''സിനിമയെങ്ങനെയുണ്ട്''
''പൊളിച്ചു''
''ഹീറോ''
''കിടിലന്‍''
''സംവിധായകനോ''
''എന്താ മേക്കിങ്... ഒരു രക്ഷയുമില്ല...''
''സ്‌ക്രിപ്റ്റ് ആരുടേതാ''
''.....''
കഥ ആരെഴുതിയതാണെന്ന്?
''സത്യം പറയാമല്ലോ ബ്രോ എനിക്കറിയില്ല''
ഇന്നത്തെ മലയാളസിനിമ കണ്ടിറങ്ങുന്ന ഒട്ടുമിക്ക പ്രേക്ഷകരുടെയും പ്രതികരണം ഇങ്ങനെയൊക്കെ ത്തന്നെയാവും. പ്രത്യേകിച്ച്, സിനിമയുടെ കഥയെയും തിരക്കഥയെയും സംഭാഷണത്തെയുംകുറിച്ചൊക്കെ ചോദിച്ചാല്‍. കാരണം, നിലവിലെ ഭൂരിപക്ഷം സിനിമകളുടെയും കഥാകൃത്തുക്കളെക്കുറിച്ചോ, തിരക്കഥാകൃത്തുക്കളെക്കുറിച്ചോ പലര്‍ക്കും അറിയില്ല. ഇതു പ്രേക്ഷകന്റെ കുറവായിട്ടോ അജ്ഞതയായിട്ടോ പറയാനാവില്ല. സിനിമയ്ക്കു സംഭവിച്ച മാറ്റത്തിന്റെ ഭാഗമാണിത്. പഴയകാലത്ത്, എന്തിന്, പത്തോ ഇരുപതോ വര്‍ഷം മുമ്പുപോലും സിനിമയിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്ന ഒരു പ്രധാനഘടകം നായകനും സംവിധായകനും ഒപ്പംതന്നെ തിരക്കഥാകൃത്തിന്റെ പേരുകൂടിയായിരുന്നു. അല്ലെങ്കില്‍, തിരക്കഥാകൃത്തിന്റെ പേരില്‍ക്കൂടി അറിയപ്പെട്ടതായിരുന്നു മലയാളസിനിമകള്‍. എംടിയുടെ പടം, പത്മരാജന്റെ പടം, ലോഹിതദാസിന്റെ പടം ഇങ്ങനെയൊരു കാലമുണ്ടായിരുന്നു നമുക്ക്.
ഉദാഹരണത്തിനായി, പല തലമുറകളിലൂടെ കടന്നുപോയി ചിലരുടെ പേരുകള്‍ നോക്കാം. ശാരംഗപാണി, തോപ്പില്‍ ഭാസി, എസ് എല്‍ പുരം, ഷെരീഫ്, പത്മരാജന്‍, എംടി, ലോഹിതദാസ്, രഞ്ജിത്ത്, ജോണ്‍പോള്‍, ഡെന്നിസ് ജോസഫ്, കലൂര്‍ ഡെന്നീസ്. കെ ജി ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്ണ്‍, രഘുനാഥ് പലേരി, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, ടി ദാമോദരന്‍.. ഫാസില്‍, മധു മുട്ടം.
ഇനി കുറച്ചുകൂടി പുതിയതു പറഞ്ഞാല്‍ ബോബി സഞ്ജയ്, രഞ്ജന്‍ പ്രമോദ്, ജെയിംസ് ആല്‍ബര്‍ട്ട്, ബെന്നി പി നായരമ്പലം, റാഫിമെക്കാര്‍ട്ടിന്‍, സിബി കെ തോമസ് - ഉദയ്കൃഷ്ണ. ഏറ്റവും അവസാനമായി ശ്യാം പുഷ്‌കരന്‍.. ഇതിന്റെ തുടര്‍ച്ചയായി പറയാന്‍ പുതിയൊരു പേര് മലയാളസിനിമാപ്രേക്ഷകരുടെ നാവിന്‍ത്തുമ്പത്തുണ്ടോ?
മലയാളത്തില്‍ അടുത്തയിടെ ഹിറ്റായ, നൂറുകോടി ക്ലബില്‍ ഇടംപിടിച്ചുവെന്ന് അവകാശപ്പെടുന്ന സിനിമകളുടെപോലും രചയിതാക്കളെ ഭൂരിപക്ഷമലയാളികളും കേട്ടിട്ടുംകൂടിയില്ല. 2018 എന്ന ഹിറ്റ് സിനിമയുടെ തിരനാടകം എഴുതിയത് അഖില്‍ പി ധര്‍മജന്‍ ആണെന്ന് എത്രപേര്‍ക്കറിയാം? രോമാഞ്ചത്തിന്റെയോ കണ്ണൂര്‍ സ്‌ക്വാഡിന്റെയോ ജോ ആന്റ് ജോ, പ്രണയവിലാസം തുടങ്ങിയവയുടെയോ തിരക്കഥാക്കൃത്തുക്കളെ പ്രേക്ഷകര്‍ക്കറിയില്ല. ആര് എഴുതിയെന്നത് അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണെന്നുകൂടി പറയാം.
ഇന്ന് സിനിമയുടെമേല്‍ തിരക്കഥാകൃത്തിനു മേല്‍ക്കോയ്മയൊന്നുമില്ല. കൂട്ടുകൃഷി എന്ന പ്രയോഗംപോലെ കൂട്ടെഴുത്തായി സിനിമ മാറിയിരിക്കുന്നു. നായകനുവേണ്ടി പൊളിച്ചെഴുതി, സംവിധായകനുവേണ്ടി മാറ്റിയെഴുതി. ഷൂട്ടിങ് ക്രൂ ഒരുമിച്ചു ചര്‍ച്ച ചെയ്ത്, തമാശകള്‍ സൃഷ്ടിച്ച് പകര്‍ത്തെഴുത്തുകാരന്റെ റോളിലേക്കു തിരക്കഥാകൃത്തു മാറിയിരിക്കുന്നു. പണ്ട് ഇങ്ങനെയായിരുന്നോ സ്ഥിതി? എംടിയും പത്മരാജനും ലോഹിതദാസുമൊക്കെ തിരക്കഥയുടെ രാജാക്കന്മാരായിരുന്നു. അത്യാവശ്യംവേണ്ട നിര്‍ദേശങ്ങള്‍ സംവിധായകനില്‍നിന്നു സ്വീകരിച്ചിട്ടുണ്ടാവാമെന്നല്ലാതെ കഥയുടെ ചുക്കാന്‍ അവര്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തിരുന്നില്ല. എംടിയുടെയോ ലോഹിതദാസിന്റെയോ പത്മരാജന്റെയോ തിരക്കഥകളില്‍ കൈവയ്ക്കാന്‍ അന്നൊരു നടനും സംവിധായകനും തയ്യാറായിരുന്നില്ല. എംടി എന്താണോ എഴുതിയത് അതിനെ ദൃശ്യവത്കരിക്കുക മാത്രമാണ് ഹരിഹരനെപ്പോലെയുളളവര്‍ ചെയ്തത്. ലോഹിതദാസ് എഴുതിവയ്ക്കുന്നതിനെ പകര്‍ത്തുക മാത്രമായിരുന്നു സിബി മലയിലിനെപ്പോലെയുള്ളവരും ചെയ്തുകൊണ്ടിരുന്നത്. സിനിമയ്ക്കുമേല്‍ അത്രത്തോളം അപ്രമാദിത്വമുള്ളവരായിരുന്നു അക്കാലത്തെ തിരക്കഥാകൃത്തുക്കള്‍.
മലയാളസിനിമയില്‍ ഏറ്റവുംകൂടുതല്‍ തിരക്കഥകള്‍ രചിച്ചത് താനാണെന്നാണ് ശ്രീനിവാസന്‍ അവകാശപ്പെട്ടത്. അതു ശരിയുമായിരിക്കും. നടനെക്കാള്‍ ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിനെയാണ് മലയാളസിനിമ കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിന്റെ പേരുകൊണ്ടുമാത്രം ശ്രദ്ധേയമായ എത്രയോ സിനിമകള്‍ ഉണ്ടായിരിക്കുന്നു! തിരക്കഥ പൂര്‍ണരൂപത്തിലാവാതെതന്നെ ഷൂട്ട് തുടങ്ങി സൂപ്പര്‍ഹിറ്റുകളായി മാറിയവയാണ് ആ സിനിമകളെല്ലാം. ഷൂട്ട് തുടങ്ങിയിട്ട് കഥ മോശമായിപ്പോയെന്നുതോന്നി നിര്‍ത്തിവയ്ക്കുകയും പിന്നീട് ഒരു കടല്‍ത്തീരത്തിരുന്ന് സംവിധായകനൊപ്പം സംസാരിച്ചുവന്ന തീമില്‍നിന്നാണ് ഭരതം എന്ന സിനിമ ഉണ്ടായതെന്നും വായിച്ചിട്ടുണ്ട്. ഒരാഴ്ചകൊണ്ടാണ് അടിയൊഴുക്കുകള്‍ എന്ന സിനിമയുടെ തിരക്കഥയെഴുതിയതെന്ന് എംടി പറഞ്ഞത് ഓര്‍മിക്കുന്നു. ഇന്ന് മാസങ്ങളോളം നീളുന്ന കഥാചര്‍ച്ചയും അതിന്റെ ഭാഗമായുള്ള മദ്യസേവയും ലഹരിസേവയുമായിട്ടാണ് സിനിമക്കഥാചര്‍ച്ചകള്‍ പുരോഗമിക്കുന്നത്
എഴുത്തിന്റെ ഒറ്റപ്പെട്ടതും ഏകാന്തവുമായ തുരുത്തിലേക്കു പ്രവേശിച്ചുകഴിയുന്നതോടെ പഴയകാലതിരക്കഥാകൃത്തുക്കള്‍ കഥാപാത്രങ്ങളായി മാറുന്നു. അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം കരഞ്ഞും ചിരിച്ചും സംഘര്‍ഷമനുഭവിച്ചും അവര്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുന്നു. ആ കഥാപാത്രങ്ങളെയും അവരുടെ സിനിമകളെയും ഇന്നും മലയാളസിനിമയ്ക്ക് അവഗണിക്കാനാവില്ല. വടക്കന്‍വീരഗാഥയിലെ ചന്തുവായും കിരീടത്തിലെ സേതുവായും തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷായും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ സോളമനായും എത്രയെത്ര കഥാപാത്രങ്ങള്‍. ഇങ്ങനെ എണ്ണംപറഞ്ഞ സംഭവങ്ങള്‍ പരാമര്‍ശിച്ചത് തിരക്കഥാകൃത്തുകള്‍ക്കു സിനിമയിലുണ്ടായിരുന്ന സ്ഥാനത്തെയും അവരുടെ കഴിവിനെ എന്തുമാത്രം സിനിമ വകവച്ചിരുന്നുവെന്നതിനെയും വ്യക്തമാക്കാനുംകൂടിയാണ്.
ഇന്ന് തീയറ്ററുകളില്‍ ചിലപ്പോള്‍ സിനിമ ഹിറ്റാകുന്നുണ്ടാവും. അതൊരിക്കലും കഥയുടെ മേന്മ കൊണ്ടോ കഥാപാത്രത്തിന്റെ മികവുകൊണ്ടോ അല്ല. മേക്കിങ്ങിന്റെ രീതികള്‍കൊണ്ടാണ്. പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നവിധത്തില്‍, ഹൃദയത്തില്‍നിന്നിറക്കിവിടാന്‍ കഴിയാത്തവിധത്തില്‍ ഇന്നേതെങ്കിലും കഥാപാത്രങ്ങളെ സിനിമയില്‍ നാം കണ്ടുമുട്ടുന്നുണ്ടോ? അപൂര്‍വമെന്നേ പറയാനാവൂ. ഇരട്ടയും നായാട്ടും കുമ്പളങ്ങി നൈറ്റ്‌സുംപോലെയുള്ള ചുരുക്കംചില സിനിമകള്‍മാത്രമേ നമുക്ക് അവിസ്മരണീയത സമ്മാനിച്ചിട്ടുളളൂ. അല്ലെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പുറത്തിറങ്ങിയ, വേണ്ട, പത്തു വര്‍ഷത്തില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഇന്നും അവിസ്മരണീയങ്ങളായ എത്ര കഥാപാത്രങ്ങളുണ്ട് നമുക്ക്?
ഒരു ഗ്രാമത്തില്‍ പുലിയിറങ്ങുന്നു. പുലിയെ പിടിക്കാന്‍ ഒരാളു വരുന്നു. പുലിയെ പിടിക്കാന്‍ വന്നയാള്‍ പുലിയെക്കാള്‍ പ്രശ്നക്കാരനാകുന്നു. ഇതായിരുന്നു ലോഹിതദാസ് ഐവി ശശിയോടു പറഞ്ഞ ത്രെഡ്. അതില്‍നിന്നാണ് മൃഗയ എന്ന സിനിമ പിറന്നത്. പറഞ്ഞുവന്നത് സിനിമയുടെ കഥകള്‍ക്ക് ജീവിതപരിസരമുണ്ടായിരുന്നു. ജീവിതത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. ബന്ധങ്ങളുടെ ഊഷ്മളതയുണ്ടായിരുന്നു. നമ്മുടെതന്നെ ജീവിതങ്ങളുമായി അവയ്ക്കു ബന്ധമുണ്ടായിരുന്നു. ഇന്ന് അങ്ങനെ പലതും സംഭവിക്കുന്നതേയില്ല.
അതോടൊപ്പംതന്നെ മറ്റൊരു പ്രതിഭാസവും നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. ഒരു ഹിറ്റ് സിനിമയ്ക്കു തിരക്കഥയെഴുതിയ ആള്‍ക്കുപോലും രണ്ടാമതൊരു സിനിമ കിട്ടുന്നില്ല. കിട്ടിയാല്‍ത്തന്നെ ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നു. വ്യക്തമായ കാഴ്ചപ്പാടും തനതായ മുദ്രകളും പതിപ്പിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ക്കു കഴിയാതെപോകുന്നു. ഇത് അവരുടെ സര്‍ഗശേഷിക്കു കുറവുള്ളതുകൊണ്ടല്ല, ഒരു സിനിമ ഓണ്‍ ആക്കിയെടുക്കാന്‍ അവര്‍ ഏറെ ക്ലേശിക്കേണ്ടിവരുന്നുവെന്നതുകൊണ്ടും പുതിയ രീതിക്കനുസരിച്ച് എഴുതാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു എന്നതുകൊണ്ടുമാണ്.
നല്ല സിനിമയെഴുതുകയും സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്തുക്കളില്‍ പലര്‍ക്കും ബാങ്ക് ബാലന്‍സോ വന്‍ ഭൂസ്വത്തോ ഇല്ലായെന്നും നിരീക്ഷിക്കേണ്ടതുണ്ട്. ഉദാഹരണം ജോണ്‍പോള്‍. മരണംവരെ അദ്ദേഹം വാടകവീടുകളിലായിരുന്നു താമസിച്ചിരുന്നത്. രോഗചികിത്സയ്ക്കായി പൊതുജനങ്ങളുടെ സഹായംപോലും അഭ്യര്‍ഥിക്കേണ്ട സാഹചര്യവും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അദ്ദേഹം സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളിലൂടെ സൂപ്പര്‍സ്റ്റാറുകളും മികച്ച നടീനടന്മാരുമായി പലരും മാറുകയും അവര്‍ കോടിക്കണക്കിനു പ്രതിഫലം കൈപ്പറ്റുകയും ചെയ്തിട്ടും അവരെ ആ നിലയിലെത്തിച്ച കഥാകൃത്തിന് അര്‍ഹിക്കുന്ന പ്രതിഫലംപോലും കിട്ടാതെ വരുന്നു.
ലോഹിതദാസിനെപ്പോലെയുള്ളവര്‍ക്കുപോലും ഇത്തരം ദുരവസ്ഥയുണ്ടായിട്ടുണ്ട്. ശ്രീനിവാസനും എംടിയുംപോലെ ചിലര്‍മാത്രമേ ഇതിന് അപവാദമായിട്ടുള്ളൂ. അല്ലെങ്കില്‍ അക്ഷരങ്ങളെ ആദരിക്കാനും അതു കൂട്ടിയെഴുതാന്‍വേണ്ടി അയാള്‍ ചിന്തിയ വിയര്‍പ്പിനെയും രക്തത്തുള്ളികളെയുംകുറിച്ചു ചിന്തിക്കാനും ആര്‍ക്കാണു തിരിച്ചറിവുളളത്? ആ തിരിച്ചറിവ് ഇല്ലാത്തിടത്തോളംകാലം എഴുത്തുകാര്‍ ഇനിയും പലവിധത്തിലും പല മേഖലയിലും അവഗണിക്കപ്പെട്ടുകൊണ്ടേയിരിക്കും.
ഒരു നടനും ഒരു സംവിധായകനും അവര്‍ക്കു മാത്രമായി നിലനില്ക്കാനാവില്ല, അവരുടെ നിലനില്പ് അടിത്തറയുള്ള കഥയിലും തിരക്കഥയിലുമാണ്. ആ കഥയും തിരക്കഥയും വിട്ടുകളയുമ്പോള്‍ അവര്‍ തങ്ങള്‍ ഇരിക്കുന്ന കമ്പുകൂടിയാണ് മുറിക്കുന്നത്. കഥാകൃത്തുക്കളുടെ പ്രതാപകാലം തിരിച്ചുവരട്ടെ. അപ്പോള്‍മാത്രമേ കഥയും കാമ്പുമുള്ള സിനിമകള്‍ ഉണ്ടാവുകയുള്ളൂ. അതുവരെ നേരംകൊല്ലി സിനിമകള്‍ കണ്ട് നമുക്ക് സമയംകളഞ്ഞ് സിനിമയെ മറക്കാം.