സാങ്കേതികവിദ്യയുടെ വളര്‍ച്ചയും നിര്‍മിതബുദ്ധിയുടെ സ്വാധീനവും വിദ്യാഭ്യാസരംഗത്തു സജീവമായി ചര്‍ച്ച ചെയ്യുന്ന കാലമാണിത്. എഐയുടെ സ്വാധീനശക്തിയെക്കുറിച്ചു വാഴ്ത്തിപ്പറയുമ്പോഴും, ശ്രദ്ധിക്കപ്പെടാതെപോകുന്നത് നമ്മുടെ അധ്യാപകരുടെ ഇടപെടലുകളും ദൗത്യങ്ങളുമാണ്. അറിവു നല്കുന്നയാള്‍ എന്നതില്‍നിന്ന് അറിവും അനുഭവപരിചയവുമുള്ള ഒരു സമഗ്രവ്യക്തിത്വത്തിന്റെ ഉടമകളായി അധ്യാപകര്‍ മാറുന്നില്ലെങ്കില്‍ അവര്‍ കാലഹരണപ്പെട്ടവരായി മാറും. യുട്യൂബ് വീഡിയോയിലോ എഐ ടൂളുകളിലോ കിട്ടാത്ത അറിവിന്റെ പാഠങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള നിപുണതയാണ് ഇനിയുള്ള കാലം അധ്യാപകര്‍ക്ക് ആവശ്യമായിരിക്കുന്നത്. മഹാത്മാഗാന്ധി പറഞ്ഞതുപോലെ, ജീവിതംതന്നെ സന്ദേശമാക്കിപ്പകര്‍ത്തുന്ന, പ്രചോദനാത്മകവ്യക്തിത്വങ്ങളെയാണ് വരുംതലമുറ കാത്തിരിക്കുന്നതെന്നു സാരം.
സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ ഗുരു-ശിഷ്യബന്ധം അവതാളത്തിലായോ എന്ന ഹൈക്കോടതിയുടെ ഈയിടെയുണ്ടായ നിരീക്ഷണം വിദ്യാഭ്യാസപ്രവര്‍ത്തകരും പൊതുസമൂഹവും ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ്. ദക്ഷിണയായി ഗുരുവിനു പെരുവിരല്‍ മുറിച്ചുനല്‍കിയ ഏകലവ്യന്റെ കഥയുണ്ട് മഹാഭാരതത്തില്‍. ഇന്നാകട്ടെ, അധ്യാപകരോടുള്ള അനാദരം ചില കുട്ടികളില്‍ ശീലമായിരിക്കുന്നു. ഈ നിലയില്‍ അച്ചടക്കമുള്ള ഒരു തലമുറയെ എങ്ങനെ വാര്‍ത്തെടുക്കാനാകുമെന്ന കാര്യം ഞെട്ടിക്കുന്നതാണെന്നു കോടതി പറയുന്നു.
എന്തുചെയ്യണം, എന്തു ചെയ്യരുത് എന്ന ഭയപ്പാടില്‍ കുട്ടികളെ പഠിപ്പിക്കേണ്ടിവരുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനുതന്നെ ഭീഷണിയാണ്. അച്ചടക്കത്തിന്റെയും പഠനത്തിന്റെയും ഭാഗമായി നല്കുന്ന നിര്‍ദേശങ്ങളും ശിക്ഷകളും അധ്യാപകരെ ക്രിമിനല്‍ക്കേസില്‍പ്പെടുത്തി തുറുങ്കിലാക്കാനുള്ള അവസരമായി കുട്ടികള്‍ മാറ്റുന്നുണ്ട്. ക്ലാസിലെ ഡസ്‌കില്‍ കാല്‍ കയറ്റിവച്ചതു ചോദ്യം ചെയ്തപ്പോള്‍ ചീത്ത വിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ചതിന് അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ജസ്റ്റീസ് എ. ബദറുദ്ദീന്റെ നിരീക്ഷണം ശ്രദ്ധേയമായത്. കുട്ടിയെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാന്‍ അധ്യാപികയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നു കോടതി വിലയിരുത്തി. കുട്ടിക്കു യാതൊരു പരിക്കുമില്ലാതിരുന്നിട്ടും ബാലനീതിനിയമത്തിലെ വകുപ്പുള്‍പ്പെടുത്തി തൃശൂര്‍ വാടാനപ്പള്ളി പൊലീസ് എടുത്ത കേസ് നിലനില്ക്കുന്നതല്ലെന്നു കോടതി വ്യക്തമാക്കി.
അധ്യാപകര്‍ക്കു കുട്ടികളെ പേടിച്ചുകഴിയേണ്ട സ്ഥിതിയില്ലായിരുന്നെങ്കില്‍, ഈ നാട്ടില്‍ ഇത്രയേറെ കുട്ടിക്രിമിനലുകള്‍ ഉണ്ടാകുമായിരുന്നില്ല. മയക്കുമരുന്നിനും മാരകമായ രാസലഹരികള്‍ക്കും അടിമകളായ പെണ്‍കുട്ടികളുള്‍പ്പെടെയുള്ള കൗമാരക്കാരുടെ എണ്ണം പെരുകുന്നത്, വിദ്യാര്‍ഥികളെ പേടിക്കേണ്ട സ്ഥിതിയില്‍ അധ്യാപകരും മക്കളെ ഭയക്കേണ്ട നിലയില്‍ മാതാപിതാക്കളും മാറ്റപ്പെടാന്‍ നിര്‍ബന്ധിതരായതുകൊണ്ടാണ്.
സ്‌കൂള്‍-കോളജ് പരിസരങ്ങളിലെ മയക്കുമരുന്നുപയോഗവും വ്യാപാരവും കേരളത്തില്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. വിദ്യാര്‍ഥികളെയും, കുറ്റപ്പെടുത്താന്‍ മാത്രം തക്കം നോക്കിയിരിക്കുന്ന ഏതാനും മാതാപിതാക്കളെയും, മയക്കുമരുന്നുഗുണ്ടകളെയും പേടിച്ച് ശിക്ഷാനടപടികളില്‍നിന്നു പിന്മാറാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുന്നു! പരീക്ഷാഹാളിലെ കുട്ടികളുടെ കോപ്പിയടിയോടെന്നപോലെ, ഒന്നും കണ്ടില്ലെന്നു നടിക്കുന്ന ഒരുതരം നിസ്സംഗത നമ്മുടെ അധ്യാപകരെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതു ഗൗരവബുദ്ധ്യാ ചര്‍ച്ച ചെയ്യേണ്ടതാണ്. ഈ നിഷ്‌ക്രിയത്വത്തിന് അവരെ കുറ്റംവിധിച്ചിട്ടു കാര്യമില്ല. അതിന് ഉത്തരം പറയേണ്ടത് ഇവിടത്തെ സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളം ഒപ്പം, പൊതുസമൂഹവുമാണ്. ആ ഗുരുനാഥന്മാരുടെ ശൂന്യത നികത്താന്‍ സാംസ്‌കാരികകേരളത്തില്‍ തത്സ്ഥാനത്ത് മറ്റാരുമില്ലെന്നുകൂടി ഓര്‍മിച്ചാല്‍ നന്ന്.
കുട്ടികളുടെ നല്ല ഭാവിയോര്‍ത്ത് ശിക്ഷണനടപടിയെടുക്കുന്ന മഹാഭൂരിപക്ഷം വരുന്ന ഗുരുക്കന്മാര്‍ക്കു വന്ദനം! വിദ്യാര്‍ഥികളെ നേര്‍വഴിക്കു നയിക്കാന്‍ പരിശ്രമിക്കുന്ന അധ്യാപകര്‍ക്കു സംരക്ഷണമൊരുക്കാന്‍ മാതാപിതാക്കളും പിടിഎയും പൊതുസമൂഹവും കൈകോര്‍ക്കണം. അധ്യാപകരോട് അപമര്യാദയായി പെരുമാറുകയും അവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന കുട്ടിക്രിമിനലുകളെയും ചെറുഗുണ്ടകളെയും നിലയ്ക്കു നിര്‍ത്താന്‍ നാടുഭരിക്കുന്ന സര്‍ക്കാരിനാവണം. വിദ്യാര്‍ഥിസംഘടനകളെ താലോലിച്ചുവളര്‍ത്തുന്ന രാഷ്ട്രീയയജമാനന്മാരുടെയും പാര്‍ട്ടിയുടെ അടിമകളായിരിക്കുന്ന അധ്യാപകരുടെയും സംരക്ഷണയിലാണ് നമ്മുടെ കുട്ടികള്‍ കാമ്പസുകളില്‍ അഴിഞ്ഞാടുന്നതും അക്രമങ്ങള്‍ നടത്തുന്നതും ഗുണ്ടായിസം കാണിക്കുന്നതെന്നുമൊക്കെ കേള്‍ക്കുമ്പോള്‍, അക്ഷരാര്‍ഥത്തില്‍ ലജ്ജിക്കുകയല്ലാതെ എന്തു ചെയ്യാനാവും ഒരു സാധാരണ മലയാളിക്ക്?