പുതിയ കാലത്തിന്റെ സിനിമയാണ് ഇപ്പോള്‍ തീയറ്ററുകള്‍ നിറച്ചുകൊണ്ടിരിക്കുന്ന ലോക ചന്ദ്രചാപ്റ്റര്‍ 1. ശരിയാണ്, മലയാളസിനിമ ഒരുപാട് വളര്‍ന്നു. സാങ്കേതികതയിലും അവതരണത്തിലും വിഷയസ്വീകരണത്തിലും വൈവിധ്യവും പുതുമയും നമുക്കു വേണം താനും. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പുതിയ കാലത്തിന്റെ രുചിഭേദങ്ങളറിഞ്ഞ് സിനിമ ചെയ്യുമ്പോള്‍ അതു വിജയിക്കും എന്നുതന്നെയാണ് ലോകായുടെ വിജയം പറഞ്ഞുതരുന്നതും. ഒരു മിത്തിനെ ആധുനികകാലത്തിലേക്കു പറിച്ചുനട്ട് അവതരിപ്പിക്കുന്ന സിനിമയാണ് ലോക. സാങ്കേതികമികവിന്റെയും സര്‍ഗശേഷിയുടെയും സാമ്പത്തികവിജയത്തിന്റെയും പേരില്‍ ലോകയെ ചോദ്യം ചെയ്യേണ്ടതില്ലെങ്കിലും അതു മുന്നോട്ടുവയ്ക്കുന്ന ആശയം എത്രത്തോളം ആശാസ്യമാണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
കള്ളിയങ്കാട്ട് നീലി എന്ന പുരാവൃത്തത്തെ ആസ്പദമാക്കിയാണ് ലോക ഒരുക്കിയിരിക്കുന്നത്. സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായികയുള്‍പ്പടെ കേരളത്തിന്റെ നാടോടിപ്പാട്ടുകളിലും വില്ലടിച്ചാന്‍പാട്ടുകളിലും കടന്നുവരുന്ന കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി. പഞ്ചവന്‍കാട്ടിലെ ഒരു ക്ഷേത്രത്തില്‍ കുടിയിരുത്തപ്പെട്ടിരിക്കുന്നവളാണ് നീലിയെന്നാണ് പാരമ്പര്യം. സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ചുകൊണ്ടുപോയി മാറുപിളര്‍ന്ന് രക്തം ഊറ്റിക്കുടിക്കുന്നവളാണ് നീലി. നീലിയെങ്ങനെ യക്ഷിയായി? അതിന്റെ പിന്നിലുമുണ്ട് ഒരു കഥ. ദേവദാസിയായ കാര്‍വേണിയുടെ മകളായ അല്ലിയെ പണം മോഹിച്ച് നമ്പി എന്നൊരുവന്‍ വിവാഹം കഴിക്കുകയും ആഭരണങ്ങള്‍ക്കുവേണ്ടി കൊലപ്പെടുത്തുകയും ചെയ്തു. അല്ലിയുടെ സഹോദരന്‍ ഈ കാഴ്ച കണ്ട ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. പിന്നീട് ഈ കുട്ടികള്‍ ചോളരാജാവിന്റെ മക്കളായി പുനര്‍ജനിച്ചു. നീലനും നീലിയുമെന്നായിരുന്നു അവരുടെ പേരുകള്‍. കുട്ടികളുടെ ജനനത്തോടെ ഗ്രാമത്തില്‍ പല അനര്‍ഥങ്ങളുമാരംഭിച്ചു, പ്രശ്നകാരണം അവരാണെന്നു മനസ്സിലാക്കിയ രാജാവ് അവരെ പഞ്ചവങ്കാട്ടില്‍ ഉപേക്ഷിക്കുകയും പിന്നീട് നീലി സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് ഉപദ്രവകാരിയായി മാറുകയും ചെയ്തു. കടമറ്റത്തു കത്തനാരാണ് നീലിയെ തളച്ചത് എന്നും വിശ്വസിക്കുന്നു.
കള്ളിയങ്കാട്ട് നീലിയുടെ കഥ ആദ്യമായി അഭ്രപാളികളില്‍ പകര്‍ത്തിയത് എം കൃഷ്ണന്‍നായരായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നീലിയായി അഭിനയിച്ചത് ജയഭാരതിയായിരുന്നു. മധു, ജഗതിശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു മറ്റഭിനേതാക്കള്‍. മയില്‍പ്പീലിക്കാവ് എന്ന അനില്‍ബാബു ചിത്രത്തിന്റെ ഇതിവൃത്തത്തില്‍ കള്ളിയങ്കാട്ട് നീലി പശ്ചാത്തലമായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. എന്നാല്‍, കള്ളിയങ്കാട്ട് നീലിയെന്ന റഫറന്‍സ് പുതിയ പരിപ്രേക്ഷ്യത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് നീലി എന്ന 2018 ല്‍ പുറത്തിറങ്ങിയ മംമ്താ മോഹന്‍ദാസ് ചിത്രത്തിലായിരുന്നു.
കള്ളിയങ്കാട് എന്ന ഗ്രാമത്തിലേക്കു വരുന്ന ലക്ഷ്മി എന്ന അമ്മയുടെയും മകളുടെയും കഥയാണ് നീലി. ഒരു ദുരൂഹസാഹചര്യത്തില്‍ മകളെ കാണാതാകുമ്പോള്‍ അമ്മ നടത്തുന്ന അന്വേഷണമായിട്ടാണ് കഥ പുരോഗമിക്കുന്നത്. തീയറ്ററുകളില്‍ വിജയിക്കാതെപോയ, ആരുടെയും പ്രത്യേകമായ പരാമര്‍ശം ലഭിക്കാതെ പോയ സിനിമയായിരുന്നു നീലിയെന്നതുകൊണ്ട് ലോകയ്ക്കും നീലിക്കും തമ്മിലുള്ള ബന്ധം ആരുടെയും ശ്രദ്ധയില്‍പെട്ടിട്ടില്ല. എന്നാല്‍, 'ലോക' എന്ന സിനിമയ്ക്കുപിന്നില്‍ 'നീലി' സിനിമയുടെ സ്വാധീനമുണ്ടെന്നതു നിഷേധിക്കാനാവില്ല. സ്ത്രീകേന്ദ്രീകൃതമായ കഥയാണ് രണ്ടും എന്നതുമാത്രമല്ല ഇതിനു കാരണം. കള്ളിയങ്കാട്ട് നീലിയെന്ന പുരാവൃത്തത്തെ വര്‍ത്തമാനകാലത്തിലേക്കു കൊണ്ടുവരാന്‍ ആദ്യശ്രമം നടത്തിയ സിനിമയായിരുന്നു നീലി എന്നതുകൊണ്ടാണ് ലോകയെ നീലി സ്വാധീനിച്ചിട്ടുണ്ട് എന്നു നിരീക്ഷിക്കേണ്ടിവരുന്നത്. ഉടനെ വരാന്‍ പോകുന്ന കത്തനാര്‍ എന്ന ജയസൂര്യചിത്രത്തിലും നീലി കഥാപാത്രമായി കടന്നുവരുന്നുണ്ട് എന്നാണു സൂചന.
എല്ലാ ദേശങ്ങളിലെയും പുരാവൃത്തങ്ങളിലും വാമൊഴികളിലും ഇത്തരം കഥകളും യക്ഷിപോലുള്ള കഥാപാത്രങ്ങളുമുണ്ട്. അവയെ ഒരു പഴങ്കഥയായി മാത്രമേ കാണേണ്ടതുള്ളൂ. എന്നാല്‍ യക്ഷിപോലുള്ള സാങ്കല്പികസൃഷ്ടികള്‍ യാഥാര്‍ഥ്യങ്ങളാണെന്നാണ് ലോക പറഞ്ഞുവയ്ക്കുന്നത്. വിജയരാഘവന്റെ കഥാപാത്രം ചെറുമകള്‍ക്കു പറഞ്ഞുകൊടുക്കുന്ന കഥയിലൂടെ വ്യക്തമാകുന്നത് അതാണ്. ലോകയില്‍ ആകര്‍ഷിതരാകുന്ന പുതിയ തലമുറയുടെ ഉള്ളിലേക്ക്, അതില്‍ത്തന്നെ കൊച്ചുകുട്ടികളുടെ മനസ്സിലേക്കു കടന്നുചെല്ലുന്നത് ഈ വിശ്വാസമാണ്. യക്ഷി യാഥാര്‍ഥ്യമാണ്. യക്ഷികള്‍ക്കു മരണമില്ല. അവര്‍ അമരത്വം നേടിയവരാണ്. അമാനുഷികകഴിവുകളുള്ളവരാണ്! സ്വാഭാവികമായും സൂപ്പര്‍ വുമണ്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ഇത്തരം കഥാപാത്രങ്ങള്‍, സൂപ്പര്‍ ഹീറോ പരിവേഷങ്ങളോടു പ്രതിപത്തിയുളള സമൂഹത്തെ ഏറെ സ്വാധീനിക്കും.
മാത്രവുമല്ല, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ അനേകം സിനിമകളില്‍ ഭൂതകഥകളിലെ കഥാപാത്രങ്ങളെ വളരെ ഫണ്ണിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ വളരെ നല്ലവരും ഉപകാരികളുമാണെന്നാണ് സങ്കല്പം. ലോകയില്‍ ടൊവിനോയുടെ ചാത്തനെ നോക്കൂ. മുതിര്‍ന്നവര്‍ക്കുപോലും ആ കഥാപാത്രത്തോട് കൗതുകം തോന്നുന്നുണ്ട്. അങ്ങനെയെങ്കില്‍ കുട്ടികളുടെ കാര്യം പറയേണ്ടതുണ്ടോ? ചാത്തന്‍സേവയുടെയും മഠങ്ങളുടെയും പരസ്യങ്ങള്‍ നമ്മുടെ പ്രമുഖപത്രങ്ങളുടെ ക്ലാസിഫൈഡ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചാത്തന്മാര്‍ ഉപകാരികളാണ് എന്ന ധാരണ അരക്കിട്ടുറപ്പിക്കാനാണ് ഇത്തരം കഥാപാത്രചിത്രീകരണങ്ങള്‍ സഹായിക്കുന്നത്.
യക്ഷികളെ ഇതുവരെ മലയാളസിനിമ കണ്ടത് സുന്ദരികളും വെള്ളസാരിയുടുത്തവരുമായിട്ടായിരുന്നു. നെഗറ്റീവായ ആളുകളെ മാത്രം പിടികൂടുന്നവരായിട്ടാണ് അവരെ അവതരിപ്പിച്ചിരുന്നതും. എന്നാല്‍, കല്യാണിയുടെ ചന്ദ്ര ലോകയിലൂടെ ആ പതിവും തെറ്റിച്ചു. മോഡേണ്‍വസ്ത്രം ധരിച്ച യക്ഷിയാണ് ചന്ദ്ര. എന്നാല്‍, ദംഷ്ട്രകളും രക്തപാനവുംപോലുള്ള കാര്യങ്ങളില്‍ മാറ്റവുമില്ല. മനുഷ്യന്റെ രക്തം കുടിക്കുന്നതും ക്രൂരമായി കൊല്ലുന്നതുമായ എത്രയെത്ര രംഗങ്ങളിലൂടെയാണ് ലോക രക്തച്ചൊരിച്ചില്‍ നടത്തുന്നത്! മനുഷ്യന്‍ രക്തം കുടിക്കുന്നതുപോലുള്ള രംഗങ്ങള്‍ എങ്ങനെയാണ് സാധാരണക്കാരനായ, സ്വാഭാവികപ്രകൃതിയുള്ള ഒരു വ്യക്തിക്ക് ആസ്വദിക്കാന്‍ കഴിയുന്നത്?
ഇതൊന്നും ഇവിടത്തെ പ്രേക്ഷകന് വിഷയമേ അല്ലായെങ്കില്‍ നമ്മുടെ ആസ്വാദനനിലവാരത്തിനു മാത്രമല്ല, മാനസികാവസ്ഥയ്ക്കും എവിടെയോ പിഴവു സംഭവിച്ചിട്ടുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, മയക്കുമരുന്നുപയോഗത്തെ ലോക നിസ്സാരവത്കരിക്കുകയും ചെയ്യുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓരോ ദിവസവും പെരുകുമ്പോഴാണ് അറിഞ്ഞോ അറിയാതെയോ ലോകയില്‍ ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിച്ചിരിക്കുന്നത്.
'ചാത്തന്മാര്‍ വരും' എന്ന മുന്നറിയിപ്പോടെയാണ് ലോക അവസാനിക്കുന്നത്. ഭ്രമയുഗത്തിലാണ് ഇതിനു മുമ്പ് ചാത്തന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, മന്ത്രവാദവും കൂടോത്രവും ആഭിചാരവും നിറഞ്ഞ പഴയൊരു കാലത്തിലേക്കു തിരികെക്കൊണ്ടുപോവുകയും ചിന്തിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനുമുള്ള നമ്മുടെ കഴിവുകളെ അപഹരിക്കുകയുമാണ് ലോക പോലെയുളള സിനിമകള്‍ ചെയ്യുന്നത്. കൃത്യമായ അജണ്ടകളുടെ ഭാഗമായിട്ടാണോ ഇത്തരം സിനിമകള്‍ പുറത്തിറങ്ങുന്നത് എന്നു ന്യായമായും സംശയിക്കേണ്ടതുണ്ട്. കാരണം, സിനിമകള്‍ തീയറ്ററിലെത്തുമ്പോള്‍ മാത്രമാണ് പ്രേക്ഷകന്‍ പ്രസ്തുത ചിത്രങ്ങളെക്കുറിച്ചും പ്രതിപാദ്യങ്ങളെക്കുറിച്ചും അറിയുന്നത്. എന്നാല്‍, വ്യക്തമായ ലക്ഷ്യത്തോടെ അണിയിച്ചൊരുക്കുന്ന സിനിമകള്‍ ഒന്നിനോടൊന്നു ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമാക്കാര്‍ പുറത്തിറക്കുന്നത്. ഭ്രമയുഗത്തില്‍ ചാത്തനായി അഭിനയിച്ച മമ്മൂട്ടിയുടെ മകനാണ് ലോകയുടെ നിര്‍മാതാവ്. അതായത്, ഒരു ആശയത്തെ ചിലര്‍ ചേര്‍ന്ന് പലരീതിയില്‍ പലവിധത്തില്‍ പൊതുസമൂഹത്തിലേക്കിറക്കിവിടുന്നു. കഥയൊന്നും അറിയാതെ പ്രേക്ഷകര്‍ മായക്കാഴ്ചകളില്‍ കുടുങ്ങി സിനിമകളെക്കുറിച്ചു വാഴ്ത്തിപ്പാടുന്നു. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!