•  18 Apr 2024
  •  ദീപം 57
  •  നാളം 6
സാന്ത്വനം

മനസ്സുകള്‍ അകന്നാല്‍

ലിബിനും സാറായും സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലേ നല്ല സുഹൃത്തുക്കളാണ്. നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയില്‍ സാറായോട് ലിബിന് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഈ സ്‌നേഹം വളര്‍ന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ ലിബിന്‍ വീട്ടുകാരുടെ ചെറിയ എതിര്‍പ്പുകളെ മറികടന്ന് സാറായെ വിവാഹം കഴിച്ചു. സാറാ തങ്ങളെക്കാള്‍ പാവപ്പെട്ട വീട്ടിലെ കുട്ടിയായതുകൊണ്ടാണ് വീട്ടുകാര്‍ എതിര്‍ത്തത്. എന്നാല്‍, ലിബിന്‍ ഒരുപാട് സമ്പന്നന്‍ അല്ല. ഒരു ഇടത്തരം കുടുംബം. 
കുടുംബം മുമ്പോട്ടുപോകുവാന്‍ ലിബിന്‍ സ്വന്തം ഓട്ടോ ഓടിക്കും; അല്ലാത്തപ്പോള്‍ കൂലിപ്പണിക്കു പോകും. എന്നാല്‍, നന്നായി പഠിക്കുന്നവളല്ലേ എന്നു വിചാരിച്ച് ലിബിന്‍ സാറായെ നഴ്‌സിങ്ങിനു വിട്ടു. നഴ്‌സിംഗ് കഴിഞ്ഞ സാറായെ കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറുമല്ലോ എന്നു ചിന്തിച്ച് ലിബിന്‍ ഒ.ഇ.റ്റി. പഠിപ്പിച്ച് ഓസ്‌ട്രേലിയയ്ക്കു യാത്രയാക്കി. ലിബിനും കുട്ടിക്കും എന്താണെങ്കിലും ഒന്നരവര്‍ഷത്തിനകം പോകാമെന്നും അവന്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഇന്ന് ലിബിന്റെ സങ്കടം സാറാ അവനെ അവഗണിക്കുന്നു എന്നതാണ്. അവന്റെ കാര്യങ്ങള്‍ അന്വേഷിക്കാറില്ല. അവള്‍ പോയിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. ആകെ ചെയ്ത ഉപകാരം പഠിപ്പിക്കാന്‍ എടുത്ത ലോണ്‍ അവള്‍ അടച്ചുതീര്‍ത്തു എന്നതാണ്. ഇടയ്ക്ക് അവധിക്കു വന്ന സാറാ കുട്ടിയെ കാണാന്‍ വന്നതൊഴിച്ചാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അവളുടെ വീട്ടില്‍ താമസിച്ചു മടങ്ങുകയായിരുന്നു. ഇപ്പോള്‍ സാറായ്ക്ക് വിവാഹബന്ധം വേര്‍പെടുത്തണം. ലിബിന് അതു ചിന്തിക്കാനേ കഴിയുന്നില്ല. ലിബിന്‍ തനിക്കുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകള്‍ സാറാ അംഗീകരിക്കുന്നുവെങ്കിലും ഇനി ഒരുമിച്ചു ജീവിക്കാന്‍ തയ്യാറല്ല.
വര്‍ഷങ്ങളോളം സ്‌നേഹിക്കുകയും ഒരുമിച്ചു താമസിക്കുകയും  ചെയ്ത സാറായെ അമിതമായി ലിബിന്‍ വിശ്വസിച്ചു. അവളുടെ സ്വഭാവപ്രത്യേകതകള്‍ എല്ലാം അംഗീകരിക്കാവുന്നവയായിരുന്നു. പിന്നെ ഒരു കുഞ്ഞുണ്ടല്ലോ എന്നത് അവന്റെ ബലവും. ഇവിടെ ലിബിനോട് 'എന്തിനാ അവളെ പഠിപ്പിക്കാന്‍ വിട്ടത്, ഉള്ളതുകൊണ്ട് ജീവിച്ചാല്‍ പോരായിരുന്നോ' എന്നു ചോദിക്കുന്ന ഒത്തിരിപ്പേരുണ്ട്. എന്നാല്‍, പഠിത്തം കൂടിയതും കുറഞ്ഞതുമാണോ ഇവര്‍ തമ്മിലുള്ള അകല്ചയ്ക്കു കാരണം? അല്ല. പഠനകാലം മുതല്‍ സാറാ മറ്റൊരു സ്ഥലത്ത് ഒറ്റയ്ക്കായിരുന്നു. ശാരീരികവും വൈകാരികവുമായുള്ള അകല്ച മാനസിക അകല്ച്ചയ്ക്കു കാരണമായി. തന്നെയുള്ള താമസത്തിലൂടെ പരസ്പരമുള്ള ധാരണകള്‍ കുറഞ്ഞു. ചെറിയ പിണക്കങ്ങള്‍, അഭിപ്രായവ്യത്യാസങ്ങള്‍ ഒക്കെയും മാറ്റാന്‍, ആശ്വസിപ്പിക്കാന്‍ സാധ്യതകള്‍ ഇല്ലാതായി.
വിവാഹശേഷം കഴിവതും ദമ്പതികള്‍ ഒരുമിച്ചു താമസിക്കുക എന്നതാണ് പ്രധാനം. പണ്ടുള്ളവര്‍ മാറിത്താമസിച്ചിട്ടില്ലേ എന്ന ചോദ്യമുണ്ട്. പക്ഷേ, അന്ന് പുരുഷന്മാര്‍ ജോലിക്കു പുറത്തുപോകുമ്പോഴും സ്ത്രീകള്‍ മാതാപിതാക്കളോടും കുട്ടികളോടുമൊപ്പം വീട്ടിലായിരുന്നു. ഇന്നിപ്പോള്‍ നേരേ മറിച്ചാണ്. സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ സ്‌നേഹം, പരിഗണന, പണം ഒക്കെ കിട്ടിയാല്‍ അങ്ങോട്ട് ഒരു ചായ്‌വ് സ്വാഭാവികം. ഇന്ന് ഇതെല്ലാം ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ സാധ്യമാണ്.
ഇവിടെ പ്രതിപാദിച്ച ദമ്പതികളുടെ ജീവിതമെടുക്കുക. അവര്‍ ഒരുമിച്ചു ജീവിച്ചപ്പോള്‍ എല്ലാക്കാര്യങ്ങളിലും നല്ല പൊരുത്തമായിരുന്നു, സന്തോഷമായിരുന്നു. അകന്നുകഴിഞ്ഞ മൂന്നുനാലു വര്‍ഷംകൊണ്ടാണ് എല്ലാം തലകീഴായി മറിഞ്ഞത്. പഠനത്തിനായി പോകുന്ന  ജീവിതപങ്കാളിയെ കൂടക്കൂടെ കാണാനും, ഒരുമിച്ചുതാമസിക്കാനും സൗകര്യമുള്ളതാണ് രണ്ടുകൂട്ടര്‍ക്കും എപ്പോഴും നല്ലത്. പ്രത്യേകിച്ച് സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലുള്ളവര്‍ സമ്പത്തു കുറഞ്ഞ കുടുംബത്തില്‍നിന്നു വിവാഹം കഴിച്ചാല്‍. കാരണം, ദരിദ്രകുടുംബത്തില്‍നിന്നു വരുന്നവര്‍ക്ക് എപ്പോഴും അപകര്‍ഷതാബോധം ഉണ്ടാകും. വിവാഹത്തിന്റെ ആദ്യനാളുകള്‍ക്കുശേഷം അവര്‍ അത് വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കും.
ആയതിനാല്‍ വിവാഹിതരാകാനുള്ള യുവതീയുവാക്കള്‍ കൂടുതല്‍ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നുകൊണ്ട്, ജീവിതപങ്കാളി തന്റെ കുടുംബത്തിനും തനിക്കും ചേര്‍ന്നതാണോയെന്ന് നന്നായി ആലോചിച്ചു തീരുമാനമെടുക്കണം. ഉയര്‍ച്ചയിലും തകര്‍ച്ചയിലും ശാരീരികമായും മാനസികമായും ജീവിതപങ്കാളിയോട് അടുത്തായിരിക്കുവാന്‍ സാധ്യതയുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടത്. അല്ലെങ്കില്‍ ചിലപ്പോള്‍ സ്വയംപര്യാപ്തതവന്നുകഴിയുമ്പോള്‍ സ്വീകരിച്ച ഔദാര്യങ്ങളെല്ലാം അവകാശങ്ങളായി ചിത്രീകരിച്ച് ഇതര പങ്കാളിയെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക. സ്വയം വിഡ്ഢികളാകാതിരിക്കാന്‍ സമ്പത്തിനേക്കാള്‍ സ്‌നേഹത്തിനും സമാധാനത്തിനും പ്രാധാന്യം കൊടുത്തു ജീവിച്ചുതുടങ്ങുക. കുടുംബജീവിതം കൂടുതല്‍ കെട്ടുറപ്പുള്ളതാകും.
 

 

Login log record inserted successfully!