2024 നവംബര്‍ 6. ലോകം അമേരിക്കയിലേക്കും ഡൊണാള്‍ഡ് ട്രംപിലേക്കും ചുരുങ്ങിയ ദിനം! ട്രംപാരവം ഒടുങ്ങാത്ത വൈറ്റ്ഹൗസിന്റെ ഇടനാഴികളില്‍ ലോകം തിരയുന്നത് സമാധാനത്തിന്റെയും സുസ്ഥിര സമ്പദ്‌വ്യവസ്ഥയുടെയും പുതിയ ഭൂമികകള്‍.
അതേ, ലോകം മിഴിതുറന്നിരിക്കുന്നത് ട്രംപിലേക്കുതന്നെ. എല്ലാ മാധ്യമറിപ്പോ ര്‍ട്ടുകളെയും ചവറ്റുകുട്ടയില്‍ തള്ളി അത്യന്തം ആധികാരികമായ വിജയത്തോടെയാണ് ഒരു ക്രിസ്ത്യാനിയെന്ന് അഭിമാനത്തോടെ ഏറ്റുപറയുന്ന റിപ്പബ്ലിക്കന്‍സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിന്റെ പടിചവിട്ടുന്നത് രണ്ടാമൂഴത്തില്‍ 538 ല്‍ 301 ഇലക്ടറല്‍ വോട്ടുകളോടെ ട്രംപ് കണ്ണഞ്ചുംവിജയം നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി കമലാ ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബാനറില്‍ നേടിയത് 226 എണ്ണംമാത്രം! സമ്പൂര്‍ണഫലം പുറത്തുവരാന്‍ ഇനിയും ദിവസങ്ങള്‍ കഴിഞ്ഞേക്കും. എങ്കിലും സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയത് ട്രംപിന്റെ വര്‍ധിച്ച ജനപ്രീതിക്കു തെളിവായതിനൊപ്പം ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍ ആധികാരികത ലഭിക്കാനും ഇടയാക്കും.
2016 ല്‍ ഹിലാരി ക്ലിന്റനോടു ജനകീയവോട്ടില്‍ പിന്നിലായിരുന്ന ട്രംപ് ഇത്തവണ കമലാ ഹാരിസിനെക്കാള്‍ അമ്പതുലക്ഷത്തിലേറെ വോട്ടുകള്‍ കൂടുതല്‍ നേടിയാണ് പകരംവീട്ടിയത്. അമേരിക്കയുടെ നാല്പത്തിയേഴാമതു പ്രസിഡന്റായ അദ്ദേഹത്തിനു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ യു.എസ്. പ്രസിഡന്റ് എന്ന (78 വയസ്സ്) പ്രത്യേകതയുമുണ്ട്. 127 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരിക്കല്‍ പ്രസിഡന്റുപദത്തിലിരുന്ന് പിന്നീട് പരാജയപ്പെട്ട ഒരു സ്ഥാനാര്‍ഥി വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. അരിസോണ, ഫ്‌ളോറിഡ, മിഷി ഗന്‍, മോïണ്ടാന, നെവാദ, നോര്‍ത്ത് കരോലിന, ഓഹിയോ, പെന്‍സില്‍വാനിയ, ടെക്‌സാസ്, വിസ്‌കോണ്‍സില്‍ എന്നീ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ഇഞ്ചോടിഞ്ചു പോരാട്ടം എന്ന ഡീപ്‌സ്റ്റേറ്റ് മാധ്യമപ്രചാരണത്തിന്റെ മുനയൊടിച്ച് ട്രംപ് ബഹുദൂരം മുന്നിലെത്തിയത്. ഒരു പാര്‍ട്ടിക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത അമേരിക്കന്‍ സംസ്ഥാനങ്ങളെയാണ് സ്വിങ് സ്റ്റേറ്റുകള്‍ എന്നു വിശേഷിപ്പിക്കുന്നത്. വിജയം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു എന്ന നിലയില്‍ ഇവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
വിജയവഴികള്‍
ഡെമോക്രാറ്റിക്സ്ഥാനാര്‍ഥി കമലാ ഹാരിസ് ഉള്‍പ്പെടുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റും ആഗോള ഇടതുചേരിയും തീവ്ര ഇസ്ലാമിസ്റ്റുകളുംഒന്നടങ്കം വലതുദേശീയതയുടെ ശക്തനായ വക്താവും പ്രതീകവുമായ ട്രംപിനെതിരേ വിവിധ തലങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടത്. ലോകമാധ്യമങ്ങളെ മുഴുവന്‍ വിലയ്‌ക്കെടുത്ത അവര്‍ക്കു പക്ഷേ, ''അമേരിക്ക ഫസ്റ്റ്'' എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള ട്രംപിന്റെ ദേശീയതാപ്രചാരണത്തില്‍ അടിതെറ്റി. നിരവധി കേസുകളും പ്രതികൂലവിധികളും ട്രംപിനെതിരേ സൃഷ്ടിച്ചെടുത്തെങ്കിലും ലോകമൊട്ടാകെ നടക്കുന്ന വലതുപക്ഷമുന്നേറ്റത്തോടൊപ്പം അമേരിക്കന്‍ജനതയും പങ്കുചേരുന്നതാണ് അമേരിക്കയില്‍ കണ്ടത്.
ബൈഡന്‍ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കും സംഭവിച്ച സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയുടെ രൂക്ഷതയും ജനങ്ങളെ അസ്വസ്ഥരാക്കി. ഈ വേളയില്‍ അനധികൃതകുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ വാഗ്ദാനം മധ്യവര്‍ഗക്കാരെയും സാധാരണക്കാരെയും ആകര്‍ഷിച്ചു. അതിലൂടെ അവര്‍ക്കു ലഭിച്ചത് തൊഴില്‍സുരക്ഷയുടെ ഉറപ്പുകൂടിയായിരുന്നു. 1.3 കോടിയാണ് അനധികൃതകുടിയേറ്റക്കാരുടെ എണ്ണമെന്നിരിക്കേ അമേരിക്കയുടെ ഭാവിയിലൂന്നിയുള്ള ദേശീയതാവാദമുയര്‍ത്തിയ ട്രംപിനെ പ്രതിരോധിക്കാന്‍ കമലാ ഹാരിസിനോ ഡെമോക്രാറ്റിക്പാര്‍ട്ടിക്കോ സാധിച്ചില്ല. ബൈഡന്റെ ഭരണകാലത്ത് അമേരിക്കയ്ക്കു ലോകക്രമത്തില്‍ സ്വാധീനം നഷ്ടപ്പെടുന്നതു ചൂണ്ടിക്കാണിച്ച ട്രംപ് 'മേക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കന്‍ഹൃദയങ്ങളെ ആളിക്കത്തിച്ചു.
എല്ലായ്‌പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരായിരുന്ന സ്പാനിഷ്പാരമ്പര്യമുള്ള ഹിസ്പാനിഷ്‌വിഭാഗക്കാരും കറുത്തവര്‍ഗക്കാരും ഇത്തവണ ട്രംപിനെ പിന്തുണച്ചു. ചെറുകച്ചവടങ്ങള്‍ നടത്തി ജീവിക്കുന്ന ഹിസ്പാനിഷ് വിഭാഗക്കാര്‍ക്ക് തങ്ങളുടെ ബിസിനസ്‌മേഖലയ്ക്ക് ഉണര്‍വു നല്‍കാന്‍ ട്രംപിനേ സാധിക്കൂ എന്ന ബോധ്യമാണുണ്ടായത്.
ട്രംപിനെതിരേ തിരഞ്ഞെടുപ്പുകാലത്തുണ്ടായ മൂന്നു വധശ്രമങ്ങളും അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കു നേതൃത്വം കൊടുക്കുന്ന ഇറാനാണ് അവയ്ക്കു പിന്നിലെന്നു വ്യക്തമാണ്. ഇസ്ലാമികഭീകരതയ്ക്കു സഹായം നല്‍കുന്ന രാജ്യങ്ങളും തീവ്ര ഇസ്ലാമിസ്റ്റുകളും ട്രംപി
നെതിരേ നടത്തിയ കുപ്രചാരണങ്ങളെല്ലാം അവര്‍ക്കുതന്നെ തിരിച്ചടിയായി.
പശ്ചിമേഷ്യയും യുക്രെയ്‌നും
ലോകത്ത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപിനേ കഴിയൂ എന്നു ലോകജനതയ്‌ക്കൊപ്പം അമേരിക്കന്‍ജനതയും വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ ഈ മിന്നുംവിജയം. അമേരിക്കയില്‍ അറബ് മുസ്ലിം ഭൂരിപക്ഷമുള്ള മിഷിഗന്‍ സ്റ്റേറ്റിലെ ഡിയര്‍ ബോണ്‍ നഗരത്തില്‍ ട്രംപിനു മൃഗീയഭൂരിപക്ഷമാണു ലഭിച്ചത്. യുദ്ധം അവസാനിപ്പിക്കാനും ഇസ്ലാമികഭീകരതയുടെ ഫലമായി പശ്ചിമേഷ്യയിലുായ യുദ്ധക്കെടുതിയില്‍നിന്ന് അതില്‍ പങ്കില്ലാത്ത മുസ്ലിം സഹോദരങ്ങളെ രക്ഷിക്കാനും ട്രംപ് ജയിക്കണമെന്ന വികാരമാണ് അവര്‍ അല്‍ ജസീറ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങളോടു പങ്കുവച്ചത്.
വ്‌ളാദിമിര്‍ സെലന്‍സ്‌കിക്ക് അനാവശ്യപ്രേരണകള്‍ നല്‍കി യുക്രെയ്‌നെ യുദ്ധത്തിലേക്ക് എടുത്തുചാടിച്ചത് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അടങ്ങുന്ന ഡീപ് സ്റ്റേറ്റ് ആണെന്നതു രഹസ്യമല്ല. അതുകൊണ്ടുതന്നെ, ഈ സാമ്പത്തികമാന്ദ്യകാലത്ത് യുക്രെയ്‌നിലെ യുദ്ധാവശ്യത്തിനായി നാറ്റോ സഖ്യത്തിനു വേണ്ടി അമേരിക്ക മില്യണ്‍കണക്കിനു ഡോളര്‍ അനാവശ്യമായി ചെലവഴിക്കുന്നതു ചൂണ്ടിക്കാട്ടിയ ട്രംപിനൊപ്പം ജനം നിന്നു. അതേസമയം, പശ്ചിമേഷ്യന്‍വിഷയത്തില്‍ പലപ്പോഴും ബൈഡന്റെ തീരുമാനങ്ങള്‍ പാളിപ്പോയതും നാം കണ്ടു.
സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതടക്കമുള്ള ഇസ്ലാമിക ഭീകരാക്രമണപരമ്പരകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും അഭിമാനം വ്രണപ്പെടുകയും ചെയ്ത അമേരിക്കന്‍ജനതയുടെ മനസ്സ് ഭീകരാക്രമണം നേരിടുന്ന ഇസ്രായേലിനൊപ്പമാണ്. അതു മറന്ന ബൈഡന്‍ പലപ്പോഴും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോടു പിണങ്ങുകയും ആയുധം നിഷേധിക്കുകയും ചെയ്തു. ഇത് അമേരിക്കയിലെ സാധാരണക്കാര്‍ക്കിടയില്‍ ഡെമോക്രാറ്റുകളുടെ നിലപാടു സംബന്ധിച്ച് സംശയം ജനിപ്പിക്കാനിടയാക്കി. ഇസ്രായേലിനെ അമേരിക്ക തങ്ങളുടെ ഒരു സ്റ്റേറ്റ് എന്നവണ്ണം പരിഗണിക്കുന്നതിനപ്പുറം അമേരിക്കയില്‍ മികച്ച സ്വാധീനമുള്ള വിഭാഗമാണ് ജൂതര്‍. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ ഒക്കെ അവരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ, പലപ്പോഴും ആഗോള ഇടത്-തീവ്ര ഇസ്ലാമിസ്റ്റ് ചേരിയുടെ താത്പര്യങ്ങള്‍ക്ക് അനുകൂലമായി ചാഞ്ചാടിയത് ബൈഡന്‍ - കമലാ ഹാരിസ് നേതൃത്വത്തിനു തിരിച്ചടിയായി.
ക്രൈസ്തവമൂല്യസ്വാധീനം
ദേവാലയത്തില്‍ പോയാലുമില്ലെങ്കിലും, ക്രിസ്തുമതവിശ്വാസത്തിനപ്പുറം, അമേരിക്കന്‍ ജീവിതരീതിയും കാഴ്ചപ്പാടും ക്രൈസ്തവമൂല്യങ്ങളാല്‍ രൂപപ്പെട്ടതും അങ്ങനെതന്നെ പിന്തുടര്‍ന്നുപോരുന്നവയുമാണ്. പള്ളികള്‍ അടയുന്നു എന്നൊക്കെ ആരോപണം ഉയരുമ്പോഴും ഇത്രമേല്‍ ക്രിസ്തീയത അനുഭവപ്പെടുന്ന മറ്റൊരു രാജ്യമില്ല. ഒബാമയടക്കമുള്ളവര്‍ തങ്ങളുടെ ക്രൈസ്തവവിശ്വാസം പലരീതിയില്‍ പ്രകടിപ്പിച്ചുപോന്നിരുന്നു. അതേസമൂഹത്തില്‍, കമലാ ഹാരിസ് തന്റെ നിരീശ്വരവാദം പ്രകടമായിത്തന്നെ അവതരിപ്പിച്ചത് തിരിച്ചടിയായി. കത്തോലിക്കനായ ബൈഡന്‍ ഗര്‍ഭച്ഛിദ്രമടക്കമുള്ള കാര്യങ്ങളില്‍ ക്രൈസ്തവവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ ട്രംപ് ഗര്‍ഭച്ഛിദ്രം അനുവദിക്കാനാവില്ല എന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും തന്റെ മതവിശ്വാസമൂല്യങ്ങള്‍ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തത് യാഥാസ്ഥിതികവോട്ടുകള്‍ ട്രംപിന് അനുകൂലമാക്കി. അതുകൊണ്ടുതന്നെ, വിശുദ്ധനാടിനുമേലുള്ള ഇസ്ലാമികഭീകരപ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് ബൈഡനും കമലാ ഹാരിസും സ്വീകരിച്ച അയഞ്ഞ സമീപനം അവരുടെ അടിത്തറയിളക്കി.
യുദ്ധങ്ങള്‍ അവസാനിക്കുമോ?
അത്ര സുഖകരമല്ലാത്ത ജോ ബൈഡന്‍ - ഇസ്രായേല്‍ കൂട്ടുകെട്ടില്‍നിന്ന് വ്യത്യസ്തമായി ഭീകരതയ്‌ക്കെതിരേ ഒരേ കാഴ്ചപ്പാടില്‍ ദൃഢമായ ബന്ധം പുലര്‍ത്തുന്ന ട്രംപ്-നെതന്യാഹു കൂട്ടുകെട്ട് കൂടുതല്‍ ഫലപ്രദമായിരിക്കും. ഇസ്ലാമിക ഭീകരതയ്‌ക്കെതിരേ സന്ധിയില്ലാസമരം പ്രഖ്യാപിച്ചിട്ടുള്ള ട്രംപ്, ഹമാസ് - ഹിസ്ബുല്ല - ഇറാന്‍ അച്ചുതണ്ടിനെ അടിച്ചുതകര്‍ക്കുകതന്നെ ചെയ്യുമെന്നു ലോകം പ്രതീക്ഷിക്കുന്നു. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ചിട്ടുള്ള ട്രംപ് അതേസമയം, പാലസ്തീനെ ഒരു രാജ്യമായിപ്പോലും അംഗീകരിച്ചിട്ടില്ല എന്നുമാത്രമല്ല, ഇസ്രയേലും അറബ്‌രാജ്യങ്ങളുംതമ്മില്‍ മികച്ച നയതന്ത്രബന്ധം ഊട്ടിയുറപ്പിച്ച 'അബ്രഹാം ഉടമ്പടി'ക്ക് ചുക്കാന്‍ പിടിച്ചയാളുമാണ്. പശ്ചിമേഷ്യയിലെ ഭീകരസംഘടനകളുടെ ഉന്മൂലനം അതിവേഗത്തിലാക്കാന്‍ പച്ചക്കൊടി കാണിക്കുന്ന ട്രംപ് ഒരുപക്ഷേ, ഇറാനെ നേരിട്ടാക്രമിക്കാനും മടികാണിക്കില്ല. ട്രംപിന്റെ മുന്‍ ഭരണകാലത്ത് പശ്ചിമേഷ്യയിലടക്കം ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടായില്ല എന്നുമാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐ എസ് ഭീകരരെ ഉന്മൂലനം ചെയ്യുകയും ചെയ്തു എന്നോര്‍ക്കണം. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായിവരെ ചര്‍ച്ചകള്‍ നടത്തിയ ആളാണ് ട്രംപ് എന്നതു മറക്കരുത്.
റഷ്യയുമായി അമേരിക്കയ്ക്കു ഭിന്നതകള്‍ ഏറെയുണ്ടെങ്കിലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ട്രംപും നല്ല സുഹൃത്തുക്കളാണ്. റഷ്യക്കെതിരേയുള്ള യുദ്ധത്തില്‍ യുക്രെയ്‌നെ സഹായിക്കുന്നത് നാറ്റോ രാഷ്ട്രങ്ങളാണെങ്കിലും അതില്‍ ഭീമമായ സംഭാവനയും അമേരിക്കയുടേതാണ്. ഇതരരാജ്യങ്ങളുടെ യുദ്ധാവശ്യത്തിനായി പണം ചെലവഴിക്കാന്‍ വിമുഖത കാണിക്കുന്ന ട്രംപ് മറ്റു നാറ്റോരാജ്യങ്ങളോടു കൂടുതല്‍ വിഹിതം ആവശ്യപ്പെടാനാണു സാധ്യത. ഏറ്റവുമധികം ആയുധസഹായം നല്‍കുന്ന അമേരിക്ക പിന്മാറിയാല്‍ യുക്രെയിനിന്റെ വലിയ പരാജയമാവും ഫലം. അതുകൊണ്ടുതന്നെ റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ മൂന്നു നീക്കങ്ങള്‍ പ്രതീക്ഷിക്കാം.
1. വ്‌ളാഡിമിര്‍ സെലന്‍സ്‌കിക്കുമേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുക.
2. അമേരിക്ക ആയുധ-സാമ്പത്തികസഹായം നല്‍കുന്നതു നിര്‍ത്തി യുക്രെയ്‌നെ റഷ്യയുടെ മുമ്പില്‍ അടിയറവു പറയിക്കുക
3. ഡീപ് സ്റ്റേറ്റ് പിന്തുണയുള്ള സെലെന്‍സ്‌കിയെ നീക്കി ട്രംപിന്റെ താത്പര്യങ്ങള്‍ക്കു വഴങ്ങുന്ന പുതിയ പ്രസിഡന്റിനെ വാഴിക്കുക
പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ ട്രംപ് നല്‍കിയ ഉറപ്പിന്റെ ബലത്തിലാവണം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം അറിഞ്ഞപ്പോള്‍ത്തന്നെ നെതന്യാഹു, താനുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാത്ത പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയത്. അതേസമയംതന്നെ, ഹമാസിന് എല്ലാ ഒത്താശകളും ചെയ്തിരുന്ന ഖത്തര്‍, ഹമാസുമായുള്ള മധ്യസ്ഥചര്‍ച്ചകളില്‍നിന്നു തങ്ങള്‍ പിന്മാറുകയാണെന്നു പ്രഖ്യാപിക്കുകയും ഇപ്പോള്‍ത്തന്നെ ഓഫീസ് അടച്ച് രാജ്യം വിട്ടുപോകാന്‍ ഹമാസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
യു.എന്‍ന്റെ അമേരിക്കന്‍വിരുദ്ധതയില്‍ പ്രതിഷേധിച്ച് അവര്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവച്ചിരുന്ന ട്രംപ് തന്റെ രണ്ടാമൂഴത്തിലും ഇതേനയംതന്നെ തുടരാനാണു സാധ്യത. പശ്ചിമേഷ്യയില്‍ ഇസ്ലാമിസ്റ്റുകളെ പിന്തുണയ്ക്കുന്ന നയം യു. എന്‍ സ്വീകരിച്ചതും പല യു.എന്‍. സംഘാംഗങ്ങളും ഭീകരപ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തതും ട്രംപിന്റെ ഈ തീരുമാനത്തെ കൂടുതല്‍ ബലപ്പെടുത്തിയേക്കും.
ഇന്ത്യയ്ക്ക് ഗുണകരമോ?
ഇന്ത്യയ്ക്കും ലോകത്തിനും ട്രംപിന്റെ രണ്ടാമൂഴം ഗുണകരമാവുമോ? ഇന്ത്യയുടെ ആഗോളനയതന്ത്രത്തിനും സൈനികസഹകരണത്തിനും കലവറയില്ലാതെ പിന്തുണ നല്‍കുന്ന ട്രംപ്, ഡീപ് സ്റ്റേറ്റിനെതിരേയുള്ള ചെറുത്തുനില്പിനും നമുക്കു താങ്ങാകും. പാക്കിസ്ഥാനെതിരേ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന ട്രംപ് ചൈനയുമായി ഗാല്‍വാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടായപ്പോഴും ഇന്ത്യയെ പിന്തുണച്ചു. തിരഞ്ഞെടുപ്പില്‍ ഉറ്റ തോഴനായിരുന്ന ഇലോണ്‍ മസ്‌കുമായി സാങ്കേതികവിദ്യകൈമാറ്റങ്ങളും വ്യവസായകരാറുകളും ഇന്ത്യയ്ക്കു ലഭ്യമാകാന്‍ വഴിതുറന്നേക്കാം. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ലിങ്കിന്റെ ബഹിരാകാശം ഭരിക്കുന്ന 7000 ഉപഗ്രഹങ്ങളുടെ ശൃംഖലയുടെ സേവനവും നമുക്കു ലഭ്യമാകാം.
തികഞ്ഞ കച്ചവടക്കാരനായ ട്രംപ് അമേരിക്കയുടെ വളര്‍ച്ചമാത്രം ലക്ഷ്യം വയ്ക്കുന്ന കടുത്ത ദേശീയവാദിയാണ്. അതുകൊണ്ടുതന്നെ കച്ചവടതാത്പര്യങ്ങള്‍ ഇന്ത്യയ്ക്ക് അത്ര അനുകൂലമാവാനിടയില്ല.ട്രംപിന്റെ വിജയത്തോടെ ഓഹരിവിപണി കുതിച്ചുയര്‍ന്നതിനൊപ്പം ഡോളര്‍വിലയും ക്രിപ്‌റ്റോ കറന്‍സി വിലയും കൂടി. അതേസമയം, ക്രൂഡോയില്‍, സ്വര്‍ണം എന്നിവയുടെ വില താഴുകയും ചെയ്തു. ബിറ്റ്‌കോയിന്‍വില ഒരുദിവസംകൊണ്ട് ഒമ്പതു ശതമാനത്തോളം വര്‍ധിച്ചപ്പോള്‍ ഇ ലോണ്‍ മസ്‌കിന് നിക്ഷേപമുള്ള ഡിജി കോയിന്‍ 26 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്!
ക്രൂഡോയില്‍ വില ഇടിയുന്നത് ആഗോളവിപണിക്ക് ആശ്വാസമാകുമെങ്കിലും ഡോളര്‍ വില ഉയരുന്നത് അത്ര നല്ലതല്ല. വികസ്വര - അവികസിതരാഷ്ട്രങ്ങളുടെ കടങ്ങള്‍ ഡോളര്‍ മൂല്യത്തിലാണ് എന്നതുകൊണ്ടുതന്നെ തിരിച്ചടവിനു കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും. അതുകൊണ്ടാണ് അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള വിനിമയം തനത് കറന്‍സികളിലാക്കാനുള്ള നീക്കം ശക്തിപ്പെടുത്താന്‍ തീരുമാനമെടുത്തത്. സൗദി അറേബ്യയടക്കമുള്ള പല അറബ്‌രാജ്യങ്ങളും ബ്രിക്‌സ് കൂട്ടായ്മയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചുങ്കം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഇന്ത്യയ്ക്കു തിരിച്ചടിയാവും. ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് യു.എസിലേക്കാണ്. ഉദ്ദേശം 75 ബില്യണ്‍ ഡോളറിന്റെ വാര്‍ഷികകയറ്റുമതി. സാമ്പത്തികമാന്ദ്യം നേരിടുന്നതിനായി യു.എസ്. ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചാല്‍ അത് ഇന്ത്യയെമാത്രമല്ല, എല്ലാ കയറ്റുമതിരാജ്യങ്ങളെയും ബാധിക്കും. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും എതിരേ നിലപാടെടുത്തിരിക്കുന്ന ട്രംപ് ഇന്ത്യയെ ഒപ്പം നിര്‍ത്തി ചൈനയ്‌ക്കെതിരേ വ്യാപാരയുദ്ധം നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഓഹരിവിപണി കുതിക്കുകയും ഡോളര്‍ കരുത്ത് ആര്‍ജിക്കുകയും ചെയ്തതോടെ സ്വര്‍ണവില താഴോട്ടു പോന്നെങ്കിലും, വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തി. സുസ്ഥിര സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം അത്രയ്‌ക്കൊന്നും താഴെപ്പോകാനിടയില്ല.
ലോകം കാത്തിരിക്കുന്നത് ഒരു മികച്ച ട്രംപ് യുഗത്തിനാണ്. ചരിത്രം മായ്ക്കാത്ത മുദ്രകള്‍ ചാര്‍ത്തി തന്റെ രണ്ടാമൂഴം അവിസ്മരണീയമാക്കാനാവും മൂന്നാമതൊരവസരമില്ലാത്ത അദ്ദേഹം ശ്രമിക്കുകയെന്നതിനാല്‍, അമേരിക്കയിലും ലോകത്തും വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിതത്വമാണ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖമുദ്ര. വാക്കുപാലിക്കുന്നതില്‍ കര്‍ക്കശക്കാരനായ, വര്‍ഷത്തില്‍ ഒരു ഡോളര്‍മാത്രം ശമ്പളം വാങ്ങി രാജ്യത്തെ സേവിക്കുന്ന ട്രംപിന്റെ രണ്ടാം വരവ് ലോകത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുമോ? കാത്തിരുന്നു കാണാം.
കവര്‍സ്റ്റോറി