കടുവകാട്ടിലെ ഏറ്റവും കരുത്തനായ ജീവിയാണു കടുവ. സിംഹത്തെപ്പോലെ കൂട്ടമായിട്ടല്ല ഇവ വേട്ടയ്ക്കിറങ്ങുക. ഇന്ത്യയിലെ മിക്ക കാടുകളിലും കടുവകളുണ്ട്. 1972 ലാണ് കടുവയെ ഇന്ത്യയുടെ ദേശീയമൃഗമായി അംഗീകരിച്ചത്. അതിനുമുമ്പ് സിംഹമായിരുന്നു നമ്മുടെ ദേശീയമൃഗം. കടുവകള്‍ ഇന്ത്യയില്‍ സംരക്ഷിതമൃഗമാണ്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കടുവാസംരക്ഷണകേന്ദ്രങ്ങളുണ്ട്. കേരളത്തിലാകട്ടെ രണ്ടു കടുവാസംരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നു; പെരിയാര്‍ ടൈഗര്‍ റിസര്‍വും പറമ്പിക്കുളവും.
ഓറഞ്ചുനിറത്തില്‍ വീതി കൂടിയ കറുത്ത വരകളും വെളുത്ത വരകളും കടുവയുടെ ശരീരത്തില്‍ കാണാം. ശരീരത്തിന്റെ താഴെ ഭാഗത്തും കാലുകളിലും മുഖത്തും വെളുപ്പുനിറം കൂടുതലായി കാണപ്പെടുന്നു.
ഓടാനും ചാടാനും മരത്തില്‍ കേറാനും വെള്ളത്തില്‍ നീന്താനുമെല്ലാം കടുവ മിടുമിടുക്കന്‍തന്നെ. കാട്ടിലെ കരിയിലകളിലൂടെപോലും കാലൊച്ച കേള്‍പ്പിക്കാതെ നടക്കാന്‍ കടുവയ്ക്കു കഴിയും. കടുവകള്‍ക്കു കാഴ്ചശക്തിയെക്കാള്‍ മണംപിടിക്കാനുള്ള കഴിവും കേള്‍വിശക്തിയുമാണു കൂടുതല്‍. മാന്‍, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയാണ് കടുവകള്‍ സാധാരണയായി വേട്ടയാടുന്നത്. പതുങ്ങിയിരുന്ന് ഇരയെ കണ്ടെത്തും. പിന്നെ അതിനെ സൂത്രത്തില്‍ പിന്തുടരുകയും ചെയ്യും.
കാട്ടിലെ അരുവികള്‍, കുളങ്ങള്‍ തുടങ്ങി ജലം ലഭ്യമായ ഇടങ്ങളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് കടുവകള്‍ കൂടുതലായി കണ്ടുവരുന്നത്. കാട്ടുമൃഗങ്ങള്‍ അവിടെ വെള്ളംകുടിക്കാന്‍ വരുമല്ലോ. കഴിച്ചതിന്റെ ബാക്കി സൂക്ഷിച്ചുവയ്ക്കാറുണ്ട്. 20 കിലോ മുതല്‍ 40 കിലോ വരെ ഇറച്ചി ഒറ്റത്തവണ ശാപ്പിടും. ഇരയെ കിട്ടിക്കഴിഞ്ഞാല്‍ ഉടനെ തിന്നുതുടങ്ങില്ല. സുരക്ഷിതമായ സ്ഥലത്ത് ഇരയെ കൊണ്ടുപോയി വയ്ക്കുന്നു. എത്ര ഭാരമുണ്ടെങ്കിലും ഇരയെ കടിച്ചുവലിച്ചുകൊണ്ടുപോകും.
കടുവാക്കുട്ടികള്‍ ഒന്നര-രണ്ടു മാസം പ്രായമാകുമ്പോള്‍മുതല്‍ ഇറച്ചി തിന്നാന്‍ തുടങ്ങും. അമ്മക്കടുവയും കുട്ടിക്കടുവയും ചേര്‍ന്നുള്ള ഇരപിടുത്തം ഏകദേശം രണ്ടുവര്‍ഷത്തോളം തുടരും. രണ്ടു വയസ്സായാല്‍ കടുവക്കുട്ടികള്‍ തനിയെ ഇര പിടിക്കാനും ശത്രുക്കളെ നേരിടാനും പ്രാപ്തരാകുന്നു. പതിനൊന്നു വര്‍ഷമാണ് കടുവയുടെ ശരാശരി ആയുസ്സ്.
പൂച്ചകള്‍ ഉള്‍പ്പെടുന്ന ഫെലിഡെ കുലത്തിലെ ഏറ്റവും വലിപ്പമേറിയ ജന്തുവാണ് കടുവ. ശാസ്ത്രനാമം പാന്തെറാ ടൈഗ്രിസ്. ഈ സ്പീഷിസില്‍ത്തന്നെ എട്ടു വര്‍ഗത്തില്‍പ്പെട്ട കടുവകളുണ്ട്. സൈബീരിയായാണ് ജന്മദേശമെന്നു കരുതപ്പെടുന്നു. ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തിയായ ഒരു കടുവയ്ക്കു ശരാശരി വാല്‍ ഉള്‍പ്പെടെ മൂന്നു മീറ്റര്‍ നീളം വരും. തോള്‍ഭാഗത്തെ ഉയരം ഒരു മീറ്ററും. ഭാരം ഇരുന്നൂറിലധികം കിലോഗ്രാം. ഒരു സംഘത്തില്‍ ആണ്‍കടുവയും പെണ്‍കടുവയും കുഞ്ഞുങ്ങളും മാത്രമേ കാണൂ. ഒരു പ്രസവത്തില്‍ മൂന്നോ നാലോ കുട്ടികളുണ്ടാവും. കുഞ്ഞുങ്ങളുടെ മരണനിരക്കു കൂടുതലാണ്. ജനിച്ചു രണ്ടാഴ്ചകള്‍ക്കുശേഷമേ കുഞ്ഞ് കണ്ണു തുറക്കൂ. ആദ്യത്തെ ആറാഴ്ച മുലപ്പാല്‍മാത്രം കുടിച്ചു വളരുന്നു. ആകാരഭംഗിയിലും ശൗര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന വന്യമൃഗമാണ് കടുവ.