കാട്ടിലും നാട്ടിന്‍പുറങ്ങളിലുമൊക്കെ മരപ്പട്ടിയെ കാണാം. വനത്തില്‍ പാറക്കൂട്ടത്തിലോ കുറ്റിക്കാട്ടിലോ വള്ളിക്കുടിലിലോ ആണ് അവയുടെ താമസം. നാട്ടിന്‍പുറങ്ങളില്‍ ആളൊഴിഞ്ഞ വീടുകളിലെ തട്ടിന്‍പുറങ്ങളിലോ മേലാപ്പുകളിലോ ആവും ഇതിന്റെ പ്രധാന താവളം. ''പനവെരുക്'' എന്നും ഇവയ്ക്കു വിളിപ്പേരുണ്ട്.
മരപ്പട്ടിക്കു വാലുള്‍പ്പെടെ മൂന്നടിയോളം നീളം കാണും. ഭാരം ഏതാണ്ട് അഞ്ചുമുതല്‍ എട്ടു കിലോഗ്രാം വരെ വരാം. കറുപ്പുകലര്‍ന്ന ചാരനിറമാണ്. ശരീരത്തില്‍ ചെറുവരയും കുറികളും ഉണ്ടാവും. ശരീരമാകെ രോമമാണ്. പ്രത്യേകിച്ച് വാലില്‍ നിറയേ രോമം കാണാം. വിരലുകളിലെ നഖമുപയോഗിച്ചു മരത്തിലും പാറയിലും മറ്റും കയറാന്‍ സാധിക്കുന്നു. ഒരു മരത്തില്‍നിന്നു മറ്റൊരു മരത്തിലേക്ക് അത്യാവശ്യം ചാടാനും മരപ്പട്ടികള്‍ക്കു സാധിക്കാറുണ്ട്. പൂച്ചകളെപ്പോലെ ശബ്ദമുണ്ടാക്കാതെ നടക്കാന്‍ കഴിയുന്ന കാല്‍പ്പാദങ്ങളാണ് ഇവയുടേത്. പട്ടികളുടെ മുഖച്ഛായയും മരത്തിലുള്ള താമസവുമാകാം ഇവയ്ക്കു മരപ്പട്ടി എന്ന പേരു നേടിക്കൊടുത്തത്. രാത്രിയായാലും ഇതിന്റെ സഞ്ചാരം ഒട്ടും ശബ്ദമില്ലാതെയാണ്. ഒറ്റയ്ക്കു സഞ്ചരിക്കാനാണിഷ്ടം. പഴങ്ങളാണ് ഇഷ്ടമെങ്കിലും ചെറുജീവികളെയും ഇവ തിന്നും. തന്നോളം വലുപ്പമാര്‍ന്ന കാട്ടുപൂച്ചയെപ്പോലും വേണ്ടിവന്നാല്‍ ഇവ ആക്രമിക്കും.
ആക്രമിക്കുമ്പോഴോ അപകടംപറ്റിയാലോ മരപ്പട്ടികള്‍ കഴിവതും ശബ്ദിച്ചു കാണുന്നില്ല. സാവധാനം ഇരയുടെ പിന്നാലെപോയി ആക്രമിക്കുകയാണു പതിവ്. കഴിവതും ചെറുജന്തുക്കളെയാണ് മരപ്പട്ടികള്‍ ഇരയാക്കുക. വേട്ടയാടിപ്പിടിച്ച ഇരയെ അവിടെവച്ചുതന്നെ ഭക്ഷിക്കുകയാണ് ഇവയുടെ പതിവ്. ബാക്കിവരുന്ന ഭക്ഷണം ഉപേക്ഷിച്ചുകളയുന്നു. മുറിവു പറ്റിയാലും ഇവ ശബ്ദിക്കാറില്ലെന്നതാണു വിചിത്രമായ കാര്യം.