തദ്ദേശതിരഞ്ഞെടുപ്പും തൊട്ടുപിന്നാലേ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പും കാല്‍ച്ചുവട്ടില്‍ വന്നുനില്‌ക്കെ ''പിഎം ശ്രീ'' യെച്ചൊല്ലി ഭരണമുന്നണിയിലെ പ്രബലകക്ഷികള്‍ തമ്മില്‍ രൂക്ഷമായിരിക്കുന്ന അഭിപ്രായഭിന്നത മുന്നണിബന്ധം കലുഷിതമാക്കിയിരിക്കുന്നു. ''സീറ്റുവിഭജന'' ത്തെക്കാള്‍ വലിയ വിഭജനമായി അതു മാറുമോയെന്നാണ് രാഷ്ട്രീയകേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. തങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച്, മുന്നണിയില്‍പ്പോലും ആലോചിക്കാതെ ഡല്‍ഹിയില്‍ചെന്നു ധൃതിയില്‍ ഒപ്പിട്ടുകൊടുത്ത പിഎം ശ്രീ ധാരണാപത്രത്തില്‍നിന്നു സിപിഎം പിന്‍വാങ്ങിയില്ലെങ്കില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്നും അതു ഫലിച്ചില്ലെങ്കില്‍ സ്വന്തം മന്ത്രിമാരെത്തന്നെ പിന്‍വലിക്കുമെന്നുമൊക്കെയാണ് സിപിഐ മുഴക്കുന്ന ഭീഷണി. കാത്തിരുന്നു കാണുകതന്നെ.
എന്താണ് ഈ പിഎം ശ്രീ? 2020 ല്‍ കേന്ദ്രം പ്രഖ്യാപിച്ച ദേശീയവിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) ഭാഗമായി 2022 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ. അഞ്ചു വര്‍ഷത്തേക്കു വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ മൊത്തം ചെലവ് 27,360 കോടി രൂപ. 18,128 കോടി കേന്ദ്രത്തിന്റെയും 9,232 കോടി സംസ്ഥാനങ്ങളുടെയും വിഹിതം. തിരഞ്ഞെടുക്കപ്പെട്ട 15,000 സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയത്രേ ലക്ഷ്യം. ഓരോ സംസ്ഥാനത്തും ബ്ലോക്കുതലത്തില്‍ പരമാവധി രണ്ടു സ്‌കൂളുകളാണ്  (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്‍ഡറി സ്‌കൂളും) പദ്ധതിയില്‍ ഉള്‍പ്പെടുക. ഇപ്പോള്‍ത്തന്നെ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ജവഹര്‍ നവോദയവിദ്യാലയങ്ങളും കേന്ദ്രീയവിദ്യാലയങ്ങളുമടക്കമുള്ള 47 സ്ഥാപനങ്ങളുടെ മാതൃകയില്‍ കര്‍ശനമാനദണ്ഡങ്ങള്‍ പാലിച്ചാവും സ്‌കൂളുകളുടെ തിരഞ്ഞെടുപ്പ്. കേടുപാടുകളില്ലാത്ത സ്‌കൂള്‍കെട്ടിടം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  പ്രത്യേകം ടോയ്‌ലറ്റ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു റാമ്പുകള്‍, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നിശ്ചിതനിലവാരം തുടങ്ങിയ കര്‍ശനമാനദണ്ഡങ്ങള്‍ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്കു വര്‍ഷത്തില്‍ 85 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ലഭിക്കും.
പരിഷ്‌കരണങ്ങള്‍ ചെറുതല്ല: അടിസ്ഥാനസൗകര്യവികസനം, കുട്ടികളെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്, ലൈബ്രറി ഗ്രാന്റ്, സ്‌പോര്‍ട്‌സ് ഗ്രാന്റ്, മാതൃഭാഷയ്ക്കു മുന്‍ഗണന നല്കിയുള്ള പഠനരീതി, പ്രാദേശികവ്യവസായസ്ഥാപനങ്ങളിലും മറ്റും ഇന്റേണ്‍ഷിപ്പ്, പഠനത്തിന്റെ ഇടവേളകളില്‍ ജോലി ചെയ്യാന്‍ അവസരം, നൈപുണ്യവികസനം തുടങ്ങിയവ പിഎം ശ്രീ സ്‌കൂളുകളില്‍ നടപ്പാക്കും.
കേള്‍ക്കാന്‍ സുഖമുള്ള ഇക്കാര്യങ്ങള്‍ കാലത്തിനൊത്ത പരിഷ്‌കരണമെന്നു തോന്നുമെങ്കിലും ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുക, വിദ്യാഭ്യാസക്കച്ചവടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിനു പിന്നിലെ നിഗൂഢലക്ഷ്യങ്ങളെന്നു പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം  ഉറക്കെ പ്രഘോഷിച്ചിരുന്ന സിപിഎം ആരുമറിയാതെ രായ്ക്കുരാമാനം കേന്ദ്രവുമായി ചേര്‍ന്ന് ഇതിനോടു കൈകോര്‍ത്തതാണ് ഇപ്പോള്‍ പുതിയ വിവാദത്തിനു വഴിമരുന്നിട്ടതും മന്ത്രിസഭാചലനത്തില്‍വരെ എത്തിനില്ക്കുന്നതും. എന്നാല്‍, എന്‍ഇപി വേറെ പിഎംശ്രീ വേറെ എന്നാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. എന്‍ഇപി നടപ്പാക്കില്ലത്രേ. സമഗ്രശിക്ഷാകേരളം (എസ്എസ്‌കെ) വഴി ലഭിക്കേണ്ട 1100 കോടിയിലധികം രൂപ കേന്ദ്രം  തടഞ്ഞുവച്ചിരിക്കുകയാണെന്നും ഈ സാമ്പത്തികഉപരോധം  മറികടക്കാനുള്ള തന്ത്രപരമായ തീരുമാനം മാത്രമാണിതെന്നുമാണ്  അദ്ദേഹത്തിന്റെ ഭാഷ്യം. കേന്ദ്രത്തില്‍നിന്നു പണം ലഭിക്കാനുള്ള ഒരു അടവുനയമാണിതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കും പറയുന്നു. എങ്കില്‍പ്പിന്നെ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് ഒരു സമവായത്തിലെത്തി തീരുമാനമുണ്ടാക്കുകയായിരുന്നില്ലേ  മുന്നണിമര്യാദയ്ക്കുചിതം  എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം. എന്തിന് ഇത്ര ധൃതിയില്‍ ഈ ഒളിച്ചുകളി നടത്തി?
കേന്ദ്രത്തില്‍നിന്നു കാശു മേടിച്ചെടുക്കാനുള്ള ചില്ലറ അടവമാത്രമാണിതെന്നും കേന്ദ്രത്തെ അനുസരിക്കാന്‍ സംസ്ഥാനത്തിനു ബാധ്യതയില്ലെന്നും ഇടതുനേതാക്കള്‍ വീമ്പുപറയുന്നതില്‍ വല്ല കഴമ്പുമുണ്ടോ? പിഎം ശ്രീ പദ്ധതി നടപ്പാക്കുമ്പോള്‍ എന്‍സിഇആര്‍ടി സിലബസ് പിന്തുടര്‍ന്നില്ലെങ്കില്‍പോലും കേരളം ശക്തമായി എതിര്‍ക്കുന്ന ഭാരതീയ വിജ്ഞാനസമ്പ്രദായം (ഇന്ത്യന്‍ നോളജ് സിസ്റ്റം - ഐകെഎസ്) സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്നാണ് പഠിച്ചവര്‍ പറയുന്നത്. 'നമ്മുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഭാരതീയവിജ്ഞാനസമ്പ്രദായങ്ങളും  പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമായിരിക്കണം' എന്നു പിഎം ശ്രീ പദ്ധതിയുടെ വ്യവസ്ഥകളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഇത്തരത്തില്‍ ആര്‍എസ്എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്രം നടപ്പാക്കുന്നതാണ് ഐകെഎസ് എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് കേരളത്തില്‍ ഇതു പഠിപ്പിക്കാന്‍ വഴിയൊരുക്കുന്ന കേന്ദ്രപദ്ധതിക്ക് ഇടതുസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതിലൊന്നും പെടാതെ തമിഴ്‌നാടിനും ബംഗാളിനുമൊപ്പം മാറിനിന്ന കേരളത്തിനു പെട്ടെന്നുവന്ന ഈ മനംമാറ്റത്തെ സംശയിക്കണോ അതോ ഈ മാറ്റം നമ്മുടെ മക്കളുടെ വിദ്യാഭ്യാസക്ഷേമത്തിനുവേണ്ടി കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട ഫണ്ട് തട്ടും തടവുമില്ലാതെ ഒഴുകിയിറങ്ങുന്നതിനു സ്വീകരിച്ച ചെറിയ വിട്ടുവീഴ്ച മാത്രമാണിതെന്ന മന്ത്രിയുടെ വര്‍ത്തമാനത്തെ വിശ്വസിക്കണോ? എന്തായാലും, സിപിഎം ഉപേക്ഷിച്ച കടുംപിടിത്തമാണോ, അതിന്മേല്‍ സിപിഐ ഇപ്പോള്‍ മുറുക്കിയിരിക്കുന്ന കടുംപിടിത്തമാണോ ശരിയെന്നു കാലം തെളിയിക്കട്ടെ.
							
  ചീഫ് എഡിറ്റര്‍  &  മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
                    
                    