ചെങ്കീരിക്കു ചുവപ്പുചേര്‍ന്ന തവിട്ടുനിറമാണ്. പകലാണ് സഞ്ചാരം. രാത്രി പൂര്‍ണമായും വിശ്രമത്തിലാവും. കാട്ടിലെ മറ്റു വേട്ടക്കാരില്‍നിന്നു ചെങ്കീരിയെ വ്യത്യസ്തമാക്കുന്ന പ്രധാന സ്വഭാവവും അതുതന്നെ. കുറ്റിക്കാട്, മുളങ്കാട്, പാറക്കൂട്ടം എന്നിവിടങ്ങളിലാണു താവളം. മരത്തിന്റെയോ മണ്ണിന്റെയോ മാളങ്ങളില്‍ താമസം.
സാഹചര്യമനുസരിച്ച് ചെങ്കീരികള്‍ എന്തും കഴിക്കും. ചുറ്റുപാടുകള്‍ക്കനുസരിച്ച് ആഹാരത്തിലും വ്യത്യാസങ്ങള്‍ വരുത്താറുണ്ട്. പൊതുവെ ഇവ മാംസഭുക്കുകളാണ്. ഞണ്ട്, എലി, തേള്‍, തവള, ഷഡ്പദങ്ങള്‍, മീന്‍, പാമ്പുകള്‍ മുതലായവയെ ശാപ്പിടും. പഴങ്ങളും കിഴങ്ങുകളും ഇവ തിന്നാറുണ്ട്. വിഷമുള്ള പാമ്പിനെപ്പോലും ഒറ്റയ്ക്കു പരാജയപ്പെടുത്താന്‍ കീരിക്കു കഴിയും. പാമ്പിന്‍വിഷത്തെ കുറച്ചെല്ലാം പ്രതിരോധിക്കാന്‍ ഇവയ്ക്കു സാധിക്കുമെന്നു ജന്തുശാസ്ത്രജ്ഞന്മാര്‍ക്ക് അഭിപ്രായമുണ്ട്.
കീരി ഇരയെ കീഴ്‌പ്പെടുത്തുന്നത് തന്ത്രപൂര്‍വമാണ്. ഇരയെ കണ്ടെത്തിയാല്‍ വേഗത്തില്‍ അതിനെ സമീപിച്ച് ആക്രമിക്കുന്നു. കീരികള്‍ കൂട്ടത്തോടെയും അല്ലാതെയും സഞ്ചരിക്കുന്നു. ഇപ്പോള്‍ കീരികള്‍ വനത്തില്‍ മാത്രമല്ല, നാട്ടുമ്പുറങ്ങളിലും പട്ടണങ്ങളിലും വന്‍നഗരങ്ങളിലുമൊക്കെ വിലസിനടക്കുന്നതു കാണാന്‍ കഴിയും. ചെങ്കീരിക്കു മൂന്നടിയോളം നീളവും രണ്ടു കിലോയോളം ഭാരവുമുണ്ടാകും. ചെങ്കീരിക്കു പുറമേ ചാരനിറമുള്ളവയും കീരികളുടെ കൂട്ടത്തില്‍ കാണുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ കീരി ചെങ്കീരികളാണ്.
വെരുക് ഉള്‍പ്പെടുന്ന ഹെര്‍പെസ്റ്റിഡേ കുലത്തില്‍പ്പെടുന്ന മാംസഭുക്കുകളായ ഒരു സസ്തനിയാണ് ചെങ്കീരി. ആഫ്രിക്ക, ഏഷ്യ, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. 15 ജനുസ്സുകളിലായി 40 ലേറെ സ്പീഷിസുണ്ട്. ചെങ്കീരിയുടെ ശാസ്ത്രനാമം എഡ്‌വാര്‍ഡ്‌സി എന്നാണ്.
കുറുകിയ കാലുകള്‍, കൂര്‍ത്ത നാസിക, ചെറുചെവികള്‍ നീണ്ട രോമാവൃതമായ വാല് എന്നിങ്ങനെ എടുത്തുപറയത്തക്ക പ്രത്യേകതകളുണ്ട്. കാലില്‍ അഞ്ചു വിരലുകളാണ് മിക്ക സ്പീഷിസുകള്‍ക്കും. നഖങ്ങള്‍ ഉള്ളിലേക്കു വലിക്കാവുന്നവയല്ല. മിടുക്കും ചുറുചുറുക്കുമുള്ള ജീവിയായ കീരിയുടെ ഇര പിടിക്കുന്നതിലുള്ള സാമര്‍ഥ്യം അന്യാദൃശമാണ്. വിഷപ്പാമ്പുകളുടെ നേര്‍ക്കുള്ള വേട്ട എടുത്തുപറയത്തക്കതാണ്. മിന്നല്‍വേഗത്തില്‍ പാഞ്ഞുചെന്ന് ചാട്ടുളിപോലുള്ള നഖംകൊണ്ട് പാമ്പിന്റെ തല മാന്തിപ്പൊളിച്ച് കടിച്ചുകൊല്ലുന്നു.