ലോകപ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറുമായിരുന്ന ആര്‍നോള്‍ഡ് ടോയിന്‍ബി Arnold J. Toynbe 1889 -- 1975) ''ചരിത്രത്തിന്റെ ഒരു പഠനം'' എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ 19 നാഗരികതകളെ അപഗ്രഥനം ചെയ്തിട്ടുണ്ട്. മാനവസംസ്‌കാരത്തിന്റെ വളര്‍ച്ച ഈജിപ്റ്റ് മുതലാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ പിന്നാലെ മായനും സുമേറിയനും ബാബിലോണിയനും ഗ്രീസും റോമും സിന്ധുനദീതടസംസ്‌കാരവും മെക്‌സിക്കനും അക്കൂട്ടത്തില്‍ വരുന്നുണ്ട്.
എല്ലാ സംസ്‌കാരങ്ങളും അവയുടെ ഉദ്ഭവം, വളര്‍ച്ച, പ്രശ്‌നാധിഷ്ഠിതകാലം, വളര്‍ച്ചയുടെ പരമകാഷ്ഠ, ആത്യന്തികവും അനിവാര്യവുമായ പതനം എന്നീ ഘട്ടങ്ങളില്‍ക്കൂടി കടന്നുപോകുന്നു. ആത്യന്തികമായ തകര്‍ച്ച അതിലെ പ്രവര്‍ത്തനോന്മുഖരായ ന്യൂനപക്ഷം ഉള്ളില്‍നിന്നുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാതെ വരുമ്പോഴാണ്. അതാണ് '‘Challenge and Response'' എന്ന അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ പ്രയോഗം. എല്ലാ സംസ്‌കാരങ്ങളും ഇങ്ങനെ വളര്‍ച്ചയുടെ ഉന്നതപീഠത്തില്‍ എത്തിയിട്ടു തകര്‍ന്നുപോകുന്നതായി കാണുന്നു.
ഈജിപ്റ്റ് ലോകസംസ്‌കാരങ്ങളുടെ പതാകവാഹകരായിരുന്നു. ഗ്രീസും റോമും പലപ്പോഴും മാതൃകകള്‍ക്കുവേണ്ടി ഈജിപ്റ്റിലേക്കു തിരിഞ്ഞുനോക്കിയിരുന്നു. കലയിലും സാഹിത്യത്തിലും ശില്പവിദ്യയിലും ഭരണക്രമത്തിലും അവര്‍ തുറന്ന പാതയ്ക്കു കടപ്പെട്ടിരിക്കുന്നത് ഈജിപ്റ്റിനോടാണ്. യൂറോപ്പിലും അമേരിക്കയിലും ഈജിപ്‌റ്റോളജി കോഴ്‌സിനോടുള്ള അഭിനിവേശവും അവിടങ്ങളിലെ മ്യൂസിയങ്ങളിലുള്ള പുരാതന ഈജിപ്റ്റില്‍നിന്നുള്ള വിലയേറിയ വസ്തുക്കളുടെ ശേഖരവും ഇതിനു തെളിവാണ്. അമേരിക്കയിലെ ലാസ്‌വെഗാസിലുള്ള ലക്‌സര്‍ കാസിനോ ഇതിനുള്ള മറ്റൊരു പ്രൗഢഗംഭീരമായ ഉദാഹരണമാണ്.
ഫറവോമാരുടെ ഈജിപ്റ്റ്
ഫറവോ എന്ന വാക്കിന് മഹത്തായ ഗൃഹം എന്നാണര്‍ത്ഥം. 18 രാജവംശം മുതലാണ് ഈജിപ്ഷ്യന്‍ ഭരണാധികാരികളെ ഫറവോമാര്‍ എന്നു വിളിച്ചുതുടങ്ങിയത്. ആദ്യത്തെ ഫറവോയായിരുന്ന നാര്‍മര്‍ മുതല്‍ ക്ലിയോപാട്ര വരെയുള്ളവര്‍ ആ പേരില്‍ അറിയപ്പെട്ടിരുന്നു.
ഈജിപ്റ്റുകാര്‍ ആദ്യകാലംമുതല്‍ അവരുടെ ഭരണകര്‍ത്താക്കളായ ഫറവോമാരുടെ ലിസ്റ്റു സൂക്ഷിച്ചിരുന്നു. അത് കല്ലിലും പാപ്പിറസ് എന്ന കടലാസിനുപകരമുള്ള ഷീറ്റുകളിലും ചിലയിടത്തു കുപ്പികളുടെ സീലിലും കാണപ്പെട്ടു. ബി.സി. 300 ല്‍ ഒരു പുരോഹിതനായ മാനെതോ ''ഹിസ്റ്ററി ഓഫ് ഈജിപ്ത്'' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫറവോമാരുടെ ലിസ്റ്റാണ് ഇന്നു സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്നത്. ആ ലിസ്റ്റനുസരിച്ച് 30 രാജവംശങ്ങളില്‍പ്പെട്ടവരായി ഫറവോമാരെ തിരിച്ചിരിക്കുന്നു. (ഈ ലിസ്റ്റുപോലും വളരെയേറെ നാശം വന്നിട്ടുള്ളതായിരുന്നു) 3100 ബി.സി.ക്കും 340 ബി.സി. ക്കും ഇടയ്ക്കുള്ള ഒരു കാലഘട്ടത്തില്‍പ്പെട്ടതാണ് ഫറവോമാര്‍. ഇടയ്ക്കുള്ള ചില അപവാദങ്ങളൊഴിച്ചാല്‍ 2500 വര്‍ഷം നീണ്ടുനിന്ന ഭരണകാലമായിരുന്നു അവരുടേത്. ആദ്യത്തെ ഫറവോ ആയിരുന്ന നാര്‍മര്‍ ആണ് ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന് ആരംഭംകുറിച്ചുകൊണ്ട് മെംഫിസ് തലസ്ഥാനമായി അപ്പര്‍ ഈജിപ്റ്റും ലോവര്‍ ഈജിപ്റ്റും ചേര്‍ന്നുള്ള ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന് ആദ്യമായി നേതൃത്വം കൊടുത്തത്. അതു ചരിത്രത്തിലെ ഏറ്റവും ശക്തിയും സ്വാധീനവുമുണ്ടായിരുന്ന ക്ലിയോപാട്രയുടെ കാലംവരെ തുടര്‍ന്നു.
രാജ്യത്തെ ഏറ്റവും ശക്തനും ഭരണാധികാരിയും ആയിരുന്നു ഫറവോ. അദ്ദേഹം ക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതനും രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനും നിയമനിര്‍മ്മാതാവും മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥനും കരം പിരിക്കാന്‍ അവകാശമുള്ള ആളും രാജ്യത്തെ വൈദേശികാക്രമണങ്ങളില്‍നിന്നു രക്ഷിക്കുന്നയാളുമായിരുന്നു.
ക്ഷേത്രങ്ങളില്‍ സാധാരണ ആളുകള്‍ പ്രവേശിച്ചിരുന്നില്ല. ആളുകള്‍ക്ക് ദൈവത്തോടു നേരിട്ടു പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഫറവോ അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലേക്ക് എത്തിക്കുകയായിരുന്നു. ഫറവോ ദൈവത്തിന്റെ പ്രതിപുരുഷനല്ല; ദൈവമായിട്ടുതന്നെയാണ് ഈജിപ്ഷ്യന്‍ ജനതയ്ക്കനുഭവപ്പെട്ടിരുന്നത്.
ബി.സി. 3100 ല്‍ അപ്പര്‍ ഈജിപ്റ്റും ലോവര്‍ ഈജിപ്റ്റും ചേര്‍ന്ന ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ ആരംഭംകുറിച്ചുവെന്നു പറഞ്ഞുവല്ലോ. പിന്നീടുള്ള ഈജിപ്റ്റിന്റെ ചരിത്രം മൂന്നായിട്ടു തിരിക്കാം. 1. ഓള്‍ഡ് കിംഗ്ഡം (2780-2250 ബി.സി.), 2. മിഡില്‍ കിംഗ്ഡം (2134-1778 ബി.സി.) 3. ന്യൂ കിംഗ്ഡം (1567-1080 ബി.സി.)
ഓള്‍ഡ് കിംഗ്ഡം
എഴുത്ത് വശമുണ്ടായിരുന്ന ഈ കാലഘട്ടത്തെപ്പറ്റിയുള്ള വിവരങ്ങളൊക്കെയും നാര്‍മര്‍ അഥവാ മെനെസ് ഉള്‍പ്പെടെയുള്ള ഭരണാധിപന്‍മാരുടെ (ഫറവോമാര്‍) ശവക്കല്ലറകളില്‍നിന്നു കിട്ടിയിട്ടുള്ളതാണ്. ഈ കാലഘട്ടത്തെ പിരമിഡിന്റെ കാലം എന്നും വിളിക്കാറുണ്ട്. കാരണം, ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സര്‍വ്വകാലവിജയത്തിന്റെ കീര്‍ത്തിമുദ്ര പേറി നില്ക്കുന്ന കെയ്‌റോയ്ക്കടുത്തുള്ള ഗിസായിലെ ഏറ്റവും വലിയ പിരമിഡ് ഉള്‍പ്പെടെയുള്ളവ (പുരാതന ലോകാദ്ഭുതങ്ങളില്‍ ഒന്ന്) നിര്‍മ്മിച്ചത് ആ കാലഘട്ടത്തിലാണ്. സത്യവും നീതിയും നടമാടിയിരുന്ന ഈ കാലത്ത് രാജ്യത്ത് സമാധാനത്തിന്റെയും ശാന്തിയുടെയും പൊന്‍വെളിച്ചം തെളിഞ്ഞുനിന്നിരുന്നതായി പറയപ്പെടുന്നു.
മിഡില്‍ കിംഗ്ഡം
ഈ സമയത്ത് ഈജിപ്റ്റിന്റെ ആസ്ഥാനം തെബിസ് ആയിരുന്നു. സ്വര്‍ണ്ണനിക്ഷേപങ്ങളുടെ നാടായ നബിയാവരെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ എത്തിയിരുന്നു. മെഡിറ്ററേനിയന്‍ ദ്വീപായ ക്രീറ്റുമായി വ്യാപാരബന്ധമുണ്ടായിരുന്നു. കലാപങ്ങളും കലഹങ്ങളും അഴിമതിയും നിറഞ്ഞ ഈ കാലഘട്ടത്തിന്റെ ഹൈക്ക് സോസ് വംശജര്‍ ഈജിപ്റ്റ് കീഴടക്കി നൂറു വര്‍ഷത്തോളം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവര്‍ ഈജിപ്റ്റിന്റെ സംസ്‌കാരത്തെ ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു.
ദി ന്യൂ കിംഗ്ഡം
ഈജിപ്റ്റ് വലിയ ഒരു സാമ്രാജ്യമായി വളര്‍ന്ന ഈ കാലഘട്ടം സാമ്രാജ്യത്തിന്റെ യുഗം എന്നും അറിയപ്പെടുന്നു. പ്രതാപശാലികളായ ഫറവോമാരുടെ കാലഘട്ടത്തില്‍ സാമ്രാജ്യം യൂഫ്രട്ടീസ് നദി വരെയും വളര്‍ന്നിരുന്നു. മധ്യപൂര്‍വ്വദേശങ്ങളുമായി വളരെ അടുത്ത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ ഈജിപ്റ്റിന്റെ സുവര്‍ണ്ണകാലം എന്നും വിളിക്കാറുണ്ട്. പിന്നീടു ഭുവനപ്രശസ്തരായ Hatshepsut(ഫറവോയായ ആദ്യത്തെ സ്ത്രീ), തുത്തന്‍ഖാമുന്‍ (Tutankhmun) റാംസെസ് II (Ramsses-II) മുതലായവര്‍ ജീവിച്ചിരുന്നത് ഈ കാലഘട്ടത്തിലാണ്. ഐശ്വര്യസമൃദ്ധമായ ആ കാലത്ത് രാജ്യത്തിന് വന്‍സ്വര്‍ണ്ണനിക്ഷേപവും എണ്ണിയാലൊടുങ്ങാത്ത അടിമക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ഇസ്രായേലില്‍നിന്നു വന്ന യഹൂദരുടെ കൂട്ടപ്പലായനം ഇക്കാലത്തായിരുന്നു. നിലവിലെ കീഴ്‌വഴക്കങ്ങളനുസരിച്ച് ഒരു സ്ത്രീക്കു ഫറവോ ആകാന്‍ പാടില്ലായിരുന്നു. എന്നാല്‍, Hatshepsut ആറു വര്‍ഷം പ്രായമുള്ള തന്റെ മകന്റെ റീജന്റായി ഭരിക്കുന്നതിനുപകരം, സ്വയം ഫറവോയായി പ്രഖ്യാപിച്ച് 20 വര്‍ഷം ശക്തയായ ഒരു ഭരണാധികാരിയായി രാജ്യത്തെ നയിച്ചു. പുരുഷന്മാരെ അനുകരിച്ച് ഒരു കൃത്രിമത്താടിയും രാജ്ഞി വച്ചിരുന്നു.
(തുടരും)