സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ലൊക്കേഷനിലെത്തിയ സുഹൃത്ത് സംവിധായകനോടു ചോദിക്കുന്നു.
''എവിടെ നായകന്‍ ഫഹദ് ഫാസില്‍?''
''ഫഹദിനെ അഴിച്ചുവിട്ടിരിക്കുകയാണ്'' സംവിധായകന്റെ മറുപടി.
വിഷു റിലീസില്‍ ഏറ്റവും മുമ്പന്തിയിലുള്ള, ഇതിനകം സൂപ്പര്‍ ഹിറ്റിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ജിതു ദാമോദരന്‍ - ഫഹദ് ഫാസില്‍ ടീമിന്റെ ''ആവേശം'' എന്ന സിനിമയെക്കുറിച്ചുളള ചെറിയൊരു കഥയാണു മുകളിലെഴുതിയത്.
ശരിയാണ്, ഫഹദ് ഫാസിലിനെ ആവേശം എന്ന ചിത്രത്തില്‍ അഴിച്ചുവിട്ടിരിക്കുകയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കയറൂരിവിട്ടിരിക്കുകയാണ്.
നമുക്കറിയാം, ഒരു സിനിമാനടനെക്കുറിച്ചു ഭൂരിപക്ഷം പ്രേക്ഷകരും ക്ലിപ്തപ്പെടുത്തിവച്ചിരിക്കുന്ന പല ധാരണകളും തിരുത്തിയെഴുതിയിരിക്കുന്ന നടനാണ് ഫഹദ്. വിശദീകരണം ആവശ്യമുണ്ടെങ്കില്‍ പറയാം, ഈ നടന്‍ മലയാളത്തിലെപോലും പല യുവനടന്മാരുടെയത്ര ആകാരഭംഗിയോ മുഖസൗന്ദര്യമോ ശബ്ദഗാംഭീര്യമോ ഉള്ള നടനല്ല. പൊക്കം കുറവ്, മുടികുറവ്. എന്നാല്‍, മലയാളത്തിലെ മറ്റു പല നടന്മാരെക്കാളും, പ്രത്യേകിച്ച് യുവതലമുറയിലെ ഭൂരിപക്ഷം നടന്മാരെക്കാളും അഭിനയത്തിന്റെ കാര്യത്തില്‍ ഫഹദ് ഉയരത്തിലാണ് താനും.
കഥാപാത്രം ഏതായാലും അതിനെ ആവാഹിച്ച് അവരായി മാറാനുള്ള ഫഹദിന്റെ അനിതരസാധാരണമായ അഭിനയശേഷിയാണ് മാമനന്‍ (തമിഴ്) പുഷ്പ (തെലുങ്ക്) തുടങ്ങിയ ചിത്രങ്ങളില്‍ പരക്കെ കൈയടി നേടിയത്. അതായത്, മലയാളത്തിനും അപ്പുറത്തേക്ക് ഫഹദിന്റെ അഭിനയം പ്രശംസിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന്. 'ആവേശ'ത്തിന് ആവേശമുണ്ടാക്കുന്നത് ഫഹദ് എന്ന നടനാണ്. അതുതന്നെയാണു ചിത്രത്തിന്റെ ഹൈലൈറ്റും. തനിക്കു കൃത്യമായി ചെയ്തുഫലിപ്പിക്കാന്‍ കഴിയുന്ന എക്സന്‍ട്രിക്ഭാവങ്ങളും മാനറിസങ്ങളും കൃത്യമായ തോതില്‍ ചേരുംപടി ചേര്‍ത്തഭിനയിക്കാന്‍ ഫഹദിനു സാധിച്ചു. മറ്റേതെങ്കിലും നടനായിരുന്നുവെങ്കില്‍ തീര്‍ച്ചയായും പിഴച്ചുപോകുമായിരുന്ന കഥാപാത്രത്തെ എത്രയോ രസകരമായിട്ടാണ് ഫഹദ് അവതരിപ്പി്ച്ചിരിക്കുന്നത്.
കണ്ണും മുഖവുംമാത്രം അഭിനയിച്ചാല്‍ മതിയെന്നു ചിന്തിക്കാതെ ശരീരം മുഴുവന്‍ അഭിനയത്തിനായി വിട്ടുകൊടുത്തിരിക്കുന്ന നടനെയാണ് ആവേശത്തില്‍ നമുക്കു കാണാന്‍ കഴിയുന്നത്. ഒരു ഗുണ്ടയുടെ ആകാരവും രൂപവും എങ്ങനെയായിരിക്കണമെന്ന പ്രേക്ഷകന്റെ പൊതുധാരണയെ തിരുത്തിയെഴുതുന്നതാണ് ഈ ചിത്രത്തിലെ രംഗന്‍ എന്ന കഥാപാത്രം. 'മഴ പെയ്യുമ്പോള്‍ കരയാനാണ് ഇഷ്ടം. കാരണം കരയുന്നത് ആരും കാണില്ലല്ലോ' എന്നു പറഞ്ഞത് ചാര്‍ലി ചാപ്ലിനാണ്. അതുപോലെ, കരയുന്നത് ആരും കാണാതിരിക്കാന്‍ കറുത്ത ഗ്ലാസ് വയ്ക്കുന്ന, അമ്മയെന്ന വികാരം ഉള്ളില്‍ കൊണ്ടുനടക്കുന്ന, അമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ ആരുടെയും മേല്‍ കൈവയ്ക്കാത്ത അത്യന്തം രസികനായ നായകന്‍. ഒരു നോട്ടത്തില്‍ അയാള്‍ ക്രൂരനെന്നു തോന്നിക്കുമെങ്കിലും അയാള്‍ അഭയംതേടിയെത്തുന്ന കുട്ടികള്‍ക്ക് ''എടാ മോനേ'' എന്ന വിളിയിലൂടെ ഒരു സഹോദരനായിക്കൂടി മാറുകയാണ്. ആ സാഹോദര്യം പക്ഷേ മദ്യവും മദിരാക്ഷിയുംവരെ അവര്‍ക്ക് ഓഫര്‍ ചെയ്തുകൊണ്ടാണ് എന്നതാണ് അതിലെ വൈരുധ്യം. പക്ഷേ, അത്രയ്ക്കൊരു ധാര്‍മികനിലവാരമേ അയാള്‍ക്കുള്ളൂ. എന്നാല്‍, മദ്യപിക്കുകയും സിഗററ്റു വലിക്കുകയും ചെയ്താലും അപരിചിതയായ ഒരു സ്ത്രീയുടെയൊപ്പം അന്തിയുറങ്ങാന്‍മാത്രം ധാര്‍മികാപഭ്രംശം സംഭവിച്ചവരല്ല ഈ ചെറുപ്പക്കാരെന്നതും ആശ്വാസമായിത്തോന്നി. സാധാരണസിനിമകളില്‍ കണ്ടുവരുന്നത് അതിനു വിരുദ്ധമായ രീതിയാണല്ലോ. കുറെയൊക്കെ തങ്ങളുടെ സ്വാര്‍ഥലക്ഷ്യത്തിനുവേണ്ടി അയാള്‍ക്കൊപ്പം ചേര്‍ന്നുനടക്കുന്നുണ്ടെങ്കിലും തങ്ങളെ പഠിപ്പിക്കാന്‍ വിട്ടിരിക്കുന്ന വീട്ടുകാരോടുളള കടപ്പാടിന്റെ ഓര്‍മയില്‍ അവര്‍ രംഗന്റെ കൂട്ടുപേക്ഷിക്കുന്നതും തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.
ഇത്രയും എഴുതിയതുകൊണ്ട് ആവേശം ഒരു മികച്ച സിനിമയാണെന്നോ സകുടുംബം കാണാന്‍ കൊള്ളാവുന്ന ചിത്രമാണെന്നോ അര്‍ഥമാക്കരുത്. യുവജനങ്ങളെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം മാത്രമാണിത്. അതോടൊപ്പം, സിനിമയുടെ പുതിയ ട്രെന്‍ഡിനൊപ്പമുള്ളതും. സിനിമയാണെങ്കില്‍ നായകനും നായകനു പ്രണയിക്കാന്‍ ഒരു നായികയും വേണമെന്നതാണല്ലോ ഇതുവരെയുള്ള മലയാളസിനിമകളുടെയെല്ലാം വയ്പ്. എന്നാല്‍, ആവേശത്തില്‍ പേരിനുപോലും ഒരു നായികയില്ല. കാരണം അത്തരക്കാരനല്ല രംഗന്‍. നായികയും പ്രണയഗാനവും ഐറ്റം ഡാന്‍സുമില്ലാതെ ഒരു ചിത്രമോ എന്നു നെറ്റിചുളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ആവേശം. കൃത്യമായ കഥാതന്തുവില്ല, കഥാവികാസമില്ല. ഒരുപാടു കഥാപാത്രങ്ങളില്ല. നടനാണെന്നു പറയാന്‍ ഫഹദിനെക്കൂടാതെ മന്‍സൂര്‍ അലിഖാനും ആഷിക് വിദ്യാര്‍ഥിയുംമാത്രം. മറ്റുള്ളവരെല്ലാം പുതുമുഖങ്ങള്‍. നടനോ നടിയോ വലുതോ പ്രമുഖരോ ആയ താരനിരയൊന്നും കൂടാതെതന്നെ സിനിമയെ മേക്കിങ് കൊണ്ട് ആകര്‍ഷകമാക്കാമെന്നതിനു തെളിവുകൂടിയാണ് ആവേശം. പുതിയ കാലത്തെ പരീക്ഷണസിനിമകള്‍ക്കു പിന്തുടര്‍ച്ചയുണ്ടാകുന്ന സിനിമ.
ബാംഗ്ലൂരാണ് ഈ കഥയുടെ വേദി. ബാംഗ്ലൂര്‍ ഇതിനു മുമ്പും പല സിനിമകള്‍ക്കും വേദിയായി മാറിയിട്ടുണ്ട്. നമ്പര്‍ വണ്‍ സ്നേഹതീരം ബംഗ്ലൂര്‍ നോര്‍ത്ത് എന്ന സത്യന്‍ അന്തിക്കാട് ചിത്രംമുതല്‍ ബാംഗ്ലൂര്‍ ഡെയ്സ്, 22 ഫീമെയില്‍ കോട്ടയം, രോമാഞ്ചംവരെയുള്ള ചിത്രങ്ങള്‍. ബാംഗ്ലൂരിലെത്തുന്നതോടെ നമ്മുടെ കുട്ടികള്‍ വേറൊരു രീതിയിലേക്കു മാറുന്നുവെന്ന ആക്ഷേപം ഉണ്ടാക്കിയെടുത്തത് കോട്ടയംകാരി ടെസ എന്ന നേഴ്സിന്റെ കഥ പറഞ്ഞ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയാണ്. മലയാളിപ്പെണ്‍ കുട്ടികള്‍ക്കെതിരെ മാത്രമല്ല, വിശിഷ്യ, കത്തോലിക്കാപെണ്‍കുട്ടികളായ നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കും നേഴ്സുമാര്‍ക്കും എതിരെയായിരുന്നു പരോക്ഷമായ ആ ആക്രമണം. അതിന്റെ പേരില്‍ അകാരണമായി മാനഹാനി അനുഭവിക്കേണ്ടിവരുകയോ അന്യായമായി പ്രതിക്കൂട്ടിലാകുകയോ ചെയ്തിട്ടുണ്ട് നമ്മുടെ പല പെണ്‍കുട്ടികള്‍ക്കും. അതെന്തായാലും, മെട്രോപ്പോലീത്തന്‍ കള്‍ച്ചറിലിലേക്കു കടന്നുചെല്ലുന്നതോടെ നാട്ടിന്‍പുറത്തുകാരായ നമ്മുടെ കുട്ടികള്‍ക്കു സ്ഥലജലഭ്രമം അനുഭവപ്പെടുകയും ആ കള്‍ച്ചറിലേക്ക് അവര്‍ ആകൃഷ്ടരാവുകയും ചെയ്യാന്‍ സാധ്യതയുണ്ട് എന്നതും സത്യമാണ്. എന്‍ജിനീയറിങ്ങിനും മറ്റുമായി അന്യസംസ്ഥാനങ്ങളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ ഏതൊക്കെ അവസ്ഥയിലായിരിക്കും ജീവിക്കുകയെന്ന ആധി മാതാപിതാക്കള്‍ക്കു പകരാന്‍ ആവേശത്തിനു സാധിച്ചിട്ടുണ്ട്.
ഇതിനുമുമ്പും പലതവണ എഴുതിയിട്ടുള്ളത് ആവര്‍ത്തിക്കട്ടെ. പുതിയ സിനിമയ്ക്ക് പുതിയ കഥയോ വിശ്വസനീയമായ സംഭവവികാസങ്ങളോ വേണമെന്നില്ല. കഥയുടെ ബലഹീനതകളെ ബിജിഎം, മേക്കിങ്, അഭിനയം എന്നിവകൊണ്ട് കാലത്തിനൊപ്പിച്ചു മാറ്റിയെഴുതി ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ സിനിമ ആസ്വാദ്യകരമാവും എന്നതാണ് പുതിയ ചലച്ചിത്രപ്രവര്‍ത്തകര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. കുടുംബപ്രേക്ഷകരെക്കാള്‍ അവര്‍ യൂത്തിനെയാണ് ലക്ഷ്യംവച്ചിരിക്കുന്നതും. അതുകൊണ്ടാണ്, ഈ വര്‍ഷം ഫെബ്രുവരിമുതല്‍ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയ്ക്കൊപ്പം ആവേശവും ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുന്നത്.