•  4 Sep 2025
  •  ദീപം 58
  •  നാളം 26
കാഴ്ചയ്ക്കപ്പുറം

പ്രതീക്ഷയുണര്‍ത്തി ഓണച്ചിത്രങ്ങള്‍

    തീയറ്ററുകള്‍ നിറയുന്ന അപൂര്‍വംചില വിശേഷാവസരങ്ങളാണ് ഓണവും ക്രിസ്മസും വിഷുവും റംസാനും മറ്റും. അതില്‍ത്തന്നെ ഓണം മുമ്പന്തിയിലാണ്.
    ഇത്തവണത്തെ ഓണച്ചിത്രങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. അതില്‍ ഒന്നാമതായുള്ളത് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ ഹൃദയപൂര്‍വം എന്ന സിനിമയാണ്. ഓഗസ്റ്റിന് 28 നാണ് ഹൃദയപൂര്‍വം തീയറ്ററിലെത്തുന്നത്. ''തുടരും'' എന്ന സിനിമയിലൂടെ മലയാളികുടുംബങ്ങളിലേക്കു മോഹന്‍ലാല്‍ നടത്തിയ തിരിച്ചുവരവിന്റെ തുടര്‍ച്ചയായിരിക്കുമോ ''ഹൃദയപൂര്‍വം'' എന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ. ഒരു സൂപ്പര്‍താരത്തിന്റെ ചിത്രം ഹിറ്റും സൂപ്പര്‍ ഹിറ്റുമാകുമ്പോള്‍ തുടര്‍ന്നുവരുന്ന സിനിമയും ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ. ആ പ്രതീക്ഷ തന്നെയാണ് ഹൃദയപൂര്‍വത്തിന്റെ കാത്തിരിപ്പിനെ ശ്രദ്ധേയമാക്കുന്നതും.
മാത്രവുമല്ല, മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രംകൂടിയാണ് ഹൃദയപൂര്‍വം. കളിയില്‍ അല്പംകാര്യം, പിന്‍ഗാമി, ഇന്നത്തെ ചിന്താവിഷയം പോലെയുള്ള ചുരുക്കംചില ചിത്രങ്ങളേ ഈ കൂട്ടുകെട്ടില്‍ വിജയിക്കാതെപോയിട്ടുള്ളൂ. സത്യനൊപ്പമുണ്ടായിരുന്ന പല സംവിധായകരും പിന്തള്ളപ്പെട്ടപ്പോഴും ഇന്നും സിനിമകളുണ്ട് എന്നത് സത്യന്  കുടുംബപ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിവുണ്ട് എന്നതിനു തെളിവാണ്. ഒരേ റൂട്ടില്‍ സ്ഥിരമായി ഓടുന്ന സിനിമകളാണ് സത്യന്റേതെന്ന് സലിംകുമാറിനെപ്പോലെയുള്ളവര്‍ വിമര്‍ശിക്കുമ്പോഴും സലീംകുമാറിനെക്കാള്‍ വിജയിച്ചതും നല്ലതും റിപ്പീറ്റ് വാല്യുവുള്ളതുമായ ചിത്രങ്ങളുടെ സംവിധായകനാണ് സത്യന്‍ എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല
പുതിയ സെന്‍സേഷ നുകളെ  ഫലപ്രദമായി വിനി യോഗിക്കാന്‍ കഴിവുള്ള സംവി ധായകന്‍ കൂടിയാണ് സത്യന്‍ അന്തിക്കാട്. നിവിന്‍ പോളി തരംഗമായി നിന്നപ്പോള്‍ 'പുതിയ തീരങ്ങളും' ദുല്‍ഖറിനെ വച്ച് 'ജോമോന്റെ സുവിശേഷങ്ങളും' ഫഹദിനെവച്ച് ഒന്നിലധികം ചിത്രങ്ങളും എടുത്ത് താന്‍ അപ്റ്റുഡേറ്റാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 'എന്നും എപ്പോഴും' സിനിമയില്‍ ജേക്കബ് ഗ്രിഗറിയെ മോഹന്‍ലാലിന്റെ ജോടിയായി നിശ്ചയിച്ചതുപോലെ പ്രേമലുവില്‍ തരംഗമായി മാറിയ സംഗീതിനെയാണ് 'ഹൃദയപൂര്‍വ'ത്തില്‍ മോഹന്‍ലാലിനൊപ്പം സത്യന്‍ വിന്യസിച്ചിരിക്കുന്നത്. സ്ഥിരം തിരക്കഥാകൃത്തുക്കളെയെല്ലാം ഒഴിവാക്കി  സോനു ടിപിയെയാണ് ഹൃദയപൂര്‍വത്തിന്റെ തിരക്കഥയൊരുക്കാന്‍ സത്യന്‍ ക്ഷണിച്ചത് എന്നതും ശ്രദ്ധേയം. സോനുവിന്റെ ക്രിയേറ്റിവിറ്റിയും മക്കള്‍ അഖില്‍-അനൂപുമാരുടെ പിന്തുണയും ചേരുമ്പോള്‍ മലയാളികള്‍ ഇഷ്ടപ്പെടുന്ന മോഹന്‍ലാലിനെ ഹൃദയപൂര്‍വത്തില്‍ കാണാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നവരാണേറെ. അതുകൊണ്ടുതന്നെ വിജയപ്രതീക്ഷയിലാണു 'ഹൃദയപൂര്‍വ'ത്തിന്റെ പ്രേക്ഷകര്‍.
'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയുടെ സംവിധായകനായും മന്ദാകിനിയിലെ കേന്ദ്രകഥാപാത്രമായും 'പാച്ചുവും അദ്ഭുതവിളക്കും'പോലെയുള്ള സിനിമകളില്‍ സഹതാരമായും ശ്രദ്ധേയനായ അല്‍ത്താഫ് സലീം രചനയും സംവിധാനവും  നിര്‍വഹിച്ച, ഫഹദ് ഫാസില്‍ നായകനായ 'ഓടുംകുതിര ചാടും കുതിര'യാണ് മറ്റൊരു ഓണച്ചിത്രം. ഹൃദയപൂര്‍വത്തിന്റെ തൊട്ടുപിറ്റേദിവസം ചിത്രം തീയറ്ററിലെത്തും. കല്യാണി പ്രിയദര്‍ശനും ഫഹദും ആദ്യമായി ഒന്നിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ ഫ്രഷ്നസ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. പുതിയകാലത്തിന്റെ സംവിധായകനാണ് അല്‍ത്താഫ് എന്നതും ഫഹദിന്റെ മാജിക്കും കല്യാണിയുടെ ക്യൂട്ട്നെസും ചിത്രത്തിനു പോസിറ്റീവായി മാറാന്‍ സാധ്യതയുണ്ട്.
കല്യാണിയുടെ മറ്റൊരു ചിത്രം കൂടി ഓണത്തിനെത്തുന്നുണ്ട്- 'ലോകാ ചാപ്റ്റര്‍-1 ചന്ദ്ര.' ഇവിടെ കല്യാണിക്കൊപ്പമുള്ളത് നസ്ലീനാണ്. പ്രേമലുവിന്റെയും ആലപ്പുഴ ജിംഖാനയുടെയും തരംഗം കെട്ടടങ്ങാതെ നില്ക്കുമ്പോഴാണ് നസ്ലീന്‍ പുതിയ കൂട്ടുകെട്ടില്‍ വരുന്നത്. പുതുമുഖമായ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനാണ്. മാത്രവുമല്ല, ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് ഇതെന്നാണ് സൂചനയും. കല്യാണിയാണ് സൂപ്പര്‍ഹീറോയാകുന്നത് എന്നത് ചിത്രത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നായിക സൂപ്പര്‍ ഹീറോയാകുന്നു എന്നതാണ് ലോകായുടെ ചരിത്രം നിശ്ചയിക്കുന്നത്. തുടര്‍ഭാഗങ്ങളുള്ള ഇതിവൃത്തമാണ് ലോകായെന്നാണ് സൂചന. അതുപോലെ ബഡ്ജറ്റിന്റെ കാര്യത്തിലും കാന്‍വാസ് വിശാലമാണ്. 150 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതാവട്ടെ നിലവിലുള്ള പല മലയാളസിനിമകളെക്കാളും വലിയ ബജറ്റാണുതാനും.
ഇത്തവണത്തെ ഓണത്തിന് മമ്മൂട്ടിയുടെ ചിത്രങ്ങളില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ പൃഥിരാജ്, കുഞ്ചാക്കോബോബന്‍, ആസിഫ് അലി തുടങ്ങിയവര്‍ക്കും. കഴിഞ്ഞ ഓണത്തിന് ഇറങ്ങിയവയിലും മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങളുണ്ടായിരുന്നില്ല. അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാകാണ്ഡം, കൊണ്ടല്‍, ബാഡ്ബോയ്സ്, കഥ ഇതുവരെ എന്നീ ചിത്രങ്ങളായിരുന്നു കഴിഞ്ഞതവണ ഓണംറീലിസായി തീയറ്ററിലെത്തിയത്. ഇതില്‍ അജയന്റെ രണ്ടാംമോഷണവും കിഷ്‌കിന്ധാകാണ്ഡവും വിജയചിത്രങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങളില്‍ വിജയം ആരു കൊണ്ടുപോകും? മോഹന്‍ലാലോ ഫഹദോ അതോ നസ്ലിനോ? ഇനി അതറിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)