•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

ഫോണ്‍

ഫോണിനെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. വായുവും വെള്ളവുംപോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്ന ഫോണ്‍ വിപ്ലവകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു മൊബൈല്‍ഫോണെങ്കിലുമില്ലാത്ത കുടുംബങ്ങള്‍ വിരളമാണ്. മനുഷ്യന്‍ ഒരു ഫോണ്‍തീനിയായി മാറിക്കഴിഞ്ഞു. അപ്പനമ്മമാര്‍  അടുത്തില്ലെങ്കിലും കുട്ടികള്‍ക്കു ഫോണൊരെണ്ണം ഒപ്പമുണ്ടാകണം. മുറ്റത്ത് കൂട്ടുകാരുമൊത്ത് ഓടിക്കളിക്കേണ്ടവര്‍ ഇന്ന് ഒറ്റയ്ക്കിരുന്നുള്ള കളികളുമായി അടച്ചിട്ട മുറികള്‍ക്കുള്ളിലായി. ക്ലാസിലും ദൈവാലയത്തിലും ഓഫീസിലുമൊക്കെ ഈ ഫോണ്‍ സത്വത്തിന്റെ വായില്‍ക്കുടുങ്ങിക്കഴിയുകയാണ് പലരും. നൈറ്റില്‍ സുഖമായി ഉറങ്ങിയിരുന്നവര്‍ക്ക് ഇന്ന് നെറ്റില്‍ ഉറക്കമില്ലാതായി. ഉണ്ണാനുമുടുക്കാനും ഒന്നുമില്ലെങ്കിലും ഫോണില്‍ ബാലന്‍സുണ്ടാകണമെന്നത് നിര്‍ബന്ധമാണ്. ഇരയ്ക്കുവേണ്ടി വലകെട്ടി കാത്തിരിക്കുന്ന ചിലന്തിയെപ്പോലെയാണ് കൈയിലെ ചെറിയ ഫോണ്‍. വിവേകപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് അതൊരെണ്ണം ധാരാളം മതി. അതുകൊണ്ട് ഫോണിന്റെ ഉപയോഗത്തില്‍ പരസ്പരമുള്ള ശ്രദ്ധ കുടുംബങ്ങളില്‍ ഉണ്ടാകണം. എന്തിനും ഏതിനും ചില നിയന്ത്രണങ്ങള്‍ അനിവാര്യംതന്നെ. 
മനുഷ്യനാണ് ഏതിനെയും നല്ലതും ചീത്തയുമാക്കുന്നത്. നാം നിയന്ത്രിക്കേണ്ട വസ്തുക്കള്‍ നമ്മെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍ ജീവിതത്തില്‍ വളരാനല്ല, വളയാനേ അവ കാരണങ്ങളാകൂ. ഫോണ്‍ അത്യാവശ്യംമാത്രമായിരിക്കണം. അനാവശ്യവും ആര്‍ഭാടവുമാകരുത്. ഉത്തരവാദിത്വത്തോടെ അതിനെ ഉപയോഗിക്കണം. മിതത്വം പാലിക്കുന്നതു നന്ന്. ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ മാതൃകയാകണം. പത്താം ക്ലാസ് ജയിക്കുന്നതുവരെ കുട്ടികള്‍ക്കു സ്വന്തമായി ഫോണ്‍ കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ഒരേ വീട്ടിലുള്ളവര്‍ ഫോണിലൂടെയല്ല പരസ്പരം കാണേണ്ടതും മിണ്ടേണ്ടതും. ഫോണ്‍സന്ദേശങ്ങളല്ല, മുഖമുഖമുള്ള സംസാരങ്ങളാണ് കുടുംബങ്ങളില്‍ വേണ്ടത്. രാപകല്‍ ഭേദമില്ലാതെ ഫോണില്‍ പാഴാക്കുന്ന സമയത്തിന് ഒരിക്കല്‍ നാം പിഴ ചൊല്ലേണ്ടതായിവരും. നന്മകളൊന്നും ഇന്റര്‍നെറ്റിനും ഫോണിനും ഇല്ല എന്നല്ല സമര്‍ഥിക്കുന്നത്. അറിവിനും, അടുപ്പത്തിനുമൊക്കെ ഉപകരിക്കുന്ന ഒത്തിരി കാര്യങ്ങള്‍ അവയിലെല്ലാമുണ്ട്. പക്ഷേ, ആ നന്മകളെ തിന്മകള്‍ തിന്നുകളയാന്‍ നാം അനുവദിക്കരുത്. എന്തെങ്കിലുമല്ല, ചന്തമുള്ള എന്തെങ്കിലും എഴുതാനുള്ളതാണ് ഫേസ്ബുക്ക്/ വാട്ട്‌സാപ്പ് താളുകള്‍.  വേണ്ടെന്നു വയ്ക്കുകയല്ല, വേണ്ടവിധം ഉപയോഗിക്കുകയാണു വേണ്ടത്. ഫോണ്‍ കുടുംബത്തിനുപദ്രവകാരിയല്ല, ഉപകാരിയായിരിക്കട്ടെ. ഓര്‍ക്കണം, കൈയിലിരിക്കുന്ന ഫോണല്ല, കൈയിലിരിപ്പാണ് സ്മാര്‍ട്ടാക്കേണ്ടത്. 
 

 

Login log record inserted successfully!