മറ്റൊരു വിഭാഗവും പറയുമ്പോഴും, ഇത്ര നീചമായ ഈ കുറ്റകൃത്യത്തിനു പിന്നിലെ പ്രേരകഘടകം ആര് അല്ലെങ്കില്‍ എന്ത് എന്ന ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങി നില്ക്കുന്നു.
മലയാളസിനിമയെ അടിമുടി പിടിച്ചുലച്ച ഒരു സംഭവമാണ് നടിയെ തട്ടിക്കൊണ്ടുപോകലും അതിനെത്തുടര്‍ന്നുണ്ടായ വിചാരണകളും. തങ്ങളുടെ സ്വപ്നസാമ്രാജ്യമായ സിനിമാമേഖല ഇത്രയേറെ മ്ലേച്ഛവും ഗുണ്ടായിസം നിറഞ്ഞതുമാണെന്ന ക്രൂരയാഥാര്‍ഥ്യമറിഞ്ഞ പൊതുജനം മൂക്കത്തു വിരല്‍വച്ചു. തങ്ങളുടെ ആരാധ്യപുരുഷന്മാരായ പലരുടെയും പൊയ്മുഖം കണ്ട് അവര്‍ കണ്‍മിഴിച്ചു. നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുതിര്‍ന്ന നടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും ആരോപണവിധേയനായ നടനു സംരക്ഷണം തീര്‍ത്തുള്ള അഭിപ്രായങ്ങളും അത്തരത്തിലുള്ളതായിരുന്നു. ഇരയ്‌ക്കൊപ്പമെന്നു പറയുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെതിരേ പൊതുസമൂഹത്തില്‍നിന്ന് അതിരൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. ആക്രമിക്കപ്പെട്ട നടിയും മറ്റു നടിമാരും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' യില്‍നിന്നു രാജിവച്ച് 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' (ഡബ്‌ളിയു സിസി) എന്ന പേരില്‍ പുതിയ പോര്‍മുഖം തുറക്കുന്നതിനും അതു കാരണമായിത്തീര്‍ന്നു. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ക്കു സുരക്ഷയും ജോലി ചെയ്യുന്നതിനുള്ള മികച്ച അന്തരീക്ഷവും ഒരുക്കുക, ലിംഗസമത്വം ഉറപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയുള്ള ഡബ്‌ളിയുസിസിയുടെ രംഗപ്രവേശം, മലയാളസിനിമയില്‍ അന്നോളം നിലനിന്ന പുരുഷാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. സിനിമാചിത്രീകരണം നടക്കുന്ന സ്ഥലങ്ങള്‍ ലൈംഗികപീഡനനിരോധനനിയമത്തിന്റെ (പോഷ് ആക്ട്) പരിധിയില്‍ കൊണ്ടുവരിക, ലൈംഗികപീഡനപരാതിസെല്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചു. അതേത്തുടര്‍ന്ന്, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമെന്നു പറയാം, ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റീസ് കെ. ഹേമയുടെ നേതൃത്വത്തില്‍ പ്രത്യേകസമിതി രൂപീകരിച്ചു.
ഇതിന്റെ പ്രതിഫലനം വളരെ വലുതായിരുന്നു. സിനിമയുള്‍പ്പെടെയുള്ള തൊഴില്‍മേഖലകളില്‍ ലൈംഗികപീഡനപരാതിസെല്‍ നിര്‍ബന്ധമായി. സ്ത്രീകളോടുള്ള സമീപനത്തിലും സ്ത്രീകള്‍ക്കു നേരേ ഉപയോഗിക്കുന്ന ഭാഷയിലും ശ്രദ്ധ വേണമെന്ന ഒരു മുന്നറിയിപ്പുകൂടിയായി അനുബന്ധസംഭവങ്ങള്‍. അധിക്ഷേപങ്ങള്‍ നേരിട്ടിട്ടും അതെല്ലാം സമൂഹത്തിനു മുമ്പില്‍ തുറന്നുപറയാനും സ്വന്തം പേരു വെളിപ്പെടുത്തിത്തന്നെ പോരാടാനും അതിജീവിത കാണിച്ച ധൈര്യം അഭിനന്ദനീയവും കേരളീയസ്ത്രീകള്‍ക്ക് അഭിമാനം പകരുന്നതുമായി. ചൂഷണം നേരിട്ട മറ്റനേകം സ്ത്രീകള്‍ക്ക് അതു ചൂണ്ടിക്കാണിക്കാന്‍ അതിജീവിത പ്രദര്‍ശിപ്പിച്ച ധൈര്യം പ്രചോദനം പകര്‍ന്നു. അതിലെ തീപ്പൊരി മോളിവുഡില്‍നിന്നു കോളിവുഡിലേക്കും ബോളിവുഡിലേക്കും പടര്‍ന്നുകയറി. മീടൂ ആരോപണങ്ങളുടെ കുത്തൊഴുക്കില്‍ പല പ്രമുഖ നടന്മാരുടെയും സംവിധായകരുടെയും നിര്‍മാതാക്കളുടെയും പൊയ്മുഖം അഴിഞ്ഞുവീണു. 2024 ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാളസിനിമയെ പിടിച്ചുകുലുക്കിയ എത്രയെത്ര ലൈംഗികാരോപണങ്ങളാണ് ഒന്നൊന്നായി പുറത്തുവന്നത്!~പല കേസുകളും തള്ളിപ്പോയെങ്കിലും പല പ്രമുഖ നടന്മാരുടെയും വ്യാജമുഖം പകല്‍വെളിച്ചത്തില്‍ ജനം തിരിച്ചറിഞ്ഞു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കു മാത്രമല്ല, സാംസ്‌കാരികകേരളത്തിനുതന്നെ അപമാനമുണ്ടാക്കുന്ന കാര്യങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുവെന്നാണ് ഹേമകമ്മീഷന്‍ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടിയത്.
ആറുപ്രതികള്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ, ഏറ്റവുമൊടുവില്‍ ഇതാ നടന്‍ ദിലീപിനെ സിനിമാമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ ഫെഫ്കയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സംഘടനയില്‍നിന്നു രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. അതെന്തായാലും, കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, തടങ്കലിലാക്കാനായുള്ള ആക്രമണം, ബലാത്സംഗം ലക്ഷ്യമിട്ടുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകല്‍, വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനം, ലൈംഗികഉള്ളടക്കമുള്ള വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ തെളിഞ്ഞ കേസില്‍, ഏതു കേസിലുമെന്നപോലെ ഒരു ഗൂഢാലോചന നടന്നുവെന്നു കോടതിയും സമ്മതിക്കുന്നു. എങ്കില്‍ അത് അവര്‍ അവര്‍ക്കുവേണ്ടി മാത്രം നടത്തിയ ഗൂഢാലോചനയോ? അതോ മറ്റു വല്ലവര്‍ക്കുംവേണ്ടിയോ? എങ്കില്‍ അവര്‍ ആരൊക്കെ? അവരെ പുറത്തുകൊണ്ടുവരേണ്ടേ? കേരളത്തിലെ പൊതുസമൂഹത്തിന്റെ ഹൃദയാന്തരാളങ്ങളില്‍നിന്നുയരുന്ന ഈ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
