•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാഴ്ചയ്ക്കപ്പുറം

വൈധവ്യം: തിരിച്ചറിവും അതിജീവനവും

സീന്‍ 9 എ
രാത്രി: വര്‍മ, രുഗ്മിണി, കാര്‍ത്തിക.
വര്‍മ: മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണെന്നു പറയുന്നത് എത്ര ശരിയാണ്! ഇരിക്കൂ മിസ്സിസ് നായര്‍. വിഷമിക്കണ്ട. ഈ തുക ഞാന്‍ തരാം. പക്ഷേ, അതോടെ മിസ്സിസ് നായരുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നൂന്നു കരുതുന്നുണ്ടോ. കുട്ടികള്‍ ചെറുപ്പമാണ്. അതും പെണ്‍കുട്ടികള്‍. അവരെ പഠിപ്പിക്കണം. കല്യാണംകഴിപ്പിച്ചയയ്ക്കണം. എല്ലാം തുടങ്ങുന്നതല്ലേയുള്ളൂ... മിസ്സിസ് നായര്‍, നിങ്ങളുടെ എല്ലാക്കാര്യങ്ങളും ഞാന്‍ നോക്കാം. മാന്യമായിട്ടുതന്നെ. പക്ഷേ, ഇതിനൊന്നും രേഖയുണ്ടാവില്ലെന്നു മാത്രം...
സീന്‍ 9 ജെ
വര്‍മ: മിസ്സിസ് നായര്‍, കഴുത്തില്‍ താലിയില്ലാത്ത ഒരു സ്ത്രീയാണു നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ നിഴല്‍പോലും നിങ്ങള്‍ക്കെതിരാണ്.
ഇതുപറഞ്ഞ് മെല്ലെ തോളില്‍ കൈവയ്ക്കുന്നു. കടുത്ത ദുഃഖവും ദേഷ്യവുംവന്ന് രുഗ്മിണി വര്‍മയുടെ കവിളത്ത് കൈവീശി ആഞ്ഞടിക്കുന്നു. വര്‍മ അടിയേറ്റ കവിള്‍ തടവി രുഗ്മിണിയെ തുറിച്ചുനോക്കി നില്ക്കുന്നു.
ബാലചന്ദ്രമേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച  അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലെ രണ്ടു രംഗങ്ങളാണു പകര്‍ത്തിയിരിക്കുന്നത്. മലയാളസിനിമയില്‍ ഒരു വിധവയുടെ ജീവിതവും വര്‍ത്തമാനവും അതിജീവനവും ഇത്രത്തോളം ഒതുക്കത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമ മറ്റൊന്നുണ്ടോയെന്നും സംശയമുണ്ട്. സിനിമ കണ്ടിട്ടില്ലാത്തവര്‍ക്കും കഥ അറിയാത്തവര്‍ക്കുമായി അച്ചുവേട്ടന്റെ വീടിന്റെ കഥ ചുരുക്കിപ്പറയാം: ഭാര്യ രുഗ്മിണിയും രണ്ടു മക്കളും അടങ്ങുന്നതാണ് അച്യുതന്റെ കുടുംബം. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്നതാണ് അയാളുടെ ഏറ്റവും വലിയ സ്വപ്‌നം.  പെണ്‍മക്കള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ മുറിയും തങ്ങള്‍ക്കു മറ്റൊരു മുറിയും എന്ന വിധത്തിലുള്ള ഒരു വീടിന്റെ പ്ലാനുമായി അയാള്‍ നടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. അങ്ങനെയിരിക്കേ, ഒരു ദിവസം അയാള്‍ അപ്രതീക്ഷിതമായി മരണമടയുന്നു. വിധവയായ രുക്മിണിയും പെണ്‍മക്കളും നിസ്സഹായരാകുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ തങ്ങളെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്ന ഭര്‍ത്താവിന്റെ സുഹൃത്തിനെ സമീപിക്കുമ്പോള്‍ അയാളില്‍നിന്ന് രുഗ്മിണിക്കു നേരിടേണ്ടിവരുന്ന ദുരനുഭവമാണ് മുകളിലെഴുതിയത്. മൂത്തമകള്‍ പ്രണയിച്ചു വിവാഹിതയാവുകയും ഉദ്യോഗസ്ഥയാവുകയും ചെയ്യുന്നതോടെ അവളുടെ മട്ടും ഭാവവും മാറുന്നു. തങ്ങളെ സഹായിക്കാനെത്തുന്ന വിപിന്‍ എന്ന ചെറുപ്പക്കാരന്റെ പേരിനോടു ചേര്‍ത്തു താന്‍ അപമാനിക്കപ്പെടുമ്പോള്‍ മുമ്പിലേക്ക് ഒരു പ്രതീക്ഷയുമില്ലാത്ത ഒരു ദുര്‍ബലനിമിഷത്തില്‍ രുഗ്മിണി ഇളയമകളുമൊത്തു താനും വിഷംകഴിച്ചു മരിക്കാമെന്ന തീരുമാനത്തിലെത്തുന്നു. അങ്ങനെ, വിഷം കുഴച്ച ചോറുരുള മകള്‍ക്കു വാരിക്കൊടുക്കുമ്പോള്‍ ആ മകള്‍ പറയുന്ന  വാചകമാണ് രുഗ്മിണിയുടെ ജീവിതത്തെ വഴിതിരിച്ചുവിടുന്നത്: ''ചേച്ചി അമ്മയെ ഒരുപാടു നോവിച്ചു. പക്ഷേ, ഞാന്‍ ചേച്ചിയാവില്ലമ്മേ. അമ്മ എന്നെ പഠിപ്പിക്ക്, ഞാന്‍ അമ്മയെ നോക്കാം.''
ആ നിമിഷം രുഗ്മിണിയുടെ കൈയില്‍നിന്നു ചോറുരുള താഴെ വീഴുന്നു. അച്ചുവേട്ടന്റെ സ്വപ്നംപോലുള്ള ഒരു വീടു പണിയാന്‍ തനിക്കാവില്ലെങ്കിലും ജോലി ചെയ്തു കിട്ടുന്ന കാശുകൊണ്ട് ഒരു മുറിയെങ്കിലും പണിയണമെന്നു തീരുമാനിക്കുന്ന രുഗ്മിണിയിലാണു സിനിമ അവസാനിക്കുന്നത്. ഒരു വിധവ അധികം അവകാശവാദങ്ങളില്ലാതെ തന്റെ ജീവിതം തിരിച്ചുപിടിക്കുന്നത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് അച്ചുവേട്ടന്റെ വീട്. വിധവയാകുകയും സമൂഹം കൈയൊഴിയുകയും ചെയ്യുമ്പോള്‍ മക്കള്‍ക്കു വിഷം കൊടുത്തു കൊന്ന് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന നായിക(തുലാഭാരം)മാരെ കണ്ടുമാത്രമേ മലയാളസിനിമയ്ക്ക് ഏറെ പരിചയമുണ്ടായിരുന്നുള്ളൂ. പക്ഷേ, അവിടെനിന്നാണ് ജീവിതം തിരിച്ചുപിടിക്കുന്ന വിധവയെ അച്ചുവേട്ടന്റെ വീട്ടില്‍ നാം കണ്ടുമുട്ടുന്നത്.  41-ാം വയസ്സില്‍ വിധവയായ അമ്മായിയമ്മ പറഞ്ഞ ജീവിതാനുഭവങ്ങളില്‍നിന്നാണ് ഈ സിനിമയുടെ കഥാതന്തു മനസ്സില്‍ വീണതെന്ന് തിരക്കഥാകൃത്തു കൂടിയായ ബാലചന്ദ്രമോനോന്‍ പറയുന്നുണ്ട്. സമൂഹം വിധവകളെ നോക്കിക്കാണുന്ന രീതി ഒരിക്കലും നല്ലതായിരുന്നില്ല. പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും അപമാനങ്ങള്‍ക്കും അവള്‍ ഇരയായിമാറുന്നുണ്ട്. അതില്‍ പ്രധാനം ഏറ്റവും അടുത്തവരില്‍നിന്നുവരെ നേരിടേണ്ടിവരുന്ന ലൈംഗികചൂഷണമാണ്. ഒരു സ്ത്രീ വിധവയാകുന്നതോടെ അവള്‍ സമൂഹത്തിന്റെ പൊതുമുതലാണെന്ന മട്ടാണ് പുരുഷന്മാര്‍ക്ക്. കമലിന്റെ 'പെരുമഴക്കാലം' വിധവയായ ഗംഗയുടെയും കഴുമരത്തില്‍ വിധി കാത്തുനില്ക്കുന്ന ഭര്‍ത്താവുള്ള റസിയയുടെയും കഥയാണു പറയുന്നത്. ബ്രാഹ്‌മണസമൂഹത്തിന്റെ ആചാരങ്ങള്‍ക്കു വിധേയപ്പെട്ടു ജീവിക്കുന്ന ഗംഗയോടു ബന്ധുക്കള്‍ പെരുമാറുന്ന വിധം ചിത്രത്തില്‍ പലയിടത്തും കാണിക്കുന്നുണ്ട്. വര്‍ണവസ്ത്രങ്ങള്‍ക്കു നിരോധനം, കുപ്പിവളകള്‍ പൊട്ടിച്ചെറിയല്‍ ഇങ്ങനെ പലതിനുംപുറമേ ബന്ധുക്കള്‍ക്ക് ഇഷ്ടമില്ലാത്തതു ചെയ്തതിന്റെ പേരില്‍ മറ്റുതരത്തിലുള്ള പല പ്രതികാരനടപടികള്‍ക്കുകൂടി അവള്‍ വിധേയയാകുന്നുണ്ട്.
സമാന്തരമായി റസിയയുടെ ജീവിതത്തിലൂടെയും കടന്നുപോകേണ്ടതുണ്ട്. അക്ബറിനെ കൊലക്കയറില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജേന ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന നജീബ് തക്ക അവസരം വരുമ്പോള്‍ റസിയയോടു പറയുന്നത് ഉദാഹരണം. ''അക്ബറില്ലാണ്ടായാലും മോള്‍ക്കു ജീവിക്കണ്ടേ. കുറച്ചുനാളു കഴിഞ്ഞാല്‍ എല്ലാം മറന്നല്ലേ പറ്റൂ. അപ്പോ ഒറ്റയ്ക്കാവൂന്ന് വിചാരിക്കണ്ട.''
അവളുടെ ചുമലില്‍ കൈകള്‍ വച്ചാണ് അയാള്‍ തുടര്‍ന്നുപറയുന്നത്: ''എന്തിനും നജീബ് കൂടെണ്ടാവും. എപ്പളും.''
ഇതാണ് വിധവകളെ അല്ലെങ്കില്‍ ഭര്‍ത്താവില്ലാത്ത സ്ത്രീകളെ സഹായിക്കാന്‍ സന്നദ്ധരായി വരുന്ന ഒട്ടുമിക്ക പുരുഷന്മാരുടെയും ഉള്ളിലിരുപ്പ്.
അഗ്രഹാരം പുറത്താക്കിയെങ്കിലും  ഗംഗ സ്വന്തം ജീവിതത്തെയും വിധിയെയും നേരിടുന്ന വിധത്തിലാണ് സിനിമ അവസാനിക്കുന്നത്.  അരിമുറുക്കും മറ്റും സ്വന്തമായുണ്ടാക്കി ജീവിതത്തെ അവള്‍  സധൈര്യം നേരിടുന്നു. വൈധവ്യത്തോടെ ഒരു  സ്ത്രീയുടെയും ജീവിതം അവസാനിക്കുന്നില്ലെന്ന  പാഠമാണ് ഈ സിനിമകള്‍ നല്കുന്ന പ്രചോദനം. വൈധവ്യത്തെ നിരാശാജനകമായും നിഷേധാത്മകമായും സമീപിക്കുന്ന കാഴ്ചപ്പാടാണ് പൊതുവെയുള്ളത്. അതുകൊണ്ടാവാം മലയാളസിനിമയില്‍ തലയെടുപ്പോടെ നില്ക്കുന്ന വിധവാകഥാപാത്രങ്ങളൊന്നമില്ലാത്തത്. നിലനില്പിനുള്ള ശ്രമങ്ങളും മറ്റു പുരുഷന്മാരില്‍നിന്ന് ഏല്ക്കേണ്ടിവരുന്ന പീഡനങ്ങളും മറ്റുമാണ്  പൊതുവെ വിധവകളുടെ ലോകത്തിന്റെ പ്രശ്‌നമായി ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍, ഈ പൊതുധാരണകളെ  മാറ്റിയെഴുതിക്കൊണ്ടാണ് നീരജ എന്ന സിനിമ കഴിഞ്ഞയാഴ്ച റീലിസായിരിക്കുന്നത്. വിധവയായ ഒരു സ്ത്രീയുടെ പരിഹരിക്കപ്പെടാതെപോകുന്ന ശാരീരികാവശ്യങ്ങളെയാണ് നീരജ ഇവിടെ അഭിസംബോധന  ചെയ്യുന്നത്. വൈധവ്യത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരേണ്ടിയിരിക്കുന്നു.  ഇത്തരമൊരു ലക്ഷ്യത്തോടെയാണ് ജൂണ്‍ 23 ലോകവിധവാദിനമായി ആചരിക്കുന്നത്.  നമുക്കു ചുറ്റിനുമുള്ള വിധവകളുടെ ജീവിതത്തിന് ഇത്തിരികൂടി പ്രകാശമേകാന്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ടെന്നു മറക്കാതിരിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)