•  4 Jul 2024
  •  ദീപം 57
  •  നാളം 17
കാഴ്ചയ്ക്കപ്പുറം

കല്യാണക്കഥകള്‍ ഗുരുവായൂരമ്പലനടയില്‍വരെ

ല്യാണവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും പല മലയാളസിനിമകളും മുഖ്യപ്രമേയമായി തിരഞ്ഞെടുത്തിട്ടുള്ള ഒന്നാണ്. കളിയല്ല കല്യാണംപോലെയുള്ള സിനിമ മുതല്‍ ഏറ്റവും ഒടുവില്‍ വിപിന്‍ദാസിന്റെ ഗുരുവായൂരമ്പലനടയില്‍വരെ അതെത്തിനില്ക്കുന്നു.
കല്യാണവുമായി ബന്ധപ്പെട്ട രസകരമായ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള സിനിമകളില്‍ പലരുടെയും ഓര്‍മയിലേക്ക് ആദ്യം കടന്നുവരുന്നത് കല്യാണരാമന്‍ എന്ന ചിത്രം തന്നെയായിരിക്കും. Melcow യും എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറുമൊക്കെ ഇന്നും പുതുമ നശിക്കാത്ത തമാശകളില്‍പ്പെടുന്നുണ്ട്. കല്യാണവീടും കല്യാണവേദിയും കല്യാണച്ചെറുക്കനും പെണ്ണുമൊക്കെയായിരുന്നു ഈ സിനിമയില്‍ നിറഞ്ഞുനിന്നിരുന്നത്.
കല്യാണക്കുറിമാനം, കല്യാണക്കച്ചേരി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കല്യാണം, കല്യാണ പ്പിറ്റേന്ന്, കളമശേരിയില്‍ കല്യാണയോഗം, കടിഞ്ഞൂല്‍ കല്യാണം, കാഞ്ചീപുരത്തെ കല്യാണം എന്നിങ്ങനെ ശീര്‍ഷകത്തില്‍ത്തന്നെ കല്യാണം  കടന്നുവരുന്ന അനേകം സിനിമകളുണ്ട്. ഒരു കല്യാണം വരുത്തിവച്ച പൊല്ലാപ്പുകള്‍ മീനത്തില്‍ താലികെട്ട്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, വധു ഡോക്ടറാണ് തുടങ്ങിയ സിനിമകളിലും കാണാനാവും.
എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. കല്യാണം മുടക്കാന്‍വേണ്ടി കല്യാണദിവസം നടത്തുന്ന ചില കോപ്രായങ്ങളായിരുന്നു ഈ സിനിമയുടെ പ്രതിപാദ്യം. ഏതാണ്ട് ഇതിനു സമാനമായ ഒന്നാണ് ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രവും.
ജയജയജയഹേ എന്ന സിനിമയിലൂടെ സംവിധായകനിരയില്‍ തന്റേതായ ഇരിപ്പിടം വലിച്ചിട്ടിരുന്ന വിപിന്‍ദാസിന്റെ മൂന്നാമതു ചിത്രം. (ആദ്യചിത്രം അന്താക്ഷരി) ഉപചാരപൂര്‍വം ഗുണ്ടജയന്‍ എന്ന സിനിമയില്‍ കല്യാണം മുടക്കാന്‍ ശ്രമിക്കുന്നത് ഒരാളാണെങ്കില്‍ ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിലത് ഒന്നിലധികം ആളുകളാണ്. എന്തിന്, കല്യാണപ്പെണ്ണിന്റെ സഹോദരന്‍വരെ അതില്‍പ്പെടുന്നു. കലക്കണം ഈ കല്യാണം എന്ന് പോസ്റ്ററുകളില്‍ കാണുന്ന വാചകം ഏത് അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നു ചിത്രം കണ്ടിറങ്ങുമ്പോഴേ മനസ്സിലാവൂ എന്നത് മറ്റൊരു കാര്യം.
സഹോദരിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ - ബേസിലിന്റെ വിനു രാമചന്ദ്രന്‍ - തന്റെ ഭാര്യയുടെ പഴയ കാമുകനായിരുന്നുവെന്ന് പൃഥ്വിരാജിന്റെ ആനന്ദന്‍ അറിയുന്നിടത്താണ് ചിത്രത്തിന്റെ സംഘര്‍ഷം ആരംഭിക്കുന്നത്. ഇടവേളവരെ അത്തരമൊരു ടെമ്പോ നന്നായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നുമുണ്ട്. എന്നാല്‍, പഴയ കാമുകിയെ ഇനിമുതല്‍ ചേട്ടത്തിയമ്മയെന്നു വിളിക്കാന്‍ പോകുന്നതിലെ അനൗചിത്യവും പഴയ പ്രണയഭംഗത്തിന്റെ പേരിലുള്ള വേദനയും ചേര്‍ന്ന് വിനു രാമചന്ദ്രനെ കല്യാണത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതും അതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ രണ്ടാം പാതി. എന്നാല്‍, വിനുവിന്റെ പഴയ കാമുകി തന്റെ ഏട്ടത്തിയമ്മതന്നെയല്ലേ എന്ന കല്യാണപ്പെണ്ണിന്റെ ചോദ്യവും അതു വിനുവിനു നല്കുന്ന ആശ്വാസവും വിവാഹത്തിലേക്കുതന്നെ അയാളെ പിന്നീട് കൊണ്ടുചെന്നെത്തിക്കുന്നു. പക്ഷേ, ആ കല്യാണം കലക്കാനും അങ്ങനെ പഴയ കാമുകനോടു പ്രതികാരം ചെയ്യാനും ആനന്ദന്‍ മുന്നിട്ടിറങ്ങുന്നതോടെ ചിത്രത്തിലെ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നു.
മുമ്പു പറഞ്ഞതുപോലെ, രസകരവും പുതുമ നിറഞ്ഞതുമായ ആദ്യപാതിയില്‍നിന്ന് രണ്ടാം പാതിയിലെത്തുമ്പോള്‍ ചിത്രത്തിന്റെ പുതുമ നഷ്ടമാവുകയും പഴയകാല കോമഡിസിനിമകളുടെ നിലവാരത്തിലേക്കു കൂപ്പുകുത്തുകയുമാണു ചെയ്യുന്നത്. കല്യാണം മുടക്കാന്‍വേണ്ടി കല്യാണപ്പെണ്ണിന്റെ കാമുകന്‍ അതും സൈക്യാട്രിസ്റ്റായ ഡോക്ടര്‍, പക്ഷിനോട്ടക്കാരനായി വരുന്നതുപോലെയുള്ള രംഗങ്ങള്‍ ചിത്രത്തില്‍ കല്ലുകടിയായി. അതുപോലെ തന്നെ, സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ഗോഡ്ഫാദറിലെ കല്യാണരംഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ താലിമാലയ്ക്കുവേണ്ടിയുള്ള അടിപിടികളും നന്ദനം സിനിമയിലെ ശ്രീകൃഷ്ണന്റെ പുനരവതരണവുമെല്ലാം അരോചകമായി തോന്നി.
അവയൊന്നും ഇല്ലാതെതന്നെ ചിത്രത്തെ നല്ലരീതിയില്‍ അവതരിപ്പിക്കാനുള്ള കോപ്പുകളെല്ലാം ഉണ്ടായിരുന്നിട്ടും ഇത്തരം രംഗങ്ങളും അവതരണവും ചിത്രത്തെ പഴയകാലസിനിമകളുടെ പതിവുരീതികളിലേക്കു തിരിച്ചുകൊണ്ടുപോവുകയാണു ചെയ്തത്. ഗര്‍ഭിണിയായ നായികയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നവഴിക്ക് വില്ലന്‍ പ്രത്യക്ഷപ്പെടുന്നതുപോലെയുള്ള ക്ലീഷേകള്‍ എല്ലാ സിനിമകളിലുമുണ്ടല്ലോ. അത്തരം ക്ലീഷേകളാണ് രണ്ടാം പാതിയിലെമ്പാടും. ബേസിലും സാക്ഷാല്‍ പൃഥ്വിരാജും ഉണ്ടായിരുന്നിട്ടും അവയൊന്നും ഒഴിവാക്കാന്‍ കഴിയാതെ പോയതിലാണ് അദ്ഭുതം.
എങ്കിലും പ്രേമലു തുടങ്ങിവച്ച വിജയത്തിന്റെ കണ്ണി മലയാളിഫ്രം ഇന്ത്യയിലും നടികറും മുറിഞ്ഞുവെങ്കില്‍ വീണ്ടും ആ കണ്ണി വിളക്കിച്ചേര്‍ക്കാന്‍ പ്രസ്തുത സിനിമയ്ക്കു കഴിഞ്ഞുവെന്നതാണ് ഗുരുവായൂരമ്പലനടയിലിന്റെ പ്രസക്തി. യുക്തിയും വിചാരവും മാറ്റിവയ്ക്കാന്‍ സന്നദ്ധതയുണ്ടെങ്കില്‍ അത്യാവശ്യത്തിനു ചിരിക്കാനുള്ള ചില കോപ്പുകളൊക്കെ ഈ സിനിമയിലുണ്ട്. എന്നാല്‍, അതൊക്കെ ഓരോരുത്തരുടെയും ചിരിയുടെ സ്വഭാവം അടിസ്ഥാനമാക്കിയാണെന്നു പറയാതെയും വയ്യ.
ബേസിലിനു ചിരിപ്പിക്കാന്‍ കഴിവുണ്ടെന്നകാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, പൃഥ്വിരാജിന് അത് ഇതുവരെയും സാധിച്ചിട്ടില്ല എന്നതിന് ഒരിക്കല്‍കൂടി ഗുരുവായൂരമ്പലനട അടിവരയിടുന്നുണ്ട്. തമാശയ്ക്കായി പൃഥ്വിരാജ് ചെയ്യുന്ന കാര്യങ്ങളല്ല; മറിച്ച്, പശ്ചാത്തലത്തില്‍ അതിനു കാരണമായ സാഹചര്യവും സന്ദര്‍ഭവും അടിസ്ഥാനമാക്കിയാണ് ചിരിയുണ്ടാകുന്നത് എന്നതാണ് വാസ്തവം. ഉദാഹരണത്തിന്, ആനന്ദിന്റെ പിണങ്ങിപ്പോയ ഭാര്യയും വിനുവിന്റെ തേച്ചിട്ടുപോയ കാമുകിയും ഒരാള്‍തന്നെയാണെന്നു പ്രേക്ഷകര്‍ തിരിച്ചറിയുകയും രണ്ടുപേരും രണ്ടു സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പാര്‍വതിയുടെ ഒരേ ഫോട്ടോ കത്തിച്ചുകളയാനും വാള്‍പേപ്പറായി സെലക്ട് ചെയ്യാനും തിരഞ്ഞെടുക്കുന്നതുപോലെയുള്ള സീനുകള്‍.
ഗുരുവായൂരമ്പലനടയില്‍ ശ്രദ്ധേയമാകുന്നത് അവിടെയൊന്നുമല്ല. കുറെനാളുകളായി മലയാളസിനിമയില്‍ കാണാതെപോയിരുന്ന കുടുംബബന്ധങ്ങള്‍ - അച്ഛന്‍ മക്കള്‍, സഹോദരീസഹോദരബന്ധം, ഭാര്യാഭര്‍ത്തൃബന്ധം, അമ്മാവന്‍-മരുമകന്‍, അളിയന്‍ - അളിയന്‍ - എന്നിങ്ങനെ പലതരം ബന്ധങ്ങളിലൂടെ ഈ സിനിമ കടന്നുപോവുന്നുണ്ട്. അവയുടെ ആഴപ്പെടലുകളൊന്നും സിനിമയില്‍ ഇല്ലെങ്കിലും നായകന്മാര്‍ക്കു പേരിനെങ്കിലും ചില ബന്ധങ്ങളെയും ബന്ധുക്കളെയുമൊക്കെ കാണിച്ചതു നന്നായി. മലയാളസിനിമ അതിന്റെ പഴയവേരുകളിലേക്കു തിരിച്ചുപോകാന്‍ ഇത്തരം സിനിമകള്‍ ഒരു പ്രചോദനമായി മാറട്ടെ.
മലയാളിയുടെ മാറിക്കൊണ്ടിരുന്ന സിനിമാ അഭിരുചികളുടെ പുതിയ മുഖംകൂടിയാണ് ഗുരുവായൂരമ്പലനടയില്‍ അടയാളപ്പെടുത്തുന്നത്. തങ്ങളെ എന്‍ഗേജ്ഡ് ആക്കിയിരുത്താന്‍ കഴിയുന്ന ഏതു സാഹസത്തിനും പ്രേക്ഷകര്‍ തലവച്ചുകൊടുക്കും. എന്നാല്‍, ഗിമ്മിക്കുകളും ജാടയും കാണിച്ചു പിടിച്ചിരുത്താന്‍ നോക്കിയാല്‍ അവര്‍ വകവച്ചുതരുകയുമില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റുകളായ ചിത്രങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നുവെന്ന സത്യം ഇക്കാര്യമാണ് അടിവരയിടുന്നത്.

Login log record inserted successfully!