2020 ലാണ് അന്വേഷണം എന്ന സിനിമ പുറത്തിറങ്ങിയത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയും ശ്രുതി രാമചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരസ്യക്കമ്പനിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. സന്തോഷകരമായ കുടുംബജീവിതം. ഒരു ദിവസം ഭര്‍ത്താവിന് ഒരു ഫോണ്‍കോള്‍ വരുന്നു. മൂത്തമകന് വീട്ടില്‍വച്ച് ഒരു അപകടം! ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചുവെങ്കിലും അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില മുറിവുകള്‍ സംശയാസ്പദമായി തോന്നിയതിനാല്‍ ആശുപത്രിയധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും മരണത്തെക്കുറിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്യുന്നു. അതിനിടയില്‍ മകന്‍ മരിച്ചതിന്റെ കാരണം ജയസൂര്യയുടെ അച്ഛന്‍ കഥാപാത്രം തിരിച്ചറിയുകയും മകന്റെ മരണത്തിനു മനഃപൂര്‍വമല്ലാതെ കാരണക്കാരിയായ ഭാര്യയെ നിയമത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
അതിശയകരമെന്നു പറയട്ടെ, സമാനത പുലര്‍ത്തുന്ന കഥതന്നെയാണ് 2024 ല്‍ ഓണച്ചിത്രമായി പുറത്തിറങ്ങിയ, ഹിറ്റ്ചാര്‍ട്ടില്‍ ഇതിനകം ഇടം നേടിക്കഴിഞ്ഞ കിഷ്‌കിന്ധാകാണ്ഡം അവതരിപ്പിച്ചിരിക്കുന്നതും. പക്ഷേ, അന്വേഷണം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ ഒരു സിനിമയായതുകൊണ്ട് കിഷ്‌കിന്ധാകാണ്ഡവും അന്വേഷണവും തമ്മിലുള്ള സമാനതകള്‍ ഇതുവരെയും ഒരിടത്തും പരാമര്‍ശിച്ചുകണ്ടിട്ടില്ല. സമാനതകള്‍ പരക്കെയുണ്ടെന്നു കരുതി കിഷ്‌കിന്ധാകാണ്ഡം 'അന്വേഷണ'ത്തിന്റെ കോപ്പിയടിയാണെന്നു തെറ്റിദ്ധരിക്കരുത്. കുബുദ്ധികള്‍ക്കുപോലും അങ്ങനെയൊന്ന് ആരോപിക്കാനുമാവില്ല. കാരണം, അന്വേഷണത്തെക്കാള്‍ സങ്കീര്‍ണവും ഉള്‍പ്പിരിവുകള്‍ ഏറെയുള്ളതും സംഘര്‍ഷങ്ങളുടെ വിവിധ അടരുകള്‍ ഉള്ളതുമായ ക്ലാസ്മൂവിയാണ് കിഷ്‌കിന്ധാകാണ്ഡം.
അന്വേഷണം ശരാശരി ചിത്രമായി നിലകൊണ്ടപ്പോള്‍ കിഷ്‌കിന്ധാകാണ്ഡം എല്ലാ രീതിയിലും ഉദാത്തമായി പരിണമിച്ചു. പല കാരണങ്ങള്‍കൊണ്ടും സമീപകാലമലയാളസിനിമയിലെ മറ്റേതൊരു സിനിമയെയും അതിശയിപ്പിക്കുന്ന ക്രാഫ്റ്റും ദൃശ്യപരിചരണവുംകൊണ്ടാണ് പ്രസ്തുത സിനിമ ആ പദവി നേടിയിരിക്കുന്നത്.
ഭാര്യയെ കുറ്റക്കാരിയാക്കാതിരിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താക്കന്മാരെയാണ് അന്വേഷണത്തിലും കിഷ്‌കിന്ധാകാണ്ഡത്തിലും കാണുന്നത്. അന്വേഷണത്തില്‍ ആ ആത്മസംഘര്‍ഷം ഭര്‍ത്താവ്/അച്ഛന്‍ എന്നീ നിലകളില്‍ അനുഭവിക്കുമ്പോള്‍ കിഷ്‌കിന്ധാകാണ്ഡത്തില്‍ അത് അച്ഛന്‍, മകന്‍, ഭര്‍ത്താവ് എന്നീ നിലകളില്‍ക്കൂടി കടന്നു തീവ്രമായ ആത്മസംഘര്‍ഷത്തിലേക്കാണ് കേന്ദ്രകഥാപാത്രം എത്തിച്ചേരുന്നത്. രണ്ടു സിനിമകളിലും നായകന്മാര്‍ക്കു സത്യമറിയാം. എന്നിട്ടും അവര്‍ സത്യം അറിയാത്തവരെപ്പോലെ നടിക്കുന്നു. പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങള്‍ക്കിടയില്‍ കഠിനമായ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. കിഷ്‌കിന്ധാകാണ്ഡത്തിലാവട്ടെ, മകന്‍ മരിച്ചുവെന്ന സൂചന കിട്ടുന്നത് ഇടവേളയോടെ മാത്രമാണ്. അതുവരെ കാണാതെപോയ ഒരാള്‍ എന്ന നിലയിലാണ് മകനെ അവതരിപ്പിച്ചിരുന്നത്. പക്ഷേ, 'അന്വേഷണ'ത്തില്‍ മകന്‍ മരിച്ചതു തുടക്കത്തില്‍ത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. രണ്ടാം ഭാര്യ തന്റെ അച്ഛനെയാണ് മകന്റെ തിരോധാനത്തിന്റെ പേരില്‍ സംശയിക്കുന്നത് എന്നറിയുമ്പോഴാണ് കിഷ്‌കിന്ധാകാണ്ഡത്തിലെ നായകന് ആ സത്യം വെളിപ്പെടുത്തേണ്ടിവന്നത്. മകന്റെ മരണത്തിനു പിന്നിലെ എല്ലാ സത്യങ്ങളും മനസ്സിലാക്കിയിട്ടും ഒന്നുമറിയാത്തവനെപ്പോലെ നടിച്ച് എവിടെയോ അവന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു ഭാവിച്ച് അജയചന്ദ്രന്‍ അന്വേഷണം തുടരുന്നതിലെ ഭാരം പ്രേക്ഷകന് തന്റെ ഹൃദയംകൊണ്ടനുഭവിക്കാന്‍ കഴിയുന്നവിധത്തില്‍ ആവിഷ്‌കരിക്കാന്‍ കിഷ്‌കിന്ധാകാണ്ഡത്തിനു കഴിഞ്ഞിട്ടുണ്ട്.
മക്കളുടെ കുസൃതിയാണ് സത്യത്തില്‍ രണ്ടു ചിത്രത്തിലും സംഭവഗതികളെ സംഘര്‍ഷഭരിതമാക്കുന്നത്. മക്കളുടെ കുസൃതി വികൃതിയായി പരിണമിക്കുമ്പോള്‍ മാതാപിതാക്കള്‍ അതില്‍ ഇടപെടുന്നതു സ്വാഭാവികമാണ്. പക്ഷേ, അത്തരം ഇടപെടലില്‍ എവിടെയോ സംഭവിച്ചുപോകുന്ന ഒരു അബദ്ധം ജീവനഷ്ടത്തിനുതന്നെ കാരണമാകുമ്പോഴോ? പിന്നീട് അതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ കടന്നുപോകുന്ന ആത്മസംഘര്‍ഷങ്ങള്‍ മാതാപിതാക്കളായ പ്രേക്ഷകര്‍ക്കായിരിക്കും ഒരുപക്ഷേ ഏറ്റവും കൂടുതല്‍ തീവ്രതയോടെ അനുഭവിക്കാന്‍ സാധിക്കുകയുള്ളൂവെന്നു തോന്നുന്നു.
മക്കളോടു ദേഷ്യപ്പെടുകയോ ശാസിക്കുകയോ ശിക്ഷിക്കുകയോ അവര്‍ ചെയ്യുന്ന തെറ്റു തിരുത്തിക്കൊടുക്കുകയോ ചെയ്യാത്ത മാതാപിതാക്കളുണ്ടോ? ഇല്ല. പക്ഷേ, അവയ്ക്കിടയില്‍ സംഭവിക്കുന്ന അവിചാരിതമായ അപകടം-കൈയബദ്ധം-ഭീതിദമായ അവസ്ഥയ്ക്കു വഴിയൊരുക്കുമ്പോഴോ? ഏതൊരു കുടുംബത്തിലും സംഭവിക്കാവുന്ന ഒരു അപകടമാണ് ഈ രണ്ടു ചിത്രങ്ങളും വരച്ചുകാട്ടുന്നത്. അതുകൊണ്ടുതന്നെയാണ് മിസ്റ്ററി എന്നതിനപ്പുറം ഒരു കുടുംബചിത്രമായിക്കൂടി ഈ ചിത്രത്തെ സമീപിക്കേണ്ടത്.
ഒരേകാലത്തു ജീവിച്ചിരിക്കുന്ന, സമാനചിന്താഗതിക്കാരുടെ തരംഗദൈര്‍ഘ്യങ്ങള്‍ ഒരുപോലെ സഞ്ചരിക്കുമെന്നു പറയപ്പെടുന്നതു ശരിവയ്ക്കുന്നവയാണ് അന്വേഷണത്തിന്റെയും കിഷ്‌കിന്ധാകാണ്ഡത്തിന്റെയും കഥകള്‍ തമ്മിലുള്ള സാമ്യം. കഥാകൃത്തുക്കള്‍ ഒരേപോലെ ചിന്തിക്കുകയും കഥ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്നതിനു മറ്റൊരു ഉദാഹരണംകൂടിയുണ്ട് മലയാളസിനിമയില്‍. പവി കെയര്‍ടേക്കര്‍ എന്ന ദിലീപ് സിനിമയും ഒരു കട്ടില്‍ ഒരു മുറി എന്ന ഹക്കീംഷായുടെ ചിത്രവുമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ഒരു വാടകവീട്ടിലെ ഒരു മുറിയില്‍ രണ്ടു സമയങ്ങളില്‍ താമസിക്കുന്ന നായകനും നായികയുമാണ് ഈ രണ്ടു സിനിമകളിലുമുള്ളത്. രണ്ടുപേരും തമ്മില്‍ മുറിയില്‍വച്ചു കണ്ടുമുട്ടുന്നതുമില്ല. പരസ്പരം കാണാതെയും ഏതോ ഒരു ആത്മബന്ധം അവര്‍ക്കിടയില്‍ രൂപമെടുക്കുന്നു. പ്രസ്തുതകഥകള്‍ തമ്മിലുളള സാമ്യത്തെ മോഷണമെന്നു പറയാനും കഴിയില്ല. ഒരേപോലെ ചിന്തിക്കുകയും ഒരുപോലെ മനസ്സില്‍ കഥകള്‍ ജനിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇതുപോലെ വേറേയുമുണ്ട്. ഒരേ കാലത്തില്‍ ജീവിച്ചിരിക്കുന്നവരുടെ തരംഗദൈര്‍ഘ്യങ്ങള്‍ ഒരേപോലെ സഞ്ചരിക്കുന്നുവെന്ന് ആശ്വസിക്കുകമാത്രമേ നമുക്കു ചെയ്യാനുളളൂ.