ചുറ്റുപാടുകളോടും ആനുകാലിക സംഭവവികാസങ്ങളോടുമുള്ള സര്‍ഗാത്മകമായ പ്രതികരണങ്ങള്‍ ചിലപ്പോഴെങ്കിലും മികച്ച സിനിമാനുഭവമായി മാറാറുണ്ട്. സാങ്കല്പികലോകത്തുനിന്നു നമ്മള്‍ ജീവിക്കുന്ന മണ്ണിലേക്കു കാല്‍കുത്തിനില്ക്കുന്നുവെന്ന പ്രതീതിയാണ് അത്തരം സിനിമകള്‍ പ്രേക്ഷകരിലുണര്‍ത്തുന്നത്. ഭാവനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തി അവ സൃഷ്ടിച്ചെടുക്കുന്നത് പുതിയൊരു ഭാവുകത്വമാണ്.
     പുരാണകഥകളില്‍നിന്നും സാഹിത്യസൃഷ്ടികളില്‍നിന്നും കടംകൊണ്ട കഥാപരിസരങ്ങളില്‍നിന്നു വ്യത്യസ്തമായി  സമകാലികസംഭവവികാസങ്ങളിലേക്കു ക്യാമറ പതിപ്പിക്കുന്ന രീതിക്കു തുടക്കം കുറിച്ചത് ഐ വി ശശി - ടി ദാമോദരന്‍ ടീം ആണെന്നാണ് വ്യക്തിപരമായ നിരീക്ഷണം. 'ഈനാട്' പോലെയുളള സിനിമകള്‍ തുടങ്ങിവച്ചത് അത്തരമൊരു പതിവായിരുന്നു. വൈപ്പിന്‍വിഷമദ്യദുരന്തംപോലത്തെ സംഭവങ്ങളെയാണ് ഈനാട് പകര്‍ത്തിയത്. പ്രസ്തുത ടീമിന്റെ പിന്നീട് വന്ന ഭൂരിപക്ഷം സിനിമകളും ഇതേ സ്വഭാവം പുലര്‍ത്തുന്നതായിരുന്നു. അതിന്റെ അനുകരണമോ ആവര്‍ത്തനമോ ആയി കടന്നുവന്നവയായിരുന്നു ഷാജി കൈലാസ് - രഞ്ജിപണിക്കര്‍ ടീമിന്റെ സിനിമകള്‍.
    സമീപകാലത്തെ ചില സിനിമകളെങ്കിലും യഥാര്‍ഥസംഭവങ്ങളില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ തീര്‍ത്തിട്ടുണ്ട്. നടുക്കവും വേദനയും സൃഷ്ടിച്ച സംഭവങ്ങളെ അവയുടെ തീവ്രത ചോര്‍ന്നുപോകാതെ ഭാവനയും ചേര്‍ത്ത് മികച്ച കൈയടക്കത്തോടെ അവതരിപ്പിച്ചപ്പോള്‍ അവയില്‍ ചിലതെങ്കിലും മലയാളസിനിമയുടെ യശസ്സു വര്‍ദ്ധിപ്പിക്കുന്നതുമായി.
ആദ്യഓര്‍മയില്‍ കടന്നുവരുന്നത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയാണ്. കേരളത്തെ പ്രളയത്തില്‍ മുക്കിയ 2018 ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം ജനജീവിതങ്ങളെ എത്രത്തോളം ദുരിതത്തിലാഴ്ത്തിയെന്നും അത്തരം സാഹചര്യത്തില്‍പോലും കേരളത്തിന്റെ നന്മയും പ്രതിരോധശേഷിയും എത്രത്തോളം പ്രശംസനീയമായിരുന്നുവെന്നുമാണ് 2018 കാട്ടിത്തന്നത്.
    അന്താരാഷ്ട്രഫീച്ചര്‍ ഫിലിംവിഭാഗത്തില്‍ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായതും മലയാളികളുടെ കൂട്ടായ്മയും നന്മയും ലോകത്തിന് മുമ്പില്‍ വെളിവാക്കാന്‍ ഈ സിനിമ സഹായകമായി എന്നതുകൊണ്ടുകൂടിയാണ്. നെഗറ്റീവ് അനുഭവങ്ങളില്‍പോലും പോസിറ്റീവ് അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന പുതിയൊരു പാഠംകൂടിയായിരുന്നു 2018 ലോകത്തിനു  നല്കിയത്. പ്രളയംപോലത്തെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒരു യാഥാര്‍ഥ്യത്തെ സംവിധാനമികവുകൊണ്ട് ജൂഡ് മറികടക്കുന്നതിനും ഈ ചിത്രം സാക്ഷിയായി.
    നിപ്പ വൈറസ് എന്ന പ്രഹേളികയ്ക്കു മുമ്പില്‍ കേരളം അനിശ്ചിതത്വത്തിലൂടെ കടന്നുപോയതിന്റെ പശ്ചാത്തലമാണ് വൈറസ് എന്ന ചിത്രത്തിനുള്ളത്. നിപ്പ കോഴിക്കോടിനെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍, അതിന്റെ ഇരകളായവരുടെയും പകച്ചുനില്ക്കേണ്ടിവന്നരുടെയും, സ്വന്തംജീവന്‍ പോലും പണയംവച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നവരുടെയും കഥയാണ് ആഷിക്ക് അബുവിന്റെ വൈറസ് പറഞ്ഞത്.
മാറാട് ഉണ്ടായ വര്‍ഗീയസംഘര്‍ഷങ്ങളും കലാപങ്ങളും അഭ്രപാളിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടുപോയ സിനിമയായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ കെ കെ ഹരിദാസിന്റെ മാറാത്ത നാട്. മാറാട് എന്ന പേരില്‍ ആദ്യം പുറത്തിറക്കാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് സാങ്കേതികകാരണങ്ങളാല്‍ മാറാത്ത നാട് എന്ന പേരിലാണ് പ്രദര്‍ശനത്തിനെത്തിയത്.
   മേല്പറഞ്ഞ മൂന്നു സിനിമകളും നമ്മളില്‍ ഭൂരിപക്ഷത്തിനും കേവലം പത്രവാര്‍ത്തയോ ടിവി വാര്‍ത്തയോ മാത്രമായി അനുഭവപ്പെട്ടപ്പോള്‍ ആ വാര്‍ത്തകളില്‍ ഒരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നു കണ്ടെത്താന്‍ ആഷിക്കിനും ജൂഡിനും ഹരിദാസിനും കഴിഞ്ഞു എന്നതാണ് പ്രേക്ഷകരും സിനിമാക്കാരും തമ്മിലുള്ള വ്യത്യാസം. അത് ആസ്വാദകനും കലാകാരനും തമ്മിലുളള അന്തരവും പ്രകടമാക്കുന്നുണ്ട്.
ഒരു സംഭവത്തെ ഇപ്രകാരം ആവിഷ്‌കരിക്കുമ്പോള്‍ അവയെല്ലാം ചരിത്രത്തിന്റെകൂടി ഭാഗമായിട്ടാണു മാറുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കുശേഷം അതാസ്വദിക്കുന്ന ഒരു പ്രേക്ഷകന് അവ നല്കുന്നത് ചില ചരിത്രാവശിഷ്ടങ്ങളും ചരിത്രബോധവുമാണ്. ഭൂതകാലത്തിലേക്കുള്ള മടക്കയാത്രയ്ക്കാണ് അവ വഴിവെട്ടുന്നത്. ഇപ്രകാരം ഭൂതകാലത്തിലേക്കും ചരിത്രത്തിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ഒരു സമീപകാലസിനിമയാണ് അനുരാജ് മനോഹര്‍ - അബിന്‍ ജോസഫ് കൂട്ടുകെട്ടില്‍ വിരചിതമായ ടൊവിനോ തോമസ് ചിത്രമായ 'നരിവേട്ട.'
    പലരുടെയും ഓര്‍മയില്‍ മങ്ങിയും ചുരുങ്ങിയുമൊക്കെയുള്ള ഒരു സമരത്തിന്റെ ഭൂമികയിലേക്കും, കണ്ടതും കേട്ടതുമായ പത്രവാര്‍ത്തകള്‍ക്കപ്പുറമുളള സത്യത്തിലേക്കും കൊണ്ടുപോയി, നിസ്സഹായരും ചൂഷിതരുമായ ഒരു സമൂഹത്തോടു പക്ഷംചേരാന്‍ ആത്മനാ പ്രേരിപ്പിക്കുന്ന ചിത്രമായിട്ടാണ് നരിവേട്ട പരിണമിക്കുന്നത്. ഇരുപത്തിരണ്ടുവര്‍ഷം മുമ്പാണ് വയനാട്ടിലെ മുത്തങ്ങയില്‍ പൊലീസ് വെടിവയ്പു നടന്നത്. കേരളചരിത്രത്തില്‍ ആദിവാസിസമൂഹത്തിനെതിരേ നടന്ന ഏറ്റവും ക്രൂരമായ നരനായാട്ടായിരുന്നു മുത്തങ്ങസംഭവം. ആ സംഭവത്തെ അതിന്റെ തീവ്രതയിലും തീക്ഷ്ണതയിലുമാണ് നരിവേട്ട അവതരിപ്പിച്ചിരിക്കുന്നത്.
    പുതുതലമുറയിലെ കുട്ടികള്‍ ഒരിക്കലും അറിയാന്‍ ഇടയില്ലാത്ത ഒരു സമരത്തെയും, അവശരും ചൂഷിതരുമായ ഒരു ജനവിഭാഗത്തെയും നരിവേട്ട തീക്ഷ്ണമായ രീതിയില്‍ ഈ ചിത്രത്തില്‍ വരച്ചുചേര്‍ത്തിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയംകൂടി പ്രസ്തുത ചിത്രം  അവതരിപ്പിക്കുന്നു. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കു മറപിടിക്കാന്‍ വിധിക്കപ്പെടുന്ന ഉദ്യോഗസ്ഥരും അവരുടെ ക്രൂരതകള്‍ക്കിരകളാകേണ്ടിവരുന്ന സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാരും പ്രേക്ഷകമനസ്സില്‍ തീ കോരിയിടുന്നുണ്ട്.
   നരിവേട്ടയിലൂടെ മുത്തങ്ങയിലെ ജനങ്ങളുടെ ദുരിതവും സമരമുഖങ്ങളും കണ്ട് നാം മനംനൊന്തുവെങ്കില്‍ ഇന്നും ആദിവാസികളുടെ സ്ഥിതി തെല്ലും ആശ്വാസകരമല്ലെന്നാണ് വര്‍ത്തമാനകാലം നമ്മോടു പറയുന്നത്. നിലമ്പൂരിലെ ആദിവാസിജനത മുത്തങ്ങയിലെ ആദിവാസികളെപ്പോലെ ഒരുതുണ്ടു ഭൂമിക്കുവേണ്ടിയുള്ള പോരാട്ടസമരം തുടരുകയാണെന്നുകൂടി ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ബെന്യാമിന്‍ പറയുന്നതുപോലെ നമ്മുടേതല്ലാത്ത ജീവിതങ്ങളൊക്കെ നമുക്കു കെട്ടുകഥകളായി തോന്നുന്നിടത്താണ് നരിവേട്ട സാമൂഹികപ്രതിബദ്ധതയുളള ഒരു സിനിമയായി മാറുന്നത്. മറവികള്‍ക്കെതിരേ ഓര്‍മകളുടെ സമരമാണ് ഈ സിനിമ നടത്തുന്നത്.
റിയലിസ്റ്റിക്ക് എലമെന്റ്‌സും ഒപ്പം കൊമേഴ്സ്യല്‍ എലമെന്റ്‌സും സമര്‍ഥമായി വിന്യസിക്കാന്‍ കഴിഞ്ഞതിലൂടെ നരിവേട്ട എല്ലാ പ്രായക്കാര്‍ക്കും  ഒന്നുപോലെ കണക്ട് ചെയ്യുന്ന ചിത്രമായി മാറുന്നു.
   നരിവേട്ടയെക്കുറിച്ചു പറയുമ്പോള്‍ പരാമര്‍ശിക്കപ്പെടേണ്ട ഒരു സിനിമയാണ് 2022 ല്‍ പുറത്തിറങ്ങിയ പട. 1996 ലെ വിവാദമായ ആദിവാസിഭൂമിഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആദിവാസിസമൂഹങ്ങളുടെ കുടിയിറക്കാണ് പട വിഷയമാക്കിയിരിക്കുന്നത്. പാലക്കാട് കളക്ടറെ ബന്ദിയാക്കിയ യഥാര്‍ഥസംഭവം ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
യഥാര്‍ഥസംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ നേരിടുന്ന ചില പ്രശ്നങ്ങളെക്കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടതുണ്ട്. യഥാര്‍ഥസംഭവങ്ങള്‍ അതേപടി ആവിഷ്‌കരിക്കുമ്പോള്‍ അത് ഡോക്യുമെന്ററിയായി മാറും. എന്നാല്‍, അവയില്‍ സിനിമാറ്റിക് എലമെന്റ്സ് ചേര്‍ക്കുമ്പോള്‍ മാത്രമാണ് സിനിമ എന്ന കലാരൂപത്തോടു ചേര്‍ന്നുനില്ക്കുന്നത്. ഇങ്ങനെ സിനിമാറ്റിക് എലമെന്റ്സും ഭാവനയും അധികകഥാപാത്രങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ അത് വിശ്വാസ്യതയ്ക്കു ഭംഗംവരുത്തുകയും സംവാദങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യാറുമുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ഥസംഭവത്തെ ആസ്പദമാക്കിയുള്ള പല സിനിമകളും വിവാദങ്ങള്‍ക്കു കാരണമായിത്തീരുന്നു.
 
							 വീയെന്‍
 വീയെന്‍ 
                     
									 
									 
									 
									 
									 
									 
									 
									 
									 
									 
                    