ആഗോളകത്തോലിക്കാസഭയിലെ പ്രാര്‍ഥനകള്‍ക്കും ലോകത്തിന്റെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനും വിരാമമിട്ട് 2025 മേയ് 8 വ്യാഴാഴ്ച ഇന്ത്യന്‍സമയം രാത്രി 9.39 ന് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍നിന്നു വെളുത്ത പുക ഉയര്‍ന്നു. ആഗോളകത്തോലിക്കാസഭയുടെ പുതിയ തലവനെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ രണ്ടാം ദിവസം നടന്ന നാലാമത്തെ റൗണ്ട് വോട്ടെടുപ്പിലാണ് സാര്‍വത്രികസഭയുടെ 267-ാമത്തെ മാര്‍പാപ്പായായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ പാപ്പാ ആര്? എന്നുള്ള സാധ്യതാപേരുകളിലൊന്നും പരിചിതമല്ലാതിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 'കര്‍ദിനാളായി പ്രവേശിക്കുന്നു, പാപ്പയായി തിരികെവരുന്നു' എന്ന പ്രയോഗം അന്വര്‍ഥമാകുകയും ആവര്‍ത്തിക്കപ്പെടുകയുമാണ്.
അമേരിക്കയില്‍നിന്നുള്ള ആദ്യമാര്‍പാപ്പാ എന്നു പത്രമാധ്യമങ്ങളും ലോകവും വിശേഷിപ്പിക്കുമ്പോഴും പിറവികൊണ്ട് അമേരിക്കക്കാരനും പ്രവര്‍ത്തനങ്ങള്‍കൊണ്ട് പെറുവിയന്‍പുരോഹിതനുമാണ് അദ്ദേഹം. പെറുവിന്റെ പാര്‍ശ്വവത്കരിക്കപ്പെട്ട തെരുവുകളില്‍നിന്നാണ് റോമിലെ പത്രോസിന്റെ സിംഹാസനത്തിലേക്ക് അഗസ്റ്റീനിയന്‍ സന്ന്യാസസഭാംഗമായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് തന്റെ അജപാലനശുശ്രൂഷയ്ക്കായി എത്തുന്നത്.
കത്തോലിക്കാസഭയുടെ തലവന്‍ എന്ന നിലയിലും വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ എന്ന നിലയിലും ഇരട്ടദൗത്യം ഉള്‍ക്കൊള്ളുന്നതാണ് മാര്‍പാപ്പാസ്ഥാനം. ഈ ദൗത്യങ്ങളെ ഒരുപോലെ നിര്‍വഹിക്കാന്‍ പ്രാപ്തനാണെന്നു തെളിയിക്കുന്നതായിരുന്നു ലെയോ പതിന്നാലാമന്‍ മാര്‍പാപ്പായുടെ 'സമാധാനം നമ്മോടുകൂടെ' എന്ന ഉത്ഥിതന്റെ ആശംസ. ഭാരതം അസമാധാനത്തിന്റെ അസ്വസ്ഥതയാല്‍ നീറുന്ന സമയത്തായിരുന്നു പാപ്പായുടെ ഈ വാക്കുകള്‍ എന്നത് ഏറെ അന്വര്‍ഥമായി. സഭാതലവനും രാഷ്ട്രത്തലവനുമെന്ന നിലയിലുള്ള മാര്‍പാപ്പാസ്ഥാനം സമാധാനത്തിന്റെ പര്യായംതന്നെയാണെന്ന് ഇത് ഉറപ്പിക്കുന്നു.
രണ്ടാമത്തെ ക്രിസ്തുവെന്നു വിശേഷിപ്പിക്കപ്പെട്ട ഫ്രാന്‍സിസിന്റെ നാമംപേറിയ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്കുശേഷം ഫ്രാന്‍സിസിന്റെ പ്രിയശിഷ്യനായ ലെയോയുടെ നാമം വഹിക്കുന്ന മാര്‍പാപ്പാ പത്രോസിന്റെ സിംഹാസനത്തിലേക്കെത്തുന്നത് ആശ്ചര്യകരമായി തോന്നാം. മൂന്നാം ക്രിസ്തുവെന്നു വിശേഷിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പായുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായി പുതിയ മാര്‍പാപ്പായുടെ നാമത്തെയും പ്രവര്‍ത്തനമണ്ഡലത്തെയും പ്രവര്‍ത്തനശൈലിയെയും പ്രേഷിതാഭിമുഖ്യത്തെയും ബന്ധപ്പെടുത്തുമ്പോള്‍ 'ലെയോ' എന്ന നാമം ആശ്ചര്യകരമല്ല, അനുയോജ്യവും അനിവാര്യവുമാണെന്നു വ്യക്തം.
ലെയോ പതിന്നാലാമന്‍ എന്ന നാമത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചു പാപ്പാതന്നെ വ്യക്തമാക്കുന്നത്, അതു തന്റെ മുന്‍ഗാമികളായ ലെയോ പതിമ്മൂന്നാമന്‍ മാര്‍പാപ്പായുടെയും ലെയോ ഒന്നാമന്‍ മാര്‍പാപ്പായുടെയും പ്രവര്‍ത്തനശൈലിയുടെ ചൈതന്യത്തില്‍നിന്നാണെന്നാണ്. അഞ്ചാംനൂറ്റാണ്ടില്‍ റോമിന്റെയും വിശ്വാസത്തിന്റെയും സംരക്ഷകനായിരുന്ന മഹാനായ ലെയോ ഒന്നാമന്‍ പാപ്പായുടെ ധൈര്യവും, വ്യവസായവിപ്ലവത്തിന്റെ കാലഘട്ടത്തില്‍ സാമൂഹികനീതിയെക്കുറിച്ചും മനുഷ്യമഹത്ത്വത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ലെയോ പതിമ്മൂന്നാമന്‍ പാപ്പയുടെ നീതിബോധവുമാണ് ലെയോ പതിന്നാലാമന്‍ പാപ്പായുടെ ആദര്‍ശം. മനുഷ്യമഹത്ത്വത്തെയും നീതിയെയും തൊഴിലിനെയും വെല്ലുവിളിക്കുന്ന നിര്‍മിതബുദ്ധിയുടെ നവകാലഘട്ടത്തില്‍ ധാര്‍മികതയുടെ ആഗോളനാദമായി നിലകൊള്ളുന്ന മാര്‍പാപ്പായുടെ നാമം 'ലെയോ' എന്നുതന്നെയാവണം. ശക്തനും ധീരനും നീതിയുള്ളവനുമായ ഈ ആത്മീയ-രാഷ്ട്രത്തലവനിലൂടെ ലോകമെങ്ങും സമാധാനവും നീതിയും പുലരുകയും സംസ്‌കാരങ്ങള്‍ ഒന്നിക്കുകയും ചെയ്യട്ടെ. ലെയോ പതിന്നാലാമന്‍ മാര്‍പാപ്പായുടെ തിരഞ്ഞെടുപ്പിനെ, പാപ്പായുടെ ആദ്യസുവിശേഷപ്രസംഗത്തിലെ സങ്കീര്‍ത്തനങ്ങളോടു ചേര്‍ത്ത് നമുക്കു സ്വീകരിക്കാം: ''കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു'' (സങ്കീ. 98:1).