അപ്പച്ചന്‍ചേട്ടന്‍ വിഷാദവദനത്തോടും സങ്കടഭാവത്തോടും കൂടിയാണ് സംസാരിച്ചുതുടങ്ങിയത്. ആദ്യം കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമായിരുന്നു സംസാരമത്രയും. സാവധാനം വിഷയത്തിലേക്കു കടന്നു. അപ്പച്ചന്‍ചേട്ടനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം കുര്‍ബാനയില്‍ തനിക്കു സംബന്ധിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. കാരണം, കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 65 വയസ്സിനു മുകളിലുള്ളവര്‍ക്കു ദൈവാലയസന്ദര്‍ശനത്തിനേര്‍പ്പെടുത്തിയ വിലക്കുതന്നെ. അടിസ്ഥാനപ്രശ്‌നം ഇതൊന്നുമല്ല. തനിക്ക് 69 വയസ്സു കഴിഞ്ഞെന്നും ഉടനെ എഴുപതാകുമെന്നും നാട്ടുകാര്‍ അറിഞ്ഞതും അതേപ്പറ്റി ചോദിക്കുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ കരുതിയത് ഒരു അമ്പത്, അമ്പത്തിയഞ്ചുകാരന്‍ എന്നാണ്.
ഇന്ന് ഈ പ്രശ്‌നം ഒരു അപ്പച്ചന്‍ചേട്ടനില്‍ മാത്രം ഒരുങ്ങിനില്‍ക്കുന്നതല്ല; ആരാധനാലയതിരുക്കര്‍മങ്ങള്‍ക്കു പ്രായപരിധി നിശ്ചയിച്ചതോടെ, അത് 65 വയസ്സിനു മുകളില്‍ പ്രായമായ പലര്‍ക്കും മാനസികപിരിമുറുക്കത്തിനും മ്ലാനതയ്ക്കും ഇടയാക്കി.അറുപതു കഴിഞ്ഞ പലരും മുടി ഡൈ ചെയ്തും, മറ്റു സൗന്ദര്യസംരക്ഷണവസ്തുക്കള്‍കൊണ്ടും സാധാരണജീവിതം നയിച്ചുപോരുന്നവരാണ്. എന്നാല്‍, പ്രായം ആരാധനയ്ക്കു മാനദണ്ഡമാക്കിയപ്പോള്‍ അത് ഇക്കൂട്ടരെ വിഷാദത്തിലേക്കും നിരാശയിലേക്കും തള്ളിയിട്ടു. തങ്ങള്‍ക്കു പെട്ടെന്നു പ്രായമായി എന്ന ഒരു തോന്നല്‍ ഇവരില്‍ ശക്തിപ്പെട്ടു. എനിക്ക് ഓര്‍മക്കുറവുണ്ടോ? എന്നെക്കണ്ടാല്‍ ഒരുപാട് പ്രായം തോന്നുമോ? മറ്റുള്ളവര്‍ എന്നെ ഇഷ്ടപ്പെടുമോ? അംഗീകരിക്കുമോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളാല്‍ ഇവര്‍ വീര്‍പ്പുമുട്ടി. ഇവരെ കുടുംബങ്ങളിലുള്ളവര്‍ വേണം ശക്തിപ്പെടുത്താനും ധൈര്യപ്പെടുത്താനും. ഇന്ന് 65 വയസ്സിനുമുകളില്‍ പ്രായമായ പലരുടെയും മക്കള്‍ വിദേശത്തായതിനാല്‍ ഒറ്റയ്ക്കാണ് എന്ന സങ്കടവും നാം കാണാതെപോകരുത്.
പ്രായത്തെച്ചൊല്ലിയുള്ള കളിയാക്കലുകള്‍, തമാശകള്‍ ചിലപ്പോള്‍ ഇവരുടെ മനസ്സിനെ പെട്ടെന്നു മുറിപ്പെടുത്തുന്നു. ഈ മുറിവുകളാണ് അവരിലെ ദേഷ്യം, നിരാശ, കാര്‍ക്കശ്യസ്വഭാവം ഇവയ്ക്കു കാരണം.
സിഗ്മണ്ട് ഫ്രോയിഡ് തന്റെ അറ്റാച്ച്‌മെന്റ് തിയറിയില്‍ കുട്ടികള്‍ക്ക് അമ്മയോടുള്ള വൈകാരിക അടുപ്പം എന്തുമാത്രം പ്രാധാന്യം അര്‍ഹിക്കുന്ന എന്നു വിവരിക്കുന്നുണ്ട്. അതുപോലെതന്നെ, പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രായമായവര്‍ക്ക് തങ്ങളുടെ ചുറ്റുപാടുമുള്ളവരോടുള്ള അടുപ്പം. അതായത്, ആറും അറുപതും ഒരുപോലെ എന്ന പഴഞ്ചൊല്ല് തള്ളിക്കളയാവുന്നതല്ല. പ്രായമായവര്‍ക്ക് ദൈവവുമായുള്ള അടുപ്പം ഒരുപാട് കൂടുതലുണ്ട്. ഈ അടുപ്പംപോലെതന്നെയാണ് മക്കളോടും കൊച്ചുമക്കളോടുമുള്ള അടുപ്പം. ഇവര്‍ക്കുവേണ്ടി ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹവും ഇവരില്‍ കൂടുതലാണ്. തങ്ങളുടെ ഈ പ്രായത്തില്‍ സമപ്രായക്കാരെ കാണാനും അവരോട് തങ്ങളുടെ ജീവിതകഥകള്‍ പങ്കുവയ്ക്കാനുള്ള ഒരു പ്രധാനവേദിയാണ് ആരാധനാലയങ്ങള്‍. ഈ അടച്ചുപൂട്ടല്‍ ആദ്യകാലങ്ങളില്‍ എല്ലാവരും അംഗീകരിച്ചിരുന്നു. അതില്‍ വലിയ മാനസികപ്രശ്‌നങ്ങളും ഇല്ലായിരുന്നു. എന്നാല്‍, 65 വയസ്സിനു മുകളില്‍ പ്രായമായ, ശാരീരിക മാനസിക പ്രശ്‌നങ്ങളില്ലാത്ത മുതിര്‍ന്നവരെ മാറ്റിനിറുത്തുന്നതു പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന കാര്യമല്ല. കാരണം, ഈ വിവേചനം ശാരീരിക മാനസികാസ്വസ്ഥതകള്‍ ഇവരില്‍ വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ മാനദണ്ഡമനുസരിച്ച്, 65 വയസ്സുവരെ യൗവനമാണ് എന്ന വസ്തുത ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത്, തങ്ങള്‍ വൃദ്ധരായി എന്ന ചിന്താഗതിയെ അകറ്റിക്കളയാന്‍ ഉപകരിക്കും.
സിസ്റ്റര്‍ ഡോ. നിക്കോള്‍ എസ്.വി.എം.
