മിത്രങ്ങളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ നമ്മുടെ കുടുംബങ്ങള്‍ക്കു കഴിയണം. കുടുംബത്തിനു പൊതുവായും കുടുംബാംഗങ്ങള്‍ക്കു വ്യക്തിപരമായുമുള്ള സുഹൃത്തുക്കളുണ്ടാവുക തികച്ചും സ്വാഭാവികമാണ്. കുടുംബത്തിനു ചുറ്റും ഒരു സൗഹൃദവലയം സൃഷ്ടിക്കപ്പെടുന്നത് അഭിലഷണീയമാണ്. കുടുംബം വലിയൊരു സമൂഹത്തിന്റെ ഭാഗമാണെങ്കിലും ആവശ്യനേരങ്ങളില്‍ അതിനോടു ചേര്‍ന്നുനില്‍ക്കാന്‍ സന്നദ്ധരായ ഒരുപറ്റം നല്ല ചങ്ങാതിമാര്‍ ഉള്ളത് ഒരാശ്വാസവും സുരക്ഷിതത്വവുമാണ്. മാലിന്യമില്ലാത്ത മിത്രബന്ധങ്ങളാണ് ആരോഗ്യകരം. കുടുംബാംഗങ്ങളുടെ സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും സുപരിചിതരായിരിക്കട്ടെ. മാതാപിതാക്കളുടെയും കുട്ടികളുടെയും കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്നു പരസ്പരം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. അനാവശ്യമായ സംശയങ്ങളും തെറ്റുധാരണകളും ഒഴിവാക്കാന്‍ അത് ഏറെ സഹായിക്കും.
സുഹൃദ്ബന്ധങ്ങളിലെ ഒളിച്ചുകളികളാണ് പലപ്പോഴും കുടുംബകലഹത്തിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും ഹേതുവാകുന്നത്. വാട്‌സാപ്പ്‌പോലുള്ള സമ്പര്‍ക്കമാധ്യമങ്ങളിലൂടെയുള്ള സ്‌നേഹിത/ സഹപാഠിക്കൂട്ടായ്മകള്‍ കുടുംബസമാധാനത്തിനു കുറവു വരുത്താന്‍ ഇടയാകരുത്. മക്കള്‍ ആരുടെകൂടെ എവിടെപ്പോകുന്നു, എപ്പോള്‍ വരുന്നു എന്ന് അപ്പനമ്മമാര്‍ അറിഞ്ഞിരിക്കണം. അത് അവരെ അറിയിക്കുക എന്നത് മക്കളുടെ കടമയുമാണ്. കുടുംബത്തിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളെയും ക്ഷണിക്കുക. വളര്‍ത്തുന്നതിനുപകരം തളര്‍ത്തുന്ന ചങ്ങാതികളില്‍നിന്ന് അകലം പാലിക്കുക. കൂട്ടുകാരെ തിരഞ്ഞെടുക്കുകയെന്നത് ഒരു കലയും ഒപ്പം, സശ്രദ്ധം ചെയ്യേണ്ട ഒരു കര്‍ത്തവ്യവുമാണ്. കൂടെക്കൂടുന്നവരെല്ലാം സുഹൃത്തുക്കളായിരിക്കണമെന്നില്ല എന്ന തിരിച്ചറിവുണ്ടായാല്‍ നന്ന്. ആത്മാര്‍ഥമിത്രം സങ്കേതവും സുരക്ഷയും ഒരുക്കുന്ന ഒരു സത്രമാണ്. മതവിശ്വാസത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്കും വ്യക്തിത്വത്തിന്റെ വിശുദ്ധിക്കും കുടുംബത്തിന്റെ കുലീനതയ്ക്കും സമൂഹത്തിലെ സദാചാരങ്ങള്‍ക്കും നിരക്കാത്തതായ ഏതൊരു ബന്ധത്തിലേക്കുമുള്ള അന്ധമായ എടുത്തുചാട്ടം ആത്മഹത്യാപരമാണ്. ചങ്ങാതികളിലെ ചതികളെ വേര്‍തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച ഓരോരുത്തരും സ്വന്തമാക്കട്ടെ. നല്ല മിത്രങ്ങളെ വീട്ടിലെ പാത്രങ്ങളെപ്പോലെ കരുതുകയും വിലമതിക്കുകയും ചെയ്യുന്ന കുടുംബം അനര്‍ഥങ്ങളുടെ അവസരങ്ങളില്‍ അനാഥമാകില്ല.