നമ്മുടെ വനങ്ങളില്‍ കണ്ടുവരുന്ന ഒരു ജീവിയാണ് വെരുക്. മാംസാഹാരം മാത്രം കഴിക്കുന്ന ഈ ജീവി രാത്രിയില്‍ മാത്രമേ ഇര പിടിക്കാന്‍ ഇറങ്ങുകയുള്ളൂ. ഇതിനു നീളം കൂടുതലും ഉയരം കുറവുമാണ്. വലുപ്പം കുറവാണെങ്കിലും വെരുകിന് ആയുസ്സ് കൂടുതലാണ്. ശരാശരി 20 വര്‍ഷം വെരുകു ജീവിക്കും.
വംശനാശഭീഷണി നേരിടുന്ന ഒരിനം വെരുകാണ് നമ്മുടെ വനപ്രദേശങ്ങളില്‍ കണ്ടുവരുന്ന മലബാര്‍ വെരുക്. ചാരനിറമാണ്. ശരീരത്തില്‍ വെളുത്ത കുത്തുകളും മുതുകില്‍ നെടുകെയുള്ള വരയും നീണ്ടു കൂര്‍ത്ത മുഖവുംകൊണ്ട് വളരെ വേഗം ഇതിനെ തിരിച്ചറിയാം. കൂര്‍ത്തതുപോലുള്ള വാലില്‍ കറുപ്പുനിറം വളയങ്ങള്‍പോലെയും കാണാം. പല്ലുകളും വിരലുകളിലെ നഖവും വെരുകിനെ ഇരപിടിയനാക്കാന്‍ സഹായിക്കുന്നു. പൂച്ചയെപ്പോലെ പതുങ്ങി നിശ്ശബ്ദമായി സഞ്ചരിക്കാന്‍ ഇതിനു സാധിക്കും. ഇരയെ കണ്ടാല്‍ അതീവശ്രദ്ധയോടെയാകും ആക്രമണം. വെരുകിന് ഒരു മീറ്ററോളം നീളവും ശരാശരി ആറു കിലോഗ്രാം ഭാരവും വരും. പാറക്കൂട്ടത്തിലോ ഇടതൂര്‍ന്ന മരക്കൂട്ടത്തിലോ ആണ് താമസം. വെരുക് ഒറ്റയ്ക്കാണു സഞ്ചാരം. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ചുമതല അമ്മയ്ക്കുമാത്രമാണ്. ഒളിയിടങ്ങളിലാവും കുഞ്ഞുങ്ങളെ സൂക്ഷിക്കുക.
ചെറിയ പക്ഷികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍, ചെറിയ സസ്തനികള്‍ തുടങ്ങിയവയൊക്കെ വെരുക് പിടികൂടി ഭക്ഷിക്കുന്നു. ഇരയെ ഇത് ഓടിച്ചിട്ടു പിടിക്കാറുണ്ട്. പക്ഷേ, പൂച്ചയെപ്പോലെ ഇരയെ സാവധാനമല്ല കൊല്ലുന്നത്. കൊന്നുകഴിഞ്ഞാല്‍ ഉടനെ സുരക്ഷിതമായൊരു സ്ഥലത്തേക്കു വെരുക് ഇരയെ കൊണ്ടുപോകുകയും ചെയ്യും. പകല്‍ ഒളിച്ചിരിക്കുകയും രാത്രികാലങ്ങളില്‍ വേട്ടയ്ക്കിറങ്ങുകയും ചെയ്യുന്ന വെരുകിനെ സാധാരണഗതിയില്‍ കാണാന്‍ കിട്ടുക ദുഷ്‌കരം.