•  17 Oct 2024
  •  ദീപം 57
  •  നാളം 32
വേട്ടക്കാരായ വന്യജന്തുക്കള്‍

കഴുതപ്പുലി

    കാട്ടിലെ വേട്ടക്കാരായ മൃഗങ്ങളുടെ കൂട്ടത്തിലാണു സ്ഥാനമെങ്കിലും സിംഹത്തിനോ കടുവയ്‌ക്കോ പുലിക്കോ ഉള്ള ഗാംഭീര്യം കഴുതപ്പുലിക്കില്ല. കഴുതയെപ്പോലുള്ള നടപ്പും മുഖഭാവവും പുലിയുടേതുപോലുള്ള ഉടലും ഉള്ളതിനാലാണ് ഇവയ്ക്കു കഴുതപ്പുലി എന്ന പേരു കിട്ടിയത്. കഴുതയുടേതുപോലുള്ള നീണ്ട  ചെവികളും ഇതിനുണ്ട്. തല താഴ്ത്തിയാണ് ഇവയുടെ നടപ്പ്.
    ഇരയെ പിന്തുടര്‍ന്ന് അവ തളരുന്നതുവരെ ആക്രമിക്കുകയാണു കഴുതപ്പുലി ചെയ്യുന്നത്. ഇര തിരികെ ആക്രമിക്കില്ലെന്നു കണ്ടാല്‍പ്പിന്നെ അതിനെ വിടാതെ പിന്തുടരും. തളരുന്ന ഇരയുടെ കഴുത്താണുലക്ഷ്യം. മറ്റു ജീവികള്‍ വേട്ടയാടിപ്പിടിച്ച ഇരയെ തട്ടിയെടുത്തോ അവ ഉപേക്ഷിച്ചുപോയ അവശിഷ്ടം തിന്നോ ആണ് കഴുതപ്പുലി കഴിയുക. ഇതുകൊണ്ടു വലിയൊരു ഗുണമുണ്ട്. ചത്ത ജീവികളുടെ അവശിഷ്ടങ്ങള്‍ കാട്ടില്‍കിടന്നു ചീയുന്നതുകൊണ്ടും മറ്റുമുള്ള കുഴപ്പങ്ങള്‍ ഇല്ലാതാകുന്നു. അതിനാല്‍ കഴുതപ്പുലികളെ കാട്ടിലെ തൂപ്പുകാര്‍ എന്നും വിളിക്കാറുണ്ട്.
   കഴുതപ്പുലികള്‍ പലയിനമുണ്ട്. നിറത്തിലും വലുപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കും. ഇന്ത്യയില്‍ കണ്ടുവരുന്നതു ഹയേന ഹയേന എന്നയിനമാണ്. ഇതു ചെറിയ വരയുള്ള ഇനമാണ്. വേട്ടയ്ക്കു പല്ലുകളാണുപയോഗിക്കുക. ഇരയെ തട്ടിയെടുക്കാന്‍ വരുന്ന കഴുതപ്പുലിയെ മറ്റു മൃഗങ്ങള്‍ ആക്രമിച്ച് ഓടിക്കാന്‍ ശ്രമിച്ചാലും ഇവ പരിസരം വിട്ടുപോകില്ല. കഴുതപ്പുലികള്‍ നേരിട്ടു വേട്ടയ്ക്കിറങ്ങുന്നത് അപൂര്‍വം. എന്നാല്‍, ഭക്ഷണത്തിനു ക്ഷാമമുണ്ടായാല്‍ മാന്‍, മുയല്‍, കാട്ടുപന്നി, കുരങ്ങന്മാര്‍ തുടങ്ങിയ മൃഗങ്ങളെ വേട്ടയാടാറുണ്ട്. കുരങ്ങിനെക്കാള്‍ കൂടുതല്‍ തന്ത്രം ഉപയോഗിച്ചാണ് കഴുതപ്പുലിയുടെ ഇരപിടിത്തം. ഇവയുടെ മുന്‍കാലുകള്‍ക്കു പിന്‍കാലുകളെ അപേക്ഷിച്ചു നീളം കൂടുതലാണ്. ഒപ്പം അവ കൂടുതല്‍ ബലമുള്ളവയുമാണ്. കൈകാലുകളില്‍ നാലുവിരലുകള്‍ വീതമുണ്ട്. മിക്കവാറും കൂട്ടത്തോടെയാണ് കഴുതപ്പുലികള്‍ ഇരതേടുക. കുറ്റിക്കാടുകളും പാറയിടുക്കുകളുമൊക്കെയാണ് ഇവയുടെ താവളങ്ങള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)