പേരന്റിങ് എല്ലാക്കാലത്തും വളരെ സങ്കീര്‍ണമായ പ്രക്രിയയായിരുന്നു. അതില്‍ സംഭവിക്കുന്ന താളപ്പിഴകളും അസ്വാരസ്യങ്ങളുമാണ് പല കുടുംബങ്ങളിലെയും അസ്വസ്ഥതകള്‍ക്കു കാരണമെന്നു പറയാം. കാരണം, മക്കള്‍ക്കു മാതാപിതാക്കളെ മനസ്സിലാകുന്നില്ല; മാതാപിതാക്കള്‍ക്കു മക്കളെ മനസ്സിലാകുന്നില്ല. അതുമല്ലെങ്കില്‍ ഇരുവരുടെയും വിചാരതരംഗങ്ങള്‍ ഒരേ ദൈര്‍ഘ്യത്തില്‍ സഞ്ചരിക്കുന്നവയല്ല. ഇത് ഉരസലും കിരുകിരുപ്പും സൃഷ്ടിക്കുന്നു.
ഇതെന്തുകൊണ്ടു സംഭവിക്കുന്നുവെന്നു ചോദിച്ചാല്‍ തങ്ങളുടെ സ്വ്പനങ്ങളുടെ തുടര്‍ച്ച നിര്‍വഹിക്കാനാണ് മാതാപിതാക്കള്‍ മക്കളില്‍നിന്ന് ആവശ്യപ്പെടുന്നത്. മാതാപിതാക്കളുടെ എക്സ്റ്റന്‍ഷനുകളാണു മക്കള്‍. തങ്ങള്‍ ബാക്കിവച്ചതോ തങ്ങള്‍ക്കു നഷ്ടമായതോ പൂര്‍ത്തീകരിക്കാന്‍ അവര്‍ മക്കളെ ഒരു കാരണമായി മാറ്റുന്നു. തങ്ങളുടെ അധ്വാനവും കഷ്ടപ്പാടുകളുമെല്ലാം മക്കള്‍ക്കുവേണ്ടിയാണെന്നത് ഓരോ മാതാപിതാക്കളെയും ത്യാഗികളും കുടുംബസ്നേഹികളുമാക്കുന്നു. എന്നാല്‍, ഇതൊക്കെ മക്കള്‍ക്കു മനസ്സിലാവുന്നുണ്ടോ? പലപ്പോഴും ഇല്ല. തങ്ങളുടെ പ്രായത്തിന്റെ പക്വതയില്ലായ്മകൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടോ ഉത്തരവാദിത്വബോധം ഉണ്ടാവാത്തതുകൊണ്ടോ അവരുടെ ലോകം മറ്റൊന്നാണ്. കൂട്ടുകാരും പ്രണയവും മദ്യപാനവും പുകവലിയുമൊക്കെയുള്ള ഒരു ലോകം. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മക്കളെ നോക്കി നിനക്കുപകരം ഒരു വാഴ വച്ചാല്‍ മതിയായിരുന്നുവെന്ന് ചില മാതാപിതാക്കള്‍ പരിതപിക്കുന്നതും അതേരീതിയില്‍ സമൂഹം ആ മക്കളെ നോക്കി പരിഹസിക്കുന്നതും.
ഇങ്ങനെ വാഴകളായി കണക്കാക്കപ്പെടുന്ന നാലഞ്ചു ചെറുപ്പക്കാരുടെ ജീവിതം പറയുന്ന കഥയാണ് സമീപകാലത്തിറങ്ങിയ വാഴ എന്ന മലയാളസിനിമ. നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയിലാണ് ഈ സിനിമയ്ക്ക് അത്തരമൊരു ശീര്‍ഷകം നല്കിയിരിക്കുന്നത്. കാരണം, ബില്യന്‍ കണക്കിനു ചെറുപ്പക്കാരുടെ ജീവിതകഥയാണ് ഈ സിനിമയെന്നാണ് ടാഗ്‌ലൈനും. അതു ശരിയുമായിരിക്കണം. ചുറ്റുപാടുകളില്‍ സമാനമായ രീതിയില്‍ ജീവിതം നയിക്കുന്ന അനേകം ചെറുപ്പക്കാരുണ്ടല്ലോ? അത്തരം വാഴകളെപ്രതി വിഷമിക്കുന്ന മാതാപിതാക്കളും.
യൂത്തിന്റെ ആഘോഷമെന്നു വാഴ്ത്തപ്പെടുന്ന ഏതാനും ചില സിനിമകള്‍ സമീപകാലത്തു പുറത്തിറങ്ങിയിരുന്നുവല്ലോ, പ്രേമലുവും ആവേശവുംപോലെയുള്ള സിനിമകള്‍. എന്നാല്‍, അവയില്‍നിന്നു വാഴയെ വ്യത്യസ്തമാക്കുന്നത് വാഴ പുലര്‍ത്തുന്ന ജീവിതസമീപനവും ദര്‍ശനവുമാണ്. വാഴ ഉത്തരവാദിത്വബോധമില്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ കയ്യാങ്കളിയല്ല, അവരുടെ മാതാപിതാക്കളെക്കൂടി ചേര്‍ത്തുകൊണ്ടുള്ള കുടുംബകഥയാണ്. അങ്ങനെയാണ് മറ്റു രണ്ടു സിനിമകളില്‍നിന്നു വാഴ ഉയര്‍ന്നുനില്ക്കുന്നത്. പുതിയ കാലത്തിലെ യുവതയെ അടയാളപ്പെടുത്തുമ്പോഴും ഏതു തലമുറയിലും മാതാപിതാക്കള്‍ ഏറെക്കുറെ സമാനചിന്താഗതിക്കാര്‍തന്നെയാണെന്നു വാഴ പറയാതെപറയുന്നുണ്ട്. മാതാപിതാക്കളുടെ ആഗ്രഹത്തില്‍നിന്നു വിഭിന്നമായി ജീവിക്കുന്ന മക്കളും മാതാപിതാക്കളുടെ ആഗ്രഹം അങ്ങനെയായിരിക്കുമല്ലോയെന്നു വിചാരിച്ച് അതേപോലെയാകാന്‍ ശ്രമിക്കുന്നവരും. ഈ രണ്ടുതരത്തിലുമുള്ള മക്കളുടെയും അവരുടെ മാതാപിതാക്കളുടെയും ആത്മസംഘര്‍ഷങ്ങളുടെയും നിസ്സഹായതകളുടെയും സ്നേഹത്തിന്റെയും മിന്നലാട്ടങ്ങളാണ് വാഴ. മക്കളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു വളരാന്‍ നിര്‍ബന്ധിക്കുന്ന അച്ഛന്മാരുടെയിടയില്‍ നീ നിന്റെ സ്വന്തം ഇഷ്ടപ്രകാരമാണു ജീവിക്കേണ്ടതെന്നു വെളിപ്പെടുത്തുന്ന ഒരു മകളുടെ അച്ഛനും മകനെ കൃത്യമായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അവനുവേണ്ടി ശബ്ദിക്കാനും തയ്യാറാവുന്ന ചിലയച്ഛന്മാരുംമാത്രമാണ് ഇവിടെ വ്യത്യസ്തരാകുന്നത്.
സ്റ്റേറ്റ് സിലബസും സിബിഎസ്ഇയും തമ്മിലുള്ള പരിഹാസച്ചുവ സമീപകാലത്തെ പല സിനിമകളിലും കടന്നുവരുന്നുണ്ട്. പ്രേമലുവിലെ ആ പ്രശസ്തമായ ഡയലോഗുണ്ടല്ലോ എടാ സിബിഎസ് ഈ, ഞങ്ങള്‍ സ്റ്റേറ്റ് സിലബസാടാ എന്ന മട്ടിലുള്ളത്. സിബിഎസ്ഇക്കാരെല്ലാം അമൂല്‍ബേബികളാണെന്ന സൂചനയും അതിലുണ്ട്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്നവരും പുസ്തകപ്പുഴുക്കളുമായവര്‍. പഠിപ്പി എന്നാണല്ലോ അവരുടെ ചുരുക്കപ്പേര്. ഈ പഠിപ്പികള്‍ക്ക്, പഠിക്കാനല്ലാതെ ജീവിക്കാന്‍ അറിയില്ലെന്ന ധാരണ വാഴയും ആവര്‍ത്തിക്കുന്നുണ്ട്. ചെറിയ ക്ലാസുമുതല്‍ പ്രേമിച്ചുതുടങ്ങി വിവാഹിതരായി കൈക്കുഞ്ഞുമായിക്കഴിയുമ്പോള്‍ ഒത്തുപോകാന്‍ കഴിയില്ലെന്നു മനസ്സിലാക്കി വേര്‍പിരിയാന്‍ തയ്യാറെടുക്കുന്ന ദമ്പതികള്‍ ഇക്കാര്യമാണു പറയുന്നത്. വാഴകളല്ലെന്നു സ്വന്തം സമൂഹത്തില്‍ ബോധ്യപ്പെടുത്തിത്തന്നവര്‍. കാരണം, ഇരുവരും വിദേശത്ത് നല്ല രീതിയില്‍ ജോലിചെയ്തു പണം സമ്പാദിക്കുന്നവരാണ്. പക്ഷേ, അവര്‍ തങ്ങളുടെ ജീവിതം ജീവിക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്നു. ഈ പരാജയപ്പെടലിന്റെ കാരണം തങ്ങള്‍തന്നെയാണെന്നാണ് അതില്‍ ചെറുപ്പക്കാരന്റെ അച്ഛന്‍ സ്വയം കുറ്റമേറ്റെടുക്കുന്നത്. കാരണം, തങ്ങളുടെ ജോലിത്തിരക്കിനിടയില്‍ മകന്റെ വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് അവനെ ബന്ധുവീടുകളില്‍ നിര്‍ത്തിയാണു പഠിപ്പിച്ചത്. അവനെ സ്നേഹിക്കുന്നതിനും അവനില്‍നിന്നു സ്നേഹം നേടുന്നതിനും പകരം അവന്റെ പഠനത്തിലും കരിയറിലുംമാത്രമാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. തന്മൂലം, ബന്ധങ്ങളുടെ വിലയും മൂല്യവും അവന്‍ മനസ്സിലാക്കാതെപോയി.
മകന്റെ ദാമ്പത്യത്തകര്‍ച്ചയ്ക്കു കാരണം തങ്ങളുടെതന്നെ പിഴവുകളാണെന്നു മനസ്സിലാക്കുന്ന അച്ഛന്റെ ഏറ്റുപറച്ചില്‍, മക്കളെ കുറ്റപ്പെടുത്തുന്നതിന് അവര്‍ അത്രയധികം കുറ്റക്കാരായി ചിലപ്പോഴെങ്കിലും മാറുന്നില്ല എന്ന സത്യത്തിലേക്കാണു പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നത്. ഒരു വാണിജ്യസിനിമയായിരുന്നിട്ടുകൂടി കഥ പറയാനും അവതരിപ്പിക്കാനും കഴിവുള്ളവന്റെ കൈയില്‍ കഥ കിട്ടിക്കഴിയുമ്പോള്‍ അതൊരു സുവിശേഷപ്രഘോഷണമായിത്തന്നെ മാറുകയാണെന്നാണ് വാഴ പറയുന്നത്. അത്തരമൊരു ചുറ്റുപാടിലാണ് ചെറുപ്പക്കാര്‍മാത്രമല്ല മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു സിനിമയായി വാഴ മാറുന്നത്.
മക്കളെ സ്നേഹിക്കുന്നു, അവരുടെ വളര്‍ച്ച ആഗ്രഹിക്കുന്നുവെന്നെല്ലാം അവകാശപ്പെടുന്ന മാതാപിതാക്കളുടെ ജീവിതത്തിലെ എത്രയെത്ര അവസരങ്ങളിലാണ് തന്നെപ്രതി തന്റെ മാതാപിതാക്കള്‍ മറ്റുള്ളവരുടെ മുമ്പില്‍ തലകുനിച്ചും പരിഹാസപാത്രമായും നില്ക്കേണ്ടിവന്നിരിക്കുന്നതെന്നു മക്കള്‍ തിരിച്ചറിയുമ്പോഴും അച്ഛനമ്മമാരുടെ ഓരോ സ്നേഹത്തിനു പിന്നിലും അവരുടെ സ്നേഹം തന്നെയായിരുന്നുവെന്നു കണ്ടെത്തുമ്പോഴും തനിക്കു ജോലികിട്ടാന്‍വേണ്ടി മരിക്കാന്‍വരെ അച്ഛന്‍ തയ്യാറാണെന്നു മനസ്സിലാക്കുമ്പോഴും ശാസിക്കാനും കുറ്റപ്പെടുത്താനുമല്ലാതെ മകനെ തനിക്കൊപ്പം ചേര്‍ത്തുപിടിക്കാന്‍ അച്ഛന്‍ സന്നദ്ധനാകുമ്പോഴും വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനെ കെട്ടിപ്പിടിക്കാന്‍ മകന്‍ തയ്യാറാകുമ്പോഴുമെല്ലാം പ്രേക്ഷകനു കണ്ണുനിറയാതിരിക്കാനാവില്ല.
ഇന്നലെവരെ യൂത്ത് ആ ചിത്രം തങ്ങളുടെ ആണാഘോഷമായി കൊണ്ടാടിയെങ്കില്‍ ഇന്നുമുതല്‍ അത് കുടുംബങ്ങള്‍ക്കുകൂടി കാണാനുളള സിനിമയായി മാറിയിരിക്കുന്നു.
അനുബന്ധം: വാഴയുടെ ഫലപ്രാപ്തിയുടെ കാലയളവും ഒരു കുഞ്ഞ് ഗര്‍ഭത്തില്‍ ഉരുവായി പിറക്കുന്നതിനെടുക്കുന്ന കാലയളവും ഒന്നുതന്നെയാണെന്ന ഓര്‍മപ്പെടുത്തലും വാഴ സിനിമ നല്കുന്നുണ്ട്. ഒരു വാഴത്തൈയ്ക്കു കുലയെത്തുന്നതുവരെ എന്തുമാത്രം പരിചരണമാണ് ആവശ്യമായിവരുന്നതെന്ന് അത്തരം കൃഷിയുമായി ബന്ധപ്പെട്ടവര്‍ക്കു നന്നായി അറിയാം. അങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നിട്ടും വാഴയില്‍നിന്നു ഫലം കിട്ടണമെന്നില്ല. ഒരു കാറ്റോ വരള്‍ച്ചയോ വന്നാല്‍ വാഴയുടെ കാര്യം അധോഗതിയാവും. ഇലയും നാരും ഫലവുംവരെ അടിമുടി ഗുണമുള്ളതായിട്ടും അനുകൂലസാഹചര്യം ഉണ്ടെങ്കില്‍മാത്രമേ വാഴ ഫലം തരുകയുള്ളൂ. ഒരു കാറ്റടിച്ചാല്‍.. ഒരു മഴ പെയ്താല്‍.. ഒരു വരള്‍ച്ച വന്നാല്‍... ഇതുതന്നെയല്ലേ മനുഷ്യരുടെയും അവസ്ഥ!