കാട്ടിലെ ഏറ്റവും ക്രൂരന്മാരായ വേട്ടക്കാരില്‍പ്പെടും ചെന്നായ്ക്കള്‍. സാധാരണമൃഗങ്ങള്‍ ഇരയെ കൊന്നശേഷമാണു ഭക്ഷിച്ചുതുടങ്ങുക. എന്നാല്‍, ചെന്നായ്ക്കള്‍ ഇരയെ പിടികൂടുന്നതിനിടയ്ക്കു ജീവനോടെതന്നെ തിന്നുതുടങ്ങുന്നു. കാട്ടുമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ഒരുപോലെ ആക്രമിക്കുന്ന ഇക്കൂട്ടര്‍ തരംകിട്ടിയാല്‍ ഗ്രാമങ്ങളില്‍ കടന്നു മനുഷ്യക്കുഞ്ഞുങ്ങളെപ്പോലും തട്ടിയെടുക്കാന്‍ മടിക്കില്ല. നായ്ക്കളുടെ മുന്‍ഗാമിയാണ് ചെന്നായ്ക്കളെന്നു കരുതപ്പെടുന്നു. ഏതു കാലാവസ്ഥയിലും ജീവിക്കുന്ന ഇവ ഇപ്പോള്‍ വംശനാശഭീഷണിയിലാണ്. ഇന്ത്യയില്‍ ചെന്നായ് കുറച്ചുസ്ഥലങ്ങളിലേ ഉള്ളൂ. കേരളത്തില്‍ ചെന്നായ് ഇല്ലെന്നാണു റിപ്പോര്‍ട്ടെങ്കിലും പശ്ചിമഘട്ടവനപ്രദേശങ്ങളില്‍ ഉണ്ടെന്നുവരാം. ചെന്നായും കാട്ടുനായും വ്യത്യസ്തമാണ്. നാം ചെന്നായായി കാണുന്നത് അസല്‍ കാട്ടുനായെയയാണ്.
പര്‍വതമേഖലയിലും മഞ്ഞുമലയിലും കാണപ്പെടുന്ന ചെന്നായ്ക്കള്‍ കൂട്ടത്തോടെയാണു സഞ്ചാരം. ചാരംകലര്‍ന്ന തവിട്ടുനിറമാണ്. കട്ടികൂടിയ തൊലിയും ബലമുള്ള പല്ലുകളും കുറുകിയ വാലുമുള്ള ഇതിനു മണംപിടിക്കാന്‍ അപാരകഴിവാണ്. അതുപോലെ മികച്ച കാഴ്ചശക്തിയും. ദീര്‍ഘദൂരം സഞ്ചരിക്കാനും വേഗത്തിലോടാനും ചാടാനുമൊക്കെ പറ്റുന്നതാണ് ചെന്നായുടെ കാലുകള്‍.
സാധാരണമായി ചെന്നായ് ചെറുമൃഗങ്ങളെയാണു വേട്ടയാടുന്നത്. എന്നാല്‍, കൂട്ടത്തോടെ കാട്ടുപോത്തുപോലുള്ള വലിയ ജന്തുക്കളെയും ഇവ വേട്ടയാടാറുണ്ട്. വലിയ മൃഗങ്ങളെ ഓടിച്ചോടിച്ച് അവശരാക്കിയശേഷമാണ് കൂട്ടത്തോടെ ആക്രമിക്കുക. ഇരയുടെ വയറും തുടഭാഗവുമായിരിക്കും ആദ്യം ആഹാരമാക്കുന്നത്. ഇര ചാകുമ്പോഴേക്കും ശരീരത്തിന്റെ മുക്കാല്‍ ഭാഗവും ഈ ക്രൂരന്മാര്‍ തിന്നുതീര്‍ത്തിരിക്കും.