•  4 Jul 2024
  •  ദീപം 57
  •  നാളം 17
കാഴ്ചയ്ക്കപ്പുറം

മലയാളസിനിമയിലെ കഥാമോഷണങ്ങള്‍

ലയാള സിനിമയില്‍ കഥാമോഷണം പുതിയ സംഭവമൊന്നുമല്ല. സിനിമയുടെ തുടക്കകാലങ്ങളില്‍ത്തന്നെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പലപ്പോഴും ഇതിന് ഇരയാകേണ്ടിവരുന്നത് സിനിമാപ്രവേശനം ആഗ്രഹിച്ചുനടക്കുന്ന ഏതെങ്കിലും ചെറുപ്പക്കാരനായിരിക്കും.
അയാള്‍ വിശ്വസിച്ചും ആഗ്രഹിച്ചും പറഞ്ഞു കേള്‍പ്പിക്കുന്ന കഥ, സംവിധായകന്‍ തനിക്കു പ്രിയപ്പെട്ട തിരക്കഥാകൃത്തിനു കൈമാറി അയാളുടെ പേരില്‍ സിനിമ പുറത്തിറങ്ങിയ എത്രയോ സംഭവങ്ങളുണ്ട്. ലോകഹിറ്റായി മാറിയ ദൃശ്യം സിനിമയുടെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സതീഷ് പോള്‍ എന്ന തിരക്കഥാകൃത്ത് രംഗത്തുവരികയും തെളിവുകള്‍ നിരത്തുകയും ചെയ്തിട്ടും ആ ആരോപണം ഒരിടത്തുമാകാതെപോയി. പിന്നീട് തന്റെ കഥ അദ്ദേഹം ഗാര്‍ഡിയന്‍ എന്ന പേരില്‍ ഒടിടി സിനിമയായി പുറത്തിറക്കുകയും ചെയ്തു. രണ്ടു സിനിമയും കണ്ടപ്പോള്‍ സമാനതകള്‍ അനുഭവപ്പെട്ടുവെങ്കിലും മോഷണം എന്നത് കലയാണെന്ന് ആരോ പറഞ്ഞത് ശരിവയ്ക്കുന്നതിലുള്ള ജിത്തുബ്രില്യന്റ്സ് ദൃശ്യത്തിനുണ്ടായിരുന്നുവെന്നു സമ്മതിക്കാതെ വയ്യ.
പറഞ്ഞുവരുന്നത് ഇപ്പോള്‍ മലയാളസിനിമയിലെ ഒരു കഥാമോഷണവുമായി ബന്ധപ്പെട്ട വിഷയമാണ്. 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും തന്റേതാണെന്ന് അവകാശപ്പെട്ട് മറ്റൊരു തിരക്കഥാകൃത്തായ നിഷാദ് കോയ രംഗത്തുവരികയും താന്‍ എഴുതിയ കഥയാണ്, നാളെ റിലീസാകാന്‍ പോകുന്ന സിനിമയുടെ കഥയെന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതോടെയാണ് കഥാമോഷണവുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടത്.  
പ്രമുഖനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെതിരേയും തിരക്കഥാ മോഷണാരോപണം വന്നിട്ടുണ്ട്. കഥ പറയുമ്പോള്‍ എന്ന സിനിമയ്‌ക്കെതിരേയായിരുന്നു അത്. താരതമ്യേന പുതുമുഖമായ ഒരു കഥാകൃത്തായിരുന്നു വാദി. എന്നാല്‍, താന്‍ കൃഷ്ണന്റെയും കുചേലന്റെയും കഥയാണു മോഷ്ടിച്ചതെന്നും  പ്രസ്തുത കഥാകൃത്തിന്റെ എല്ലാ കഥകളും താന്‍ മോഷ്ടിക്കുമെന്നും പറഞ്ഞ് ശ്രീനിവാസന്‍ ആ ആരോപണത്തെ നേരിട്ടു. ഇവിടെയും പരാജയപ്പെട്ടത് തിരക്കഥാകൃത്തായിരുന്നു.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരുതരം മോഷണവുമുണ്ട്. അതിന്റെ ആചാര്യന്‍ സംവിധായകന്‍ പ്രിയദര്‍ശനാണ്. ഹോളിവുഡ് സിനിമകളുടെ  ഈച്ചക്കോപ്പിയാണ് അദ്ദേഹം മലയാളത്തില്‍  സംവിധാനം ചെയ്ത പല സിനിമകളും. അതൊരു നാണംകെട്ട പരിപാടിയായി തോന്നിയിട്ടില്ലാത്തതിനാല്‍ ആ ആരോപണത്തിനെതിരേ പ്രിയദര്‍ശന്‍ പ്രതികരിച്ചിട്ടുമില്ല. ഹോളിവുഡ് സിനിമകളെ വിട്ട് കൊറിയന്‍സിനിമകളുടെ പിന്നാലെ മലയാളസിനിമ പോയ കാലഘട്ടവും ഉണ്ടായിട്ടുണ്ട്.
കഥയാണ് സിനിമയുടെ നട്ടെല്ലും അടിത്തറയും. ദുര്‍ബലമാണ് അടിത്തറയെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ മനോഹരമായ സൗധം പണിതുയര്‍ത്താന്‍ കഴിയുകയില്ല. അതുകൊണ്ടാണ് മനോഹരമായ കഥ കാണുമ്പോള്‍ മധുരത്തില്‍ ഈച്ചപിടിക്കുന്നതുപോലെ സംവിധായകരും നടന്മാരും അതില്‍ വീഴുന്നത്. എന്നാല്‍, ഖേദകരമായ വസ്തുത, മുമ്പു പറഞ്ഞതുപോലെ പുതിയ തിരക്കഥാകൃത്തുകള്‍ക്ക് അവസരം കൊടുക്കാതെ തങ്ങളുടെ കോക്കസിലുള്ള  ആളെക്കൊണ്ട് എഴുതിച്ച് സിനിമ ചെയ്യാനാണ് പലരും തയ്യാറാകുന്നതെന്നാണ്. അത്യന്തം അനാശാസ്യമായ പ്രവണതയാണ് ഇതെന്നേ പറയാന്‍ കഴിയൂ. പുതിയ കഥ വേണം, കഥാകൃത്തിനെ വേണ്ട എന്നത് എവിടുത്തെ നീതിയാണ്? ഇങ്ങനെയൊരു കീഴ്‌വഴക്കം പണ്ടേയുണ്ടായിരുന്നുവെങ്കില്‍ ലോഹിതദാസോ ഡെന്നീസ് ജോസഫോ ഒന്നും ഇവിടെയുണ്ടാവുമായിരുന്നില്ലല്ലോ?
കഥ മോഷ്ടിക്കപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമാവുമ്പോഴും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ഒരേ തരംഗദൈര്‍ഘ്യത്തോടെ ചിന്തിക്കുന്നതായും അവരുടെ കഥകള്‍തമ്മില്‍ സമാനതകള്‍ ഉണ്ടാവാറുള്ളതായും കണ്ടുവരാറുണ്ട്. ഒരു ഉദാഹരണം പറയാം. മലയാളത്തിലെ എന്നത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജന്‍ ഒരു കുറ്റാന്വേഷണസിനിമ ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് സമാനമായ പശ്ചാത്തലത്തിലുള്ള മറ്റൊരു കഥ നോവലിന്റെ രൂപത്തിലുണ്ടെന്നു മനസ്സിലാക്കുന്നത്. ജനപ്രിയസാഹിത്യകാരനായ സുധാകര്‍ മംഗളോദയത്തിന്റെ കഥയായിരുന്നു അത്. പത്മരാജന്‍ ഒട്ടും മടിച്ചില്ല, കഥയുടെ ക്രെഡിറ്റ് സുധാകറിനു നല്കി തിരക്കഥയൊരുക്കി. സിനിമയുടെ പേര് കരിയിലക്കാറ്റുപോലെ. സത്യത്തില്‍ രണ്ടുപേരും രണ്ടു രീതിയില്‍ ചിന്തിച്ചവരായിരുന്നു. എന്നാല്‍, ആ ചിന്തയ്ക്കു സമാനതകളുണ്ടെന്നു ബോധ്യംവന്നതിനാല്‍ മാന്യനായ പത്മരാജന്‍ കഥയുടെ ക്രെഡിറ്റ് സുധാകറിനു നല്കി മോഷണക്കുറ്റത്തില്‍നിന്ന് ഒഴിവായി.
ഒരു സുഹൃത്തിന്റെ അനുഭവം പറയാം: അച്ഛന്‍ മരിച്ചാല്‍ ആ ജോലി തനിക്കു കിട്ടുമെന്ന് ആഗ്രഹിക്കുന്ന തൊഴില്‍രഹിതനായ നായകന്‍. അങ്ങനെയൊരു കഥ മനസ്സിലുണ്ടെന്ന് അവന്‍ പറഞ്ഞു. പിന്നീട് കാണുന്നത് ലോഹിതദാസ് കാരുണ്യം എന്ന പേരില്‍  സിനിമയിറക്കുന്നതാണ്. കൂട്ടുകാരന്‍ പറഞ്ഞ അതേ കഥതന്നെ. എന്നാല്‍, അതിലെ ഏറ്റവും വലിയ തമാശ കൂട്ടുകാരന്‍ എന്നോടല്ലാതെ മറ്റാരോടും ആ കഥ പറഞ്ഞിരുന്നില്ല എന്നാണ്. അതായത്, ചിലരുടെ ചിന്തകള്‍ സമാനമായിരിക്കും. എന്നാല്‍, അങ്ങനെയൊരു ന്യായീകരണം നല്കി എല്ലാ കഥാപഹരണങ്ങളെയും വെള്ള പൂശാനാവില്ല.  
കലൂര്‍ ഡെന്നീസ് സജീവമായി സിനിമയിലുണ്ടായിരുന്ന കാലത്ത് അദ്ദേഹം പുതിയ ത്രെഡുകള്‍ പുതിയ എഴുത്തുകാരില്‍നിന്നു സ്വീകരിക്കാറുണ്ടായിരുന്നു. കഥയുടെ ക്രെഡിറ്റും പണവും കൊടുക്കും. തിരക്കഥ അദ്ദേഹം എഴുതും. ഇന്നുപക്ഷേ, ഏതുരീതിയിലും മറ്റുള്ളവരുടെ കഥ സ്വന്തമാക്കി തനിക്കു പേരുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവണതയാണു കണ്ടുവരുന്നത്.
നമ്മള്‍ ജീവിക്കാത്ത ജീവിതങ്ങളെല്ലാം കെട്ടുകഥകളാണെന്നു പറഞ്ഞത് ബെന്യാമിനും കഥ കാണാന്‍ കഴിയുന്ന കണ്ണുകള്‍ക്കു ചുറ്റിനുമുള്ള ജീവിതങ്ങളെല്ലാം കഥകളാണെന്നു പറഞ്ഞത് എംടിയുമാണ്. നമുക്കു ചുറ്റിനും ഒരുപാടു ജീവിതങ്ങളുണ്ട്. അതിലെല്ലാം സിനിമാറ്റിക് എലമെന്റുകളുമുണ്ട്. പക്ഷേ, അപൂര്‍വം ചിലര്‍മാത്രമേ ആ ജീവിതങ്ങളില്‍ കഥ കണ്ടെത്തുന്നുള്ളൂ. അതിലും കുറച്ച് ആളുകള്‍മാത്രമേ ആ ജീവിതങ്ങളുടെ കഥ സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നുള്ളൂ.
മലയാളി ഫ്രം ഇന്ത്യയിലേക്കുതന്നെ മടങ്ങിവരാം. തിരക്കഥാമോഷണം ആരോപിച്ച വ്യക്തി പുതുമുഖമൊന്നുമല്ല, ഓര്‍ഡിനറിയും മധുരനാരങ്ങയും തോപ്പില്‍ ജോപ്പനുംപോലെയുള്ള സിനിമകളുടെ തിരക്കഥാകൃത്താണ്. അതുകൊണ്ടാണ് ആ ആരോപണം ശക്തമായതും വിവാദമായതും. സിനിമയില്‍ ഇല്ലാത്ത ഒരാളാണ് ഈ അവകാശവാദം മുഴക്കുന്നതെങ്കില്‍ ഒറ്റക്കോളം വാര്‍ത്തയായിപ്പോലും അതു പ്രത്യക്ഷപ്പെടുമായിരുന്നില്ല. നിഷാദ് കോയയാതുകൊണ്ടുകൂടിയാണ് ആരോപണത്തിനുമുമ്പില്‍ എതിര്‍ഭാഗം വിറളി പൂണ്ടത്.
എന്നാല്‍, പുതിയ സംഭവവികാസം പറയുന്നതനുസരിച്ച് 2013 കാലഘട്ടത്തില്‍ രാജീവ് എന്ന ഒരു കഥാകൃത്ത് സമാനമായ കഥയെഴുതിയിരുന്നുവെന്നും ദിലീപിനെ നായകനാക്കി എം രഞ്ജിത്ത്  ആ സിനിമ നിര്‍മിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നുമാണ്. എന്നാല്‍, എന്തൊക്കെയോ ചില കാരണങ്ങള്‍കൊണ്ടു സിനിമ നടന്നില്ല. രാജീവ് എഴുതിയ ഡയലോഗുപോലും മലയാളി ഫ്രം ഇന്ത്യയിലുണ്ടത്രേ. അങ്ങനെയെങ്കില്‍ ആരോപണകര്‍ത്താവ് രാജീവ് ആകേണ്ടതല്ലേ എന്നാണ് ന്യായീകരണത്തൊഴിലാളികളുടെ ചോദ്യം. രാജീവിനാകട്ടെ ഡിജോയെയോ നിഷാദ് കോയയെയോ മുഹമ്മദ് ഹാരീസിനെയോ പരിചയവുമില്ല. അങ്ങനെയെങ്കില്‍ രാജീവിന്റെ കഥ എങ്ങനെ മോഷണംപോയി?
മലയാളസിനിമയില്‍ സംവിധായകനായി പേരുള്ള ഒരു സുഹൃത്ത് പറഞ്ഞ വിശദീകരണം ഇക്കാര്യം മനസ്സിലാക്കാന്‍ ഏറെ സഹായകരമാവുമെന്നു കരുതുന്നു. പുതിയ ഒരു കഥാകൃത്ത് കഥ പറയാന്‍ വരുമ്പോള്‍ അതു കേള്‍ക്കുന്ന സംവിധായകനോ നടനോ അക്കഥ തന്റെ അനുചരവൃന്ദവുമായി പങ്കുവയ്ക്കുകയും അങ്ങനെ പലവഴി തിരിഞ്ഞ് ആ കഥ പലരുടെ കാതുകളിലെത്തുകയും ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ പലതവണ മറിഞ്ഞ രാജീവിന്റെ കഥയാവുമോ ഒരേസമയം ഹാരീസ് മുഹമ്മദിന്റെയും നിഷാദ് കോയയുടെയും കാതുകളിലെത്തിയത്? ഹാരീസ് മുഹമ്മദ് നിഷാദ് കോയയെയോ കോയ ഹാരീസിനെയോ അല്ല മോഷ്ടിച്ചത് രാജീവിനെയാണെന്നു വരുമോ?
അതുകൊണ്ട് രാജീവിന്റെ കഥ ചോര്‍ന്ന വഴിയാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്. ആ വഴിയാണ് കാണിച്ചുകൊടുക്കേണ്ടത്. രാജീവ് എന്ന വ്യക്തി ഇപ്പോള്‍ സിനിമാമോഹമെല്ലാം ഉപേക്ഷിച്ച് അലുമിനിയം ജോലിയുമായി മുന്നോട്ടുപോവുകയാണെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. നമ്മുടെ സിനിമക്കാരും യൂട്യൂബേഴ്‌സും മാധ്യമങ്ങളും ചേര്‍ന്ന് രാജീവിനെ കണ്ടുപിടിക്കട്ടെ. അയാളെ കേള്‍ക്കട്ടെ. അപ്പോള്‍ സത്യം അറിയാമല്ലോ. ആരാണു കള്ളം പറയുന്നതെന്നു ബോധ്യമാവുമല്ലോ? അതെന്തായാലും അന്യനു പിറന്ന കുട്ടിയെ സ്വന്തം കുട്ടിയാണെന്നവകാശപ്പെട്ട് പൊക്കിപ്പിടിച്ചു നടക്കുന്നത് ഒരുതരം അന്തസ്സില്ലായ്മയും ആണത്തമില്ലായ്മയുമാണ്.
മലയാളസിനിമയിലെ കഥാമോഷണങ്ങള്‍ക്കു പഴുതടച്ചു പരിഹാരമാര്‍ഗം കണ്ടുപിടിച്ചില്ലെങ്കില്‍, ഇനിയും ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കും. സ്വന്തം കുട്ടിയെ ഉത്സവപ്പറമ്പില്‍ നഷ്ടപ്പെട്ടുപോയ ഒരമ്മയുടെ വേവലാതിയോടെയും ആന്തലോടെയും പുതിയ തിരക്കഥാകൃത്തുകള്‍ കാലുവെന്തു നീറിക്കഴിയേണ്ടതായി വരും. പുതിയവര്‍ക്ക് ക്രെഡിറ്റു കൊടുക്കാതെ അവരുടെ കഥമാത്രം മതിയെന്നു പറയുന്നത് ഒരുതരം പോക്കണംകേടുതന്നെയല്ലേ?
അനുബന്ധം: മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥാകൃത്തായ ഹാരിസ് മുഹമ്മദിനെയല്ല പ്രതിക്കൂട്ടില്‍ ചേര്‍ത്തത് എന്നതാണ് ഈ വിവാദത്തിനു പിന്നിലെ ഏറ്റവും രസകരവും വിചിത്രവുമായ കാര്യം; മറിച്ച്, നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും സംവിധായകനായ ഡിജോ ജോസ് ആന്റണിക്കുമെതിരേയാണ് സോഷ്യല്‍ മീഡിയായില്‍ മുറവിളി മുഴുവന്‍. സിനിമയുടെ കഥ മോഷ്ടിച്ചതാണോ അല്ലയോ എന്നത് ആ സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കുമാത്രം അറിയാവുന്നതും സ്വന്തം മനസ്സാക്ഷിയോടു വിശദീകരണം നല്കേണ്ടതുമായ കാര്യമാണ്. 

 

Login log record inserted successfully!