•  10 Oct 2024
  •  ദീപം 57
  •  നാളം 31
കാഴ്ചയ്ക്കപ്പുറം

'വര്‍ഷങ്ങള്‍ക്കുശേഷം' ലക്ഷ്യംതെറ്റിയോ?

ലയാളസിനിമയിലെ പുതിയ താരങ്ങള്‍ ശ്രീനിവാസന്റെ മക്കളെ കണ്ടുപഠിക്കണം, എത്ര എളിമയുള്ളവരാണ് അവര്‍ എന്ന് അഭിപ്രായപ്പെട്ടത് സാക്ഷാല്‍ ബാലചന്ദ്രമേനോനാണ്. ശ്രീനിവാസന്റെ മക്കള്‍ എന്നാല്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ശരിയാണ്, അച്ഛന്റെ താരപ്പകിട്ടിന്റെയോ പണത്തിന്റെയോ ഹുങ്കോ ജാടയോ പൊതുവേദികളില്‍ പരസ്യമായി പ്രകടിപ്പിക്കാത്തവരാണ് ഇരുമക്കളും. ഒരു സുഹൃത്തിന്റെ വാക്ക് കടമെടുത്തുപറഞ്ഞാല്‍ അഭിമുഖം തുടങ്ങുന്നതിന് പതിനഞ്ചു മിനിറ്റ് മുമ്പുതന്നെ വിനീത് വിനയം എടുത്തണിഞ്ഞിരിക്കും. ആരെയും വേദനിപ്പിക്കാതെയും സ്വയം പുകഴ്ത്താതെയും മറ്റുള്ളവരെ വിമര്‍ശിക്കാതെയും  സൗമ്യതയോടെ ഇടപെടുന്ന വ്യക്തിത്വമാണ് വിനീതിന്റേത്. എന്നാല്‍, ധ്യാന്‍ അങ്ങനെയല്ല. യൂട്യൂബ് ചാനലുകളില്‍ ഏറ്റവും റീച്ചുള്ള അഭിമുഖങ്ങള്‍ ധ്യാനിന്റേതാണ്. വെട്ടിത്തുറന്നുള്ള സംസാരത്തിലൂടെയും നിര്‍ദോഷമായ തമാശകളിലൂടെയും ധ്യാനിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നവര്‍ ധാരാളം.
ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയായില്‍ ഹേറ്റേഴ്സ് ഇല്ലാത്ത രണ്ടു സെലിബ്രിറ്റികളാണ് വിനീതും ധ്യാനും. 
അതുകൊണ്ടുതന്നെ ഇവര്‍ ഒന്നിക്കുന്ന 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. പോരാഞ്ഞ് ഹൃദയം സിനിമയിലൂടെ പ്രേക്ഷകമനസ്സുകളെ കീഴടക്കിയ പ്രണവ് മോഹന്‍ലാല്‍-കല്യാണി പ്രിയദര്‍ശന്‍ താരജോഡികള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നുവെന്ന പ്രതീക്ഷ. പിന്നെ നിവിന്‍പോളി, ബേസില്‍ ജോസഫ്, അജു വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങള്‍. ഒരു സൂപ്പര്‍ഹിറ്റ് സിനിമയ്ക്കു വേണ്ട എല്ലാ ബാഹ്യഘടകങ്ങളും ഈ പുതിയ സിനിമയ്ക്കുണ്ടായിരുന്നു. എന്നാല്‍, ആ ചിത്രം ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചിത്രത്തെ ട്രീറ്റ് ചെയ്തോ എന്നതാണു സംശയം. അവകാശപ്പെടുന്നതുപോലെ വലിയൊരു വിജയം ചിത്രത്തിനുണ്ടായോ എന്നതും.
സിനിമയുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ് 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നു വേണമെങ്കില്‍പറയാം. അതോടൊപ്പം അതില്‍ സൗഹൃദങ്ങളുണ്ട്, പ്രണയവുമുണ്ട്. എന്നാല്‍ ഈ മൂന്നു മേഖലകളെയും വേണ്ടവിധത്തിലും ചേരുംപടിയും ചേര്‍ക്കാന്‍ വിനീതിനു കഴിഞ്ഞിട്ടില്ല. മൂന്നുതരം ബന്ധങ്ങളെയും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ സാധിക്കാതെപോയി. സിനിമയ്ക്കുള്ളിലെ സിനിമ ഇതിനകം പല സിനിമകള്‍ക്കും പ്രതിപാദ്യവിഷയമായിട്ടുണ്ട്. കെ.ജി. ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബായ്ക്ക് മുതല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരംവരെ. ജയരാജിന്റെ നായിക,  ഷാഫിയുടെ മേക്കപ്പ്മാന്‍ തുടങ്ങിയവയും പരാമര്‍ശിക്കപ്പെടേണ്ടതാണ്. എന്നാല്‍, അതുപോലെ സിനിമയ്ക്കുള്ളിലെ സിനിമയെ വേണ്ടവിധം അവതരിപ്പിക്കാന്‍ ഈ സിനിമയ്ക്കു സാധിക്കുന്നില്ല. പശ്ചാത്തലമായി സിനിമാലോകം നില്ക്കുന്നുവെന്നല്ലാതെ ആ ലോകത്തിന്റെ ആഴങ്ങളിലേക്കു വിനീത് കടന്നുചെല്ലുന്നില്ല. എന്നാല്‍, മാറുന്ന സിനിമയുടെ ചില മുഖങ്ങളെ രണ്ടാം പാതിയില്‍ അവതരിപ്പിക്കുന്നുമുണ്ട്.
മോഹന്‍ലാലിന്റെ മകന്‍ പ്രണവും ശ്രീനിവാസന്റെ മകന്‍ ധ്യാനും ഒന്നിച്ചപ്പോള്‍ മലയാളികളുടെ മുന്‍ധാരണകളിലൊന്ന്, ലാലിന്റെയും ശ്രീനിയുടെയും ജീവിതത്തിലെ, പ്രത്യേകിച്ച് കോടമ്പാക്കം ജീവിതത്തിലെ ഒരു ടിപ്പിക്കല്‍സംഭവത്തിന്റെ സിനിമാറ്റിക് വേര്‍ഷന്‍ ആയിരിക്കും വര്‍ഷങ്ങള്‍ക്കുശേഷം എന്നാണ്. എന്നാല്‍, അത്തരം സംഭവങ്ങളൊന്നും ചിത്രത്തിലില്ല. പക്ഷേ, കോടമ്പാക്കവുമായി ബന്ധപ്പെട്ട് ആരുടെയൊക്കെയോ ജീവിതങ്ങളിലൂടെ സിനിമ കടന്നുപോകുന്നുമുണ്ട്.
മലയാളസിനിമ കൊച്ചിയിലേക്കു വരുന്നതിനു മുമ്പ് കോടമ്പാക്കം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒരു കാലമാണ് 'വര്‍ഷങ്ങള്‍ക്കുശേഷം' സിനിമയുടെ തട്ടകം. സംഗീതം ജീവവായുവായി കൊണ്ടുനടക്കുന്ന മുരളിയും എഴുത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന വേണുവും. ഭാഗ്യപരീക്ഷണങ്ങളുടെ കയ്യാങ്കളിയായ എന്നത്തെയും സിനിമയില്‍ ഭാഗ്യംകൊണ്ട് വേണു ശ്രദ്ധിക്കപ്പെടുന്നു. അതിനു നിമിത്തമായതാവട്ടെ മുരളിയും. വേണുവിന്റെ ഉയര്‍ച്ച സ്വപ്നം കാണുന്ന മുരളി. എന്നിട്ടും ചില പ്രത്യേക സന്ദര്‍ഭത്തില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നു. തെറ്റുമനസ്സിലാക്കി വേണു തിരികെവരുന്നു. അപ്പോഴേക്കും കാലം അവര്‍ക്കിടയില്‍ കുത്തിയൊലിച്ചുപോയിരുന്നു. പ്രശസ്തിയുടെ ഉയരങ്ങളില്‍നിന്നു വേണു നിസ്സാരനായി തലകുത്തിവീഴുമ്പോള്‍ മുരളി ഒരിടത്തും ഒന്നുമാകാതെയായിത്തീരുന്നു.
സൗഹൃദങ്ങളുടെ ഒരു ലോകം വിനീതിന്റെ സിനിമകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒന്നാണ്. ആദ്യസിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ ഇതു കാണാന്‍ കഴിയും. കൂട്ടുകാരിലൊരുവന്‍ പ്രസിദ്ധനാകുന്നു, പണക്കാരനാകുന്നു. പക്ഷേ, ചില തെറ്റുധാരണകള്‍ അവരെ തമ്മിലകറ്റുന്നു. എന്നാല്‍, വീണ്ടും അവര്‍ ഒന്നിക്കുന്നു. ഇതുതന്നെയാണ് ഈ  സിനിമയിലും കാണുന്നത്.
സൗഹൃദം പുതിയ വിഷയമല്ല. എന്നാല്‍, ആ വിഷയത്തെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമ്പോള്‍ സൗഹൃദം ഹൃദയസ്പര്‍ശിയാകുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്നുപറയട്ടെ, അത്രയ്ക്കും ഹൃദയാകര്‍ഷകത്വമൊന്നും വര്‍ഷങ്ങള്‍ക്കുശേഷത്തിലെ സൗഹൃദങ്ങളില്‍ പ്രകടമാകുന്നില്ല.
വിനീതിന് ഈ സിനിമയില്‍ പറ്റിയ ഏറ്റവും വലിയ പാളിച്ച പ്രണവ് മോഹന്‍ലാലിന്റെ കൈകളിലേക്കു മുരളിയുടെ കഥാപാത്രത്തെ വച്ചുകൊടുത്തുവെന്നതായിരുന്നു. നടനാകാനോ താരമാകാനോ താത്പര്യമില്ലാത്ത ആളാണ് പ്രണവ് എന്നാണ് ഭാഷ്യം. അതു ശരിയാണെന്നു ശരിവയ്ക്കുന്ന വിധത്തിലായിരുന്നു പ്രണവിന്റെ അഭിനയവും. അഭിനയത്തിന്റെ കാര്യത്തില്‍ ഇതിനകം പലകുറി പഴികേട്ടിട്ടുള്ളതൊക്കെ പ്രേക്ഷകനും ശരിവച്ചുപോകും ഇതിലെ സിനിമയിലെ പ്രണവിനെ കണ്ടാല്‍.  തീരെ താത്പര്യമില്ലാത്തതുപോലെയുള്ള ഭാവങ്ങളായിരുന്നു പ്രണവില്‍ പൊതുവെയുണ്ടായിരുന്നത്.
എന്നാല്‍  ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളെ-പഠനം, മദിരാശിജീവിതം, വാര്‍ധക്യം-ധ്യാന്‍  മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. ധ്യാന്‍ മികച്ച സിനിമകളിലൂടെ വരുംകാലങ്ങളില്‍  മികച്ച നടനായിത്തീരാനുള്ള സാധ്യതയുണ്ടെന്ന പറഞ്ഞുവയ്ക്കുന്ന സിനിമയാണു വര്‍ഷങ്ങള്‍ക്കുശേഷം. ഈ സിനിമകൊണ്ട് പ്രയോജനമുണ്ടായ ഒരേയൊരു വ്യക്തിയും ധ്യാനാണ്.
മറ്റൊരാള്‍ സ്വയം ട്രോളി കൈയടി നേടിയ നിവിന്‍പോളിയാണ്. സ്വന്തം കുറവുകളെ സ്വയം പരിഹാസ്യവിഷയമാ ക്കാറുള്ള ശ്രീനിവാസന്റെ രീതിയാണ് വിനീത് നിവിന്‍ പോളിക്കു കൈമാറിയിരിക്കുന്നത്. തന്റെ സീന്‍ ആദ്യടേക്കില്‍തന്നെ ഓക്കെയായോ എന്ന മട്ടില്‍ അമ്പരക്കുന്ന നിവിന്‍ തീയറ്ററില്‍ നല്ല പൊട്ടിച്ചിരിയുണ്ടാക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയായില്‍ 'വര്‍ഷങ്ങള്‍ക്കുശേഷം' സിനിമയെക്കുറിച്ച്  നെഗറ്റീവ് റിവ്യൂസ് വരാത്തതിന് ഒറ്റക്കാരണമേയുള്ളൂ. തുടക്കത്തില്‍ പറഞ്ഞതുപോലെ വിനീതിന് ഹേറ്റേഴ്സ് ഇല്ല എന്നത്. എന്നാല്‍, അക്കാരണംകൊണ്ടുതന്നെ ഇതു നല്ല സിനിമയാകുന്നില്ല. ആരാധകരുടെ സ്തുതികളില്‍ സ്വയം മതിമറന്ന് സിനിമയില്‍നിന്നുതന്നെ അപ്രസക്തനായി മാറിയ വേണുവിനെപ്പോലെ ഒരു ദുരോഗ്യം വിനീത് ശ്രീനിവാസനു സംഭവിക്കാതിരിക്കട്ടെ. നല്ല കഥയും മെച്ചപ്പെട്ട തിരക്കഥയുമായി നല്ലസിനിമകളുടെ സംവിധായകനായി കാലത്തിനൊത്ത് മാറാന്‍ നിവിനു സാധിക്കട്ടെ. സൗഹൃദങ്ങളുടെ കഥപറയുകയായിരുന്നോ അതോ സിനിമാക്കാരുടെ കഥ പറയുകയായിരുന്നോ വിനീതിന്റെ ലക്ഷ്യമെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)