•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാഴ്ചയ്ക്കപ്പുറം

കുടുംബങ്ങള്‍ സ്വര്‍ഗമാകാന്‍

  കുടുംബങ്ങള്‍ സ്വര്‍ഗമാക്കാന്‍ എങ്ങനെ കഴിയും എന്ന അന്വേഷണത്തിന് കുടുംബസ്ഥാപനത്തിന്റെ ആരംഭം മുതലുള്ള പഴക്കമുണ്ട്. അന്വേഷണം നടത്തുന്നുവെന്നല്ലാതെ  പൂര്‍ണവിജയം കണ്ടെത്താന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാണ്.   
   ദൈവം ആഗ്രഹിക്കുന്നതുപോലെ ഭാര്യയും ഭര്‍ത്താവും മക്കളും ജീവിക്കുമ്പോഴാണ് കുടുംബങ്ങള്‍ സ്വര്‍ഗമാകുന്നത്. അവിടെയാണ് ദൈവത്തിന്റെ പദ്ധതികള്‍ ഫലമണിയുന്നതും. പണവും പ്രതാപവും മക്കളുടെ വിദേശജോലിയുമൊക്കെയാണ് ഒരാളുടെ കുടുംബത്തെ നല്ല കുടുംബമാക്കുന്നതെന്ന് ഉപരിപ്ലവമായി വിശ്വസിച്ചുപോരുന്ന പ്രവണത ഇന്നു പരക്കെയുണ്ട്. ഇത്തരം ധാരണകളെയെല്ലാം പിഴുതെറിയാനും ആത്മവിശകലനത്തിനു പ്രേരിപ്പിക്കാനും സഹായിക്കുന്ന ഒരു കൊച്ചുസിനിമയാണ് ഡോ.  ലിസി കെ. ഫെര്‍ണാണ്ടസും കൂട്ടുകാരും ചേര്‍ന്നു നിര്‍മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്ത ''സ്വര്‍ഗം.''
   അധ്വാനിയും ചെറുകിടകച്ചവടക്കാരനുമായ ജോസൂട്ടിയുടെയും  അമേരിക്കയില്‍നിന്നു  ജോസൂട്ടിയുടെ തൊട്ടയല്‍വക്കത്തു വന്നു താമസിക്കുന്ന ധനാഢ്യനായ വക്കച്ചന്റെയും കുടുംബങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മറ്റുള്ളവരെ സ്നേഹിക്കാതെയും അവരുടെ അഭിപ്രായങ്ങള്‍ക്കു വില കൊടുക്കാതെയും ജീവിക്കുന്ന, എല്ലാം പണത്തിന്റെ കണ്ണില്‍മാത്രം നോക്കിക്കാണുന്ന വക്കച്ചന്‍മാര്‍ നമ്മുടെ സമൂഹത്തില്‍ വളരെ കൂടുതലാണ്. തങ്ങളുടെ വാക്കാണു ശരിയെന്നും തങ്ങളുടെ ഇഷ്ടംതന്നെയാണ്  മറ്റുള്ളവരുടേതെന്നും അവര്‍ തെറ്റായി ധരിക്കുന്നു. ഈ ധാരണകള്‍ക്കിടയില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു താന്‍മൂലം നഷ്ടപ്പെടുന്നത് എന്തെല്ലാമാണെന്ന് അവരൊരിക്കലും മനസ്സിലാക്കുന്നുമില്ല. അതുപോലെതന്നെ, അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എന്തായിരുന്നുവെന്ന് അവര്‍  തിരിച്ചറിയുന്നുമില്ല. എല്ലാം തിരിച്ചറിഞ്ഞുവരുമ്പോഴേക്കും നഷ്ടങ്ങള്‍മാത്രമായിരിക്കും അവശേഷിക്കുന്നത്. അതുകൊണ്ടാണ്, സ്വര്‍ഗം  ആത്മവിശകലനത്തിനു പ്രേരിപ്പിക്കുന്ന സിനിമയാണെന്നു തുടക്കത്തില്‍ പറഞ്ഞത്. സാങ്കേതികത അത്രയധികം വളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരെക്കാള്‍ സാങ്കേതികതയ്ക്കു പ്രാധാന്യം കൊടുക്കുന്ന മനുഷ്യനു സംഭവിക്കുന്ന അപകടവും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.
    മുതിര്‍ന്ന തലമുറയിലെ നസ്രാണികളുടെയെല്ലാം ഓര്‍മകളെ സൗമ്യമായി തൊട്ടുണര്‍ത്താന്‍ 'സ്വര്‍ഗ'ത്തിലെ പല രംഗങ്ങള്‍ക്കും കഴിയുന്നുണ്ട്. പ്രധാനമായും കപ്പവാട്ടും കല്യാണവീടും. പുതിയ തലമുറയ്ക്കു കപ്പവാട്ടിനെക്കുറിച്ചു വേണ്ടത്ര  പരിചയമൊന്നും കാണാന്‍ സാധ്യതയില്ല. പഴയതലമുറയിലെ ഭൂരിപക്ഷത്തിനും അത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഓര്‍മയുമാണ്. അറിയാത്തവര്‍ക്കു പറഞ്ഞുകൊടുത്തും അറിഞ്ഞവരുടെ ഓര്‍മകളെ ഊതിയുണര്‍ത്തിയുമാണ് ചിത്രത്തിലെ കപ്പപ്പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.  രണ്ടുപേര്‍ വീട്ടില്‍ അതിഥികളായി വന്നാല്‍പോലും ഉടനെ  ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു ശീലം നേടിയ മലയാളികള്‍ക്ക് കല്യാണംപോലെയുളള സവിശേഷാവസരങ്ങളെല്ലാം കേറ്ററിങ് മയമാണ്. എന്നാല്‍, പണ്ടുകാലങ്ങളില്‍ അയല്‍വക്കത്ത് ഒരു പരിപാടി നടക്കുമ്പോള്‍ നാട്ടുകാരെല്ലാം ചേര്‍ന്നായിരുന്നു സദ്യവട്ടങ്ങള്‍ നടത്തിയിരുന്നത്. അത്തരമൊരു പോയകാലത്തെ തിരിച്ചുപിടിക്കുന്നതാണ് ചിത്രത്തിലെ കല്യാണപ്പാട്ടും രംഗങ്ങളും.
സ്വഭാവികതയുള്ള ഒരു കത്തോലിക്കാവൈദികന്‍ സിനിമാസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് അത്ര സാധാരണമായ കാഴ്ചയല്ല. പക്ഷേ, അവിടെയും സ്വര്‍ഗം വ്യത്യസ്തമാണ്. അധികം ചെയ്യാനൊന്നുമില്ലെങ്കിലും സിജോയി വര്‍ഗീസ് അവതരിപ്പിച്ച വൈദികകഥാപാത്രം യാഥാര്‍ഥ്യത്തോടു നീതി പുലര്‍ത്തുന്നു. 
അനുദിനജീവിതത്തിലെ സാധാരണസംഭവങ്ങളെ കോര്‍ത്തിണക്കി വളരെ ശാന്തമായും സ്വാഭാവികമായുമാണു ചിത്രം മുക്കാല്‍ഭാഗത്തോളം കടന്നുപോകുന്നത്. അനിതരസാധാരണമായ രംഗങ്ങളോ ആകാംക്ഷയുണര്‍ത്തുന്ന കഥാപരിസരമോ ഒന്നും നമുക്കിവിടെ കാണാനുമാവില്ല. എങ്കിലും, ചിത്രത്തിന്റെ അവസാനത്തിനുമുമ്പുള്ള പത്തുമിനിറ്റ് അതുവരെയുള്ള എല്ലാ ഇഴച്ചിലും മറികടന്ന് പ്രേക്ഷകരുടെ കണ്ണീര്‍ പൊഴിക്കാനിടയാക്കുന്ന വിധത്തിലുള്ളവയാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ അപ്രധാനമെന്നു പ്രേക്ഷകന്‍ അവഗണിച്ചുകളഞ്ഞ പല രംഗങ്ങളുടെ പിന്നിലുമുള്ള രഹസ്യം ഇവിടെയാണ് അനാവൃതമാകുന്നത്.
സവിശേഷമായ കഥയൊന്നുമല്ല സ്വര്‍ഗത്തിന്റേത് എന്നു പറയാതിരിക്കാനാവില്ല. ഇതിനകം നമ്മള്‍ പലവട്ടം കണ്ടതും കേട്ടതുമായ കഥതന്നെയാണ് സിനിമയുടെ അവലംബവും. ക്രൈസ്തവപ്രേക്ഷകര്‍ക്കു പരിചിതമായ കഥാപരിസരംതന്നെയാണ് ഇതിലുള്ളതും. പക്ഷേ, ഈ സാധാരണീകരണംതന്നെയാണ് സിനിമയെ പ്രേക്ഷകരുമായി  ബന്ധിപ്പിക്കുന്നത്. തങ്ങള്‍ക്ക് അപരിചിതമായ ലോകമോ കഥയോ ആകാതെ തങ്ങളുടെതന്നെ ജീവിതംപോലെയോ അല്ലെങ്കില്‍ തങ്ങള്‍ക്കു പരിചയമുള്ളവരുടെ ജീവിതംപോലെയോ തോന്നിപ്പിക്കുന്ന ഈ സാധാരണത്വമാണ് സ്വര്‍ഗത്തിന്റെ ഹൈലൈറ്റ്. 
    എങ്ങനെ നല്ല കുടുംബങ്ങള്‍ രൂപീകരിക്കണമെന്നും നല്ല കുടുംബങ്ങളുടെ രൂപീകരണത്തിന് എന്തെല്ലാമാണ് അനുവര്‍ത്തിക്കേണ്ടതെന്നുമുള്ള കഥാകൃത്തിന്റെ സ്വപ്നമായിരിക്കണം ഈ സിനിമ. ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ ഇഴയടുപ്പവും പരസ്പരം ഭാരങ്ങള്‍ വഹിക്കാനുള്ള സന്നദ്ധതയും തുറന്നുപറച്ചിലും അഭിപ്രായം സ്വീകരിച്ചുള്ള തീരുമാനമെടുക്കലും മുതിര്‍ന്നവരോടുളള സ്നേഹബഹുമാനങ്ങളും അതിമോഹങ്ങളില്ലാതെയുള്ള ജീവിതസമീപനവും അധ്വാനശീലവും സേവിക്കാനും സഹായിക്കാനുമുള്ള മനസ്സുമൊക്കെയാണ് ഏതൊരു കുടുംബത്തെയും മനോഹരമാക്കുന്നതെന്നും അങ്ങനെയുള്ള ആളുകള്‍ കൂടിച്ചേരുന്ന എല്ലാ ഇടങ്ങളും സ്വര്‍ഗമായി പരിണമിക്കുന്നുവെന്നുമാണ് ചിത്രം ആത്യന്തികമായി പറയുന്നത്. മനുഷ്യന്റെ നന്മയും സ്നേഹവുമാണ് സ്വര്‍ഗത്തിന്റെ ഹൈലൈറ്റ്. അതുപറയാന്‍വേണ്ടിയാണ് ചിത്രത്തില്‍ ബാക്കിയുള്ളതെല്ലാം കടന്നുവരുന്നത്.
    ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ആവര്‍ത്തനം ചില രംഗങ്ങളില്‍ അനുഭവപ്പെട്ടതും ജോസൂട്ടിയുടെ അമ്മയെക്കാള്‍ പ്രായക്കൂടുതലുളള വക്കച്ചന്റെ അമ്മയെ സാരിയുടുപ്പിച്ചും ജോസൂട്ടിയുടെ അമ്മയെ ചട്ടയും മുണ്ടും ധരിപ്പിച്ചും അവതരിപ്പിച്ചതും, സിനിമ പൂര്‍ണമാകുന്നില്ലെന്ന തോന്നല്‍ ഉണര്‍ത്തിക്കൊണ്ട് ചിത്രം അവസാനിപ്പിച്ചതും, കോളജ് ബസിന്റെ പിറകേ അകമ്പടി സേവിച്ചെന്നോണം വിനീതിന്റെ കഥാപാത്രം ബുള്ളറ്റില്‍ സഞ്ചരിക്കുന്നതുപോലെയുളള രംഗങ്ങളുമെല്ലാം ചിത്രത്തിന്റെ കെട്ടുറപ്പിനെ ദുര്‍ബലപ്പെടുത്തുന്നവയായിരുന്നു.  നസ്രാണി അമ്മച്ചിമാരുണ്ടെങ്കില്‍ അവര്‍ ചട്ടയും മുണ്ടുമായിരിക്കണം എന്ന്  സിനിമയില്‍ അലിഖിതനിയമമുള്ളതുപോലെയാണ് ലിസി ഫെര്‍ണാണ്ടസിന്റെ അമ്മച്ചിവേഷത്തിനു ചട്ടയും മുണ്ടും നല്കിയത്. ഇന്നെവിടെയാണ് അറുപതോ അറുപത്തിയഞ്ചോ വയസ്സുള്ള സ്ത്രീകള്‍ ചട്ടയും മുണ്ടും ധരിക്കുന്നത്? എണ്‍പതിനും തൊണ്ണൂറിനും അടുത്തു പ്രായമുള്ളവരെമാത്രമേ നമുക്കാ വേഷത്തില്‍ കാണാന്‍ കഴിയൂ. അതും അംഗുലീപരിമിതം. ഇതാണ് വാസ്തവമെന്നിരിക്കേ, കഥാപാത്രത്തെ സിനിമാറ്റിക് ആക്കാന്‍ വേണ്ടിയുള്ള ഇത്തരം നീക്കങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നു തോന്നിപ്പോയി.
    ക്രൈസ്തവരെ കള്ളുകച്ചവടക്കാരും  കോട്ടയം കുഞ്ഞച്ചന്മാരുമായി അവതരിപ്പിക്കുന്ന സിനിമകളേ പ്രേക്ഷകര്‍ക്കു കൂടുതല്‍ പരിചയമുണ്ടാവൂ. കാരണം, പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും ക്രൈസ്തവരുടെ കഥ പറയുമ്പോള്‍ അവരെ അങ്ങനെ അവതരിപ്പിച്ചാലേ സിനിമ മാസ് ആവുകയുള്ളൂ. കുറുവച്ചന്റെ കഥപറഞ്ഞ കടുവവരെ ആ ജനുസ്സില്‍പ്പെടുന്നവയാണ്. അതില്‍നിന്നു വ്യത്യസ്തമായി മനുഷ്യത്വത്തിന്റെ ഗന്ധമുള്ള, മണ്ണില്‍ ചവിട്ടിനില്ക്കുന്ന വെറും സാധാരണക്കാരായ കത്തോലിക്കരുടെ കഥപറഞ്ഞുവെന്നതാണ് സ്വര്‍ഗത്തെ വ്യത്യസ്തമായ ദൃശ്യാനുഭവമാക്കി മാറ്റിയത്. 
ക്രൈസ്തവമൂല്യങ്ങളുടെ നേരേയുള്ള കടന്നാക്രമണങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ നിര്‍ബാധം തുടരുമ്പോള്‍ അത്തരത്തിലുള്ള പ്രതിലോമപ്രവണതകള്‍ക്കെതിരേയുളള തികച്ചും ക്രൈസ്തവോചിതമായ മറുപടിയാണ് ഈ ചിത്രം. അത്തരത്തിലുള്ള മറുപടി നല്കാന്‍ സഭയോടൊത്തു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലിസി ഫെര്‍ണാണ്ടസിനും നിര്‍മാണസഹകാരികളായ പതിനഞ്ചുേപര്‍ക്കും സാധിച്ചുവെന്നതു നിസ്സാരകാര്യമല്ല. അവരുടെ ആ ശ്രമം തുടര്‍ന്നും നടന്നുപോകേണ്ടത് സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ, വലിയ അവകാശവാദങ്ങളോ  ഗിമ്മിക്കുകളോ ഇല്ലാതെ തീയറ്ററുകളിലെത്തിയിരിക്കുന്ന ഈ ചിത്രം കണ്ട് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രോത്സാഹിപ്പിക്കേണ്ടത്  ഓരോ ക്രൈസ്തവന്റെയും കടമയും കര്‍ത്തവ്യവുമാണ്. ഇന്നിറങ്ങുന്ന എല്ലാ സിനിമകളുടെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഡ/അ വിഭാഗത്തിലുള്ളവയാണ്. സകുടുംബം കാണാന്‍ കഴിയാത്തവിധം ഏതെങ്കിലുമൊക്കെ തരത്തില്‍ ചില ചേരുവകള്‍ ആ സിനിമയിലുണ്ട് എന്നര്‍ഥം. അവിടെയാണ് ക്ലീന്‍ചിറ്റ് സര്‍ട്ടിഫിക്കറ്റുമായി സ്വര്‍ഗം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്കുന്നത്. അതുകൊണ്ട്, അമിതപ്രതീക്ഷകളില്ലാതെ ധൈര്യപൂര്‍വം സകുടുംബം സ്വര്‍ഗത്തിനു ടിക്കറ്റെടുക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)