•  10 Oct 2024
  •  ദീപം 57
  •  നാളം 31
കാഴ്ചയ്ക്കപ്പുറം

ദിലീപിനെ ഇനി ആരു രക്ഷിക്കും?

ദിലീപിനെ ഇനി ആരു രക്ഷിക്കും?
ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ പവി കെയര്‍ടേക്കര്‍ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവന്ന ആദ്യ ചോദ്യവും സംശയവുമാണ് മുകളിലെഴുതിയത്.  ഈ സിനിമ തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും സിനിമകളിലൂടെ മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ച താന്‍ ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കരയുകയായിരുന്നുവെന്നും പ്രസ്തുത ചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രമോഷന്‍ വേളകളില്‍ ദിലീപ് പറഞ്ഞിരുന്നു.
ശരിയാണ്. ലൈംഗികപീഡനവിവാദങ്ങളില്‍ ആരോപണവിധേയനായതിനുശേഷം ഉടന്‍ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രമൊഴികെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ദിലീപിന്റെ ഒരു ചിത്രവും സാമ്പത്തികവിജയം കൈവരിച്ചിരുന്നില്ല. കേശു ഈ വീടിന്റെ നാഥന്‍, വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, തങ്കമണി എന്നിവയായിരുന്നു ദിലീപിന്റേതായി അടുത്തകാലത്തു പുറത്തിറങ്ങിയ ചിത്രങ്ങള്‍.
ഈ ചിത്രങ്ങളില്‍ ശരാശരി വിജയം എന്ന് അവകാശപ്പെടാന്‍ കഴിയുന്നത് വോയ്‌സ് ഓഫ് സത്യനാഥന്‍മാത്രമായിരുന്നു. അതുപോലും പറയാന്‍ പറ്റുന്ന വിജയമായിരുന്നില്ല എന്നതു വേറേകാര്യം. ദീര്‍ഘകാലസുഹൃത്തായ നാദിര്‍ഷായുടെ സംവിധാനത്തില്‍ മികച്ച നടി ഉര്‍വശിക്കൊപ്പം മേക്കോവര്‍ നടത്തി അഭിനയിച്ച കേശു ഈ വീടിന്റെ നാഥന്‍ ടൈറ്റിലിന്റെ പേരില്‍ത്തന്നെ വിവാദമായിരുന്നു. കൊവിഡ് കാലത്ത് ഒടിടിയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നിട്ടുകൂടി ആ ചിത്രം ഒരനക്കവും കേള്‍പ്പിച്ചില്ല. പേരുദോഷം വരുത്തിവയ്ക്കുകയും ചെയ്തു.
ചിരി പാളിപ്പോയെന്നു തോന്നിയപ്പോള്‍ ആക്ഷന്‍ ഹീറോയായി മാറാനുളള ശ്രമങ്ങളാണ് തങ്കമണിയിലും ബാന്ദ്രയിലും ദിലീപ് നടത്തിയത്. അതും ചീറ്റിപ്പോയി. ഏറ്റവും ഒടുവിലിതാ പവി കെയര്‍ടേക്കറും.
ദിലീപ് എന്ന നടനെക്കാള്‍ വ്യക്തിപരമായി ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് സംവിധായകന്റെ പേരായിരുന്നു; വിനീത്കുമാര്‍. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങളിലൂടെ സംവിധായകമുദ്ര പതിപ്പിച്ച സംവിധായകന്‍. ഈ രണ്ടുചിത്രങ്ങളും സാമ്പത്തികവിജയമായിരുന്നില്ല എന്നതു സമ്മതിച്ചു. പക്ഷേ, സംവിധായകന്റെ മുദ്ര അതിലുണ്ടായിരുന്നു. ഡിയര്‍ ഫ്രണ്ട് ഒടിടിയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയുമായിരുന്നു.
തങ്കമണിയിലും ബാന്ദ്രയിലും അണിഞ്ഞ വേഷം അഴിച്ചുവച്ച് സാധാരണക്കാരനായി ദിലീപ് വിനീത് കുമാറിന്റെ സംവിധാനത്തില്‍ നടിക്കുമ്പോള്‍ അതിലെന്തെങ്കിലും പുതുമയുണ്ടാവുമെന്നു കരുതിയതില്‍ പ്രേക്ഷകനെ പഴിക്കാനാവില്ല. പക്ഷേ, സംഭവിച്ചത് നേര്‍വിപരീതമായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ പറയുമ്പോള്‍ രസകരമായ ഒരു കഥയായി തോന്നാമെങ്കിലും തിരക്കഥയിലെ പാളിച്ചകളും അതു വരുത്തിവച്ച അസ്വാഭാവികതകളും ചിത്രത്തിന്റെ പരാജയകാരണമായി.
ഒരേ വീട്ടില്‍ രണ്ടുനേരങ്ങളില്‍ അന്തിയുറങ്ങുന്നവരാണ് നായികയും നായകനുമെന്നതും അവര്‍ ഒരിക്കല്‍പ്പോലും കണ്ടുമുട്ടുന്നില്ലെന്നതും ഈ  കാലത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ അസ്വാഭാവികതയുടെ ചവര്‍പ്പു കൂടുതലായുണ്ട്. അല്ലെങ്കില്‍ ഇതേ കഥയെ മൊബൈലിനുമുമ്പുള്ള ഒരു കാലത്തായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ പിന്നെയും ഭേദപ്പെടുമായിരുന്നു. ഇഷ്ടമുള്ള ആളെ കാണാന്‍ ഇന്നെത്രയോ വഴികള്‍ സുലഭമായുളളപ്പോഴാണ് അത്തരം വഴികളൊന്നും സാധ്യമാവുന്നില്ലെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.
ബഹദൂറിന്റെയും അടൂര്‍ഭാസിയുടെയും കാലത്ത് പഴത്തൊലിയില്‍ തെന്നിവീഴുന്നതായിരുന്നു ഏറ്റവും വലിയ ചിരി. ഇപ്പോള്‍ അത്തരത്തിലുള്ള ചിരി ഒരു സിനിമയിലും കാണില്ല. കാരണം, അത്തരത്തിലുള്ള ചിരിയുടെ കാലം കഴിഞ്ഞു. അതേ കാര്യംതന്നെയാണ് ദിലീപിന്റെ തമാശകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത്. പക്ഷേ, ഇപ്പോഴും അതേ സ്റ്റോക്കുതന്നെയാണ് തന്റെ കൈയിലുള്ളതെന്നാണ് പവി കെയര്‍ടേക്കര്‍ സിനിമയിലെ ചില കോമഡി സീനുകളിലൂടെ ദിലീപ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. അതിനേറ്റവും മികച്ച തെളിവാണ് ഫ്‌ളാറ്റില്‍ കയറിക്കൂടിയ മരപ്പട്ടിയെ പിടികൂടാനുളള ശ്രമങ്ങള്‍. 
ദിലീപിന്റെ സോളോഹിറ്റ് എന്ന് അവകാശപ്പെടാന്‍ കഴിയുന്ന ഈ പറക്കും തളിക സിനിമയിലെ ടോം ആന്റ് ജെറി കാര്‍ട്ടൂണിനെ ഓര്‍മ്മിപ്പിക്കുന്നവിധത്തിലുള്ള, തീയറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിവിട്ട ആ സീനുകളാണ് ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍, ആ രംഗങ്ങള്‍ കണ്ട് ആരെങ്കിലും ചിരിച്ചോ? ഒരുപക്ഷേ, ദിലീപ് മാത്രം ചിരിച്ചുകാണും. എന്നാല്‍, തീയറ്ററില്‍ ആരും ആ ചിരിക്കു കൂട്ടുപോയിട്ടില്ല. പവി കെയര്‍ടേക്കര്‍ പോലെയുള്ള സിനിമകളിലെ ദിലീപിന്റെ കോമഡികള്‍ കാണുമ്പോള്‍ ആ പഴയ കവിതാശകലം ഓര്‍മവരുന്നു: 'പാണ്ടന്‍നായയുടെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.'
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതിഭാധനന്മാര്‍ മാറുന്ന കാലത്തിനനുസരിച്ചു  കഥാപാത്രങ്ങളെ സ്വീകരിക്കാതെ വരുമ്പോഴാണ് അക്കാര്യത്തില്‍ മമ്മൂട്ടി എന്ന നടന്‍ കാണിക്കുന്ന സാഹസികതകള്‍ അദ്ഭുതപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ കാലത്തിനിടയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാംതന്നെ സ്റ്റാര്‍ഡം മാറ്റിവച്ചവയായിരുന്നു. എന്നാല്‍, നായകനാണോ, പാട്ടും ഫൈറ്റും റൊമാന്‍സും വേണമെന്നു നിര്‍ബന്ധമുള്ളതുപോലെയാണ് മറ്റു നടന്മാരുടെ ചെയ്തികള്‍. സാധാരണക്കാരനായ, നാല്പതുവയസ്സിനു മീതെ പ്രായമുള്ള പവിയെ സൂപ്പര്‍ഹീറോയാക്കുന്ന വിധത്തിലുള്ള ചിത്രീകരണങ്ങളും സിനിമയിലുണ്ട്.
തടിമാടന്മാരായ എത്ര പേരോടാണ് പവി ഏറ്റുമുട്ടുന്നത്. നായകനാണെങ്കില്‍ വീരനായകപരിവേഷം കാണണമെന്നും അയാള്‍ രക്ഷകനായിരിക്കണമെന്നും ദിലീപിനു നിര്‍ബന്ധമുണ്ടായിരിക്കണം. അതൊരുപക്ഷേ, സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ സംഭാവനയാണെന്നു കരുതാനുമാവില്ല. നിര്‍മാതാവും നായകനുമായ ദിലീപിന്റെ കൈകടത്തല്‍ തന്നെയാവും അവയെല്ലാം. പ്രണയിച്ച പ്രണയങ്ങളെല്ലാം സാക്ഷാത്കാരം നേടേണ്ടവയാണെന്നതും ക്ലീഷേയാണ്.
ഉദ്യാനപാലകന്‍ എന്ന പേരിലുള്ള ലോഹിതദാസിന്റെ ഒരു മമ്മൂട്ടിച്ചിത്രമുണ്ട്. തന്നെക്കാള്‍ പ്രായക്കുറവുള്ള പെണ്‍കുട്ടിയെ സ്നേഹിക്കുന്ന ഒരു റിട്ടയേര്‍ഡ് മിലിട്ടറിക്കാരന്റെ കഥയാണത്. ആ പ്രണയം സാക്ഷാത്കരിക്കപ്പെടുന്നില്ല. സ്വാഭാവികമായും അയാളുടെ ഉള്ളിലെ വേദനയും നഷ്ടബോധവും പ്രേക്ഷകനനുഭവിക്കാന്‍ കഴിയും. അതുപോലെയുളള ഒരു തിരസ്‌കരണത്തിലൂടെയാണ് പവിയും കടന്നുപോയിരുന്നതെങ്കില്‍  അതു പ്രേക്ഷകനുകൂടി നോവായി മാറുമായിരുന്നു. ഒരു സിനിമ കണ്ടിട്ട് അതുപോലെ ഈ സിനിമയും ചെയ്യണമെന്നു പറയുന്നതു ശരിയല്ലെന്നറിയാം. അത് ഓരോ കഥാകൃത്തിന്റെയും സംവിധായകന്റെയും തീരുമാനവുമാണ്. പക്ഷേ, പറഞ്ഞുവന്നത് എല്ലാ പ്രണയങ്ങളും സാക്ഷാത്കരിക്കപ്പെടണം എന്ന ചിന്തയില്‍നിന്ന് ദിലീപിനു പുറത്തുകടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ്, മാറിച്ചിന്തിക്കാനോ മാറി അഭിനയിക്കാനോ അദ്ദേഹത്തിനു കഴിയുന്നില്ല എന്നാണ്. ഒരേ രീതിയില്‍ എന്നും അഭിനയിച്ചും ഒരേ രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചും മുന്നോട്ടുപോകാമെന്നാണു ദിലീപ് കരുതുന്നത്. ആ ധാരണകള്‍ അബദ്ധങ്ങളാണെന്നാണ് ഇക്കഴിഞ്ഞ കാലത്തെ ചലച്ചിത്രസാഹസങ്ങള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്, അതു പ്രേക്ഷകര്‍ക്കും അറിയാം, സിനിമാലോകത്തിനും അറിയാം. എന്നാല്‍, സ്റ്റാര്‍ഡം തലയ്ക്കു പിടിച്ചിരിക്കുന്ന നായകനറിയില്ല.
ദിലീപിനെ നല്ല രീതിയില്‍ അവതരിപ്പിച്ച സംവിധായകര്‍ക്കും ചുവടുകള്‍ പിഴച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യവും പറയാതെവയ്യ. ദിലീപിനെ സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ ലാല്‍ ജോസ് എന്ന സംവിധായകന്‍തന്നെ ഉദാഹരണം. മീശമാധവനും ചാന്തുപൊട്ടും ഓര്‍മിക്കുമല്ലോ. ഇപ്പോള്‍ ലാല്‍ജോസിന് തന്റെ പഴയ ഇമേജ് നിലനിര്‍ത്താന്‍ കഴിയുന്നില്ല. മ്യാവു, സോളമന്റെ തേനീച്ചകള്‍പോലെയുള്ള ചിത്രങ്ങള്‍ ചെയ്ത് അദ്ദേഹം അടിപതറി നില്ക്കുകയാണ്. രാമലീലവഴി തനിക്കു പുനര്‍ജീവന്‍ നല്കിയ അരുണ്‍ ഗോപിയുമായി ബാന്ദ്രയില്‍ കൈ കൊടുത്തുവെങ്കിലും അതു ദിലീപിനു ശരിയായില്ല. ഉടല്‍ സിനിമയുടെ സംവിധായകന്‍ തങ്കമണി നല്കിയപ്പോഴും ദിലീപിന് പ്രതീക്ഷയുണ്ടായിരുന്നിരിക്കണം. പക്ഷേ, തഥൈവ. അതുകൊണ്ടുതന്നെ, ആദ്യം ചോദിച്ച ആ ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്നു. ദിലീപിനെ ഇനി ആരു രക്ഷിക്കും? ഇനിയെന്നാണ് ദിലീപിന് ഒരു ഹിറ്റ് സമ്മാനിക്കാന്‍ കഴിയുക?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)