കാട്ടിലും കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലുമൊക്കെ കുറുക്കന്മാരെ കണ്ടുവരുന്നു. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ കുറുക്കന്മാര്‍ കടന്നുവരാറുണ്ടെങ്കിലും മനുഷ്യരുമായി ഇവ ഒരിക്കലും ഇണങ്ങില്ല. മനുഷ്യന്‍ വളര്‍ത്തുന്ന കോഴി, താറാവ് തുടങ്ങിയ പക്ഷികളെയും ആട് മുതലായ ജീവികളെയും പിടികൂടി ശാപ്പിടാനാണ് കുറുക്കന്മാര്‍ മിക്കപ്പോഴും നാട്ടിലിറങ്ങുക.
സൂത്രശാലികളായ വേട്ടക്കാരാണ് കുറുക്കന്മാര്‍. മണം പിടിക്കാനുള്ള അസാമാന്യകഴിവും ഇരയെ പതിയിരുന്ന് ആക്രമിക്കാനുള്ള വിരുതും കുറുക്കനുണ്ട്. കുറുക്കന്റെ കൂര്‍ത്ത മുന്‍പല്ലുകള്‍ ഇരയെ കടിച്ചുകീറാന്‍ പരുവത്തിലുള്ളതാണ്. ഏതാണ്ട് 42 പല്ലുകള്‍ കുറുക്കനുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷികളെയും ചെറുസസ്തനികളെയും മീനുമൊക്കെ ഇവ തിന്നുന്നു. പക്ഷികളെ പിടിക്കാനാണ് ഇവ ഏറെ സൂത്രം പ്രയോഗിക്കുക. ശ്വാസം വിടുന്ന ശബ്ദംപോലും കേള്‍പ്പിക്കാതെ പതുങ്ങിയിരിക്കാന്‍ അസാധാരണമായ കഴിവ് കുറുക്കന്മാര്‍ക്കുണ്ട്.
തവിട്ടുനിറക്കാരായ കുറുക്കന്മാരുടെ വാലിന്റെ അറ്റത്തു കറുപ്പുനിറം കാണാറുണ്ട്. കേരളത്തിലെ കാടുകളില്‍ കണ്ടുവരുന്ന കുറുക്കന്മാര്‍ക്ക് ഏതാണ്ട് മൂന്നടിയോളം നീളം കാണും. പത്തു കിലോഗ്രാം വരെ ഭാരം വരും. കുറുക്കന്മാര്‍ അഴുകിയ ഭക്ഷണവും തിന്നുക പതിവാണ്. നല്ല വേട്ടക്കാരനാണെങ്കിലും ഇറച്ചിമാത്രമേ ഇവ കഴിക്കൂ എന്നു ധരിക്കരുത്. കരിമ്പ്, മുന്തിരിങ്ങ തുടങ്ങിയവയും ഇവ ഭുജിക്കുന്നു.
പൊന്തകളിലും പാറകള്‍ക്കിടയിലും മാളങ്ങളിലുമാണ് കുറുക്കന്മാരുടെ താമസം. ഒറ്റയ്ക്കു നടക്കാനാണ് ഇവയ്ക്കു കൂടുതലിഷ്ടം. പകലും രാത്രിയും ഇവ ഇരതേടാനും മറ്റുമായി ഇറങ്ങും. എന്നാല്‍, രാത്രിയില്‍ ചുറ്റിക്കറങ്ങാനാണ് പലപ്പോഴും താത്പര്യം കാണിക്കുക.
ശ്വാനവര്‍ഗത്തില്‍പ്പെട്ട സസ്തനിയായ ഈ വന്യജീവിക്ക് രണ്ടു ജീനസുണ്ട്. ഇംഗ്ലീഷില്‍ ജക്കാള്‍ എന്നു വിളിക്കുന്ന കുറുക്കന്‍ കാനിസ് ജീനസില്‍പ്പെട്ടതാണ്. ഫോക്‌സ് എന്നു വിളിക്കുന്നത് വള്‍പസ് ജീനസില്‍പ്പെട്ടതും. കുറുക്കന്റെ ശാസ്ത്രനാമം: കാനിസ് ഓറിയസ്. ഇവയെല്ലാം കാനിഡെ കുലത്തില്‍പ്പെടുന്നു. മലമ്പ്രദേശങ്ങളില്‍ എലി, പെരുച്ചാഴി എന്നിവയെ പിടിച്ചുതിന്നുന്നതുകൊണ്ട് കര്‍ഷകന്റെ സഹായികൂടിയത്രേ കുറുക്കന്‍.