•  Published From Palai
  •  Contact Us
  •  Previous Issues
  •  11 Sep 2025
  •  ദീപം 58
  •  നാളം 27
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കാര്‍ഷികം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

സമാധാനത്തിന്റെ വഴികള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 11 September , 2025

   ഏതൊരു നാടിന്റെയും അടിസ്ഥാനസൗകര്യവികസനത്തിലെ ഒരു സുപ്രധാനഘടകമാണു റോഡുകള്‍. വര്‍ധിച്ചുവരുന്ന ഗതാഗത, വ്യാപാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോഡുശൃംഖലകള്‍ വര്‍ധിപ്പിക്കുന്നതും വികസിപ്പിക്കുന്നതും, ദൂരങ്ങള്‍ എളുപ്പത്തില്‍ താണ്ടാന്‍ സഹായകമായ പുതിയ ബൈപ്പാസുകള്‍ സൃഷ്ടിക്കുന്നതുമെല്ലാം നല്ലതുതന്നെ; ചിലപ്പോഴെങ്കിലും വികസനക്കുതിപ്പിന്റെ ഇരകളായി ദുരിതം പേറേണ്ടി വരുന്ന പാവങ്ങളെ മറക്കാന്‍ കഴിയില്ലെങ്കില്‍പോലും. ഇവിടെ വിഷയം ഇതൊന്നുമല്ല. ഓരോ പുതിയ പാതയെയും തങ്ങളുടെ വികസനനേട്ടമായി സര്‍ക്കാരുകള്‍ ഉയര്‍ത്തിക്കാണിക്കുമ്പോഴും, നാട്ടില്‍ ഉയിര്‍ത്തെഴുന്നേറ്റുനില്ക്കുന്ന ഒരു ഞെട്ടിക്കുന്ന സത്യം ആരും ചര്‍ച്ചയാക്കുന്നില്ല - അനുദിനം പെരുകുന്ന റോഡപകടങ്ങള്‍! പാതകളുടെ നീളവും വീതിയും കൂടുന്നതനുസരിച്ച് ഓരോ ദിനവും വഴിയില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണമെടുത്താല്‍ ഹൃദയഭേദകമാണത്. 
   ഇക്കാര്യത്തില്‍ ആരുടെയും കണ്ണുതുറപ്പിക്കാന്‍പോന്ന ഒന്നായിരുന്നു, സംസ്ഥാന മുന്‍ഗതാഗതസെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. മുന്‍ സിഎംഡിയുമായ ബിജു പ്രഭാകര്‍ സെപ്റ്റംബര്‍ ഒന്നിന് മലയാളമനോരമ  ദിനപത്രത്തില്‍ എഴുതിയ 'മനുഷ്യരാകാം റോഡിലും' എന്ന അര്‍ഥവത്തായ ലേഖനം. അദ്ദേഹം എഴുതുന്നു: ''നമ്മുടെ റോഡുകളില്‍ ഇത്രയധികം അപകടമുണ്ടായിട്ടും ശാസ്ത്രീയമായ റോഡുവികസനത്തെക്കുറിച്ചോ റോഡില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചോ പൊതുഗതാഗതം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ നാം ക്രിയാത്മകമായി ചിന്തിക്കുന്നില്ല. റോഡില്‍ ഇറങ്ങുമ്പോള്‍ നിയമങ്ങള്‍ പാലിക്കാന്‍ നാം മറന്നുപോകുന്നു. നിയമവ്യവസ്ഥ ഇല്ലാത്തതോ അന്യായത്തിനു പരിരക്ഷ ലഭിക്കുന്നതോ ആയ ഒരു സ്ഥലത്ത് തര്‍ക്കങ്ങളിലൂടെയും കൈയൂക്കിലൂടെയും അവകാശവാദങ്ങള്‍ സാധിച്ചെടുക്കാം എന്ന തോന്നല്‍ റോഡിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ചെറുതല്ല.'' എത്രയോ സത്യം!
ലൈസന്‍സ് കൊടുക്കുമ്പോഴോ പിന്നീടോ ഡ്രൈവറുടെ മാനസികാരോഗ്യം പരിശോധിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപേക്ഷിച്ച് പരമാവധി രണ്ടു മാസത്തിനകം ലൈസന്‍സ് സ്വന്തമാക്കി തിരക്കേറിയ റോഡിലേക്കിറങ്ങാമെന്നതാണു സ്ഥിതി. മത്സരബുദ്ധിയോടെയോ വൈകാരികമായോ ഇടപെടാന്‍ പാടില്ലാത്ത ജോലിയാണു ഡ്രൈവിങ്. മറ്റുള്ളവരുടെ ജീവനും വാഹനത്തിനും വിലയുണ്ടെന്ന ചിന്തവേണം. അങ്ങനെയൊരു പരസ്പരബഹുമാനം നമ്മുടെ റോഡില്‍ കാണുന്നില്ല. മാനസികസംഘര്‍ഷം, മത്സരബുദ്ധി, ലഹരിയുപയോഗം, അനാവശ്യധൃതി എന്നിവയൊക്കെയാണു റോഡിലെ പ്രകോപനങ്ങള്‍ക്കു പിന്നില്‍. തുടര്‍ച്ചയായി ഹോണടിക്കുക, വാഹനത്തിന്റെ തൊട്ടുപിന്നിലായി പിന്തുടരുക, ഇടതുവശത്തുകൂടെ മറികടക്കുക, സിഗ്നല്‍ തെറ്റിച്ചു പായുക, റോഡു കുറുകെ കടക്കുന്നവരെ തടസ്സപ്പെടുത്തി സീബ്രാലൈനില്‍ വാഹനം നിര്‍ത്തുക എന്നിങ്ങനെ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ഡ്രൈവിങ് രീതികളെക്കുറിച്ച് അദ്ദേഹം എണ്ണിയെണ്ണി പറയുന്ന കാര്യങ്ങള്‍ ആര്‍ക്കു നിഷേധിക്കാനാവും? 
   ചുരുക്കിപ്പറഞ്ഞാല്‍, ലോകമെമ്പാടുമുള്ള റോഡപകടങ്ങളുടെ പ്രധാനകാരണങ്ങളിലൊന്ന് അശ്രദ്ധയാണ്. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ട്. അശ്രദ്ധയും അമിതവേഗവും സൃഷ്ടിച്ച അതിദാരുണമായ ദുരന്തത്തിന്റെ സമീപകാല ഉദാഹരണങ്ങളിലൊന്നാണ് ഈയടുത്തകാലത്ത് പാലാ മുണ്ടാങ്കലില്‍ മൂന്നുപേരുടെ ജീവന്‍ കവര്‍ന്ന കാറപകടം. കാറിന് അമിതവേഗമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിന് അത്താണിയായിരുന്ന രണ്ടു വീട്ടമ്മമാരും, അതിലൊരാളുടെ ഏകപുത്രിയുമാണ് ആ അപകടത്തില്‍ മരണപ്പെട്ടത്. ഇത്തരം വാര്‍ത്തകളില്‍ ദുഃഖം പ്രകടിപ്പിച്ചു മാറുന്നതല്ലാതെ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നു ക്രിയാത്മകമായ ചര്‍ച്ചകളും നടപടികളുമായി ആരും മുമ്പോട്ടുവരുന്നില്ലായെന്നതാണു ഖേദകരമായ കാര്യം.
   ആദ്യം വേണ്ടതു ഗതാഗതനിയമത്തിലുള്ള ധാരണയും നിയമം കര്‍ശനമായി നടപ്പാക്കലുമാണ് - ശ്രീ ബിജു പ്രഭാകര്‍ സമര്‍ഥിക്കുന്നു.  സമാധാനമുള്ള ഒരു റോഡിനായുള്ള ശ്രമം ലൈസന്‍സ് നല്കുന്നതില്‍നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്. ഓസ്‌ട്രേലിയപോലുള്ള രാജ്യങ്ങളില്‍ ആദ്യം ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് ഒരു വര്‍ഷത്തോളം 'എല്‍' ബോര്‍ഡ് വച്ചുവേണം ഓടിക്കാന്‍. ഈ കാലയളവില്‍ നിയമലംഘനം നടത്തിയിട്ടില്ല അല്ലെങ്കില്‍ നിയമലംഘനംമൂലം നിശ്ചിതപരിധിയില്‍ കൂടുതല്‍ പെനാല്‍റ്റി  പോയിന്റുകള്‍ ലഭിച്ചിട്ടില്ലായെങ്കില്‍ പ്രൊവിഷണല്‍ ലൈസന്‍സ് ലഭിക്കും. അതുതന്നെ പി 1, പി 2 എന്നിങ്ങനെ രണ്ടു തലത്തിലുണ്ട്. രണ്ടു തലത്തിലും നല്ല പ്രകടനം നടത്തിയെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ പൂര്‍ണലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇവിടെയോ? - അദ്ദേഹം ചോദിക്കുന്നു.
ഗതാഗതനിയമങ്ങളെക്കുറിച്ചു കൂടുതല്‍ ഗൗരവത്തോടെ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നാണ് ശ്രീ ബിജു പ്രഭാകര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു നല്ല നിര്‍ദേശം. വാഹന ഉടമ നികുതി നല്കുന്നുവെങ്കിലും കാല്‍നടക്കാര്‍ക്കാണു റോഡില്‍ മുന്‍ഗണനയെന്ന ബോധം ഊട്ടിയുറപ്പിക്കണം. എന്നുകരുതി റോഡില്‍ എവിടെയും തനിക്കു കുറുകെ കടക്കാമെന്നു കാല്‍നടക്കാരന്‍ തെറ്റിദ്ധരിക്കുകയുമരുത്. പൊതുഗതാഗതം വര്‍ധിപ്പിക്കണമെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദേശം. നാല്പതിനായിരത്തോളം ബസുകളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പതിനായിരം തികച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യവാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം വ്യാപകമാക്കുകയുമാണ് പല പരിഷ്‌കൃതരാജ്യങ്ങളും ചെയ്യുന്നത്.
സമൂഹമനഃസാക്ഷിയുണര്‍ത്തുന്ന ഇത്തരമൊരു ലേഖനം തയ്യാറാക്കാന്‍ കാണിച്ച ആര്‍ജവത്തിന് ബിജു പ്രഭാകര്‍ അഭിനന്ദനമര്‍ഹിക്കുന്നു. വഴിയെന്നോ പുഴയെന്നോ നോക്കാതെ അമിതവേഗത്തില്‍ ബൈക്കുകള്‍ പായിക്കുന്ന ആധുനിക 'ഫ്രീക്ക'ന്മാരും, വഴിയായ വഴിയെല്ലാം തനിക്കു തീറെഴുതിക്കിട്ടിയതെന്ന മട്ടില്‍, വലിയ വാഹനത്തിന്റെ വിരിവു കാട്ടി വമ്പുപറയുന്നവരും, നിരപരാധികളുടെമേല്‍ അസഭ്യവര്‍ഷവും അക്രമവും നടത്തി കുതിര കയറുന്നവരും പരിണതപ്രജ്ഞനായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്കു ചെവികൊടുത്തിരുന്നെങ്കില്‍!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)