ആര്‍ട്ടിക്പ്രദേശത്തു തണുപ്പില്‍ ജീവിക്കുന്നവയാണു ധ്രുവക്കരടികള്‍. കരടികളില്‍ വലുപ്പത്തില്‍ ഒന്നാംസ്ഥാനക്കാര്‍. ധ്രുവക്കരടിയുടെ കണ്ണും മൂക്കിന്റെ തുമ്പും കറുപ്പാണ്. നേര്‍ത്ത മഞ്ഞകലര്‍ന്ന വെളുമ്പന്മാരായ ഈ സുന്ദരന്മാര്‍ പക്ഷേ, പരാക്രമികളാണ്; ഒന്നാന്തരം വേട്ടക്കാര്‍. താമസം കാട്ടിലല്ലെങ്കിലും കാട്ടുകരടിയെക്കാള്‍ വേട്ടയാടുന്നതില്‍ മിടുമിടുക്കന്മാര്‍. കാട്ടില്‍ മരങ്ങള്‍ക്കിടയിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും ഒളിച്ചിരുന്നാണല്ലോ വേട്ടയാടുക. എന്നാല്‍, മഞ്ഞു മൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില്‍ ഇത്തരം വിദ്യകള്‍ നടക്കില്ല. അവിടെ ഇരപിടിത്തം വേറെ സ്റ്റൈലിലാണ്.
ഇവ ഏതാണ്ട് എട്ടടിയോളം നീളം വയ്ക്കും. 600 കിലോയിലധികം ഭാരവും. പെണ്‍കരടികള്‍ക്ക് നീളവും ഭാരവും കുറഞ്ഞിരിക്കും. കടുത്ത തണുപ്പില്‍നിന്നു സംരക്ഷിക്കുന്നത് ഇവയുടെ ശരീരത്തിലെ കൊഴുപ്പാണ്. ഇവര്‍ മികച്ച നീന്തല്‍ക്കാര്‍കൂടിയാണ്. ഇവയുടെ രോമത്തില്‍ എണ്ണമയമുള്ളതിനാല്‍ വെള്ളം തങ്ങിനില്‍ക്കുകയേയില്ല. തുഴകള്‍പോലുള്ള കാലുകള്‍ നീന്താന്‍ സഹായിക്കുന്നു. നീന്തുമ്പോള്‍ തല ഉയര്‍ത്തിപ്പിടിക്കും. കരയിലെ മഞ്ഞിലൂടെ വേഗം ഓടാനും സമര്‍ഥര്‍.
മാംസമാണ് ഇവയുടെ മുഖ്യാഹാരം. മത്സ്യങ്ങളെയും മൃഗങ്ങളെയും പക്ഷികളെയുമെല്ലാം യഥേഷ്ടം ശാപ്പിടുന്നു. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കുന്ന ശീലവുമുണ്ട്. മഞ്ഞുകൂനകളിലും മഞ്ഞുപാളികളുടെ വലിയ വിള്ളലുകളിലും പതിയിരുന്ന് ഇവ ഇരകളെ വേട്ടയാടുന്നു. മഞ്ഞിന്റെ നിറവും ധ്രുവക്കരടിയുടെ നിറവും ഏതാണ്ട് ഒരുപോലെയായതിനാല്‍ ഇരകള്‍ക്ക് വേട്ടക്കാരനെ പെട്ടെന്നു മനസ്സിലാവില്ല. ഇരയെ കണ്ടുകഴിഞ്ഞാല്‍പ്പിന്നെ ഹിമക്കരടി സാവധാനം മഞ്ഞിലൂടെ അതിനെ പിന്തുടരുന്നു.