•  16 Oct 2025
  •  ദീപം 58
  •  നാളം 32
കാഴ്ചയ്ക്കപ്പുറം

പ്രായത്തിന്റെ കഥയും കാര്യവും

   പ്രായം ചെല്ലുംതോറും മനുഷ്യന്‍ പ്രായത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു. പ്രായമേറിയിരിക്കുന്നുവെന്നതാണ് മനുഷ്യന്‍ ഏറ്റവുമധികം മറക്കാന്‍ ശ്രമിക്കുന്ന കാര്യവും. റിട്ടയര്‍മെന്റ് കഴിഞ്ഞ ആളുടെപോലും മുടിക്കും മീശയ്ക്കും ഇപ്പോഴും എണ്ണക്കറുപ്പാണ്. കാരണം, അത്രത്തോളം നമ്മള്‍ പ്രായം വര്‍ദ്ധിക്കുന്നതിനെ ഭയക്കുന്നു; അല്ലെങ്കില്‍ പ്രായം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. സാധാരണക്കാരുടെപോലും അവസ്ഥ ഇതാണെങ്കില്‍ സിനിമാതാരങ്ങളുടെ കാര്യം പറയാനുണ്ടോ?
    നിത്യജീവിതത്തില്‍ അവര്‍ യൗവനം കൈമോശം വരാത്തവരായി പ്രത്യക്ഷപ്പെടുന്നതിനെ കുറ്റംവിധിക്കേണ്ട കാര്യമില്ല. പക്ഷേ, കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍പോലും തങ്ങളുടെ പ്രായത്തിന് അനുയോജ്യരായ കഥാപാത്രങ്ങളെയല്ല അവര്‍ തിരഞ്ഞെടുക്കുന്നത് എന്നിടത്താണ്  പലപ്പോഴും വിമര്‍ശനം നേരിടുന്നത്. യൗവനത്തിലാണെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് അത്തരം കഥാപാത്രങ്ങളെ അവര്‍ സ്വീകരിക്കുന്നത്. എന്നാല്‍, അതിശയകരമെന്നു പറയട്ടെ തങ്ങളുടെ യൗവനകാലത്ത് കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഇന്നത്തെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏതു വേഷവും അഭിനയിക്കാന്‍ തയ്യാറായിരുന്നുവെന്നതാണു വാസ്തവം.
   മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചിരുന്നുവെന്നു പറയുമ്പോള്‍ ഇന്നത്തെ പുതുതലമുറയ്ക്കതു വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. പക്ഷേ, 1982 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ 70 എംഎം സിനിമയായ പടയോട്ടത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായി വേഷമിട്ടത് മമ്മൂട്ടിയായിരുന്നു. 1951ലാണ് മമ്മൂട്ടിയുടെ ജനനവര്‍ഷം എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് നാം അദ്ഭുതപ്പെടുന്നത്. പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലും സഹോദരന്മാരായും (നാണയം,) സുഹൃത്തുക്കളായും (ഹരികൃഷ്ണന്‍സ്) ഒക്കെ അഭിനയിച്ചിട്ടുണ്ടെന്നതു മറ്റൊരുകാര്യം.
പത്മരാജന്റെ മികച്ച സിനിമകളിലൊന്നായ കരിയിലക്കാറ്റുപോലെയില്‍ മമ്മൂട്ടി കാര്‍ത്തികയുടെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്. 1986 ലായിരുന്നു പ്രസ്തുത ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടിയും കാര്‍ത്തികയും ജോടികളായും അഭിനയിച്ചിട്ടുണ്ട്, ജേസി സംവിധാനം ചെയ്ത 'അടുക്കാന്‍ എന്തെളുപ്പം' എന്ന സിനിമയില്‍. ഒരുപക്ഷേ ഇരുവരും ജോടികളായി അഭിനയിച്ച ഏകസിനിമയും അതുതന്നെയാവാം. ഒരുപാട് സിനിമകളില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച ശ്രീവിദ്യ, അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ച ഒരു സിനിമ മാത്രമേയുളളൂ-ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്. ഒരു കൗമാരക്കാരിയുടെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അതില്‍ അഭിനയിച്ചത്. സൈക്യാട്രിസ്റ്റായ ഐസക് എന്ന തലനരച്ച കഥാപാത്രം.
ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയിലും മമ്മൂട്ടി കൗമാരക്കാരിയുടെ പിതാവായിരുന്നു. അവിടെയും സമാനമായ കോസ്റ്റിയൂമില്‍ത്തന്നെയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഭരതന്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ വിരിഞ്ഞ പാഥേയത്തിലും മമ്മൂട്ടി തലയും മുടിയും നരച്ച അച്ഛന്‍വേഷമായിരുന്നു അവതരിപ്പിച്ചത്. ജോഷിയുടെ സംഘത്തില്‍ മമ്മൂട്ടി പാര്‍വതിയുടെ അച്ഛനായിരുന്നു. പിന്നീട് എത്രയോ സിനിമകളില്‍ മമ്മൂട്ടിയുടെ ജോടിയായി അഭിനയിച്ചു പാര്‍വതി!
തന്റെ മുഖസൗന്ദര്യവും ശരീരസൗന്ദര്യവും വികൃതമാക്കിക്കൊണ്ട് പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തന്റെ യൗവനകാലത്തു മമ്മൂട്ടി സന്നദ്ധനായിരുന്നു. മൃഗയയും സൂര്യമാനസവും പൊന്തന്‍മാടയും പോലെഎത്രയോ സിനിമകള്‍! ഇത്രയും സുന്ദരനായ മമ്മൂട്ടി വികൃതമായ രൂപഭാവാദികളോടെ അഭിനയിക്കുന്നതില്‍ ആരാധിക എന്ന നിലയില്‍ മാധവിക്കുട്ടി ഒരിക്കല്‍ രോഷം പ്രകടിപ്പിച്ചതും ഓര്‍മിക്കുന്നു. കാതല്‍ എന്ന സിനിമയിലാണ് മമ്മൂട്ടി ഒരുപാടു നാളുകള്‍ക്കുശേഷം ഒരു അച്ഛന്‍വേഷം കെട്ടിയത്. സമീപകാലത്തിറങ്ങിയ പല മമ്മൂട്ടിസിനിമകളും നോക്കൂ-അദ്ദേഹം അതിലൊന്നും മേല്പറഞ്ഞവിധത്തിലുള്ള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തിട്ടില്ലെന്നു മാത്രമല്ല, തന്റെ പ്രായം പിന്നിലാണെന്നു സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏറ്റവും സ്റ്റൈലീഷായും യുവാവായിട്ടുമാണ് അതിലൊക്കെ അദ്ദേഹം അവതരിപ്പിക്കപ്പെട്ടത്.
   ബസൂക്ക, ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‌സ്, മാസ്റ്റര്‍പീസ്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി റീവൈന്‍ഡ് ചെയ്താല്‍ ഓടിപ്പോകുന്ന പല സിനിമകളും ഇതിനെ സാധൂകരിക്കുന്നവയാണ്. മാത്രവുമല്ല, ഇതിലൊന്നിലും അദ്ദേഹത്തിന് എടുത്തുപറയത്തക്ക ജോടികളുമില്ല. കുടുംബവും നായികയും മക്കളുമില്ലാത്ത വിധത്തിലായിരുന്നു ഈ കഥാപാത്രങ്ങളെല്ലാംതന്നെ. മകളും പേരക്കുട്ടിയുമാകാന്‍ പ്രായമുള്ള നായികമാരൊത്ത് അഭിനയിക്കുന്നു എന്ന പേരുദോഷം വരുത്താതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമംകൂടിയായിട്ടുവേണം ഇത്തരത്തിലുള്ള  കഥാപാത്രസ്വീകരണങ്ങളെ കാണേണ്ടത്. അതിനു മുമ്പുതന്നെ മമ്മൂട്ടി ചെയ്ത ഒരു സിനിമയുടെ പേര് 'ക്രോണിക് ബാച്ചിലര്‍' എന്നായിരുന്നുവല്ലോ?
മോഹന്‍ലാലും തന്റെ യൗവനകാലത്ത്  മുതിര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തല നരച്ചും പ്രായം ചെന്നുമൊക്കെയുള്ള എത്രയോ കഥാപാത്രങ്ങള്‍! പവിത്രത്തിലെ ചേട്ടച്ഛനും സൂര്യഗായത്രിയിലെ മെഡിക്കല്‍ സ്റ്റുഡന്റിന്റെ അച്ഛനും അമൃതംഗമയയിലെ ഡോക്ടറും പാദമുദ്രയിലെ മാതുപണ്ടാരവുമെല്ലാംപോലെയുള്ള എത്രയോ കഥാപാത്രങ്ങള്‍! എന്നാല്‍, പിന്നീട്  മോഹന്‍ലാലും പ്രായത്തിനൊപ്പം ചേരാത്ത വേഷങ്ങള്‍ അണിയാന്‍ തയ്യാറായി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
ഓണത്തിനു റീലിസായ 'ഹൃദയപൂര്‍വം' തന്നെ നോക്കൂ. നാല്പതുകളിലൂടെ കടന്നുപോകുന്ന അവിവാഹിതനായ സുന്ദരയുവാവ്. അതിനു മുമ്പുവന്ന 'തുടരും' എന്ന ചിത്രത്തിലും ജരാനരകളൊന്നും ബാധിക്കാത്ത ഷണ്‍മുഖനെന്ന ടാക്സി ഡ്രൈവറായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. അതും സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ അച്ഛനായിട്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിത്തുജോസഫിന്റെ 'ദൃശ്യം 3'യിലും ജോര്‍ജുകുട്ടിയെ നമുക്കു കാണാന്‍ കഴിയുന്നത് നര ബാധിച്ചിട്ടില്ലാത്ത മോഹന്‍ലാലിനെയാണെന്നാണ് പുറത്തുവന്ന സൂചനകള്‍. പെണ്‍മക്കള്‍ വളര്‍ന്നിട്ടും പ്രായം ചെല്ലാത്ത ജോര്‍ജുകുട്ടി. അതായിരിക്കും ദൃശ്യം 3 യിലും കാണാന്‍ പോവുന്നത്.
പ്രായം ചെല്ലുംതോറും മനുഷ്യന്‍ കൂടുതല്‍ അരക്ഷിതരാവുകയും മറ്റുള്ളവരുടെ ശ്രദ്ധയില്‍നിന്നു മങ്ങിപ്പോവുകയും ചെയ്യുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു ആള്‍ക്കൂട്ടത്തില്‍ യൗവനയുക്തരും കൗമാരക്കാരുമായ ചെറുപ്പക്കാര്‍ക്കിടയില്‍ എഴുപതോ എണ്‍പതോ വയസ്സുള്ള ഒരു വ്യക്തിയെ ആരും ശ്രദ്ധിക്കുകയില്ല. എല്ലാവരുടെയും നോട്ടം ചെറുപ്പക്കാരിലായിരിക്കും. ഇതുപോലെയാണ് സിനിമയും. തങ്ങള്‍ അപ്രസക്തരായിക്കൊണ്ടിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞിട്ടും അതിനെ നേരിടാനുള്ള ശ്രമങ്ങളാണ് പ്രായം മറച്ചുവച്ചുകൊണ്ടുള്ള താരരാജാക്കന്മാരുടെ അഭിനയങ്ങള്‍. ഇതിന് സൂപ്പര്‍താരങ്ങളെന്ന നിലയില്‍ അവരെ കുറ്റംപറയാനുമാവില്ല.
തന്റെ യൗവനത്തില്‍ വൃദ്ധവേഷം കെട്ടിത്തുടങ്ങിയ നെടുമുടിവേണുവിന് പില്ക്കാലത്ത് കൂടുതലായും ലഭിച്ചത് വൃദ്ധവേഷങ്ങളായിരുന്നുവെന്നാണ് സിനിമയുടെ ചരിത്രം. 'അമ്പട ഞാനേ'യില്‍ വൃദ്ധനായി മാറിയ വേണു 'എന്നെന്നും കണ്ണേട്ടന്റെ' പോലെയുള്ള എത്രയോ സിനിമകളില്‍ പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ടു! മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നാണല്ലോ വിവരമുള്ളവര്‍ പാഠം പഠിക്കുന്നത്. നെടുമുടി വേണുവിന്റെ ജീവിതത്തിലുണ്ടായ ഈ പാഠം തന്നെയായിരിക്കാം മമ്മൂട്ടിയെ 74-ാം വയസ്സിലും ചെറുപ്പക്കാരന്റെ വേഷം കെട്ടാന്‍ പ്രേരിപ്പിക്കുന്നത്. താന്‍ പഠിച്ച ഈ പാഠം പില്‍ക്കാലതലമുറയ്ക്കു പറഞ്ഞുകൊടുക്കാനും മമ്മൂട്ടി തയ്യാറാണ് എന്നു വെളിപ്പെടുത്തിയത് സുരാജ് വെഞ്ഞാറമ്മൂടാണ്. 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പ'നില്‍ വൃദ്ധകഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ നെടുമുടിവേണുവിന്റെ ഉദാഹരണം പറഞ്ഞ് ടൈപ്പ് കഥാപാത്രങ്ങളില്‍പ്പെട്ടുപോകാതെ സൂക്ഷിക്കണമെന്നുപദേശിച്ചത് മമ്മൂട്ടിയാണെന്നായിരുന്നു സുരാജിന്റെ വെളിപ്പെടുത്തല്‍. അതുകൊണ്ടാവാം പിന്നീട് തന്റെ പ്രായത്തില്‍ക്കൂടുതലുള്ള ഒരു കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ സുരാജ് തയ്യാറാകാത്തതും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)