ഉരഗവര്‍ഗത്തിലെ മികച്ച വേട്ടക്കാരനായ വന്യജീവിയാണ് മുതല. ഇന്ത്യയിലെ വനമേഖലകളിലെ ജലാശയങ്ങളില്‍ ഇവ വസിക്കുന്നു. കേരളത്തിലെ കാടുകളിലും ഇവയെ അപൂര്‍വമായിട്ടെങ്കിലും കാണാനാവും. മുതലയുടെ വാലാണ് വെള്ളത്തില്‍ നീന്താന്‍ സഹായിക്കുന്നത്. കടുപ്പമുള്ള ശല്കങ്ങള്‍കൊണ്ട് ഇതിന്റെ ത്വക്ക് രൂപപ്പെട്ടിരിക്കുന്നു. നാലു മീറ്ററാണ് മുതലയുടെ ശരാശരി നീളം. മാംസഭോജികളായ മുതലകള്‍ മാന്‍, മുയല്‍, കന്നുകാലികള്‍, മത്സ്യം, പക്ഷി തുടങ്ങിയ ജീവികളെ പിടികൂടി ആഹരിക്കുന്നു. ആമ, പാമ്പ് തുടങ്ങിയ ജീവികളും ഇവയുടെ ഇരകള്‍തന്നെ. ഒത്തുകിട്ടിയാല്‍ മനുഷ്യനെവരെ ആക്രമിക്കുന്ന വേട്ടസ്വഭാവം മുതലയ്ക്കുണ്ട്.
നല്ല വേട്ടക്കാരും തികഞ്ഞ തീറ്റക്കാരുമാണ് മുതലകള്‍. കരയിലും വെള്ളത്തിലും ഇര തേടുന്ന ഇവയ്ക്ക് ഇരയെ പതിയിരുന്നു പിടികൂടാനും കൊല്ലാനും പ്രത്യേക കഴിവുണ്ട്. മീനാണ് ഇഷ്ടഭക്ഷണം. നീണ്ടു മെലിഞ്ഞ തല മീന്‍പിടിത്തം എളുപ്പമാക്കുന്നു. ഇരയെ പിടികൂടാന്‍ പതിയിരിക്കുന്ന മുതലകള്‍ അതിനായി വളരെനേരം വെള്ളത്തില്‍ ആണ്ടുകിടക്കാറുണ്ട്. ആ സമയം കണ്ണും മൂക്കിന്റെ അറ്റവുംമാത്രമേ പുറത്തുകാണുകയുള്ളൂ. ആ നിലയില്‍ വെള്ളത്തിലൂടെ ചെറിയ ഓളംപോലുമുണ്ടാക്കാതെ നീന്താന്‍ മുതലയ്ക്കു പ്രത്യേക കഴിവാണ്. ഇക്കാരണത്താല്‍ വെള്ളം കുടിക്കാന്‍ വരുന്ന ഇരകളുടെ കണ്ണില്‍ വേട്ടക്കാരന്‍ പെടുകയുമില്ല. ഇരയെ കാണുന്നതോടെ ഇവ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങും. പിന്നെ ഇരയുടെ അടുത്തെത്തിയേ പൊങ്ങൂ. ശേഷം ശക്തമായ വാലുകൊണ്ട് ഇരയെ ഒറ്റയടിയാണ്. അതോടെ ഇര തളര്‍ന്നുവീഴും. പിന്നെ ഇരയെ കടിച്ചുപിടിച്ചു വെള്ളത്തില്‍ മുക്കിക്കൊല്ലുന്നു. ഇരയെ വാലുകൊണ്ടടിക്കാതെ നേരേ ചാടിപ്പിടിച്ചു മുക്കിക്കൊല്ലാറുമുണ്ട്.
ഇര ചെറുതാണെങ്കില്‍ അതിനെ അപ്പോള്‍ത്തന്നെ മുതല വിഴുങ്ങും. വലിയ ഇരയെ കഷണങ്ങളാക്കിയാണു വിഴുങ്ങുക. ഇതിന് അന്നനാളത്തില്‍ ആഹാരം സൂക്ഷിച്ചുവയ്ക്കാനും സാധിക്കുന്നു. മുതലകള്‍ പാറക്കല്ലുകള്‍ വിഴുങ്ങാറുണ്ട്. കടുപ്പമുള്ള ഇറച്ചിയും എല്ലുമുള്ള ഇരകളുടെ ശരീരഭാഗങ്ങള്‍ ദഹിപ്പിക്കാനുള്ള എളുപ്പത്തിനുവേണ്ടിയാണിത്. ആമാശയത്തിലെ ചലനങ്ങള്‍ മുഖാന്തരം ഈ കല്ലുകഷണങ്ങള്‍ക്കിടയില്‍പെട്ടു കട്ടിയുള്ള ഭക്ഷണം ചതഞ്ഞരയും. ദഹനം എളുപ്പമാകുകയും ചെയ്യും.