•  4 Sep 2025
  •  ദീപം 58
  •  നാളം 26
കാഴ്ചയ്ക്കപ്പുറം

വിദേശം കൊതിപ്പിക്കുമ്പോള്‍

   പുതിയ കാലത്തിന്റെ ഏറ്റവും പുതിയ പ്രവണതകളിലൊന്ന് വിദേശങ്ങളിലേക്കുള്ള യുവജനങ്ങളുടെ ഒഴുക്കാണ്. പഠിക്കാനും ജോലിക്കുമായി യുവജനങ്ങള്‍ കൂട്ടത്തോടെ കേരളമണ്ണില്‍നിന്നു പലായനം ചെയ്യുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. ഇത്തരമൊരു പറിച്ചുനടലിന് യുവജനങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നതില്‍ അവരെ കുറ്റംപറയാനുമാവില്ല. സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും പിന്‍വാതില്‍നിയമനവും ചേര്‍ന്ന് അര്‍ഹതയുള്ളവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും അനര്‍ഹരും തങ്ങളുടെ പാര്‍ട്ടിക്കാരും കുടുംബക്കാരും ജോലിക്കാരായി മാറുകയും ചെയ്യുന്ന അത്യന്തം ദയനീയമായ സാഹചര്യത്തില്‍ ജീവിതം കരുപ്പിടിപ്പിക്കാനായിട്ടാണ് ഭൂരിപക്ഷം ചെറുപ്പക്കാരും വിദേശത്തേക്കു പോകുന്നത്.
   വിദേശരാജ്യങ്ങളില്‍ കിട്ടുന്ന വ്യക്തിസ്വാതന്ത്ര്യവും സാമ്പത്തികനേട്ടവും ഭാവിസുരക്ഷിതത്വവും ചിലരെ അവിടേക്ക് ആകര്‍ഷിക്കുന്നുമുണ്ട്. എന്നാല്‍, ഇങ്ങനെ കുടിയേറുന്ന എല്ലാവരുടെയും ജീവിതം സുരക്ഷിതമാണോ? അവര്‍ ആഗ്രഹിക്കുന്നതുപോലെയാണോ എല്ലാക്കാര്യങ്ങളും സംഭവിക്കുന്നത്? വിദേശത്തു പോകുക എന്നതുമാത്രമാണോ എല്ലാ ചെറുപ്പക്കാരുടെയും ജീവിതലക്ഷ്യം? ഇങ്ങനെയുള്ള രണ്ടുമൂന്നു ചോദ്യങ്ങളിലേക്കു വെളിച്ചംവീശുന്ന ചിത്രമാണ് അരുണ്‍വൈഗ സംവിധാനം ചെയ്ത് രഞ്ജിത് സജീവ് നായകനായ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.'
  സമകാലികകേരളത്തിന്റെ മുഖമാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്. മകനെ യുകെയില്‍ അയച്ച് അവന്റെ ജീവിതം ഭദ്രമാക്കാന്‍ ശ്രമിക്കുന്ന അപ്പന്‍. എന്നാല്‍, നാട്ടില്‍ത്തന്നെ നിന്നു ജീവിതം കരുപ്പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മകന്‍. അപ്പനോടു തന്റെ മനസ്സ് തുറന്നുകാണിക്കാന്‍ കഴിയാതെവരുന്നതിനെപ്രതി അവന്‍ ബോധപൂര്‍വം ഐഇഎല്‍റ്റിഎസ് പരീക്ഷയില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ഒടുവില്‍ അപ്പന്റെ ആഗ്രഹത്തെപ്രതി പരീക്ഷയില്‍ ജയിക്കുകയും ചെയ്യുന്നു. പിന്നീടാണ് ഒരു പ്രത്യേകസന്ദര്‍ഭത്തില്‍ തന്റെ ആഗ്രഹം അവന്‍ അപ്പനെ അറിയിക്കുന്നത്. സമാനചിന്താഗതിക്കാരായ ചില കൂട്ടുകാരുമൊത്ത് തങ്ങളുടെ മനസ്സിലെ പുതുമയുള്ള സംരംഭങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്ന അവര്‍ അപ്രതീക്ഷിതമായി ചില പ്രതികൂലാനുഭവങ്ങളെ നേരിടേണ്ടിവരികയും ഒടുവില്‍ അതിനെയെല്ലാം തരണം ചെയ്യുകയും ചെയ്യുന്നു.
സമകാലികപ്രസക്തമായ ഒരു വിഷയത്തെയാണ് അവതരിപ്പിച്ചതെങ്കിലും അതു പ്രേക്ഷകരിലേക്കു വേണ്ടവിധത്തില്‍ എത്തിക്കാന്‍ പല കാരണങ്ങള്‍കൊണ്ടും കഴിയാതെപോയി എന്നത് ചിത്രത്തിന്റെ ന്യൂനതയാണ്.  പ്രശസ്തനല്ലാത്ത സംവിധായകനും നായകനായി പൊതുസമൂഹം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നടനും എന്നതും ഇതിന്റെ മറ്റൊരു കാരണമാണ്. അതെന്തായാലും നമ്മുടെ സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്നത്തെ തങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട് അവതരിപ്പിക്കാന്‍ ഇക്കൂട്ടര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. വിദേശത്തേക്കു പോകാതെ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുന്ന ഒരു നായകന്‍ മലയാളികളുടെ സങ്കല്പങ്ങള്‍ക്കു വിരുദ്ധനായതുകൊണ്ടുകൂടിയാവാം ചിത്രത്തെ യുവതലമുറ തള്ളിക്കളഞ്ഞത്.
കേരളം വരുംവര്‍ഷങ്ങളില്‍ വൃദ്ധരു ടെ നാടായി മാറും എന്നതിനെക്കുറിച്ചും ആള്‍ത്താമസമില്ലാതെ കിടക്കുന്ന പാര്‍പ്പിടങ്ങളെക്കുറിച്ചും വലിയ വായിലേ നിലവിളിക്കുന്ന നമ്മള്‍ അതിന്റെ പിന്നിലെ യഥാര്‍ഥപ്രശ്നം കാണാതെ പോകുന്നുവെന്നതാണ് പരിതാപകരം. വിദേശത്തുപോകാതെ നാട്ടില്‍ത്തന്നെ തങ്ങളുടെ കഴിവും ഊര്‍ജവും ചെലവഴിച്ച് അന്തസ്സോടെ ജീവിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാരെപ്പോലും ബ്യൂറോക്രസിയുടെ കരാളഹസ്തങ്ങള്‍ പിടികൂടുകയും ഞെരുക്കുകയും ചെയ്യുന്നതായിട്ടാണ് വാര്‍ത്തകള്‍. സിനിമയിലും അത്തരം മുഖങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 കിടപ്പാടംപോലും പണയംവച്ച് ഭീമമായ തുക ലോണെടുത്ത് സ്റ്റുഡന്റ്‌സ് വീസയ്ക്കു യുകെയിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും പോകുന്ന ചെറുപ്പക്കാര്‍ക്കു സംഭവിക്കുന്ന ദുരന്തവും അവര്‍ ചെന്നുപെടുന്ന സാഹചര്യവും ജ്യോതി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോള്‍ അതാരുടെ നെഞ്ചിനെയാണ് വേദനിപ്പിക്കാത്തത്? പരാജയപ്പെടുന്ന ജ്യോതിമാരെ അധികം അവതരിപ്പിക്കാതെ വിജയിക്കുന്ന ജ്യോതിമാരെയാണ് മാധ്യമങ്ങള്‍ കൂടുതലായും അവതരിപ്പിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈയാംപാറ്റകളെപ്പോലെ കരിഞ്ഞുവീഴുന്ന ജ്യോതിമാരെ പലരും അറിയാതെപോകുന്നു.
വിദേശമലയാളികളുടെ വരുമാനവും സംഭാവനയും കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട് എന്നതു നിഷേധിക്കുന്നില്ല. പക്ഷേ, ലഹരി തലയ്ക്കു പിടിച്ചവരെപ്പോലെ വിദേശഭ്രമംമൂലം ജീവിതം വഴിതെറ്റിപ്പോകുന്ന ഒരുപറ്റം ചെറുപ്പക്കാരും നമുക്കിടയിലുണ്ട്. അവരുടെ കുടിയേറ്റംമൂലം വീടുകളില്‍ ആരുമില്ലാതെവരുന്ന അവസ്ഥയുമുണ്ട്. മുറ്റത്തെ കള പറിക്കാന്‍പോലും ബംഗാളിയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം. ഈ പശ്ചാത്തലത്തിലാണ് സ്വന്തം നാടിനെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന,  വിദേശഭ്രമംമൂലം അപകടത്തില്‍ചെന്നുചാടുന്നവരുടെ നിസ്സഹായത തുറന്നുകാട്ടുന്ന പ്രസ്തുത സിനിമ സോദ്ദേശ്യമാകുന്നത്.
വളരെ പ്രസക്തവും കാലികവുമായ  ഒരു വിഷയമാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' പറയുന്നതെങ്കിലും അദ്ഭുതപ്പെടുത്തിയത് ഈ സിനിമയെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ല എന്നതാണ്. വിദേശരാജ്യങ്ങളിലേക്കു യുവജനങ്ങള്‍ കുടിയേറുമ്പോള്‍ നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നികത്താനാവാത്ത വിടവിനെക്കുറിച്ചും അതു സൃഷ്ടിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ ആഘാതങ്ങളെക്കുറിച്ചും വായ് തോരാതെ സംസാരിക്കുന്നവര്‍പോലും ഈ സിനിമയെക്കുറിച്ചു  ചര്‍ച്ച ചെയ്യുന്നതായി കണ്ടില്ല. 
വിദേശത്തുപോകുന്നവരെല്ലാം സുഖിക്കുകയോ ആഡംബരജീവിതം നയിക്കുകയോ അല്ല എന്നു  മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. വിവാഹിതനായി വിദേശത്തു ഭാര്യയ്‌ക്കൊപ്പം ജീവിക്കേണ്ടിവരുന്ന പുരുഷന്മാരുടെ അവസ്ഥ ജിത്തുജോസഫിന്റെ 'ലൈഫ് ഓഫ് ജോസൂട്ടി' അനാവരണം ചെയ്യുന്നുണ്ട്. എന്നാല്‍, അന്ന് ഇത്രയും കുത്തൊഴുക്ക് യൂറോപ്യന്‍രാജ്യങ്ങളിലേക്കു സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പണ്ടുകാലത്തെ ഗള്‍ഫിന്റെ പരിച്ഛേദമാണ് ഇപ്പോഴത്തെ യൂറോപ്പും അമേരിക്കയും.
അഹമ്മദ് സലീം സംവിധാനം ചെയ്ത 'പത്തേമാരി' എന്നൊരു മമ്മൂട്ടിസിനിമയുണ്ട്. കുന്നേല്‍ നാരായണന്‍ എന്ന പ്രസ്തുത കഥാപാത്രം ഗള്‍ഫിലെ മണലാരണ്യത്തില്‍ ജീവിക്കുന്ന, കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന മധ്യവയസ്‌കനാണ്. പണം കായ്ക്കുന്ന മരമായിട്ടാണ് അയാളെ ഭാര്യപോലും കരുതുന്നത്. പിന്നെ മക്കളുടെ കാര്യം പറയാനുണ്ടോ? നാട്ടില്‍ അവധിക്കുവരുന്ന നാരായണന്‍ സെന്റും അത്തറും ബന്ധുക്കള്‍ക്കു വിതരണം ചെയ്യുമ്പോള്‍ അവരിലൊരാള്‍ പറയുന്നത് 'നാരായണന് ഇവിടെ അതിന്റെയൊന്നും ആവശ്യമില്ലല്ലോ എന്നും അത്തറും അടിച്ചാണല്ലോ ഗള്‍ഫില്‍ ജീവിക്കുന്നത്' എന്നാണ്. പാവം നാരായണനു മാത്രമേ തന്റെ അവസ്ഥ അറിയാവൂ. അയാള്‍തന്നെ പറയുന്ന ഒരു വാചകമുണ്ട്. നാട്ടിലേക്ക് ഇരുപതു രൂപ അയയ്ക്കുമ്പോള്‍ അതില്‍ പത്തുരൂപ തന്റെയും പത്തുരൂപ കടം വാങ്ങിയതുമായിരിക്കും. പക്ഷേ, വീട്ടുകാര്‍ വിചാരിക്കുന്നത്  നാല്പതുരൂപ ഗള്‍ഫില്‍ ധൂര്‍ത്തടിച്ചിട്ട് ഇരുപതു രൂപ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ്. 'അറബിക്കഥ' എന്ന ലാല്‍ജോസ് സിനിമയിലും വിദേശമലയാളിയുടെ ജീവിതയാതനകള്‍ കോറിയിട്ടിട്ടുണ്ട്. ഗള്‍ഫില്‍ ഇപ്രകാരം ജീവിക്കുന്ന, മുണ്ടുമുറുക്കിയുടുത്തു നാട്ടിലേക്കു പണം അയയ്ക്കുന്ന മലയാളികളുടെ പുതിയ രൂപമാണ് യൂറോപ്യന്‍രാജ്യങ്ങളിലേക്കു കുടിയേറിയിരിക്കുന്ന മലയാളികളുടേത് എന്നത് അവരുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്കറിയാം. ഇക്കരെ നില്ക്കുമ്പോള്‍ അക്കരപ്പച്ച എന്നു തോന്നുന്നതുപോലെയാണ് കാര്യങ്ങള്‍. ഈ യാഥാര്‍ഥ്യങ്ങളിലേക്ക് അല്പമെങ്കിലും വെളിച്ചം വീശാന്‍ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യ്ക്കു കഴിഞ്ഞിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)