•  4 Jul 2024
  •  ദീപം 57
  •  നാളം 17
വേട്ടക്കാരായ വന്യജന്തുക്കള്‍

കരടി

കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗങ്ങളിലൊന്നാണ് കരടി.  വിവിധതരം കരടികളുണ്ട്. ഇവ മാംസാഹാരവും സസ്യാഹാരവും കഴിക്കും. തേന്‍, ഇല, കിഴങ്ങുകള്‍, പഴം തുടങ്ങിയവയും മീനുള്‍പ്പെടെയുള്ള മാംസാഹാരവും ഇഷ്ടമാണ്. ചെറുമൃഗങ്ങളെയാണ് കരടി മിക്കവാറും വേട്ടയാടുക. നിലം കുഴിക്കാനും മരം കയറാനും തേന്‍കൂടു പൊളിക്കാനുമൊക്കെ ഇവയുടെ നഖങ്ങള്‍  ഉപകരിക്കുന്നു. മറ്റുജീവികളില്‍നിന്നു തികച്ചും വ്യത്യസ്തമാണ് കരടിയുടെ നടത്തം. പാദം മുഴുവന്‍ നിലത്തൂന്നി ആടിയാടി സാവകാശമാണു നടക്കുക. പിന്‍കാലുകളില്‍ എഴുന്നേറ്റു നില്‍ക്കാനും പരിസരം നിരീക്ഷിക്കാനും സാധിക്കും.
താമസിക്കാനും ഇരതേടാനും ഇവയ്ക്കു പ്രത്യേക പ്രദേശങ്ങളുണ്ട്. കാട്ടരുവികളും മറ്റുമുള്ള പ്രദേശങ്ങളും പര്‍വതനിരയിലെ കാടുകളും പുല്‍മേടുകളും കരടികള്‍ക്കു പ്രിയം. ശക്തമായ ഒഴുക്കുള്ള വെള്ളത്തിലിറങ്ങിനിന്നു മീന്‍പിടിച്ചു തിന്നുന്നത് ഇവയ്ക്ക് ഇഷ്ടമാണ്. മരംകയറാനുള്ള അസാമാന്യകഴിവുപോലെതന്നെ ഇവയ്ക്കു നീന്താനും നല്ല വശമാണ്. കാലുകളില്‍ നീണ്ടുകൂര്‍ത്ത അഞ്ചു നഖങ്ങള്‍ കാണാം. വായില്‍ 42 പല്ലുകള്‍. ഇതില്‍ പതിന്നാല് ഉളിപ്പല്ലുകളും നാലു കോമ്പല്ലുകളുമുള്‍പ്പെടുന്നു.
മണം പിടിക്കാന്‍ വിരുതന്മാരാണ് കരടികള്‍. എന്നാല്‍, കാഴ്ചശക്തി കുറവാണെന്നു പറയണം. സാധാരണഗതിയില്‍ ഇവയ്ക്ക് 30 അടി ദൂരെവരെമാത്രമേ സുഗമമായി കാണാനാവൂ. കരടികള്‍ ഇരയെ കണ്ടെത്തുന്നതും ശത്രുക്കള്‍ അടുത്തുണ്ടെന്നു തിരിച്ചറിയുന്നതുമൊക്കെ മണംപിടിച്ചാണ്. കരടികളുടെ കുടുംബത്തിലെ ഏറ്റവും വലുപ്പമുള്ളവര്‍ മഞ്ഞുപ്രദേശത്തെ ഹിമക്കരടികളാണ്. തവിടന്‍കരടികളുടെ ഉപവിഭാഗമായ കോടിയാക് കരടികള്‍ക്കാണു തൊട്ടടുത്ത സ്ഥാനം.
അഴ്‌സിഡെ കുലത്തില്‍പ്പെടുന്ന സസ്തനികളാണിവ. ആഫ്രിക്കയിലും ഓസ്‌ട്രേലിയായിലും ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കരടിയെ കാണാനാവും. ഹിമാലയന്‍ കരടി രണ്ടു സ്പീഷിസുണ്ട്; തവിട്ടുനിറമുള്ളതും കറുപ്പുനിറമുള്ളതും. അഴ്‌സസ് അര്‍ക്‌റ്റോസ് ((Ursus arctos) സെലനാര്‍ക്‌റ്റോസ് ടിബറ്റാനസ് എന്നിങ്ങനെ യഥാക്രമം ശാസ്ത്രനാമങ്ങള്‍.

 

Login log record inserted successfully!