ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ രണ്ടു ചെറിയ സിനിമകളിലൂടെ മലയാളസിനിമാപ്രേക്ഷകരെക്കൊണ്ട് കാമ്പുള്ള സംവിധായകന്‍ എന്നു പറയിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് തരുണ്‍മൂര്‍ത്തി. സൂപ്പര്‍താരങ്ങളുടെ പിന്നാലെ പോകാതെ കഥയ്ക്കും കഥാപാത്രത്തിനുമനുസരിച്ചുള്ള നടീനടന്മാരെ സെലക്ട് ചെയ്തുകൊണ്ടും വ്യത്യസ്തമായ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ടുമാണ് തരുണ്‍മൂര്‍ത്തി എന്ന ചെറുപ്പക്കാരനായ സംവിധായകന്‍ മലയാളസിനിമയില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയത്. അങ്ങനെയുള്ള ഒരു സംവിധായകന്‍ മോഹന്‍ലാലിനെപ്പോലൊരു സൂപ്പര്‍താരത്തെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമ ചെയ്യുമ്പോള്‍ അത് എപ്രകാരമുള്ള സിനിമയായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു സിനിമാലോകം. വലിയൊരു ഭാരം ചുമലില്‍ കയറ്റിവച്ചതുപോലുളള പ്രതീതി. പല സംവിധായകര്‍ക്കൊപ്പം കൂട്ടുചേര്‍ന്നു ചുവടുപതറി ലാല്‍ നില്ക്കുന്ന സമയമായതുകൊണ്ട് പ്രത്യേകിച്ചും. എന്നാല്‍, ഇത്തരത്തിലുള്ള എല്ലാ മുന്‍ധാരണകളെയും മറികടന്നുകൊണ്ടും അധികം അവകാശവാദങ്ങളില്ലാതെയും തിയറ്ററുകളിലെത്തി വിജയകിരീടം ചൂടിയിരിക്കുകയാണ് തരുണ്‍മൂര്‍ത്തി - മോഹന്‍ലാല്‍ ചിത്രമായ 'തുടരും.' നെല്ല് പത്തായത്തിലുണ്ടെന്നറിഞ്ഞാല്‍ എലി വയനാട്ടില്‍നിന്നു വരും എന്നു പറയുന്നതുപോലെ നല്ല സിനിമയാണെന്ന മൗത്ത് പബ്ലിസിറ്റികൊണ്ട് ഇന്ന് എല്ലാ തിയറ്ററുകളിലും ഹൗസ്ഫുള്‍ ബോര്‍ഡ് വച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ് 'തുടരും' എന്ന ചിത്രം.
തീര്‍ച്ചയായും തുടരും ഒരു വിജയചിത്രമാണ്. മലയാളം ഫിലിം ഇന്‍ഡസ്ട്രിക്കും മോഹന്‍ലാലിനും തരുണ്‍മൂര്‍ത്തിക്കും എല്ലാം അവശ്യമായ വിജയം ഉറപ്പുവരുത്തിയ സിനിമ. എന്നാല്‍, സിനിമ വിജയിച്ചുവെന്നതുകൊണ്ട് ആ സിനിമ ഒരിക്കലും മഹത്തരമാകണമെന്നില്ല. അതിനുള്ള ഉദാഹരണംകൂടിയാണ് തുടരും. കാരണം, മോഹന്‍ലാലിനെ വച്ച് ഒരു സിനിമ എന്ന വലിയ റിസ്‌ക് ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ എന്താണു മോഹന്‍ലാലില്‍നിന്ന് ഒരു സാദാപ്രേക്ഷകനു വേണ്ടതെന്നു വ്യക്തമായി മനസ്സിലാക്കി ലാലിന്റേതുള്‍പ്പടെയുള്ള മിക്ക ഹിറ്റ് സിനിമകളുടെയും വിജയഫോര്‍മുലകള്‍ കൃത്യമായി ചേരുംപടി ചേര്‍ത്തുണ്ടാക്കിയ സിനിമയാണ് തുടരും. ദൃശ്യം, പുലിമുരുകന്‍, എന്നിങ്ങനെയുള്ള ഒട്ടനവധി മോഹന്‍ലാല്‍ സിനിമകളെ പ്രസ്തുതചിത്രം പലരീതിയിലും ഓര്‍മിപ്പിക്കുന്നുണ്ട്. (തുടരും സിനിമയിലെ ലളിത എന്ന ഭാര്യാകഥാപാത്രം ഏതൊക്കെയോ വിധത്തില്‍ പുലിമുരുകന്റെ ഭാര്യയെയും അതുപോലെ പൊലീസ് വേട്ടയാടലുകളുടെ രംഗങ്ങളില്‍ ദൃശ്യത്തെയും തുടരും ഓര്‍മിപ്പിക്കുന്നുണ്ട്.) പുലിമുരുകനിലെ സ്റ്റണ്ട് സ്വീക്വന്‍സുകളില്‍ കണ്ട അതേ മോഹന്‍ലാലിനെത്തന്നെയാണ് തുടരും സിനിമയിലും കാണാന്‍ കഴിയുന്നത്. ആണ്ടവനേ എന്നു വിളിക്കുന്ന അത്തരം രംഗങ്ങളില്‍നിന്ന് തുടരും സിനിമയിലെ നായകന്‍ മുരുകാ എന്നു വിളിക്കുന്നു. മുരുകനും ഷണ്മുഖനും ഒരേ ആള്‍തന്നെയാണല്ലോ. വിജയിച്ച സിനിമകളിലെ നായകകഥാപാത്രങ്ങളുടെ പേര് അല്ലെങ്കില്‍ അവരുടെ പര്യായപദങ്ങള്‍ പിന്നീടുവരുന്ന സിനിമകളിലെ നായകന്മാര്‍ക്കു ചാര്‍ത്തിക്കൊടുക്കുന്ന പ്രവണതയും മലയാളസിനിമയിലുണ്ടല്ലോ. ദേവാസുരത്തിലെ നീലകണ്ഠന്‍ പിന്നീട് ഇന്ദുചൂഡനും വേലായുധന്‍ (നരന്‍) മുരുകനും (പുലിമുരുകന്‍) ഷണ്മുഖവു (തുടരും)മായി മാറിയിരിക്കുന്നു, അപ്പോള്‍ പേരില്‍പോലും മാറിച്ചിന്തിക്കാന്‍ സിനിമയുടെ സ്രഷ്ടാക്കള്‍ക്കു സാധിച്ചിട്ടില്ലെന്ന് അര്‍ഥം).
കച്ചവടക്കാരനായ സംവിധായകന്‍ എന്ന നിലയില്‍ തരുണ്‍മൂര്‍ത്തി വിജയിക്കുകയും കലാകാരനായ സംവിധായകന്‍ എന്ന നിലയില്‍ പരാജയപ്പെടുകയുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതിനപ്പുറം അതൊരു മികച്ച സിനിമയോ വ്യത്യസ്ത സിനിമയോ ആകുന്നില്ല. എന്നിട്ടും എവിടെയാണ് തുടരും സിനിമയുടെ കേന്ദ്രഭാവം നമ്മെ ആകര്‍ഷിക്കുന്നത്? ഇന്നേവരെ മലയാളസിനിമയില്‍ കണ്ടിട്ടില്ലാത്ത ഒരു കഥയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. അതുതന്നെയാണ് പ്ലസ്പോയിന്റും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മകനാണെന്നറിയാതെ മകന്റെ മൃതദേഹം മറവുചെയ്യാന്‍ കൂട്ടുനില്ക്കേണ്ടിവരുന്ന ഒരു അച്ഛന്റെ നിസ്സഹായാവസ്ഥയുടെ കഥയാണ് തുടരും.
ഈ ഒരൊറ്റവാക്കില്‍ സിനിമയുടെ മുഴുവന്‍ ഫ്രഷ്‌നസുമുണ്ട്. മകനാണെന്ന് അറിയാതിരുന്നിട്ടും ആ തെറ്റിനു കൂട്ടുനില്‌ക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന കുറ്റബോധവും നിസ്സഹായതയും പിന്നീട് അതു മകന്‍തന്നെയായിരുന്നുവെന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും അതിഗംഭീരമായിത്തന്നെ മോഹന്‍ലാല്‍ എന്ന നടന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു ഉദാത്തസിനിമയുടെ ഭാവതലങ്ങളിലേക്ക് എത്തിപ്പെട്ടുനില്ക്കുന്ന ഈ അവസ്ഥയില്‍നിന്ന് സിനിമ പിന്നീട് താഴേക്കു നിലംപതിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അതായത്, മലയാളസിനിമയുടെ തുടക്കംമുതല്‍ കണ്ടുവരുന്ന ഒരു പ്രതികാരകഥമാത്രമായി തുടരും പരിണമിക്കുന്നു. പ്രതികാരം ചെയ്യുന്ന ഒരു അച്ഛന്റെ കഥമാത്രമായി തുടരും അവസാനിക്കുന്നു.
സത്യത്തില്‍ സാധാരണ പ്രേക്ഷകര്‍ക്ക് അതാണ് ആവശ്യവും. നന്മയുടെ പ്രതിരൂപമായ, സര്‍വഗുണസമ്പന്നനും കുടുംബസ്നേഹിയും മനുഷ്യസ്നേഹിയുമായ നായകന് എതിരേ നില്ക്കുന്ന ദുഷ്ടശക്തികളെ ഇല്ലായ്മ ചെയ്യുമ്പോള്‍ നായകനൊപ്പം നില്ക്കാനാണ് എല്ലാ പ്രേക്ഷകര്‍ക്കും താത്പര്യവും. മാത്രവുമല്ല, നായകന്‍ ചെയ്യുന്ന കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രതിനായകകഥാപാത്രം അത്രമാത്രം പ്രേക്ഷകനെ വെറുപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മരണം അല്ലാതെ അവര്‍ക്ക് മറ്റൊരു ശിക്ഷയില്ലെന്ന നിഗമനത്തില്‍ത്തന്നെയാണ് പ്രേക്ഷകനും എത്തിച്ചേരുന്നത്.
ഇവിടെ നാം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എന്തുകൊണ്ടാണ് ഒരു സാധാരണക്കാരന് നിയമം കൈയിലെടുക്കേണ്ടിവരുന്നത്? പ്രതിസ്ഥാനത്തുള്ളവര്‍ ഉന്നതരും പ്രതാപശാലികളുമാകുമ്പോള്‍, അവര്‍ പ്രതിസ്ഥാനത്തു പേരുചേര്‍ക്കപ്പെടുന്നുവെങ്കില്‍ത്തന്നെയും, കേസ് കോടതിയിലെത്തുമ്പോള്‍ അവര്‍ നിഷ്പ്രയാസം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഊരിപ്പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ദുര്‍ബലമായ നീതിന്യായവ്യവസ്ഥയും കെടുകാര്യസ്ഥതയും സ്വജനപ്രീണനവും അഴിമതിയുമാണ് നമ്മുടെ ദുര്യോഗം. അത് ഭരണതലങ്ങളില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സാധാരണക്കാരനു നീതി ഒരിടത്തുനിന്നും കിട്ടാന്‍പോകുന്നില്ല. മകളെ പീഡിപ്പിച്ചു കൊന്നവനെ ഇല്ലായ്മചെയ്ത അച്ഛനു സ്വീകരണം നല്കിയ നാടാണ് നമ്മുടേത്. കാരണം, ഭൂരിപക്ഷത്തിനും ചെയ്യാത്തത് ആ അച്ഛന്‍ ചെയ്തു എന്നതില്‍ ഒരു വിഭാഗം ആളുകള്‍ അന്നും ഇന്നും സന്തോഷിക്കുന്നു. ഇത്തരമൊരു അവസ്ഥയിലേക്കു മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്നത് ഇവിടത്തെ ഭരണകൂടംതന്നെയാണ്.
ഇത്തരമൊരു സാമൂഹികചുറ്റുപാടിലാണ് നീതി കൈയിലെടുക്കാന്‍ സാധാരണക്കാരനു പ്രേരണയുണ്ടാകുന്നത്. സമൂഹത്തില്‍ കാണുന്നത് സിനിമയിലും സിനിമയിലുള്ളത് സമൂഹത്തിലും പരസ്പരം പ്രതിഫലിക്കാറുണ്ട്. അതിന്റെ അനുരണനമാണ് തുടരും സിനിമയിലും കാണാന്‍ സാധിക്കുന്നത്. നീതി കൈയിലെടുക്കുന്ന ഈ നായകന്‍ ഓരോ പ്രേക്ഷകന്റെയും പ്രതിബിംബമായി മാറുന്നു.
ഈ അര്‍ഥത്തില്‍ മോഹന്‍ലാല്‍ തുടരും എന്നു മാത്രമല്ല തുടരും എന്ന ശീര്‍ഷകംകൊണ്ട് അര്‍ഥമാക്കുന്നത്; മറിച്ച്, മലയാളസിനിമയിലെ പ്രതികാരകഥകള്‍ തുടരും എന്നുകൂടിയാണ്. പ്രതികാരം ചെയ്യാത്ത ഒരു നായകന്റെ കഥ സിനിമയില്‍ വിജയിക്കാറില്ല. ദി പ്രിന്‍സ്, ചെങ്കോല്‍, ഭ്രമരം തുടങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍തന്നെ നോക്കൂ. തിയറ്ററുകളില്‍ സിനിമകള്‍ വിജയിക്കണമെങ്കില്‍ കൊലയും കൊള്ളിവയ്പും ക്രൂരതയും പ്രതികാരവുംമാത്രമായിരിക്കണം പ്രതിപാദ്യം എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതല്ലേ? മുമ്പൊരു ലക്കത്തില്‍ സൂചിപ്പിച്ചതുപോലെ യുഎ സര്‍ട്ടിഫിക്കറ്റും 16+ഉം അല്ലാതെയുള്ള സിനിമകള്‍ ഇപ്പോള്‍ ഇറങ്ങുന്നില്ലെന്നുതന്നെ പറയേണ്ടിവരും. തുടരും എന്നതും ഈ ഗണത്തില്‍പ്പെടുന്നു.