ഉപകാരികളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ കുടുംബങ്ങള്‍ക്കു കഴിയണം. ആരുടെയെങ്കിലുമൊക്കെ ഉപകാരം കൈപ്പറ്റാത്ത ആരാണ് ഈ ഊഴിയില്‍ ജീവിച്ചിട്ടുള്ളത്? നമുക്കു നന്മ വരാന്‍ ആഗ്രഹിക്കുന്നവരും സന്ദര്‍ഭോചിതമായി സഹായഹസ്തം നീട്ടുന്നവരുമായ ഉപകാരികള്‍ ഉണ്ടാകും. അവരെപ്പറ്റിയുള്ള ഓര്‍മ കുടുംബാംഗങ്ങള്‍ക്കുണ്ടായിരിക്കണം. മറ്റുള്ളവര്‍ നമുക്കു ചെയ്യുന്ന ഒരു ഉപകാരവും നമ്മുടെ അര്‍ഹതയോ അവകാശമോ അല്ല; മറിച്ച്, ചെയ്യുന്നവരുടെ ഉദാരമനസ്‌കതമാത്രമാണ്. ആകയാല്‍, അവരോട് ആവുന്നത്ര നന്ദിയുള്ളവരായിരിക്കാന്‍ നമുക്കു സാധിക്കണം. കുടുംബപ്രാര്‍ഥനകളില്‍ അവരെ അനുസ്മരിക്കണം. നമ്മുടെ സാന്നിധ്യവും സഹകരണവും അവര്‍ക്ക് ആവശ്യമായി വരുമ്പോള്‍ ഉത്സാഹത്തോടെ അവ നല്‍കണം. കുടുംബത്തിന് ഏതെങ്കിലും തരത്തില്‍ താങ്ങായി നിന്നവരെയും നില്ക്കുന്നവരെയുംകുറിച്ച് മാതാപിതാക്കള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കണം.
സാമ്പത്തികസഹായം നല്കുന്നവര്‍ മാത്രമല്ല ഉപകാരികളുടെ ഗണത്തില്‍പ്പെടുക. നമ്മുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരും നമുക്കുവേണ്ടി പ്രാര്‍ഥിക്കുന്നവരും ആവശ്യനേരങ്ങളില്‍ ആശ്വാസമായി അരികില്‍ നില്ക്കുന്നവരുമെല്ലാം ഒരുപോലെ ഉപകാരികളാണ്. ഉപയോഗിച്ചു വലിച്ചെറിയുന്ന 'ഡിസ്‌പോസിബിള്‍സ്' ആകരുത് അവര്‍. ലഭിച്ച ഉപകാരത്തിന് എപ്പോഴെങ്കിലും പ്രത്യുപകാരം ചെയ്യുന്നതുകൊണ്ടു കടപ്പാടൊന്നും തീരുന്നില്ല. ഓര്‍ക്കണം, ഉപകാരസ്മരണയുള്ള കുടുംബം ഒരു പ്രതിസന്ധിയിലും ഉടഞ്ഞുപോകില്ല. സാധ്യമായ പരോപകാരപ്രവൃത്തികള്‍ ചെയ്യാനും കുടുംബാംഗങ്ങള്‍ പരിശ്രമിക്കണം. നാം ഇഷ്ടപ്പെടുന്നവര്‍ക്കുമാത്രമല്ല, നമ്മെ ഇഷ്ടപ്പെടാത്തവര്‍ക്കും ഉപകാരികളായി മാറുമ്പോഴേ നാം യഥാര്‍ഥ ക്രിസ്തുശിഷ്യരാകൂ. ആവശ്യപ്പെടുന്നവരുടെ കൂടെനടക്കുന്ന ഒരു മൈല്‍ ദൂരവും, കൊടുക്കുന്ന ഒരു കവിള്‍ കുടിവെള്ളവും ഒരു തവി ചോറും ഒരു ഉടുപ്പുമൊക്കെ വിശ്വാസജീവിതത്തില്‍ ഒരു ക്രൈസ്തവകുടുംബം സ്വന്തമാക്കുന്ന സുകൃതങ്ങളാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകളിലേക്കും കണ്ണീരിലേക്കും നീളുന്ന ഒരു കാണാക്കരം ഓരോ കുടുംബത്തിനുമുണ്ടാകണം. ജീവിതമാകുന്ന ഭിക്ഷാപാത്രത്തില്‍ നമുക്കു വീണുകിട്ടുന്നവയെല്ലാം ദാനങ്ങളാണ് എന്ന അടിസ്ഥാനബോധ്യത്തില്‍നിന്നുമാത്രമേ അവ അന്യരുമായി പങ്കുവയ്ക്കുന്നതിനുള്ള ബാധ്യത മുളയെടുക്കുകയുള്ളൂ. ഉപകാരികള്‍ ആയില്ലെങ്കിലും ഉപദ്രവകാരികള്‍ ആകാതിരിക്കാനെങ്കിലും ശ്രദ്ധിച്ചാല്‍ അതു വലിയ ഉപകാരമായിരിക്കും.