നാല്പത്തിയെട്ടു വയസ്സു ള്ള ഗോപി ഒരുപാടു ടെന്‍ഷന്‍ പിടിച്ച് ഉറക്കമില്ല എന്ന സങ്കടത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്: താന്‍ രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ വൈകിട്ട് ആറു മണിയോടെ തിരിച്ചെത്തും. വന്നു കയറുമ്പോഴേ അമ്മ വന്ന് ഭാര്യയുടെ കുറെ കുറ്റങ്ങള്‍ പറയും, അല്ലെങ്കില്‍ തനിക്കില്ലാത്ത എന്തിന്റെയെങ്കിലും (മരുന്ന്, കുഴമ്പ്) കാര്യം പറയും. റൂമിലേക്കു കയറുമ്പോള്‍ ഭാര്യ വന്ന് അമ്മയുടെ കുറ്റം പറയും. അമ്മ അവളെ ദ്രോഹിച്ച, ചീത്തപറഞ്ഞ കാര്യങ്ങള്‍. ഇതും കഴിഞ്ഞ് പുറത്തേക്കു വരുമ്പോള്‍ രണ്ടു മക്കളും അവരുടെ പരാതികളുമായി മുന്നിലെത്തും. വീട്ടിലെയും സ്‌കൂളിലെയും വിഷയങ്ങള്‍. ഗോപിയുടെ പ്രശ്‌നം, ഇവരെയെല്ലാം കൂട്ടിയിണക്കി കൊണ്ടുപോകാന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നതാണ്. അമ്മയോടു ദേഷ്യപ്പെട്ടാല്‍ ഭാര്യ വന്നതില്‍പ്പിന്നെ മകനു തന്നോടു സ്‌നേഹമില്ലെന്ന് അമ്മ പറയും. ഭാര്യയോടു ദേഷ്യപ്പെട്ടാല്‍, അമ്മയെയും മക്കളെയുമാണ് തനിക്കു കാര്യമെന്ന് ഭാര്യ നിലപാട് എടുക്കും. അങ്ങനെ കലഹം വര്‍ധിക്കുന്നു.
പുരുഷന്മാരെ സംബന്ധിച്ച് ഒരു 35 വയസ്സു മുതല്‍ 55 വയസ്സുവരെ അവര്‍ സാന്‍വിച്ച് ജനറേഷനില്‍കൂടി കടന്നുപോകുന്നവരാകും. അതായത്, വിവാഹശേഷം അവര്‍ ഭാര്യയുടെ ആളായും വിവാഹത്തിനുമുമ്പും ശേഷവും മാതാപിതാക്കളുടെ സ്വന്തമായും, മക്കളായി കഴിയുമ്പോള്‍ മക്കളുടെ കൂട്ടുകാരനായും നിലകൊള്ളണം, സ്ഥാനമുറപ്പിക്കണം. ഇവരെയെല്ലാം സഹകരിപ്പിച്ചു തൃപ്തിപ്പെടുത്തി ജീവിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് ഒരു മകനുള്ളത്. ഇവരുടെയെല്ലാമിടയ്ക്ക് ഞെരുക്കപ്പെടുന്നതുകൊണ്ടാണ് സാന്‍വിച്ച് ജനറേഷന്‍ എന്നു പറയുന്നത്. ഇവിടെ പുരുഷന്മാര്‍ ഈ സാഹചര്യം മുന്‍കൂട്ടി കാണുകയും ഓരോരുത്തരുടെയും സ്വഭാവപ്രത്യേകതകള്‍ പരിഗണിച്ച് അവരോട് ഇടപഴകുകയും വേണം.
വിവാഹത്തിനുശേഷം സ്‌നേഹം മുഴുവന്‍ ഭാര്യയോടാകുമോ, തങ്ങള്‍ അവഗണിക്കപ്പെടുമോ എന്ന ആകാംക്ഷ മാതാപിതാക്കള്‍ക്കുണ്ടാകും. മാതാപിതാക്കളുടെ ഈ ആകാംക്ഷ തിരിച്ചറിയാനും അവരെ താന്‍ പരിഗണിക്കുന്നു, താന്‍ അവരെ സ്‌നേഹിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്താനും മകനു കഴിയണം. എന്നാല്‍, മാതാപിതാക്കള്‍ ഭാര്യയുടെ കുറവുകളെക്കുറിച്ച് പറഞ്ഞുവരുമ്പോഴേ അതിനെ ലഘൂകരിച്ചു കാണിക്കാനും അവളുടെ കുടുംബസാഹചര്യങ്ങളെക്കുറിച്ചും സ്വഭാവപ്രത്യേകതകളെക്കുറിച്ചും ബോധ്യപ്പെടുത്തി പോസിറ്റീവായി സംസാരിക്കാനു ം ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. ഭാര്യയെക്കുറിച്ചു മാതാപിതാക്കള്‍ പറയുമ്പോള്‍, ഭര്‍ത്താവ് അവരുടെ കൂടെക്കൂടി അതിനെ പെരുപ്പിച്ച് ഭാര്യയെ കുറ്റപ്പെടുത്തിയാല്‍, പിന്നീട് ഭാര്യയെക്കുറിച്ച് അവര്‍ ഒരു നന്മപോലും പറയാന്‍ സാധ്യതയില്ല.
അതുപോലെതന്നെ, ഭാര്യ, മാതാപിതാക്കളുടെ കുറവുകളെക്കുറിച്ചു പറയുമ്പോള്‍ നിന്നെപ്പോലെതന്നെ എനിക്കു പ്രിയപ്പെട്ടവരാണ് മാതാപിതാക്കളെന്നും അവര്‍ക്കു നിന്നെയും നീ വളര്‍ന്ന സാഹചര്യങ്ങളെയും ജീവിതരീതികളെയും മനസ്സിലാകാഞ്ഞിട്ടാണ് എന്നു പറഞ്ഞുകൊണ്ട് കുറച്ചുകൂടി കാത്തിരുന്ന് അവരെ മനസ്സിലാക്കാനും അവരുമായി പൊരുത്തപ്പെടാനുമുള്ള പ്രേരണയും ഉപദേശവും ഭര്‍ത്താവ് നല്‍കണം. അപ്പോള്‍, മാതാപിതാക്കളോടൊപ്പംനിന്നാലേ തന്റെ ഭര്‍ത്താവിന് തന്നോടു കൂടുതല്‍ സ്‌നേഹം തോന്നൂ എന്ന ഒരു സന്ദേശം ഭാര്യയ്ക്കു കിട്ടുകയും അതനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യും. ഭാര്യയ്‌ക്കൊപ്പംനിന്നു മാതാപിതാക്കളെ കുറ്റംപറഞ്ഞാല്‍, പിന്നെ ജീവിതകാലം മുഴുവന്‍ അതു കേട്ടുകൊണ്ടേയിരിക്കണം. കുറച്ചുകഴിയുമ്പോള്‍ ഭര്‍ത്താവിനെ ഭരിക്കാനുള്ള ഭരണപാടവം ഇക്കൂട്ടര്‍ ആര്‍ജിക്കുകയും ചെയ്യും.
മക്കളായിക്കഴിഞ്ഞാല്‍ അവര്‍ക്കും ആവശ്യത്തിനു സമയം കൊടുക്കണം. പിതാവ് രാത്രിയില്‍ താമസിച്ചാല്‍ ആധിപിടിക്കുന്ന മക്കളെ കാണാം. കാരണം, അവര്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല, അപ്പന്‍ വീട്ടില്‍ വരാതിരിക്കുന്നിടത്തോളം സമയം. ഇങ്ങനെ എല്ലാവര്‍ക്കും തുല്യപ്രാധാന്യം നല്‍കി ജീവിക്കാന്‍ തക്കവിധം പക്വതയിലേക്ക് ഒരു മകന്‍, ഭര്‍ത്താവ്, അപ്പന്‍ വളരാന്‍ സ്വയം അറിഞ്ഞു പരിശ്രമിക്കണം. അങ്ങനെ മാത്രമേ ഈ സാന്‍വിച്ച് ജനറേഷനിലുള്ള ആള്‍ക്കാര്‍ക്ക് മനഃസമാധാനവും ജീവിതവിജയവും കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.
ഒരു നല്ല ഭര്‍ത്താവ്, കുടുംബനാഥന്‍, പിതാവ് എന്ന നിലയില്‍ പുരുഷന്മാരും, ഒരു നല്ല ഭാര്യ, കുടുംബനാഥ, അമ്മ എന്ന നിലയില്‍ സ്ത്രീകളും തങ്ങളുടെ ജീവിതത്തിലെ റോളുകള്‍ തിരിച്ചറിഞ്ഞ് കുറവു കൂടാതെ ജീവിക്കുന്നിടത്താണ് കുടുംബം സന്തോഷപൂര്‍ണമാവുക.