മലയാളമെന്നല്ല സമീപകാലസിനിമകള്‍ പലതും ഇപ്പോള്‍ ചെന്നുനില്ക്കുന്ന ഏകവിഷയം സൈക്കോയാണെന്ന യാഥാര്‍ഥ്യം ഒരിക്കല്‍ക്കൂടി ഓര്‍മയിലേക്കു കൊണ്ടുവരുന്ന ചിത്രമാണ് അമല്‍ നീരദ്-കുഞ്ചാക്കോ ബോബന്‍-ജ്യോതിര്‍മയി ടീമിന്റെ ബൊഗെയ്ന്‍വില്ല. ഹോളിവുഡിലെ ജോക്കറും തമിഴിലെ രാക്ഷസനും പോലെ എത്രയെത്ര സിനിമകള്‍! മലയാളത്തിലാവട്ടെ അഞ്ചാം പാതിരായും ജോണ്‍ ലൂഥറും ഫോറന്‍സിക്കുംപോലെയുളള സിനിമകള്‍. ഏറ്റവും ഒടുവില്‍ ലെവല്‍ക്രോസ്. അങ്ങനെയുള്ള സൈക്കോപരമ്പരയിലെ പുതിയൊരു അധ്യായമാണ് ബൊഗെയ്ന്‍വില്ല.
കേന്ദ്രകഥാപാത്രംതന്നെ സൈക്കോയാണ് എന്നതാണ് മലയാളത്തിലെ മറ്റു സൈക്കോസിനിമകളില്‍നിന്നു ബൊഗെയ്ന്‍വില്ലയെ വ്യത്യസ്തമാക്കുന്ന ഘടകം. മാത്രവുമല്ല, ചോക്ലേറ്റ് പരിവേഷത്തില്‍നിന്ന് ഇപ്പോഴും പൂര്‍ണമായും വിട്ടുനില്ക്കാന്‍ കഴിയാത്ത, സിനിമയിലെ നല്ല ഇമേജുകാരനായ കുഞ്ചാക്കോ ബോബനാണ് നെഗറ്റീവ് ഷെയ്ഡിലുള്ള ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ സിംഹഭാഗവും പ്രേക്ഷകരില്‍ തെറ്റുധാരണയുണര്‍ത്തിക്കൊണ്ട് നല്ലപിള്ള ചമയുകയും പിന്നീട് യഥാര്‍ഥ പ്രശ്നക്കാരന്‍ ഈ കേന്ദ്രകഥാപാത്രംതന്നെയായി മാറുന്നതുമായ പരിണാമം മനോവിശ്ലേഷണത്തിന്റെ പരിധിയില്‍പ്പെടുന്ന പല സിനിമകളുടെയും പൊതുസവിശേഷതയാണ്. മാടമ്പള്ളിയിലെ യഥാര്‍ഥമനോരോഗിയെ പുറത്തുകൊണ്ടുവന്ന മണിച്ചിത്രത്താഴും പൃഥ്വിരാജിന്റെ എസ്രയുമൊക്കെയാണ് ഇതിലേക്ക് ഉദാഹരിക്കാവുന്ന ചില ചിത്രങ്ങള്‍.
സൈക്കോസിനിമകളിലെ കൊലപാതകപരമ്പരകള്‍ക്കും അക്രമിയുടെ മാനസികാവസ്ഥയ്ക്കും ന്യായീകരണത്തിന്റെ പട്ടും വളയും നല്കി അവരെ സമാധാനിപ്പിക്കാനും വെളുപ്പിച്ചെടുക്കാനുമുള്ള നീക്കങ്ങളും ഓരോ സൈക്കോസിനിമയ്ക്കുമുണ്ട്. ആ വഴിയേതന്നെയാണ് അമല്‍ നീരദും സഞ്ചരിക്കുന്നത്. ഡോക്ടര്‍ റോയിസിന്റെ ബാല്യകാലത്തുണ്ടായ അനുഭവങ്ങളും കാഴ്ചകളുമാണ് അയാളെ ഇത്തരത്തിലുള്ള ചില വൈകൃതങ്ങളിലേക്കു തള്ളിയിട്ടതെന്നാണ് പ്രസ്തുത ചിത്രവും പറയുന്നത്.
എല്ലാ ആണ്‍കുട്ടികള്‍ക്കും അവരുടെ ഹീറോ അപ്പനായിരിക്കും. എന്നാല്‍, തന്റെ ഹീറോ വല്യപ്പനാണ് എന്നാണ് അതേക്കുറിച്ചുള്ള നായകന്റെ ഓര്‍മ.
ജന്മിയായ വല്യപ്പന്റെ സകല ക്രൂരതകള്‍ക്കും നിശ്ശബ്ദസാക്ഷിയായി ജീവിക്കേണ്ടിവരുന്ന നിസ്സഹായബാല്യമായിരുന്നു റോയിസിന്റേത് (ഫ്യൂഡല്‍മേധാവിത്വം അമല്‍ നീരദിന്റെ പല സിനിമകളിലും കടന്നുവരുന്നുണ്ട്. ഇയ്യോബിന്റെ പുസ്തകവും വരത്തനും മുതല്‍ ഭീഷ്മപര്‍വത്തിലെ വിവാദനായകന്‍ മൈക്കിളപ്പവരെയുള്ള മുന്‍കാലസിനിമകളിലെ കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതവും ചെയ്തികളും ഫ്യൂഡല്‍ മേധാവിത്വത്തിന്റേതുതന്നെയാണ്).
അന്നുകണ്ട കാഴ്ചകളും കേള്‍വികളും അവയിലെ തിന്മകളും അയാളുടെ വ്യക്തിത്വത്തിലേക്കു മഷിയെന്നതുപോലെ പടര്‍ന്നിറങ്ങുകയായിരുന്നു. എന്നാല്‍, പൊതുസമൂഹത്തിന്റെ മുമ്പില്‍ അയാള്‍ നല്ലവനും സ്‌നേഹമയനുമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ചെകുത്താന്‍ ജീവിച്ചിരിപ്പില്ല എന്നു വിശ്വസിക്കുന്നിടത്താണ് അവന്റെ വിജയം എന്ന് ബൊഗെയ്ന്‍വില്ലയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നുണ്ട്.
സാത്താന്റെ അസ്തിത്വത്തെ അംഗീകരിക്കാന്‍ പലപ്പോഴും പുരോഗമനവാദത്തിന്റെ പേരുപറഞ്ഞ് പലര്‍ക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ സാത്താന്‍ വിജയിച്ചുകൊണ്ടാണിരിക്കുന്നതും. നന്മയ്ക്കും ദൈവത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതൊരു മനുഷ്യനും സാത്താനായി മാറിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍ റോയിസ് മനുഷ്യരൂപത്തിലുള്ള സാത്താനാണ്. നിരപരാധികളായ പെണ്‍കുട്ടികളെയാണ് അയാള്‍ ക്രൂരമായി കൊന്നൊടുക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങളുള്‍പ്പെടെ പല ആക്‌സസറികളും സൂക്ഷിച്ചുവയ്ക്കുന്ന മനോവൈകൃതവും അയാള്‍ക്കുണ്ട് (ലെവല്‍ക്രോസ് സിനിമയില്‍ ആസിഫ് അലി താന്‍ കൊലചെയ്തവരുടെ എണ്ണം ഓര്‍മിക്കുന്നത് ഓരോ മെഡലുകളായിട്ടാണ്).
റോയിസും വല്യപ്പനും നടത്തുന്ന കൊടുംക്രൂരതകളുടെ വിവരണം രേഖപ്പെടുത്താത്തത് അത് അത്രമേല്‍ പ്രേക്ഷകരെ അസ്വസ്ഥരാക്കിയേക്കും എന്നു കരുതുന്നതുകൊണ്ടാണ്. പലതരത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കടിമകളായ കഥാപാത്രങ്ങളും അമല്‍ നീരദിന്റെ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
വരത്തന്‍ സിനിമയില്‍ വിജിലേഷ് എന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വികസിതരൂപമാണ് ബൊഗെയ്ന്‍വില്ലയിലെ ഡോക്ടര്‍ കഥാപാത്രം. സെക്ഷ്വല്‍ ഫെറ്റിഷിസത്തിന്റെ ഭാഗമായ അടിവസ്ത്രഫെറ്റിഷിസം വരത്തനില്‍ വരച്ചുകാണിക്കുമ്പോള്‍ ബൊഗെയ്ന്‍വില്ലയില്‍ അതു മറ്റു പലതരത്തിലുള്ള ഫെറ്റിഷിസത്തിലേക്കുകൂടി വ്യാപിച്ചിരിക്കുന്നതായി കാണാം. ഭീഷ്മപര്‍വത്തില്‍ ഷൈന്‍ ചാക്കോ ടോമിന്റെ കഥാപാത്രം ബൈ സെക്ഷ്വലായിരുന്നല്ലോ? ഇയ്യോബിന്റെ പുസ്തകത്തില്‍ ഇയ്യോബിന്റെ മക്കളിലൊരുവനെ ലൈംഗികശേഷി നഷ്ടപ്പെട്ടവനായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്.
ഇങ്ങനെ മുന്‍സിനിമകളില്‍ പലതരത്തില്‍ അവതരിപ്പിക്കപ്പെട്ട മനോവൈകൃതക്കാരുടെ തുടര്‍ച്ചയായിത്തന്നെയാണ് ബൊഗെയ്ന്‍വില്ലയിലെ ഡോക്ടറും കടന്നുവരുന്നത്. ലൈംഗികവൈകൃതവും മനോവൈകൃതവും ബന്ധപ്പെട്ടാണിരിക്കുന്നതെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.
വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ഇന്നത്തെ സിനിമാന്തരീക്ഷത്തില്‍ സ്ലോ സ്‌പെയ്സില്‍ കഥ പറയുന്നതാണ് അമല്‍ നീരദിന്റെ എന്നത്തെയും രീതി. അമല്‍ നീരദിന്റെ സിനിമയാണോ സ്ലോമോഷനുണ്ടായിരിക്കും എന്ന രീതിയില്‍ ഉദാരരാവാറുണ്ട് പ്രേക്ഷകരും. ആ പൊതുരീതിതന്നെയാണ് ബൊഗെയ്ന്‍വില്ലയും പിന്തുരുന്നത്. പക്ഷേ, ക്ലൈമാക്‌സാണ് പ്രേക്ഷകനോടു തെല്ലും നീതികാണിക്കാതെപോയത്. ബോധരഹിതരായി കിടക്കുന്ന സ്ത്രീകഥാപാത്രങ്ങളെല്ലാം ഊര്‍ജസ്വലത വീണ്ടെടുത്ത് പ്രതിയോഗിയെ ഒരുമിച്ചുനിന്നാക്രമിക്കുന്നതിലെ ഔചിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല (അതുവരെ ശാന്തസ്വഭാവിയായിരുന്ന വരത്തനിലെ നായകന്‍ അത്യാധുനികസങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരുസംഘം ആളുകളെ നിഷ്പ്രയാസം തറപറ്റിക്കുന്നതിലെ വീരസ്യംതന്നെ ഇവിടെയും പകര്‍ത്തിയിരിക്കുന്നു). അതിനിടയില്‍ വീട്ടുജോലിക്കാരിയുടെ മാസ് ഡയലോഗും: 'ഇവനൊക്കെ ഇത്രയുമേയുള്ളൂ ചേച്ചി.' ഒരു സൈക്കോയെ തോല്പിക്കാന്‍ മൂന്നുപെണ്ണുങ്ങള്‍ക്കു സാധിക്കും എന്നതിലൂടെ ഫെമിനിസ്റ്റുകാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയാണോ സംവിധായകന്‍? ആര്‍ക്കറിയാം?
അഭിനയത്തിന്റെ കാര്യത്തില്‍ എപ്പോഴും വിസ്മയം തീര്‍ക്കാറുള്ള ഫഹദ് ഫാസിലിനു പ്രത്യേകമായി ഒന്നും ചെയ്യാനില്ലാതെപോയി എന്നതാണ് ബൊഗെയ്ന്‍വില്ലയുടെ ഒരു ന്യൂനത. പൂര്‍ണമായും ഇതൊരു ജ്യോതിര്‍മയിചിത്രമാണെന്നു പറയുന്നതാവും കൂടുതല്‍ നല്ലത്. വിവാഹത്തോടെ അഭിനയത്തോടു വിട പറഞ്ഞ് വീട്ടമ്മമാരായി കഴിഞ്ഞുകൂടുന്ന ധാരാളം നായികമാരുള്ള മലയാളസിനിമയില്‍ തന്റെ ഭാര്യകൂടിയായ നടിയുടെ രണ്ടാംവരവിനുവേണ്ടി ഇതുപോലൊരു ചിത്രം ചെയ്യാന്‍ തയ്യാറായ സംവിധായകനും ഭര്‍ത്താവുമായ അമല്‍ നീരദിന് ഒരു കൈയടി കൊടുക്കേണ്ടതുമുണ്ട്.
അതെന്തായാലും, സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചോദ്യമുണ്ട്: ഇത്തരം സിനിമകള്‍ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകന് എന്താണ് അനുഭവിക്കാന്‍ സാധിക്കുന്നത്? ഒന്നുകില്‍ ചിന്തിക്കാന്‍ എന്തെങ്കിലുമുണ്ടാവണം, അല്ലെങ്കില്‍ മനസ്സിനെ ഫ്രീയാക്കാന്‍ കഴിയുന്ന വിധത്തിലുള്ള രസതന്ത്രമുണ്ടായിരിക്കണം. ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ചേരുവകളുണ്ടായിരിക്കണം. ആത്യന്തികമായി സിനിമ ഒരു വിനോദോപാധിയാണല്ലോ.
എന്നാല്‍, അതിനൊന്നും കോപ്പുകളില്ലാതെ സംവിധായകന്റെ മേയ്ക്കിങ് രീതി കണ്ടു കൈയടിച്ചു പുറത്തിറങ്ങാന്‍മാത്രം വിലകെട്ടവരായിപ്പോയോ പ്രേക്ഷകര്‍? അതുമല്ലെങ്കില്‍ മനസ്സു കുറെക്കൂടി തമോഗര്‍ത്തങ്ങളിലേക്കു വീണുപോയതായ അനുഭവവുമായി മടങ്ങിപ്പോകേണ്ട ഗതികേടിലെത്തിയോ പ്രേക്ഷകര്‍? സൈക്കോവിഷയങ്ങളില്‍നിന്ന് ഇനിയെങ്കിലും സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ അകലംപാലിക്കുകയും അതില്‍നിന്നു പുറത്തുവരികയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.