ജലജീവികളില്‍ വനവുമായി ബന്ധമുള്ള ജീവിയാണു നീര്‍നായ. വ്യത്യസ്തരൂപഭാവങ്ങളുള്ള ഈ ജലജീവി സസ്തനിയാണ്. ധാരാളം വെള്ളമുള്ളിടത്താണു വാസം. സാധാരണമായി രണ്ടുതരത്തിലുള്ള നീര്‍നായകളെ കണ്ടുവരുന്നു. ശുദ്ധജലത്തില്‍ കഴിയുന്നവയും കടലില്‍ കഴിയുന്നവയും. നമ്മുടെ കായലുകളിലും ചില നദികളിലുമൊക്കെ ഇവയെ കാണാം. വെള്ളത്തിലാണു താമസമെങ്കിലും കരയിലും ഇവ സഞ്ചരിക്കും. വിശ്രമം മിക്കവാറും കരയിലാണ്.
ഒറ്റയ്ക്കു സഞ്ചരിക്കാനാണ് നീര്‍നായയ്ക്കിഷ്ടം. ശരീരം രോമാവൃതമാണ്. എന്നാല്‍, വെള്ളം അതില്‍ തങ്ങിനില്‍ക്കില്ല. നീര്‍നായയുടെ ശരീരത്തിനു ചാരനിറമാണ്. ഇതിന്റെ നീണ്ടുകൂര്‍ത്ത വാല്‍ വെള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ ദിശ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കുറുകിയ കാലുകള്‍ക്ക് അസാധാരണമായ ബലമാണുള്ളത്. വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്കിന്റെ ദ്വാരങ്ങളും ചെവികളും അടയാറുണ്ട്. അതിനാല്‍ത്തന്നെ വെള്ളം കയറില്ല. അതിവേഗം നീന്താനും മുങ്ങാനും ഇവയ്ക്കു നിഷ്പ്രയാസം സാധിക്കുന്നു.
മീനുകള്‍, തവളകള്‍, ഒച്ച്, കക്ക, നീര്‍പ്പക്ഷികള്‍ തുടങ്ങിയവയെയാണ് ഇവ ആഹാരമാക്കുക. ഇരയുടെ പിന്നാലെ വെടിച്ചില്ലുപോലെ പാഞ്ഞുചെന്ന് ആക്രമിക്കുകയാണു പതിവ്. ഇരയെ തന്ത്രപൂര്‍വം പിന്തുടര്‍ന്നു പിടികൂടുന്നതിലും വിരുതന്മാരാണിവര്‍. വലിയ ഇരകളിലാണ് ഇവയുടെ നോട്ടം. കരയിലെത്തിയാല്‍ ഞണ്ടിനെയും മറ്റും പിടികൂടാറുണ്ട്. കല്ലുപയോഗിച്ചു കക്ക പൊട്ടിച്ച് ഇറച്ചി തിന്നുന്ന വിദ്യയും ഇവയ്ക്കറിയാം. നീര്‍നായയെ കഴുന്നായ് എന്നും വിളിക്കുന്നു.