അരാഷ്ട്രീയ വാദിയാകുന്നത് അക്ഷന്തവ്യമായ കുറ്റമാകുന്ന കാലമാണിത്. ഏതെങ്കിലുമൊക്കെ രാഷ്ട്രീയം എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലുമൊക്കെത്തരത്തിലുള്ള രാഷ്ട്രീയം എല്ലാറ്റിലും കലരാറുമുണ്ട്. മതംപോലും അതില്‍നിന്ന് അപവദിക്കപ്പെടുന്നില്ല. അങ്ങനെയെങ്കില്‍ അവാര്‍ഡുകളില്‍ രാഷ്ട്രീയം കലരാതിരിക്കുമോ? പ്രത്യേകിച്ച് സിനിമപോലെയുള്ള, കോടികളുടെ അമ്മാനാട്ടവും പ്രശസ്തരുടെ ഏറ്റുമുട്ടലുകളും നടക്കുന്ന ഒരു വേദിയാകുമ്പോള്‍?
ഈ വര്‍ഷത്തെ സംസ്ഥാന-ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും മുമ്പെന്നത്തെയുംപോലെ രാഷ്ട്രീയമുണ്ട്. അതതു സര്‍ക്കാരുകളുടെ കാഴ്ചപ്പാടുകള്‍ അവര്‍ നല്കുന്ന അവാര്‍ഡുകളിലും പ്രതിഫലിക്കുന്നു. അതിന്റെ മികച്ച ഉദാഹരണമാണ് ഏറ്റവും മികച്ച മലയാളചിത്രമായി കാതല്‍ എന്ന ചിത്രത്തെ സംസ്ഥാനസര്‍ക്കാര്‍ തിരഞ്ഞെടുത്തത്. പുരോഗമനകാഴ്ചപ്പാടുകളുള്ള ഒരു സര്‍ക്കാരാണ് നമ്മുടേതെന്നാണ് അവകാശവാദം. അത് അങ്ങനെയായിരിക്കുകയും വേണം. പുരോഗമനേച്ഛയില്ലാത്ത ഒരു വ്യക്തിക്കോ സമൂഹത്തിനോ ഭരണകൂടത്തിനോ നിശ്ചിതപരിധിക്കപ്പുറത്തേക്കു വളരാനാവില്ല. പക്ഷേ, പുരോഗമനം ഏതു തരത്തിലാണ് എന്നതാണു പ്രസക്തം.
കാതലിനെ ഏറ്റവും മികച്ച സിനിമയായി അംഗീകരിക്കുന്നതുവഴി സമൂഹത്തിന് എന്തു സന്ദേശമാണു നല്കുന്നത് എന്നതാണു ചോദ്യം. കല കലയ്ക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ എന്ന തര്‍ക്കം കലകളുടെ ആരംഭംമുതല്‍തന്നെ നിലവിലുണ്ടായിരുന്നു. ഇതിന്റെ പേരില്‍ രണ്ടുതരം അഭിപ്രായങ്ങളുമായി ചേരിതിരിഞ്ഞുനില്ക്കുന്നവര്‍ ഇന്നുമുണ്ട്. സിനിമ ആത്യന്തികമായ കച്ചവടവും വിനോദവുമാകുമ്പോള്‍ സോദ്ദേശ്യംമാത്രമാകണം എന്ന വാശി യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ്. അതുകൊണ്ട് എല്ലാ സിനിമകളും സദുദ്ദേശ്യപരമാകണമെന്നു വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, ദുരുദ്ദേശ്യപരമാണോ എന്നു ചിന്തിപ്പിക്കുന്ന തരത്തിലുള്ള സിനിമകള്‍ കാണുമ്പോള്‍ അതിനെ ചോദ്യം ചെയ്യാതിരിക്കാനുമാവില്ല. അത്തരത്തിലുള്ള ഒരു ചിത്രമാണ് കാതല്‍.
കാതല്‍ സിനിമ പുറത്തിറങ്ങിയ കാലംമുതല്‍ ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായിരുന്നു, സ്വവര്‍ഗബന്ധം പ്രമേയമായി തിരഞ്ഞെടുത്തുവെന്നതോ അതിലെ കഥാപാത്രങ്ങള്‍ കത്തോലിക്കാകുടുംബപശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു എന്നതോ അല്ല ഇവിടത്തെ പ്രശ്‌നം. ഏതൊരു കഥാകൃത്തും സംവിധായകനും തനിക്കു പരിചിതമായ ഒരു ഭൂമികയാണു കഥാപരിസരമായി തിരഞ്ഞെടുക്കുന്നത്. തങ്ങള്‍ക്കു പരിചിതമായ ഒരു അന്തരീക്ഷം അതിനായി കാതലിന്റെ ശില്പികള്‍ തിരഞ്ഞെടുത്തുവെന്ന് ഉദാരരാവാനേ നമുക്കു കഴിയൂ. ക്രൈസ്തവര്‍മാത്രമാണോ സ്വവര്‍ഗചായ്‌വുള്ളവരായിട്ടുള്ളത്? ഒരിക്കലുമല്ല. ഇതേ ലൈംഗികവ്യതിയാനത്തിന്റെപേരില്‍ ഏറെ പരിഹസിക്കപ്പെടുന്ന ദേശവും സമുദായവുംവരെയുണ്ട്. അതു വേറേ കാര്യം.
കുടുംബസ്ഥനായ സ്വവര്‍ഗാനുരാഗി ഇരുപതുവര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് തന്റെ സുഹൃത്തുമൊത്തു ജീവിക്കാനായി ഇറങ്ങിത്തിരിക്കുന്നതാണ് കാതലിന്റെ പ്രതിപാദ്യമെന്ന് ഒറ്റവാക്കില്‍ പറയാം. ഈ സിനിമ അവാര്‍ഡിനു സമര്‍പ്പിക്കപ്പെട്ട നൂറിലധികം സിനിമകളില്‍ ഏറ്റവും മികച്ചതാണ് എന്ന് അംഗീകരിക്കുമ്പോള്‍ കാതല്‍ സിനിമ അവതരിപ്പിച്ച ആശയമാണ് ഏറ്റവും മികച്ചത് എന്നല്ലേ അര്‍ഥം? ഏറ്റവും മികച്ച തിരക്കഥാകൃത്തും കാതലിന്റേതാണ് എന്നുകൂടി ചേര്‍ത്തുവായിക്കണം: ആദര്‍ശ് സുകുമാരന്‍. അതായത്, കുടുംബം ഉപേക്ഷിച്ച്, മക്കളെ ഉപേക്ഷിച്ച് ഓരോരുത്തരും സ്വന്തം വഴിക്കും സ്വന്തം കാമനകളെ തൃപ്തിപ്പെടുത്തിയും സ്വന്തം ജീവിതം ജീവിക്കുന്നതാണ് ഇന്നത്തെ കാലം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പുരോഗമനം.
പുതുതായി വന്ന എംടിയന്‍ സിനിമ മനോരഥങ്ങളില്‍പ്പോലും അത്തരം ചില ആശയങ്ങളുടെ പ്രകാശനമുണ്ട്. നമുക്കാകെ ഒരു ജീവിതമല്ലേയുള്ളൂ. അത് നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനല്ലെങ്കില്‍ നമ്മുടെ ജീവിതം ആരു ജീവിക്കും എന്നാണ് അതിലെ കഥാപാത്രം ചോദിക്കുന്നത്. പുരോഗമനം മറ്റുള്ളവര്‍ക്കായിക്കോട്ടെ, സ്വന്തം കാര്യംവരുമ്പോള്‍ യാഥാസ്ഥിതികരാകുന്ന മനുഷ്യരാണ് കൂടുതലും. പണ്ടാരോ പറഞ്ഞതുപോലെ, അയല്‍ക്കാരന്റെ ഭാര്യ ഫെമിനിസ്റ്റായിരിക്കുന്നതാണ് എനിക്കിഷ്ടം എന്ന മട്ടിലാണ് കാര്യങ്ങള്‍.
കുടുംബം എന്ന സനാതനവ്യവസ്ഥയെയും മൂല്യസമ്പ്രദായത്തെയും തട്ടിമറിച്ചുകൊണ്ട് സ്വന്തം സുഖങ്ങള്‍ക്കു പിന്നാലെ പായുന്നതാണ് ആദര്‍ശമായും പുരോഗമനമായും അവതരിപ്പിക്കുന്നതെങ്കില്‍ അതിനെയാണ് ചോദ്യം ചെയ്യേണ്ടതായിവരുന്നത്. ഇത് കുടുംബവ്യവസ്ഥയുടെമേലുള്ള കടന്നുകയറ്റവും ഭദ്രമാകേണ്ട കുടുംബബന്ധങ്ങളെ ശിഥിലമാക്കാനുള്ള ശ്രമവുമാണ്; സ്വതന്ത്രചിന്താഗതിയുടെ ഭാഗവും.
തോന്നുന്നതെന്തും ചെയ്യാനള്ള ലൈസന്‍സല്ല സ്വാതന്ത്ര്യം. അങ്ങനെയാണെങ്കില്‍ ബാങ്കുകവര്‍ച്ച നടത്തുന്നതും കൈക്കൂലി വാങ്ങുന്നതും അഴിമതി ചെയ്യുന്നതുമെല്ലാം അവരവരുടെ സ്വാതന്ത്ര്യമാണെന്നു പറയേണ്ടിവരും. അങ്ങനെയൊരു സ്വാതന്ത്ര്യമില്ല. നമ്മുടെയെല്ലാം കുടുംബങ്ങള്‍ കുറവുകളോടെയാണെങ്കിലും നിലനിന്നുപോരുന്നത് സ്വന്തം ഇഷ്ടങ്ങള്‍മാത്രം നോക്കി ജീവിച്ചതുകൊണ്ടല്ല, ചില ഇഷ്ടങ്ങളെ ത്യജിച്ചതുകൊണ്ടും ചില അനിഷ്ടങ്ങളോടു സഹിഷ്ണുത കാണിച്ചതുകൊണ്ടുമാണ്. എന്നുകരുതി വ്യത്യസ്തമായ ഒരു ലൈംഗികതയുടെപേരില്‍ ഇണകളിലൊരാള്‍ ദാമ്പത്യത്തില്‍ ജീവിതകാലം മുഴുവന്‍ സഹിച്ചുജീവിക്കണമെന്നും പറയുന്നില്ല. അസാധുവാക്കപ്പെടുന്ന വിവാഹങ്ങളുടെ ആനുകൂല്യം അവര്‍ക്കു നല്കേണ്ടതുമുണ്ട്. എന്നാല്‍, അത്തരത്തിലുള്ള സഭാപരമോ സാമൂഹികപരമോ ആയ വശങ്ങളിലേക്കു തിരിയാതെ ഭാര്യ തന്റെ പൂര്‍വകാമുകന്റെ അടുക്കലേക്കും ഭര്‍ത്താവ് തന്റെ കളിക്കൂട്ടുകാരനിലേക്കും ചെന്നെത്തുന്നതുപോലെയുള്ള വിലക്ഷണമായ കഥാതന്തുവാണ് കാതല്‍ എന്ന സിനിമയെ സമൂഹത്തിന് അപകടകാരിയാക്കുന്നത്.
മികച്ച രണ്ടാമത്തെ സിനിമയായ ഇരട്ടയിലും പാപത്തിന്റെ കരിമ്പടം വീണുകിടപ്പുണ്ട്. അതുപക്ഷേ പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നത് 'പാപംമൂലം മരണം' എന്ന വിശുദ്ധഗ്രന്ഥസങ്കല്പത്തിലേക്കും വികാരവിമലീകരണത്തിലേക്കുമാണ്. അങ്ങനെയൊന്ന് കാതലില്‍ സംഭവിക്കുന്നില്ല.
കലാപരമായ മൂല്യമുള്ളതോ ജനപ്രീതിയുള്ളതോ സാമ്പത്തികലാഭം നേടിയതോ ആയ സിനിമകള്‍ മൂല്യാധിഷ്ഠിതമാകാറില്ല. കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാര്‍ക്ക് അവരുടെ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളുടെ പേരില്‍ മികച്ച നടീനടന്മാരായി അവാര്‍ഡു നല്കുമ്പോഴും സമൂഹത്തിനു തെറ്റായ ദിശാബോധം നല്കുന്ന, അല്ലെങ്കില്‍ വ്യക്തിപരമായ താത്പര്യങ്ങളെ സാമാന്യവത്കരിക്കാനും മഹത്ത്വവത്കരിക്കാനും ശ്രമിക്കുന്ന സിനിമകളെ മികച്ച സിനിമകളായി പ്രഖ്യാപിക്കാതിരിക്കുകയായിരിക്കും ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ഭരണസമ്പ്രദായത്തിനു നല്ലത്. പ്രത്യേകിച്ച് കേരളംപോലെ ഇന്നും കുടുംബമൂല്യങ്ങള്‍ പിന്തുടരുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം.
ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിക്കു മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ അതാരും ചോദ്യം ചെയ്തില്ല. സിനിമ കണ്ടവര്‍ക്കറിയാം അതില്‍ ലീലാമ്മയായി ഉര്‍വശി ജീവിക്കുകയായിരുന്നുവെന്ന്. ഉള്ളൊഴുക്ക് എന്ന സിനിമയോടുള്ള എല്ലാ ഇഷ്ടവും ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, എന്നാല്‍, ഉള്ളൊഴുക്ക് ഒരു കുടുംബപരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുമ്പോള്‍ മികച്ച സന്ദേശം നല്കുന്ന സിനിമയാണെന്നു പറയാന്‍ കഴിയുമോ? ഒരിക്കലുമില്ല. കാരണം, ഭര്‍ത്താവ് ജീവിച്ചിരിക്കേ, അയാള്‍ രോഗിയാണെന്നതോ അവള്‍ ഇഷ്ടമില്ലാതെ വിവാഹം കഴിച്ചതാണെന്നതോ അല്ല; കാമുകനില്‍നിന്നു ഗര്‍ഭിണിയായ അഞ്ജുവിന്റെകൂടി കഥയാണിത്. നന്മയും തിന്മയും തമ്മില്‍ അവിടെ ഏറ്റുമുട്ടുന്നുണ്ട്. ശരിതെറ്റുകള്‍ എല്ലാവരിലുമുണ്ട്. എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ന്യായീകരിക്കപ്പെടുന്നുമുണ്ട്. അഞ്ജുവിന്റെ കാമുകന്‍പോലും.
ആത്മസംഘര്‍ഷങ്ങളുടെ പേരിലാണ് ഉള്ളൊഴുക്ക് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍, ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിച്ചുവെന്ന ന്യായം നിരത്തി ഭര്‍ത്തൃമതിയെ വിവാഹേതരബന്ധത്തിനു പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്നുകൂടി ഉള്ളൊഴുക്കിനെ വസ്തുനിഷ്ഠമായി നമുക്കു വിലയിരുത്തേണ്ടതായിവരും. ഒരു ജനപ്രിയനോവലിന്റെയോ സീരിയലിന്റെയോ കഥമാത്രമാണത്. എന്നാല്‍, അതിനെ അസാമാന്യമായവിധത്തില്‍ ആവിഷ്‌കരിക്കാന്‍ എഴുത്തുകൊണ്ടും അവതരണംകൊണ്ടും സംവിധായകനും അഭിനയിക്കാന്‍ നടീനടന്മാര്‍ക്കും കഴിഞ്ഞു. അവിടെയാണ് ഉള്ളൊഴുക്ക് മനോഹരമായ കലാസൃഷ്ടിയാകുന്നത്. പക്ഷേ, അതൊരിക്കലും മികച്ച സിനിമയാകുന്നില്ല.
സംസ്ഥാന-അവാര്‍ഡില്‍നിന്ന് ദേശീയ അവാര്‍ഡിലെത്തുമ്പോഴുമുണ്ട് പ്രകടമായ രാഷ്ട്രീയം. മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മിലാണ് മികച്ചനടന്മാരുടെ അവാര്‍ഡില്‍ മത്സരിക്കാന്‍ പോകുന്നതെന്ന കരക്കമ്പി പരന്നപ്പോള്‍ത്തന്നെ ഒരുപറ്റം പേരുടെ മുന്‍വിധി മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാന്‍ പോകുന്നില്ല എന്നായിരുന്നു. മമ്മൂട്ടിയുടെ പ്രകടമായ രാഷ്ട്രീയവും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയവുമായിരുന്നു അതിന്റെ പിന്നിലെ കാരണം. അതെന്തായാലും ഋഷഭ് അവാര്‍ഡ് ജേതാവായി. മമ്മൂട്ടിയുടെ ഒരു ചിത്രംപോലും മത്സരത്തിനുണ്ടായിരുന്നില്ല എന്ന സത്യം വെളിപ്പെടുത്തി ജൂറി അംഗം പത്മകുമാര്‍ രംഗത്തുവന്നതോടെ ആ വിഷയത്തിലുള്ള വിവാദങ്ങള്‍ക്കു വിരാമമായി.
ജൂറിയുടെ വിധി അന്തിമമാണെന്നാണല്ലോ പൊതുവെ പറയുന്നത്. അതായത്, അത് ചോദ്യം ചെയ്യപ്പെടാവുന്നവയല്ല. ജൂറി തീരുമാനിക്കുന്നു. ജൂറി നല്കുന്നു. ഒരുതരം അപ്രമാദിത്വം എല്ലാ അവാര്‍ഡുകമ്മിറ്റിക്കുമുണ്ട്. അമിതാഭ് ബച്ചനും തിലകനും ഒരേവര്‍ഷം ദേശീയ അവാര്‍ഡിന് മത്സരിച്ച സമയം. ഉത്തരേന്ത്യന്‍ ലോബി കണ്ണുംപൂട്ടി തീരുമാനിച്ചു ബച്ചനാണ് മികച്ച നടനെന്ന്. അവിടെയും ഒരു രാഷ്ട്രീയം കലര്‍ന്നിട്ടുണ്ട്. രാഷ്ട്രീയം കലരാത്ത ഒരു അവാര്‍ഡും ഇനി ഉണ്ടാകാനും പോകുന്നില്ല. പ്രേക്ഷകനും അവരുടേതായ രാഷ്ട്രീയമുണ്ട് എന്നതാണ് ഏറെ ആശ്വാസം. 2024 ല്‍ ഇറങ്ങിയ ചിത്രം 2023 ലെ ഏറ്റവും മികച്ച ജനപ്രിയചിത്രമാകുന്നത് എങ്ങനെ എന്ന ചില ചോദ്യങ്ങളും ഇവിടെ പ്രസക്തമാണ്. സെന്‍സറിങ് കഴിഞ്ഞ ചിത്രങ്ങള്‍ റീലിസ് ചെയ്തില്ലെങ്കില്‍പോലും മത്സരത്തിന് അയയ്ക്കാം. പക്ഷേ, ജനപ്രീതിയുള്ള ചിത്രം എന്ന വിശേഷണം കൊടുക്കുമ്പോള്‍ ജനം ആ ചിത്രം കാണുകയെങ്കിലും വേണ്ടേ? 2018 എന്ന സിനിമയെക്കാള്‍ ആടുജീവിതം എന്ന ചിത്രം ജനപ്രിയചിത്രമാകുന്നതിനുപിന്നിലും രാഷ്ട്രീയമുണ്ട്.
പക്ഷേ, മനസ്സിലാവാത്ത ചില കാര്യങ്ങള്‍കൂടിയുണ്ട്. സംസ്ഥാന അവാര്‍ഡില്‍ തഴയപ്പെടുന്നവര്‍ക്ക് ദേശീയ അവാര്‍ഡ് അതേ മത്സരയിനത്തില്‍ത്തന്നെ കിട്ടുന്നു. സംസ്ഥാന അവാര്‍ഡ് കിട്ടിയവര്‍ക്ക് അതേ അവാര്‍ഡ് ദേശീയതലത്തില്‍ കിട്ടുന്നില്ല. മറ്റു ചെറുകിട അവാര്‍ഡുകള്‍ കിട്ടുന്നവര്‍ക്ക് സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ കിട്ടുന്നില്ല. വിദേശപുരസ്‌കാരങ്ങള്‍ കിട്ടുന്ന സിനിമകള്‍ സ്വന്തം നാട്ടില്‍ അറിയപ്പെടുന്നതുപോലുമില്ല. ഇതൊക്കെ എന്തുകൊണ്ടായിരിക്കും? ജൂറിയുടെ കാഴ്പ്പാടിന്റെ വ്യത്യാസമോ.. അതോ അവയിലെ രാഷ്ട്രീയമോ? ആരു പറയും ഉത്തരങ്ങള്‍?