•  21 Nov 2024
  •  ദീപം 57
  •  നാളം 37
സാന്ത്വനം

പരസ്പരം അറിയുക പ്രായത്തെ അംഗീകരിക്കുക

പെണ്ണമ്മച്ചേച്ചിക്ക് ഇപ്പോള്‍ നാല്പത്തെട്ടു വയസ്സുണ്ട്.  ഭര്‍ത്താവു ടോമിക്ക് അമ്പത്തിരണ്ടും. മൂന്നുമക്കളാണ്. ചേച്ചിയുടെ സങ്കടം ഭര്‍ത്താവായ റ്റോമിക്ക് ചേച്ചിയെ തീരെ ഇഷ്ടമില്ല, താത്പര്യമില്ല എന്നതാണ്. സംസാരിച്ചുചെല്ലുമ്പോള്‍ ദേഷ്യപ്പെടുന്നു, ഒഴിവാക്കുന്നു. 
ചേച്ചി, ഒറ്റയ്ക്കു വന്നതിനാല്‍ ചേട്ടനെ കൂട്ടിവരാന്‍ പറഞ്ഞു. പറഞ്ഞ ദിവസംതന്നെ രണ്ടുപേരും എത്തി. ഇരുവരും നമ്മില്‍ ഒരുപാട് സ്‌നേഹിക്കുന്നവരാണെന്നു സംസാരത്തില്‍നിന്നു മനസ്സിലായി. റ്റോമി രാവിലെ എട്ട് - എട്ടരയ്ക്കു വീട്ടില്‍നിന്നിറങ്ങിയാല്‍ വൈകിട്ട് എട്ടിനാണു വീട്ടില്‍ തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ തലയില്‍ എപ്പോഴുമുള്ള ചിന്ത മക്കളെ എങ്ങനെ പഠിപ്പിച്ചു കരകയറ്റാം എന്നതാണ്. മോള്‍ക്ക് അടുത്തവര്‍ഷം നേഴ്‌സിങ്ങിനു പോകണമെന്നു പറയുന്നു. ഇതിനൊക്കെയുള്ള സാമ്പത്തികബുദ്ധിമുട്ടുകളെക്കുറിച്ചോര്‍ത്ത് തലപുകയുന്ന നേരത്തായിരിക്കും ചേച്ചി ചെറിയചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു പറഞ്ഞുകൊണ്ടുവരുന്നത്. അപ്പോള്‍ ദേഷ്യപ്പെട്ടു പോകുന്നതാണ്. ഇവിടെ ഈ പ്രായത്തിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ മുന്‍ഗണനകളെക്കുറിച്ച് പരസ്പരം അറിവുണ്ടായിരിക്കണം. ഈ അറിവ് പരസ്പരം മനസ്സിലാക്കി വിവേകത്തോടെ പെരുമാറാന്‍ ഇരുവരും പഠിക്കണം.
പൊതുവെ ഭര്‍ത്താക്കന്മാര്‍ മറന്നുപോകുന്ന ഒരു കാര്യമാണ് തങ്ങളുടെ ഭാര്യമാരുടെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍. അതായത്, 45 വയസ്സുമുതല്‍ ഒരു 57 വയസ്സുവരെയുള്ള കാലഘട്ടം സ്ത്രീകള്‍ വെറുതെ ടെന്‍ഷന്‍ അടിക്കുകയും വ്യാകുലപ്പെടുകയും, പഴയ കാര്യങ്ങളെ ഓര്‍ത്ത് മനസ്തപിക്കുകയും കോപിക്കുകയും ചെയ്യുന്ന സമയമാണ്. ഭാര്യയുടെ പെരുമാറ്റവ്യതിയാനത്തിനുള്ള കാരണങ്ങളെക്കുറിച്ച്; പ്രത്യേകിച്ച് ഹോര്‍മോണ്‍ ലെവലിലെ വ്യതിയാനങ്ങളെക്കുറിച്ച് ഭര്‍ത്താക്കന്മാര്‍ അറിഞ്ഞിരിക്കണം. തന്റെ ആര്‍ത്തവം നിലയ്ക്കാന്‍ പോകുന്നു, ഇനി തന്നെ ഒന്നിനും കൊള്ളില്ല, തനിക്കു പ്രായമായി എന്ന ചിന്തകള്‍ മാറാനും മറക്കാനുംവേണ്ടിയും ഭര്‍ത്താവിന് തന്നോട് ഇപ്പോഴും നല്ല ഇഷ്ടവും താത്പര്യവും ഉണ്ട് എന്ന് ഉറപ്പുവരുത്താനുമാണ് അവള്‍ ഇടയ്ക്കിങ്ങനെ ഏറ്റുമുട്ടുന്നത്. ഭാര്യമാരുടെ ഈ സ്വഭാവപ്രത്യേകതകള്‍ മനസ്സിലാക്കാതെ അവരോടു തിരിച്ചു ദേഷ്യം കാണിക്കുമ്പോള്‍ അത് ഒരുപാട് മുറിവുകള്‍ അവരില്‍ ഉണ്ടാക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യും.
ഏതു ജീവിതാവസ്ഥയിലും നാം നമ്മുടെ പ്രായത്തെക്കുറിച്ച് അവബോധം ഉള്ളവരായിരിക്കണമെന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്, ദാമ്പത്യജീവിതത്തില്‍ പ്രത്യേകിച്ചും. കാരണം, സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ഹോര്‍മോണ്‍വ്യതിയാനങ്ങളെ (ചര്‍മം ചുളുങ്ങുന്നത്, മുടി നരയ്ക്കുന്നത്, മുഖത്ത് പാടുകള്‍ ഉണ്ടാകുന്നത്) അംഗീകരിക്കാന്‍ പറ്റാതെ വിഷമിക്കുന്ന ഒരു അവസ്ഥയിലായിരിക്കും.
ഇവിടെ പരസ്പരം സംസാരിക്കാനും, കാര്യങ്ങള്‍ മനസ്സിലാക്കാനും സമയം കണ്ടെത്തുക എന്നതാണു പരമപ്രധാനം. ഏതവസ്ഥയില്‍ ഉള്ളവരാണെങ്കിലും സ്വന്തം വികാരവിചാരങ്ങളുടെ കാര്യത്തില്‍ പ്രായത്തിനനുസരിച്ച് വ്യത്യാസം വന്നുകൊണ്ടേയിരിക്കും. അതിനാല്‍, തുറന്നുള്ള സംസാരമാണ് പരസ്പരം മനസ്സിലാക്കാന്‍ ഏറ്റവും സഹായിക്കുക. തങ്ങളുടെ ഉള്ളിലെ ആധി (പരിഭ്രമം) എന്താണെന്നു പുരുഷന്മാര്‍ തങ്ങളുടെ ഭാര്യയോടു പങ്കുവയ്ക്കുമ്പോള്‍ അവര്‍ കൂടുതല്‍ ദയയോടെ, കരുതലോടെ പെരുമാറാന്‍ ശ്രമിക്കും. അല്ലാതെ, ഭര്‍ത്താവ് 'താന്‍ എന്തോ വലിയ സംഭവമാണ്, അധ്വാനിയാണ്, ഈ ലോകം ഞാന്‍മൂലമാണ് ഇങ്ങനെ കറങ്ങുന്നത്, നിനക്ക് എന്തറിയാം നീ മിണ്ടാതിരി' എന്ന രീതിയെടുത്താല്‍ ഇന്നത്തെ സ്ത്രീപുരുഷമാനസികനിലയനുസരിച്ച് ഒരു പക്ഷേ, ഭാര്യയെ ഏതെങ്കിലും മാനസികരോഗാശുപത്രിയില്‍ കൊണ്ടുപോകേണ്ടിവരും; അല്ലെങ്കില്‍, എപ്പോഴും വഴക്കിടുന്ന ഒരു സഹധര്‍മിണി ഉയിര്‍ത്തെഴുന്നേല്ക്കും. സ്ത്രീകളും തങ്ങളുടെ ശാരീരികവ്യതിയാനങ്ങളെക്കുറിച്ച് ഓര്‍മയുള്ളവരായിരിക്കണം. തങ്ങളുടെ പ്രായത്തെ അംഗീകരിക്കുകയും സ്വയം സ്‌നേഹിക്കുകയും വേണം. സ്വയം സ്‌നേഹിക്കുന്നവര്‍ അധികം പരിഭവം കാണിക്കില്ല. 
ഒരുപക്ഷേ, ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു നാല്പത്തിയഞ്ചു വയസു കഴിയുമ്പോള്‍മുതല്‍ പരസ്പരം പ്രായം ഓര്‍മിപ്പിക്കുന്നതിലും തെറ്റില്ല. അതുപോലെ, സ്വഭാവ, ശാരീരികവ്യതിയാനങ്ങള്‍ പറഞ്ഞു മുറിപ്പെടുത്താതെ ചെറിയ രീതിയില്‍ കളിയാക്കുന്നതും പരസ്പരം ചിന്തിക്കാന്‍ സഹായിക്കും. അങ്ങനെയാകുമ്പോള്‍ ഭാര്യ അറിയും, തനിക്ക് ഇത്രയും പ്രായമായെങ്കിലും തന്നോടു സ്‌നേഹവും താത്പര്യവും ഭര്‍ത്താവിനുണ്ടെന്ന്. അതുപോലെ തന്റെ സൗന്ദര്യത്തെയല്ല, തന്നെയാണ് ഭര്‍ത്താവ് ഇഷ്ടപ്പെടുന്നതെന്ന്. ഭര്‍ത്താക്കന്മാര്‍ ഈ ഒരു പ്രായത്തില്‍ കൂടുതല്‍ സുമുഖരായി കാണപ്പെടാറുണ്ട്. ഈ ഭര്‍ത്താക്കന്മാര്‍, 'മക്കളെ ഇത്രയുമാക്കാന്‍ എനിക്കു സാധിച്ചു ഇത്രയും നേട്ടം കുടുംബത്തിനുണ്ടാക്കാന്‍ കഴിഞ്ഞു' എന്ന ഭാവത്തോടെ കുടുംബത്തിലും പുറത്തും സംസാരിക്കുമ്പോള്‍, അതു സ്ത്രീകളെ താന്‍ ഒന്നുമല്ല എന്ന ചിന്തയില്‍ കൊണ്ടെത്തിക്കും. അതിനാല്‍, ദമ്പതിമാര്‍ എപ്പോഴും 'നമ്മള്‍' അല്ലെങ്കില്‍ 'ഞങ്ങള്‍' എന്ന പദം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. അതായത്, ഈ ഭാര്യ കൂടെയില്ലായിരുന്നെങ്കില്‍, ഈ ഭര്‍ത്താവ് കൂടെയില്ലായിരുന്നെങ്കില്‍ ഈ നേട്ടങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരുന്നു എന്ന രീതിയില്‍. അങ്ങനെ സ്വയം സന്തോഷിക്കാനും പങ്കാളിയെ സന്തോഷിപ്പിക്കാനും എല്ലാ ദമ്പതിമാര്‍ക്കും സാധിക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)