പ്രസിദ്ധ ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ മോറിസ് വെസ്റ്റിന്റെ അധികമൊന്നും അറിയപ്പെടാത്ത ഒരു നോവലാണ് 1990 ല്‍ പ്രസിദ്ധീകൃതമായ ''ലാസറസ്.'' വത്തിക്കാന്‍ ഇതിവൃത്തമായുള്ളതും വലിയ പ്രചാരം സിദ്ധിച്ചിരുന്നതുമായ അദ്ദേഹത്തിന്റെതന്നെ ''ദ ഷൂസ് ഓഫ് ദ ഫിഷര്‍മാന്‍'' (1963), ''ദ ക്ലൗണ്‍സ് ഓഫ് ഗോഡ്'' (1981) എന്നീ മറ്റു രണ്ടു നോവലുകളുടെ ഗണത്തില്‍പ്പെടുന്നതാണിത്. ''ലാസറസി''ലെ മുഖ്യകഥാപാത്രം ഒരു മാര്‍പാപ്പയാണ്. അദ്ദേഹത്തിനു നോവലിസ്റ്റു നല്കിയ പേര് - ''ലെയോ പതിന്നാലാമന്‍!'' 2025 മേയ് എട്ടിന് വ്യാഴാഴ്ച വൈകുന്നേരം പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് സ്വീകരിച്ച പേരും ''ലെയോ പതിന്നാലാമന്‍!''
പുതിയ പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ നിര്‍ണായകചുമതലകള്‍ വഹിച്ചിരുന്ന കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് എഴുതുന്നു: ''സഭയെ എങ്ങനെയാണു പരിശുദ്ധാത്മാവ് നയിക്കുന്നത് എന്നു വ്യക്തിപരമായി അനുഭവിക്കാന്‍ സാധിച്ച ഒരു അവസരമായിരുന്നു കോണ്‍ക്ലേവ് ദിവസങ്ങള്‍... സഭയുടെ യഥാര്‍ഥശക്തി പരിശുദ്ധാത്മാവാണ് എന്ന ആഴമായ അനുഭവം വ്യക്തമായി പകരുന്ന ഒരവസരമായിരുന്നു അത്. സഭയുടെ ആവശ്യങ്ങളെയും കാലഘട്ടത്തിന്റെ പ്രത്യേകതകളെയും കണക്കിലെടുത്ത് അവയോടു പ്രതികരിക്കാന്‍ സഭയെ സഹായിക്കുന്നóവലിയ ഇടയനെ ദൈവം അദ്ഭുതകരമായി നല്കി.'' കര്‍ദിനാള്‍ തുടരുന്നു: ''വളരെ സൗമ്യവും ശാന്തവുമായ പ്രകൃതത്തിന്റെ ഉടമയായ അദ്ദേഹം തന്റെ ഉത്തരവാദിത്വങ്ങളും തീരുമാനങ്ങളും വിവേകത്തോടും സൗമനസ്യത്തോടുംകൂടെ എടുക്കുന്നóഒരാളാണ്.''
ലെയോ എന്ന പേര്
പുതിയ പാപ്പ സ്വീകരിച്ച 'ലെയോ' എന്നóപേര്, സഭാചരിത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ലെയോ ഒന്നാമന്റെയും (മിശിഹാവര്‍ഷം 441-460) ലെയോ പതിമ്മൂന്നാമന്റെയും (മിശിഹാവര്‍ഷം 1878-1903) പാതയില്‍ ചരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്. അഞ്ചാം നൂറ്റാണ്ടില്‍ തിരുസ്സഭയെ നയിച്ചിരുന്നó'മഹാനായ ലെയോ ഒന്നാമന്‍' മിശിഹായുടെ ഇരുസ്വഭാവങ്ങള്‍ - ദൈവത്വവും മനുഷ്യത്വവും - സംബന്ധിച്ചു കാല്‍സിഡണ്‍ കൗണ്‍സിലില്‍ നല്കിയ വിശദീകരണം ഇന്നും ക്രൈസ്തവസഭകളെല്ലാംതന്നെ അംഗീകരിക്കുന്നുണ്ട്. ലെയോ പതിമ്മൂന്നാമന്‍ പാപ്പയുടെ 'റേരും നൊവാരും' (1891) എന്ന ചാക്രികലേഖനം, വ്യാവസായികവിപ്ലവം അതിന്റെ ഉച്ചകോടിയില്‍ എത്തിയിരുന്നസമയത്ത്, തൊഴിലാളികള്‍ക്കു ലഭിക്കേണ്ട സാമൂഹികനീതിയെക്കുറിച്ചുള്ള തിരുസ്സഭയുടെ ശക്തമായ പ്രവാചകസ്വരമായിരുന്നു. തുടര്‍ന്നുണ്ടായിട്ടുള്ള സഭയുടെ സാമൂഹികപ്രബോധനങ്ങളെല്ലാം 'റേരും നൊവാരുമി'ന്റെ ചുവടുപിടിച്ചുള്ളവയാണ്. മഹാരഥന്മാരായ ഈ രണ്ടു പാപ്പമാരുടെയും തുടര്‍ച്ചയായി, ആധുനികതലമുറയില്‍ സത്യവിശ്വാസം കലര്‍പ്പില്ലാതെ കൈമാറുന്നതിനും സാമൂഹികനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനും ലെയോ പതിന്നാലാമന്‍ പാപ്പയ്ക്കു സാധിക്കുമെന്നു കരുതാം.
'ലെയോ' എന്നóപേര് പൗരസ്ത്യരായ സീറോ-മലബാറുകാരെ സംബന്ധിച്ചു വലിയ പ്രതീക്ഷ നല്കുന്നതാണ്. കാരണം, ലെയോ പതിമ്മൂന്നാമന്‍ പാപ്പയാണ് പൗരസ്ത്യസഭകളുടെ തനിമയും അവരുടെ അതിപുരാതനപാരമ്പര്യങ്ങളുടെ ശ്രേഷ്ഠതയും ഊന്നിപ്പറയുന്ന 'ഓറിയന്താലിയും ഡിഗ്നിത്താസിസ്' എന്ന ശ്ലൈഹികപ്രബോധനം (1894) പുറപ്പെടുവിച്ചത്. മൂന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ലത്തീന്‍ ആധിപത്യത്തില്‍നിന്ന് മാര്‍ത്തോമ്മാക്രിസ്ത്യാനികളെ സ്വതന്ത്രരാക്കി, 'സീറോ-മലബാര്‍ സഭ' എന്ന പേരു നല്കി പുതിയ വികാരിയാത്തുകള്‍ സ്ഥാപിച്ചതും, പിന്നീട് തദ്ദേശീയമെത്രാന്മാരെ സീറോ-മലബാര്‍ സഭയുടെ ഭരണം ഏല്പിച്ചതും ഈ മാര്‍പാപ്പയാണ്.
സീറോ-മലബാര്‍ സഭയില്‍ðഇന്നു നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഈ ശ്ലൈഹികസഭയുടെ പൗരാണികപാരമ്പര്യങ്ങള്‍ പൂര്‍ണമായി വീണ്ടെടുക്കുന്നതിനും പുതിയ പാപ്പ സഹായിക്കുമെന്ന പ്രതീക്ഷ നല്കുന്നതാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന 'ലെയോ' എന്ന നാമം.
അമേരിക്കയില്‍നിന്നൊരു മാര്‍പാപ്പ
ലോകമെമ്പാടുമുള്ള കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് വത്തിക്കാനില്‍ സമ്മേളിച്ച 71 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാളന്മാര്‍ 267-ാമതു മാര്‍പാപ്പയായി തിരഞ്ഞെടുത്തത് അമേരിക്കക്കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ഒഎസ്എ യെയാണ്. അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ ഈ പാപ്പ ഷിക്കാഗോയില്‍ 1955 സെപ്റ്റംബര്‍ 14 നു ജനിച്ചു. 1977 ല്‍ അഗസ്റ്റീനിയന്‍ സന്ന്യാസസമൂഹത്തില്‍ ചേര്‍ന്ന റോബര്‍ട്ട് 1982 ല്‍ പുരോഹിതനായി. തുടര്‍ന്ന് വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദവും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു കാനോന്‍നിയമത്തില്‍ ഡോക്ടറേറ്റു നേടിയ അദ്ദേഹം ലാറ്റിനമേരിക്കന്‍രാജ്യമായ പെറുവില്‍ ഏറെക്കാലം ഒരു മിഷനറിയായി പ്രവര്‍ത്തിച്ചു. 2001 മുതല്‍ð2013 വരെ അദ്ദേഹം അംഗമായിരിക്കുന്ന സന്ന്യാസസമൂഹത്തിന്റെ പ്രിയോര്‍ ജനറലായും 2015 മുതല്‍ð 2023 വരെ പെറുവിലെ ചിക്ലായോ രൂപതയുടെ മെത്രാനായും ശുശ്രൂഷ ചെയ്തു. 2023 മുതല്‍ മെത്രാന്മാര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) തലവനായും ലാറ്റിനമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും ശുശ്രൂഷ ചെയ്തുവരവേയാണ്, 'സ്‌നേഹത്തില്‍ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന റോമിലെ' വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെത്തുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇദ്ദേഹത്തെ 2015 ല്‍ മെത്രാനായും 2023 ല്‍ കര്‍ദിനാളായും തിരഞ്ഞെടുത്തത്. ഫ്രാന്‍സിസ് പാപ്പയുടെ ശൈലി പിന്തുടര്‍ന്ന് കരുണയുടെയും പ്രത്യാശയുടെയും മിഷനറിയാകാനാണ് പുതിയ പാപ്പ നമ്മെ ആഹ്വാനം ചെയ്തത്.
സമാധാനദൂതന്‍
''സമാധാനം നിങ്ങള്‍ എല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ''- ദൈവത്തിന്റെ അജഗണത്തിനായി സ്വജീവന്‍ നല്കിയ നല്ല ഇടയനായ ഉത്ഥിതനായ മിശിഹായുടെ ഈ അഭിവാദനത്തോടെയാണ് ലെയോ പതിന്നാലാമന്‍ പാപ്പ 2025 മേയ് എട്ടിനു വൈകുന്നേരം ലോകത്തെ അഭിസംബോധന ചെയ്തത്. പുതിയ പാപ്പ ഇപ്രകാരം തുടര്‍ന്നു: ''ഏറ്റവും പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, സമാധാനം നിങ്ങള്‍ എല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. സമാധാനത്തിന്റെ ഈ അഭിവാദനം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ മനുഷ്യരിലും അവര്‍ എവിടെ ആയിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമുഖം മുഴുവനിലും എത്താനും ഇടയാകാനും ഞാനും ആഗ്രഹിക്കുന്നു. നിരായുധമായ, നിരായുധമാക്കുന്ന, വിനീതവും നിലനില്ക്കുന്നതുമായ സമാധാനം വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്നദൈവത്തില്‍നിന്നാണ്... ദൈവം നമ്മെ എല്ലാവരെയും സ്‌നേഹിക്കുന്നു. തിന്മ പ്രബലപ്പെടില്ല. നാമെല്ലാവരും ദൈവത്തിന്റെ കരങ്ങളിലാണ്. അതിനാല്‍, ഭയമില്ലാതെ, ദൈവവുമായും പരസ്പരവും കൈകള്‍കോര്‍ത്ത് നമുക്കു മുന്നേറാം.''
ആഗസ്തീനോസിന്റെ മകന്‍
വിശുദ്ധ ആഗസ്തീനോസിന്റെ പേരിലുള്ള സന്ന്യാസസമൂഹത്തിലെ അംഗമായ ലെയോ പതിന്നാലാമന്‍ പാപ്പയെ ഈ സഭാപിതാവ് എത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു തെളിവാണ് തുടര്‍ന്നുള്ള പാപ്പയുടെ വാക്കുകള്‍: ''നിങ്ങളോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും നിങ്ങള്‍ക്കുവേണ്ടി ഒരു മെത്രാനുമാണ് എന്നു പറഞ്ഞ വിശുദ്ധ ആഗസ്തീനോസിന്റെ മകനാണു ഞാന്‍.'' സാര്‍വത്രികസഭയുടെ മഹായിടയന്‍ ആയിരിക്കുമ്പോഴും ലോകമെമ്പാടുമുള്ള സകല വിശ്വാസികളോടുമൊപ്പം താനും ഒരു എളിയ മിശിഹാനുയായിയാണ് എന്നു വിനീതനായി പാപ്പ ഏറ്റുപറയുകയായിരുന്നു.
തന്റെ അജപാലനശുശ്രൂഷയുടെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന വിശുദ്ധ ആഗസ്തീനോസിന്റെ ലത്തീന്‍ഭാഷാപ്രയോഗവും (in illo uno unum, 'in the One Christ we are one')) ഈശോമിശിഹായില്‍ വിശ്വസിക്കുന്ന നമ്മള്‍ പലരെങ്കിലും ഏകമിശിഹായില്‍ð നാമെല്ലാം ഒന്നാണ് എന്ന സത്യമാണ് വ്യക്തമാക്കുന്നത്. ഗലാത്തിയായിലെ സഭയ്‌ക്കെഴുതുമ്പോള്‍ വിശുദ്ധ പൗലോസ്ശ്ലീഹാ ഊന്നിപ്പറയുന്ന കാര്യമാണിത്: ''യഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും മിശിഹായില്‍ðഒന്നാണ്'' (ഗലാ. 3:28). എഫേസോസിലെ സഭാംഗങ്ങളെ പൗലോസ്ശ്ലീഹാ ഉപദേശിക്കുന്നു: ''നിങ്ങള്‍ക്കു ലഭിച്ച വിളി ഒരേ പ്രത്യാശയിലേക്ക് ആയിരിക്കുന്നതുപോലെ, നിങ്ങള്‍ ഒരു ശരീരവും ഒരാത്മാവും ആകണം. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവ് ഒരുവനാണ്; വിശ്വാസവും ഒന്ന്; മാമ്മോദീസായും ഒന്ന്. എല്ലാവരുടെയും പിതാവും, എല്ലാറ്റിനുമേലും എല്ലാറ്റിലും നാമെല്ലാവരിലും സ്ഥിതിചെയ്യുന്നവനുമായ ദൈവവും ഒരുവനാകുന്നു'' (എഫേ. 4:4-6). മിശിഹായില്‍ വിശ്വസിക്കുന്നവരുടെ ഐക്യം നാമെല്ലാം ഏക സ്വര്‍ഗീയപിതാവിന്റെ മക്കളാണ് എന്നó സത്യത്തില്‍നിന്നുരുത്തിരിയുന്നതാണ്. ലെയോ പതിന്നാലാമന്‍ പാപ്പ തന്റെ പ്രഥമസന്ദേശം സമാപിപ്പിച്ചത് ഇപ്രകാരം ആഹ്വാനം ചെയ്തുകൊണ്ടാണ്: ''നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നóസ്വര്‍ഗരാജ്യേത്തക്കു പ്രയാണം ചെയ്യാം.''
കേരളം കണ്ട പാപ്പ
അഗസ്റ്റീനിയന്‍ സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ എന്നനിലയില്‍ 2004 ഏപ്രില്‍ 19 മുതല്‍ 24 വരെയും 2006 ഒക്‌ടോബര്‍ അഞ്ചുമുതല്‍ ഒരാഴ്ചക്കാലവും ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ഭാരതം സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യസന്ദര്‍ശനം എറണാകുളത്തുള്ള കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വച്ചു നടന്ന ആറ് അഗസ്റ്റീനിയന്‍ നവവൈദികരുടെ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ടായിരുന്നു. ഇടക്കൊച്ചിയിലുള്ള അവരുടെ മൈനര്‍ സെമിനാരിയിലായിരുന്നു താമസം. രണ്ടാമത്തെ വരവില്‍ ആലുവ, ഇടക്കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങള്‍ക്കു പുറമേ, തമിഴ്‌നാട്ടിലുള്ള പൊള്ളാച്ചിയിലെ ആശ്രമവും സന്ദര്‍ശിച്ചു.
നമുക്കു മുമ്പില്‍ പ്രത്യാശയുടെ നാളുകള്‍
ലെയോ പതിന്നാലാമന്‍ പാപ്പയുടെ മുഖത്തു സ്ഫുരിക്കുന്ന ദൃഢനിശ്ചയവും പ്രത്യാശയും ആത്മവിശ്വാസവും ലോകം മുഴുവനും വലിയ പ്രത്യാശ നല്കുന്നുണ്ട്. മനുഷ്യകുലം ഒന്നാകെ കാതോര്‍ക്കുന്ന ധാര്‍മികതയുടെ ശബ്ദമാണല്ലോ മാര്‍പാപ്പയുടേത്. തിരക്കുപിടിച്ച ദിവസങ്ങളാണു പുതിയ പാപ്പയ്ക്കു മുമ്പിലുള്ളത്. 2025 വിശുദ്ധവത്സരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നിരവധി പരിപാടികള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. നിഖ്യാസൂനഹദോസിന്റെ 1700-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തുര്‍ക്കിയിലെ നിഖ്യായിലേക്കു യാത്ര ചെയ്യാനും കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യായോടൊപ്പം ആഘോഷിക്കാനും ഫ്രാന്‍സിസ് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ദീര്‍ഘകാലം മിഷനറിയായി ജീവിച്ചു സുവിശേഷം പങ്കുവയ്ക്കുന്നതിന്റെ ആനന്ദം നേരിട്ടനുഭവിച്ച ലെയോ പതിന്നാലാമന്‍ പാപ്പ നവസുവിശേഷവത്കരണത്തിനും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും പുതിയ മാനങ്ങള്‍ നല്കുമെന്നതു തീര്‍ച്ച.
കവര്‍സ്റ്റോറി
പ്രത്യാശയുടെ പാപ്പ
